കഥ : ഒതളങ്ങ
Adarsh V G
10/4/20251 min read
ആദർശ് വി ജി
ഒന്ന്
വറവ്കാലത്തൊരു കച്ചിത്തുറുവിനു തീപിടിച്ചത് പോലെയാണ് കൊച്ചുവീട്ടിലെ ഷൈജു പത്താംക്ലാസ്സിൽ തോറ്റവിവരം നാട് മുഴുവനന്ന് പടർന്നുപിടിച്ചത്. ചേമ്പ്രക്കാരുടെ കണ്ടത്തിലെ പോള വാരിക്കൊണ്ടിരുന്ന ഷൈജുവിന്റെ അപ്പൻ കാര്യമറിഞ്ഞപ്പോൾ അന്നേതാണ്ട് ഉച്ച കഴിഞ്ഞിരുന്നു. തന്റെ അടുത്ത തലമുറയെങ്കിലും വൈറ്റ് കോളർ ജോലികളിലേക്ക് കയറിക്കൂടുമെന്നും, അത്യാവശ്യം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തങ്ങൾക്കായി ഒരുക്കുമെന്നുമുള്ള ആ മനുഷ്യന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും തച്ചുതകർത്തുകൊണ്ടാണ് അന്ന് ആ വാർത്ത അയാളിലേക്കെത്തിയത്.
കൂടെ പണിയുന്നവന്മാരുടെ പരിഹാസച്ചിരികൾക്ക് മുമ്പിൽ പിടിച്ചുനിക്കാൻ കഴിയാതെ വന്നപ്പോഴാവണം, പണിയിടക്കിട്ടയാൾ വീട്ടിലേക്ക് തിരിച്ചുനടന്നത്. പോവുംവഴി മാന്തോപ്പ് ഷാപ്പിൽ കയറി നെഞ്ച് തുളക്കുന്ന രണ്ടുണ്ടേനോക്കിയിൽ തന്റെ മനപ്രയാസങ്ങളെ കുളിപ്പിച്ച് കിടത്താനുള്ള വിഫലമായൊരു ശ്രമംകൂടി അയാളുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷെ അന്ന് കള്ളിന്റെ പെരുപ്പില് വീട്ടിലെത്തിയ അങ്ങേര്, കയ്യിൽ കിട്ടിയതെല്ലാം വെച്ച് ചെക്കനെ പൊതിരെ തല്ലിയാണ് ആ ദിവസത്തിന്റെ കേട് മുഴുവൻ തീർത്തത്.
തോറ്റതിന്റെ നാണക്കേടിൽ നീറിനിന്ന അവനെ നാട്ടുകാരുടെ മുമ്പിലിട്ടപ്പൻ തല്ലുകകൂടി ചെയ്തപ്പോഴാവണം ചെക്കന്റെ മനോനിലയാകെ അവതാളത്തിലായത്. അപമാനത്തിന്റെ ആ തുരുത്തിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോഴാകും 'ഇനി ജീവിച്ചിട്ടെന്തിനാണെ'ന്നുള്ള ചോദ്യം അവനെ നോക്കി പല്ലിളിച്ചത്. ആ മുനമ്പില് വെച്ചാകും ഷൈജു ഇനി
ജീവിക്കണ്ടെന്നുള്ള തീരുമാനമെടുത്തതും.
പണ്ട് പുരയിടം അളന്നു തിരിച്ചപ്പോൾ വേലിക്കാല് നാട്ടാൻ കുത്തിയ ഒതളത്തിന്റെ കമ്പ്, നിറയെ വെളുത്ത പൂവുകളും, ഇളം പച്ച കായകളുമുള്ള വലിയൊരു മരമായി തലയുയർത്തി വീട്ടരുകിൽ തന്നെ നിന്നിരുന്നതുകൊണ്ട് ആ തീരുമാനത്തെ മറികടക്കാൻ അവന് അധികസമയം കിട്ടിയില്ലെന്നുള്ളതാണ് സത്യം.
ഒതളത്തിൽ വലിഞ്ഞുകയറി രണ്ട് ഒതളങ്ങ അടർത്തിയിട്ട്, കല്ലിലടിച്ചു പൊളന്ന്, അതിനുള്ളിലെ പരിപ്പ് കടിച്ചിറക്കുമ്പോൾ അവന്റെയുള്ളിലെ സങ്കടങ്ങൾക്ക്, അതിലും വലിയ ചവർപ്പായിരുന്നിരിക്കണം.
പകല് തോർന്നുതുടങ്ങിയപ്പോഴേക്കും നടപ്പിലും, ഇരുപ്പിലുമെല്ലാം ചെക്കനിലെന്താക്കയോ അസ്വാഭാവികത പ്രകടമായിരുന്നു. രണ്ടാം മണിക്കൂറിൽ വല്ലാത്ത പരവേശം കാണിച്ചു തുടങ്ങിയ അവനിൽ ചില പന്തികേട് മണത്തപ്പോഴാണ് നാട്ടുകാരോടിക്കൂടിയത്, ആശുപത്രിക്ക് കൊണ്ടോടും വഴി അരബോധത്തിൽ രണ്ട് തവണ അവൻ മഞ്ഞപ്പ് കക്കി. ആ ഛർദ്ദിയില് നോക്കിയാണ് സംഭവം ഒതളങ്ങയാണെന്ന് കരക്കാര് ഉറപ്പിച്ചത്.
ഒതളങ്ങയുടെ കാര്യത്തിൽ, കഴിച്ചയാള് ആശുപത്രി പിടിച്ചാൽ അൽപ്പം പ്രതീക്ഷ ബാക്കി വെക്കാം. ഡോക്ടറുമാരുടെ കയ്യിൽ അതിനൊരറ്റകൈ പ്രയോഗമുണ്ട്. അണ്ണാക്കിലൂടെ ആമാശയം വരെ തടിച്ചുരുണ്ട ഒരു ട്യൂബ് കടത്തിവിട്ട്, ചെറുചൂടുള്ള ഉപ്പുവെള്ളം ഏതാണ്ട് പത്തു പതിനഞ്ചു ലിറ്റർ വരെ നിർത്താതെ അതിലൂടെ ഒഴിച്ചു കൊടുത്ത്, വയറ്റിലുള്ളതെല്ലാം പുറത്തു ചാടിക്കുന്ന, കഠിനവേദന തിന്നേണ്ടി വരുന്ന വയറുകഴുകൽ ശ്രുശ്രൂഷ. അതും കടന്ന് വരുന്നവരാരും രണ്ടാമത് ആത്മഹത്യയെ പറ്റിയോ, ഒതളത്തെ പറ്റിയോ ചിന്തിക്കാറില്ലെന്നതാണ് മറ്റൊരു വാസ്തവം. പക്ഷെ അന്ന് ഷൈജുവിന്റെ കാര്യത്തിൽ അതൊന്നും വിലപ്പോയില്ല.
പിറ്റേന്ന് മരണവീട്ടിലെ കൂട്ടക്കരച്ചിലിനിടയില്‍ വീട്ടിറമ്പില്‍ കായ്ച്ചു നിന്നിരുന്ന ഒതളമരത്തെ അത് വരെയില്ലാതിരുന്ന ഭയത്തോടെയാണ് അടക്കിനു വന്ന നാട്ടിലെ പലരും നോക്കിനിന്നത്. കടിച്ച പാമ്പിനെ തല്ലിക്കൊല്ലുന്ന വൈരാഗ്യത്തോടെ ഷൈജുവിന്റെ അപ്പൻ ആ ഒതളമരം കോടാലിക്ക് വെട്ടി മറിച്ചു.
ഷൈജു പോയെന് ശേഷം അക്ഷരാർത്ഥത്തിൽ
ചാര് മരം കാണുന്ന ചില നാള്കാരെ പോലെയായിരുന്നു ഈ കരക്കാർക്ക് ഒതളം കണ്ടാൽ. തുമ്പപ്പൂവോളം വെളുത്ത പൂക്കളുണ്ടായിട്ടും ഓണപ്പൂക്കളങ്ങളിലേക്ക് അറിയാതെ ഒതളപ്പൂവ് ചേർത്താൽ "മത്ത്പൂവുകൊണ്ട് പൂക്കളമുണ്ടാക്കല്ലേടാ മക്കളെ, മാവേലി വരില്ല"ന്ന് പറയാനാളുണ്ടായി. തുമ്പക്കും, തെറ്റിക്കും, മന്ദാരത്തിനുമിടയിൽ നിന്ന് പെറുക്കി മാറ്റി പൂക്കളിലെ ദളിതനായി ഒതളപ്പൂവിനെ പ്രഖ്യാപിച്ചു.
പിന്നെയും പല പിള്ളേരും ഈ കരയിൽ പത്താം ക്ലാസ്സ് തോറ്റു. ചിലരുടെ പ്രേമം പൊട്ടി പാളിസായി, തലക്ക് മുകളിൽ കടം കയറി ശ്വാസം മുട്ടിയ മനുഷ്യര് വേറെയും, ഒരാണ്ടിലെ അധ്വാനം മുഴുവൻ കാറ്റും, മഴയും കൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കി നിക്കേണ്ടി വന്ന കർഷകർ. അങ്ങനെയങ്ങനെ ഏറ്റവും ഒടുക്കം ചക്കാലുംമൂട്ടിലെ രാഘവേട്ടന്റെ മോള് ശാലിനി.
അവളും കൂടായപ്പോൾ മാടപ്പള്ളി പഞ്ചായത്തിലെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ കണക്കെടുത്താൽ ഒതളങ്ങ തിന്ന് ചത്തവരുടെയെണ്ണം അറുപത് തികഞ്ഞു. വയറു കഴുകിയും, എനിമ വെച്ചും ജീവൻ തിരിച്ചു പിടിച്ചോണ്ട് വന്നവരുടെ എണ്ണം ഏതാണ്ട് അതിന് മുകളിലും.
അൽപ്പം നീണ്ടു നിന്നൊരു ഇടവേളക്ക് ശേഷം കുട്ടനാട്ടിലെ പെണ്മക്കളുള്ള അമ്മമാരുടെ കരച്ചിലിന്റെ നീറുന്ന നനവുള്ള, മരണമെന്ന യാഥാർത്ഥ്യത്തിന്റെ എഞ്ചുവടിയിലേക്ക് ഏറ്റവും അവസാനം ചേർക്കപ്പെട്ട പേരായിരുന്നു രാഘവേട്ടന്റെ മോളുടേത്.
കൊച്ച് കോട്ടയത്തുള്ള ഒരുത്തനുമായി പ്രേമത്തിലായിരുന്നെന്നും, വയറ്റിലുണ്ടാക്കീട്ടവൻ കടന്നുകളഞ്ഞെന്നുമൊക്കയാണ് പൊതുവെയുള്ള സംസാരം.
നാട്ടിലങ്ങനൊരു കഥ പ്രചരിച്ചു തുടങ്ങിയെന് ശേഷം, വഴിയിലോ പുരയിടത്തിലോ ഒതളങ്ങ വീണുകിടക്കുന്നതു കണ്ടാല്‍ പെറുക്കി കുളത്തിലേയ്ക്ക് വലിച്ചെറിയാനും, വരമ്പിലോ ചതുപ്പിലോ കിളിർത്ത് പൊന്തിയാൽ വേരോടെ പിഴുത് വെയിലത്തിടാനും ഇവിടുത്തെ ആളുകൾ മറക്കാറില്ല. പ്രത്യേകിച്ചും പ്രായം തികഞ്ഞ പെണ്മക്കളുള്ള അമ്മമാർ.
പക്ഷെ അപ്പോഴേക്കും കുറച്ചാളുകൾ മാത്രം ശ്രമിച്ചാൽ പിഴുതെറിയാനാവുന്നതിനപ്പുറത്തേക്ക് ഒതളം ഈ നാട്ടിൽ വേരിറക്കികഴിഞ്ഞിരുന്നു. വേലികളായ വേലികളും, തോട്ടിറമ്പുകളിലും, കായലോരങ്ങളിലും ഒതളം അതിവേഗം പടർന്നു പിടിച്ചുകൊണ്ടിരുന്നു.
ഏതാണ്ട് ആ ഒരു സമയത്തു തന്നെയാണ് ഭാര്യയും, ഭർത്താവും രണ്ട് മക്കളുമടങ്ങുന്നൊരു അമേരിക്കൻ കുടുംബത്തിന്റെ സൈക്കിൾ യാത്ര കുട്ടനാട്ടിലെ ഇതേ മാടപ്പള്ളി പഞ്ചായത്തിലൂടെ കടന്ന് പോകുന്നത്. കുത്തനെയുള്ള മാടപ്പള്ളിപ്പാലം ചവിട്ടികയറ്റിയ ക്ഷീണത്തിൽ റോഡരികിലൽപ്പനേരം വിശ്രമിക്കാനിരുന്നപ്പോഴാണ് പാടത്തേക്ക് ചാഞ്ഞു കിടന്ന, നിറയെ കായ പിടിച്ച, വെളുത്ത പൂവ് കുത്തിയ ഒതളമരം അതുങ്ങളുടെ ശ്രദ്ധയിൽപെടുന്നത്.
മരത്തിൽ തിങ്ങി നിറഞ്ഞു കിടന്നിരുന്ന ഒതളങ്ങയിലേക്ക് നോക്കി പിള്ളേരിൽ ഇളയവനാണ് ചോദിച്ചത്
"Dad is that a mango..?"
മാങ്ങയാണെന്ന് തെറ്റിദ്ധരിച്ചു ഒതളത്തിൽ വലിഞ്ഞു കയറി അഞ്ചാറെണ്ണം പൊട്ടിച്ച് താഴെക്കിട്ടത് ആ പിള്ളേരുടെ അഛൻ സായിപ്പാണ്.
ചവർപ്പ്പോലും വക വെക്കാതെ രണ്ട്, മൂന്നു തവണ അവര് ആ പൊട്ട് ഒതളങ്ങ കടിച്ചിറക്കി.
ഒതളങ്ങയുടെ കറ അണ്ണാക്കില് ഒട്ടിപ്പിടിച്ചപ്പോൾ അവര് പരവേശം കാണിച്ചു തുടങ്ങി. വഴിയേ പോയ നാട്ടുകാരിൽ ചിലരിടപ്പെട്ട് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ടും, ഒതളങ്ങയുടെ പരിപ്പുള്ളിൽ ചെല്ലാഞ്ഞത് കൊണ്ടും മാത്രം, ആർക്കും അന്ന് ജീവഹാനി സംഭവിച്ചില്ല.
പക്ഷെ പിറ്റേന്നത്തെ പത്രങ്ങളിലത് വലിയ വാർത്തയായി. ക്യാമറയും, മൈക്കും തൂക്കി ചാനലുകാർ മാടപ്പള്ളി പഞ്ചായത്തിന്റെ മുക്കിലും, മൂലയിലും കയറി നിരങ്ങി. പ്രസിഡന്റും, അങ്ങേരുടെ സിൽബന്ധികളും ചോദ്യങ്ങളുടെ ചൂടിൽ നിന്നുരുകി.
സത്യത്തിൽ കുട്ടനാട് മുഴുവനെടുത്താൽ ഒതളങ്ങ തിന്ന് ചത്തവരുടെ എണ്ണം ഏതാണ്ട് ആയിരത്തിനടുത്താണ്. മുഴുവനും പത്രത്തിലും ടീവിയിലും വാർത്തയായിട്ടുമുണ്ട്, എന്നാൽ ആ വാർത്തകൾക്കൊന്നും കിട്ടാഞ്ഞ എന്തോ ഒരു ശ്രദ്ധ ഈ ടൂറിസ്റ്റുകളുടെ കാര്യത്തിലുണ്ടായി.
ആ വാർത്തകളും, ചർച്ചകളും മാടപ്പള്ളി പഞ്ചായത്തിന്റെ അതിരുകൾ താണ്ടി ബഹുദൂരം സഞ്ചരിച്ചു.
ഒതളങ്ങ വിഷയം നിയമസഭയിൽ പ്രതിപക്ഷനേതാവ് ചില കണക്കുകൾ നിരത്തി ശക്തമായി ഉന്നയിച്ചു.
ടൂറിസം വകുപ്പിന് ഈ വിഷയം ഒരു തലവേദനയായി മാറിയപ്പോൾ ഉറങ്ങിക്കിടന്ന സർക്കാർ സംവിധാനങ്ങൾ സംഭവത്തിൽ ഇടപെട്ടു.
പ്രാദേശികതലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ അതാത് വകുപ്പിലെ മന്ത്രിമാർ നേരിട്ട് ഉദ്യോഗസ്ഥർക്കും, ജനപ്രധിനിധികൾക്കും വേണ്ട നിർദേശങ്ങളും കൊടുത്തു.
രണ്ട്
തിരഞ്ഞെടുപ്പിന് ഏതാണ്ട് ആറുമാസവും, ചില്ലറയും മാത്രം ബാക്കി നിക്കുമ്പോഴാണ് പ്രതിപക്ഷം മാടപ്പള്ളി പഞ്ചായത്തിൽ തുടർച്ചയായി രണ്ടാമതൊരു അവിശ്വാസ പ്രമേയത്തിന് കോപ്പുകൂട്ടിയത്.
പ്രസിഡന്റ് മനോഹരനും, സിൽബന്തികളും ആദ്യത്തേതിലും അല്പംകൂടി വിയർത്തുന്നുള്ളത് നേരാണ്, എങ്കിലും അവർക്കും അവരുടെ പാർട്ടിക്കും വലിയ പരിക്കുകളില്ലാതെ അവിശ്വാസപ്രമേയം 8-6 ന് തള്ളി. താൽക്കാലികമായാണെങ്കിലും പ്രസിഡന്റ് മനോഹരന്റെ മുഖത്ത് ആശ്വാസത്തിന്റെ നേരിയ വെളിച്ചം പരന്നു. പണി തുടർന്നോണ്ടിരിക്കുന്ന പുതിയ പഞ്ചായത്ത് കെട്ടിടത്തിന്റേയും, ചില ഇടറോഡുകളുടെ കോൺക്രീറ്റിങ്ങിലും കുറച്ചു നാളായി ശക്തമായി പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചു വരുമ്പോഴാണ് ഈ ഒതളങ്ങ വിഷയം ആളി പടർന്നത്. ക്യാമറ കണ്ണുകൾ മാടപ്പള്ളി പഞ്ചായത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്ന അതെ സമയം കൃത്യമായി പ്രതിപക്ഷം മുതലെടുത്തു.
അടിമുടി അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഭരണം താൽക്കാലികമായെങ്കിലും പിടിച്ചു നിർത്താനായതിന്റെ സന്തോഷം മാത്രമല്ല, വലിയ തട്ടും മുട്ടുമില്ലാതെ ഈയൊരു ടേമും കൂടെ പിടിച്ചുനിൽക്കാനായാൽ അടുത്ത നിയമസഭ ഇലക്ഷന് സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കാമെന്ന് ഹൈകമ്മാന്റിൽ നിന്നൊരു വിദ്വാൻ വളരെ രഹസ്യമായി മനോഹരനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
തന്റെ രാഷ്ട്രീയഭാവി തുടർന്നും സ്വപ്നം കാണാൻ കൂട്ട് നിന്നവരെ ഒന്ന് സന്തോഷിപ്പിച്ചു നിർത്താമെന്നും, നാട്ടിലൊരു നല്ല പേര് തനിക്കും, തന്റെ പാർട്ടിക്കും വളരെ അത്യാവശ്യമായി ഉണ്ടാക്കിയെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നും മനസിലാക്കിയാണ് സ്വന്തം പോക്കറ്റിൽ നിന്നും കാശിറക്കി കള്ളും, പോത്തും, കപ്പയുമൊക്കെയായി ഒരു ലാവിഷ് സൽക്കാരമൊരുക്കി സഹപ്രവർത്തകരെയും പാർട്ടിക്കാരെയുമെല്ലാം മനോഹരൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
ഒരിക്കൽ കൂടെ പ്രതിപക്ഷത്തിനെ മുട്ടുകുത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ വെള്ളമടിച്ചു കുത്തിമറിയുന്നതിനിടക്കാണ്, അടുത്ത വർഷത്തേക്ക് നല്ലവണ്ണം കയ്യിട്ട് വാരാൻ സാധിക്കുന്ന ചില പദ്ധതികൾ മെമ്പറുമാരിൽ ചിലർ മുമ്പോട്ട് വെച്ചത്.
വരാനിരിക്കുന്ന വാട്ടർ ടാങ്കിന്റെ പണിയും, സ്കൂൾ കെട്ടിട നിർമാണവും, ടാറിങ്ങും എല്ലാം കൂടെ നല്ലൊരു തുക അടങ്കലിങ് പോരുമെന്ന് മനസിലാക്കിയ അവർ ഇലക്ഷനെ നേരിടുന്നതിനെക്കുറിച്ചും, എന്ത് വില കൊടുത്തും തുടർ ഭരണം ഉറപ്പിക്കുന്നതിനെക്കുറിച്ചുമായി പിന്നത്തെ ചർച്ച.
"പത്തിരുപതു വർഷമായി മനോഹരൻ ഈ ഖദറിട്ടോണ്ട് നടക്കാൻ തുടങ്ങിട്ട്. അത് ഈ പഞ്ചായത്തിന്ന് കിട്ടണ നക്കാപ്പിച്ച വാങ്ങി നക്കാനല്ലടാ കൂവേ...
ഏറ്റവും കുറഞ്ഞതൊരു
എം എൽ എ എങ്കിലുമാകാതെ ചത്താല്, ഈ ഖദറ് ട്രൈക്ലീനിങ്ങിനും, തേക്കാനും മുടക്കിയത് കൂട്ടിയാ രാഷ്ട്രിയം എനിക്കൊരു നഷ്ട്ടക്കച്ചവടമാകും.
അത്യാവശ്യം ചരട് വലിയൊക്കെ കഴിഞ്ഞു സമാധാനത്തോടെ ഇരുന്നപ്പോഴാ കോപ്പിലെ ഒരു ഒതളങ്ങ.
ഏതൊക്കെ വഴി ശ്രമിച്ചിട്ടാണെന്നറിയാമോ ഒരു സീറ്റുറപ്പിച്ചത്..?
എല്ലാം ഒത്തു വന്നപ്പോ ദാണ്ട് കിടക്കണ്.
സുരേഷേ... ഭരണം നിലനിർത്താനായില്ലേൽ എല്ലാം കൈവിട്ടു പോവും. ഓർത്തോ."
മനോഹരനത് പറയുമ്പോൾ ആറാം വാർഡ് മെമ്പറും മനോഹരന്റെ വലം കയ്യുമായ ചവിട്ടാല സുരേഷ് മൂന്നാമത്തെ പെഗ്ഗിന് അൽപ്പം കട്ടി കൂട്ടി. പേരിന് മാത്രം സോഡാ തളിച്ച് ഗ്ലാസ് മനോഹരന് നേരെ നീട്ടിക്കൊണ്ട് സുരേഷ് പറഞ്ഞു.
"എന്റെ മനോഹരേട്ട ഇത് വെള്ളപ്പുറത്തു സ്ഥിരം പറയണ ഡയലോഗ് അല്ല.
ഇത്തവണ നിങ്ങക്ക് ഒരു സീറ്റ് കിട്ടാനായിട്ട് നമ്മളെന്ത് തറ പരിപാടിക്കും റെഡിയാണ്. നിങ്ങക്ക് പത്തുരൂപ കിട്ടിയാലല്ലേ മനോഹരേട്ട
നമ്മടെ കാര്യോം നടക്കു.
ഇത്തവണ നമ്മള് ചത്ത് നിക്കും.
ഇപ്പൊ ഇതങ്ങോട്ട് പിടിപ്പിക്ക് "
മൂന്നാമത്തെ പെഗ്ഗ് ഒറ്റ വലിക്കിറക്കിക്കൊണ്ട് മനോഹരൻ സുരേഷിനെയൊന്ന് നോക്കി. സുരേഷിന്റെ തലക്ക് ചുറ്റും ഒരു പ്രകാശം വലയം വെച്ച് നിൽക്കുന്നത് പോലെ മനോഹരന് തോന്നി.
"ആദ്യം മടക്കലും, ശശിയേട്ടന്റെ ചായക്കടയിലും, ഇഞ്ചന്തറയിലൊക്കെയായി കൂട്ടം കൂടിയിരുന്നു പാർട്ടിയെയും, പ്രസിഡന്റിനെയും കുറ്റം പറയുന്ന തന്തയില്ലാത്തവന്മാരുടെ വായ അടപ്പിക്കണം. ഇലക്ഷൻ വരെ ഒരു താളത്തിലങ് കൊണ്ടുപോയാൽ കഴിഞ്ഞതൊക്കെ ആളുകളങ് മറന്നോളും മനോഹരേട്ടാ."
"ആണെന്നെ... അഞ്ചു വർഷം എന്നാ ഉണ്ടാക്കിയെന്നല്ല. അവസാന ആറ് മാസം എങ്ങനെ നിന്നെന്നാണ് ആളുകൾ നോക്കുക. അവറ്റകളുടെ മനസില് അവസാനം ചെയ്തതെ നിക്കുള്ളു."
പലരും, പല, പല അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടിരുന്നു, കരുതിയ മൂന്നു ലിറ്ററും തീർന്നപ്പോൾ ചർച്ച അവസാനിപ്പിച്ചെല്ലാരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പിറ്റേന്ന് പച്ചക്ക് കൂടിയ ചർച്ചയിൽ മാടപ്പള്ളി പഞ്ചായത്തിലെ മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പത്ത് വിഷയങ്ങളിൽ ഇലക്ഷൻ വരെയെങ്കിലും നേരിട്ടിടപെട്ട് പാർട്ടിയുടെ പ്രതിഛായ വർധിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.
ഒന്നാമതായി വന്നത് കുടിവെള്ളവിഷയമാണ്. കരക്ക് ചുറ്റും വെള്ളമാണെങ്കിലും ഒരുതുള്ളി കുടിക്കാനില്ല ! പഞ്ചായത്ത് പൈപ്പിന്റെ ചുവട്ടിൽ കാലി കലങ്ങൾ വെച്ച് ആണ്ടിലും സംക്രാന്തിക്കും വരുന്ന വെള്ളം നോക്കി പള്ള് പറയുന്ന വീട്ടമ്മമാരെ കയ്യിലെടുക്കാൻ മാടപ്പള്ളി പഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും അയ്യായിരം ലിറ്റർ വെച്ച് ദിവസവും കുടിവെള്ളം എത്തിക്കാൻ പാർട്ടിയുടെ യുവജന സഖ്യത്തെ ചുമതലപ്പെടുത്തി.
മഴയെത്തും മുമ്പ് പാടം കൊയ്ത് കേറാത്തതാണ് കർഷകർ നേരിടുന്ന മറ്റൊരു വിഷയം. കുട്ടനാട്ടിൽ വേണ്ടത്ര കൊയ്ത്ത് മിഷ്യൻ ഇല്ലാത്തത് തന്നെയാണ് അതിന് പ്രധാന കാരണം. പാടശേഖരണകമ്മറ്റി എത്ര തലകുത്തി നിന്നാലും പാലക്കാട്ടുനിന്ന് കർഷകനൊക്കുന്ന റെയ്റ്റിന് മിഷ്യനിറക്കാൻ സമയമെടുക്കും. ഇനി സമയത്തിറങ്ങിയാലും മണിക്കൂറിനു ആയിരം വെച്ച് കൊടുക്കേണ്ടി വരുന്നുണ്ട്. ആ വിഷയത്തിൽ പഞ്ചായത്ത് നേരിട്ട് ഇടപെടാൻ തീരുമാനിച്ചു. കാര്യങ്ങൾ പഠിക്കാൻ മൂന്നംഗസമ്മിതി പാലക്കാട്ടേക്ക് ഉടനെ തിരിക്കും.
മൂന്നാമതായാണ് നമ്മുടെ ഒതളങ്ങ വിഷയം ചർച്ചക്ക് വന്നത്. കുട്ടനാട് കാണാൻ വന്ന ടൂറിസ്റ്റുകൾ മാടപ്പള്ളി പഞ്ചായത്തിലൂടെ കടന്ന് പോകെ മാങ്ങയാണെന്ന് കരുതി ഒതളങ്ങ കഴിച്ച് അത്യാസന്ന നിലയിലായത്, പഞ്ചായത്തിനെയും ഈ നാടിനെയും കുറച്ചൊന്നുമല്ല നാണം കെടുത്തിയത്. സംഭവം അത്രക്ക് വലിയ വാർത്തയായിരുന്നല്ലോ.
ചാനലുകാര് അഞ്ചാറു ദിവസം ആ വിഷയം ചർച്ച ചെയ്തപ്പോൾ മാടപ്പള്ളി പഞ്ചായത്ത് ലോക ഫെയ്മസായി. പ്രസിഡന്റ് എന്ന നിലക്ക് ഒരുങ്ങിക്കെട്ടി ചാനൽ ചർച്ചക്ക് പോയ മനോഹരനെ ചാനലിന്റെ ആംഗർ എടുത്താൽ പൊങ്ങാത്ത വാക്കുകൾക്കൊണ്ട് തലങ്ങം, വിലങ്ങം പ്രഹരിച്ചു. ചോദ്യങ്ങൾ ചോദിച്ച് കുഴപ്പിച്ചു. ഒന്നിനും നേരെയൊരു ഉത്തരം പറയാനില്ലാതെ വെള്ളം കുടിച്ച മനോഹരനെ ഇവിടുത്തെ പിള്ളേരിപ്പോഴും ഇഞ്ചൻ തറയിലും, കലുങ്കിലുമൊക്കെയിരുന്നു ട്രോളാറുണ്ട്.
"എന്നാ ചെയ്യാനൊക്കും..?
ടൂറിസം വകുപ്പും, റവന്യു വകുപ്പുമെല്ലാം നേരിട്ട് ഇടപെട്ട കേസാണ്. എന്തേലും ചെയ്യാണ്ട് പറ്റില്ല."
പ്രതീക്ഷയോടെ മനോഹരൻ പാർട്ടി മെമ്പറുമാരെ നോക്കി.
"എന്നവേലും ചെയ്യണം പ്രസിഡന്റെ...
തള്ളമാർക്കൊക്കെ ഒരേ ആധിയാണിപ്പോൾ, ആ ചക്കാലുംമൂട്ടിലെ കൊച്ചിന്റെ കാര്യംകൂടെ അറിഞ്ഞതിൽ പിന്നെ പറയേം വേണ്ട."
മാടപ്പള്ളിയിലെ ഏക വനിതാ മെമ്പർ സുശീല രമണൻ എണീറ്റ് നിന്ന് പറഞ്ഞു.
ഒതളങ്ങയുടെ പുറത്തുള്ള ചർച്ചകൾ പിന്നെയും നീണ്ടു. ചവിട്ടാല സുരേഷിന്റെ നേതൃത്വത്തിൽ മറ്റൊരു കമ്മറ്റികൂടെ രൂപീകരിക്കുകയും ആ കമ്മറ്റി ഒതളങ്ങ വിഷയം വീണ്ടും ചർച്ചക്കെടുത്തു.
"ആളുകളുടെ പുരയിടത്തിലും, പുറംപോക്കിലുമൊക്കെയായി നിറഞ്ഞു നിക്കുന്ന ഈ ഒതളം മുഴുവൻ വെട്ടി നശിപ്പിക്കുകന്നുള്ളത് നടപ്പുള്ള കാര്യമാണോ സുരേഷേ..?"
"അതാണ് പോംവഴിയെങ്കിൽ അങ്ങനെ...
വെട്ടണം."
"ഇത്രയധികം മരം വെട്ടികളയുക എന്നത് ചില്ലറ കാര്യമാണെന്നാണോ...
മുമ്പും പഞ്ചായത്ത് ഇതിനൊക്കെ ഇറങ്ങി തിരിച്ചിട്ടുണ്ട്. എന്നിട്ടെന്തായി..?"
"അഞ്ചാറു ആളുകളെ വർഷം മുഴുവൻ നിർത്തിയാലും കാര്യം കഴിഞ്ഞു കിട്ടില്ല.
അല്ല. ഇതിനൊക്കെ ഫണ്ടിറക്കാൻ പഞ്ചായത്തിന്റെ കയ്യിൽ വല്ലതുമുണ്ടോ..?"
"ഇല്ല"
"അപ്പൊ പിന്നെ ആദ്യം ഫണ്ട് നോക്കണം."
"വല്ല പരുത്തിയോ, പെരുമരമോ ആരുന്നെങ്കിൽ തീപ്പെട്ടികൊള്ളിക്കെങ്കിലും ഉപകാരപ്പെട്ടേനേം. ഇതിപ്പോ ഈ പൊങ്ങു തടി ആർക്ക് വേണം..? വിറകിന് പോലും ഒക്കത്തില്ല. ഇത് നശിപ്പിക്കാനൂടി പഞ്ചായത്ത് കാശ് മുടക്കേണ്ട ലക്ഷണം കാണുന്നുണ്ട്."
"അല്ല സുരേഷേട്ടാ... ഈ ഒതളങ്ങകൊണ്ട് വേറെ പ്രയോജനമൊന്നുമില്ലേ..?"
ചർച്ച പിന്നേം നീണ്ടു... സീനിയർ പാർട്ടി മെമ്പറും പഴയ കൃഷിക്കാരനുമായ പൈലി ചേട്ടൻ എണീറ്റു നിന്നു. കൂടിയിരുന്നവർ അങ്ങേരെ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി.
"പണ്ട്, കൊച്ചീന്ന് ചില ആളുകൾ വരുവാരുന്നു. എന്തോ പരീക്ഷണത്തിന് ഒതളങ്ങ ശേഖരിക്കാൻ.
അവർക്ക് ശേഷം ഈ റെക്കോർഡിങ് സ്റ്റുഡിയോയില്ലേ..?
അതിന്റെ ഭിത്തിക്ക് പിടിപ്പിക്കാൻ ഒതളങ്ങത്തോട് വേണമെന്ന് പറഞ്ഞ് വേറെ ചിലര് വന്നു.
പിന്നെ കുറേ കാലം ആരേം കണ്ടിട്ടില്ല. ഏറ്റവും ഒടുക്കം സർക്കാർ ഇടപെട്ട് നിർത്തിയ ഒരു കീടനാശിനിയില്ലേ..?"
കൂട്ടത്തിലൊരുത്തൻ തല പുകച്ച് ആലോചിച്ചിട്ട് വിളിച്ചു പറഞ്ഞു.
"എക്കാലക്സ്"
"അഹ്... അത്... അതിന്റെ പ്രധാന ചേരുവ ഒതളങ്ങയാണെന്നാണ് കേട്ടേക്കുന്നത്.
മ്മടെ കീരിത്തറയിലെ വിജയനില്ലേ..? അങ്ങേര് ഇവിടങ്ങളിലെ പറമ്പിലൊക്കെ കയറി സംഭവം പറിച്ചു ചാക്കികെട്ടി കൊണ്ടുപോകുന്നത് സ്ഥിരം പരിപാടിയാരുന്നു. ഒന്നിന് 25 പൈസയോ മറ്റൊ ആണ് അന്ന് കിട്ടിക്കൊണ്ടിരുന്നത്."
"അതൊക്കെ അന്നല്ലേ പൈലി ചേട്ടാ..?
ആ കീടനാശിനിയെല്ലാം കെട്ട് കെട്ടിച്ചില്ലേ..? ഇപ്പൊ ജൈവമല്ലേ നടക്കു..?"
"എന്ത് ജൈവം..? എന്റെ പൊന്ന് സുരേഷേ ചാഴിയും, പുഴുവും, വെട്ടിലുമൊന്നും തണ്ട് അറക്കാതിരിക്കാൻ ഇപ്പോഴും എല്ലാരും ഇതൊക്കെ ഇവിടെ ഉപയോഗിക്കുന്നുണ്ട്, സംഭവം രഹസ്യായിട്ടുള്ള പരസ്യമല്ലേ..? ഈ ഫ്യുരിടാനും, എക്കാലക്‌സുമൊക്കെ ഇവിടുള്ളോർക്കറിയാം ആരും അറിയാതെ എങ്ങനെ തളിക്കണമെന്ന്."
"ന്നാ വിജയനെ ഒന്ന് കണ്ടാലോ..?
വല്ലോ നടക്കുവോ..?"
"പത്തു രൂപാ തടയുമെന്ന് തോന്നിയാൽ എന്തേലും നീക്ക് പോക്കുണ്ടാകും"
"എന്നാലേ ഇപ്പൊ കൃത്യം ആള് മാന്തോപ്പിൽ ഷാപ്പിൽ കാണും. അന്തിക്ക് അങ്ങേര് പെടരും. അതിന് മുമ്പ് കണ്ടാൽ കാര്യം നടക്കും."
മൂന്ന്
'മൂന്നാമത്തെ കുപ്പി കലക്ക്, ' ഒരിടുത്തി വീഴും പോലെ മേശപ്പുറത്തേക്ക് കൊണ്ട് വെച്ച് സേവിച്ചൻ വിജയൻ ചേട്ടന്റെ മോന്തക്ക് നോക്കി പറഞ്ഞു.
"ഇനിയീ പരുപാടി ഇവിടെ നടക്കുകേല. ഇന്ന് വരെയുള്ള പറ്റ് തീർത്താലേ ഇനി നിങ്ങക്ക് ഇവിടുന്ന് ഒരു തുള്ളി കള്ള് കിട്ടത്തൊള്ളൂ. പറഞ്ഞേക്കാം."
വിജയൻ ചേട്ടൻ വളരെ ദയനീയമായി സേവിച്ചനെ ഒന്ന് നോക്കി, ഗ്ലാസ്സിലേക്ക് ടപ്പേന്നൊരണം ഊറ്റി കണ്ണടച്ചു പിടിപ്പിച്ച് ഗ്ലാസ് താക്കുമ്പോൾ മേശക്ക് മുന്നിൽ മൂന്നാലാളുകൾ.
കള്ളിമുണ്ടിന്റെ തുമ്പെടുത്തു മോന്തായം തുടച്ചുകൊണ്ട് വിജയൻ ചേട്ടൻ തല പൊക്കിയൊന്ന് നോക്കി.
ചവിട്ടാല സുരേഷും സംഘവും ഇളിച്ചുകൊണ്ട് മേശക്കപ്പുറം നിക്കുന്നു.
അങ്ങേര് കുടിച്ച കുപ്പിടെ കാശ് സുരേഷ് സേവിച്ചന് നേരെ നീട്ടിയപ്പോൾ സേവിച്ചനൊന്ന് ഞെട്ടി.
വിജയൻ ചേട്ടന്റെ തോളിലൂടെ കയ്യിട്ട് സുരേഷ് പുള്ളിയെ ഷാപ്പിന് പുറത്തേക്ക് കൂട്ടികൊണ്ട് പോയപ്പോൾ ഈ സ്നേഹം കൊല്ലാനാണോ വളർത്താനാണോന്ന് ആ പെരുപ്പിലും പുള്ളി ചിന്തിക്കാതിരുന്നില്ല. ഷാപ്പിനോട് ചേർന്ന് കിടക്കുന്ന ബണ്ടേലെ ഒരു മാഞ്ചിയത്തിന്റെ പള്ളക്ക് ചവിട്ടി ചാരി നിന്നുകൊണ്ട് സുരേഷ് പറഞ്ഞു.
"വിജയൻ ചേട്ടാ. ഇങ്ങളെക്കൊണ്ട് ഒരു കാര്യോണ്ട് കൂടെ നിന്നാ, പത്തു രൂപാ ഇങ്ങക്കും തടയുന്ന ഏർപ്പാടാണ്."
ഒരു പണിക്കും പോവാത്ത, തന്നെക്കൊണ്ട് എന്ത് കാര്യമെന്ന മട്ടിൽ വിജയൻ ചേട്ടൻ സുരേഷിനെ ഒന്ന് നോക്കി.
"നിങ്ങക്ക് പണ്ട് ഒതളങ്ങ പറിച്ചോണ്ട് കൊടുക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നല്ലോ..?"
"ഉവ്വ്... അതൊക്കെ പണ്ട്.
ഞാൻ അതൊക്കെ എന്നെ നിർത്തി."
കൊഴഞ്ഞ നാക്ക് പൊക്കി വിജയൻ ചേട്ടൻ പറഞ്ഞു.
"അതെന്താ ചേട്ടാ..?"
"മരുന്നുണ്ടാക്കാനും, അതിന്റെ തൊണ്ട് ചോയിച്ചും ചിലര് വന്നു. അവരൊന്നും അധികം മുന്നോട്ട് കൊണ്ടുപോയില്ല. അതും കഴിഞ്ഞപ്പോഴാണ് കീടനാശിനിക്ക് എടുത്ത് തുടങ്ങിയത്. അന്നിത്തിരി മെച്ചമായിരുന്നു. അപ്പോഴാണ് കോപ്പ്
സർക്കാര് ആ കീടനാശിനി നിർത്തി മ്മടെ പള്ളക്കടിച്ചത്.
അയിന് ശേഷം സംഭവമൊക്കെ ഇത്തിരി അണ്ടർഗ്രൗണ്ട് ഏർപ്പാടായി. കെട്ടി ചുമ്മി കൊണ്ട് കൊടുത്താലും മര്യാദക്കൊന്നും അവന്മാര് പൈസ തരത്തില്ലാരുന്നു. ഒരു വട്ടം കാശ് ചോദിച്ചു ചെന്നപ്പോ ആകെ സംസാരിച്ച് അലമ്പായി. അന്ന് അവന്മാര് എന്നെ കേറി കൈയ്യും വെച്ചു. ആരോടേലും പറയാനൊക്കുമോ..? ഞാനും ഉള്ളെ പോണ കേസാണെ."
"ഈ പരിപാടി ഇപ്പോഴും നടക്കുന്നുണ്ടോ..?"
"പിന്നെ നടക്കാതെ..? സംഭവം ഇപ്പോഴും പല പേരിലും കുട്ടനാട്ടിൽ എത്തുന്നുണ്ടെന്നേ... ഇവിടുള്ളോൻമാരെല്ലാം സംഭവം വാങ്ങിച്ചടിക്കുന്നുമുണ്ട്."
കള്ളുംപുറത്തുള്ളതെല്ലാം വിളിച്ചു പറഞ്ഞോണ്ടിരുന്ന വിജയൻ ചേട്ടൻ സഡൻ ബ്രേക്ക് ഇട്ടത് പോലെ സംസാരം നിർത്തി.
"അല്ല സുരേഷേ... നീ കാര്യം പറഞ്ഞില്ലല്ലോ..?"
"കാര്യം ഇത്രേയുള്ളൂ. ഇലക്ഷന് ആളുകൾ ബൂത്തിൽ കയറുന്നതിനു മുമ്പ് മാടപ്പള്ളി പഞ്ചായത്ത് ഒതളങ്ങ മുക്തമായിരിക്കണം."
കാര്യം കേട്ടപ്പോൾ കുടിച്ച കള്ളിന്റെ കെട്ടും വിട്ട് വിജയൻ ചേട്ടൻ അൽപ്പനേരം അന്ധാളിച്ചു നിന്നു. തുടർന്നുള്ള സംസാരത്തിൽ ഒതളങ്ങ പറിച്ച്, മരം വെട്ടിക്കളയാൻ തന്നെ ഏർപ്പാടാക്കാൻ വന്നതാണ് ചവിട്ടാല സുരേഷും സംഘവുമെന്ന് വിജയൻ ചേട്ടന് മനസിലായി.
"ഞാൻ നാട് മുഴുവൻ നടന്ന് ഒതളങ്ങ പറിച്ചെന്ന് വെച്ചോ. ഇത് അവന്മാര് എടുക്കുമെന്ന് എന്താണ് ഉറപ്പ്..? എടുത്താലും കാശ് തരുമെന്ന് തോന്നുന്നുണ്ടോ..?"
"അതൊക്കെ പഞ്ചായത്ത് നോക്കിക്കോളാം, നിങ്ങള് ഒതളങ്ങ പറിച്ച്, മൂട് വെട്ടാൻ മൂന്നാല് ആളുകളെ കൂടെ സംഘടിപ്പിച്ചു നിർത്തു. ബാക്കി രണ്ട് ദിവസത്തിനകം അറിയിക്കാം."
കീടനാശിനിയുണ്ടാക്കുന്ന കമ്പിനിയിലേക്ക് പഞ്ചായത്തിന്റെ രണ്ട് രഹസ്യ ദൂതന്മാരെ അന്ന് തന്നെ സുരേഷ് അയച്ചു.
ഒതളങ്ങ പറിച്ചു കെട്ടി അവിടെ എത്തിച്ചു കൊടുത്താൽ എടുത്തോളാമെന്നും, ഒന്നിന് ഒരു രൂപാ കണക്കിൽ കൊടുക്കാമെന്നും ധാരണയായി.
അടുത്ത ദിവസം തന്നെ ചവിട്ടാല സുരേഷും സംഘവും വിജയൻ ചേട്ടനെ കണ്ട് ഒന്നിന് അമ്പത് പൈസ നിരക്കിൽ പഞ്ചായത്ത് ഒതളങ്ങ എടുത്തോളാം എന്ന ഉറപ്പും, ഒരു അഡ്വാൻസ് എന്ന നിലക്ക് രണ്ടായിരം രൂപയും കൊടുത്തു. എവിടെ ചെന്നാലും 'ഈ വിഷക്കായ ഉന്മൂലനം ചെയ്യാൻ പഞ്ചായത്ത് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണെന്ന്' പ്രത്യേകം പറയണമെന്ന് സുരേഷ് വിജയൻ ചേട്ടനെ ചട്ടം കെട്ടി.
നാല്
പമ്പയാറും, സാമുവൽ അച്ചായന്റെ കൊക്കോ തോട്ടവും അതിര് തിരിക്കുന്ന മാടപ്പള്ളി പഞ്ചായത്തിന്റെ വടക്കേ അറ്റത്തുള്ള തോട്ടറമ്പിലും, ബണ്ടേലും, പാടയിറമ്പത്തും നിക്കുന്ന ഒതള മരങ്ങളിൽ നിന്ന് തുടങ്ങാന്ന് കരുതി, വിജയൻ ചേട്ടനും സംഘവും മുഴുത്ത കുറച്ചു മോങ്ങു മുള വെട്ടി ഒരു ചങ്ങാടം കെട്ടി.
പടിഞ്ഞാറൻ കാറ്റിൽ ഓളം വെട്ടുന്ന വെള്ളത്തിലേക്ക് ഒതളങ്ങകൾ വീണ് മുങ്ങി പൊങ്ങി. വിജയൻ ചേട്ടന്റെ കൈക്കാര് ഓളങ്ങളിൽ ആടിയുലയുന്ന ഒതളങ്ങ ഒന്നുപോലും വിടാതെ ചാക്കിൽ കയറ്റിക്കൊണ്ടിരുന്നു. മുഴുവൻ കായും ചാക്കിൽ കയറിയാൽ കൈക്കോടലിക്ക് ഒതളം വെട്ടി മറിച്ചിട്ട് അവർ അടുത്ത മരച്ചുവട് നോക്കി തുഴയെറിഞ്ഞു.
നാലഞ്ചു ദിവസത്തെ അധ്വാനത്തിനൊടുക്കം എണ്ണം പറഞ്ഞ നാപ്പത്തിരണ്ട് ചാക്കുകൾ പഞ്ചായത്തിന്റെ ഷെഡിൽ നിറഞ്ഞു.
അടുത്ത രാത്രി തന്നെ കമ്പിനിക്കുള്ള ആദ്യത്തെ ലോഡ് ചവിട്ടാല സുരേഷിന്റെ നേതൃത്വത്തിൽ കയറിപ്പോയി.
കമ്പിനീന്ന് പറഞ്ഞുറപ്പിച്ചിരുന്ന പ്രകാരം കിട്ടിയ പന്ത്രണ്ടായിരം രൂപയിൽ നിന്ന് കണക്ക് പറഞ്ഞു ആറായിരം രൂപാ വിജയൻ ചേട്ടനും സംഘത്തിനും കയ്യിൽ വെച്ചു കൊടുത്തപ്പോൾ അവർക്ക് പണി ചെയ്യാൻ ആവേശം തോന്നി. വെറുതെയിരുന്നു കാശുണ്ടാക്കുന്ന ഈ ഡീൽ സുരേഷിനും കൂട്ടർക്കും ഏറെ ബോധിച്ചു.
പിന്നെ വിശ്രമമില്ലാതെ വിജയൻ ചേട്ടനും സംഘവും പഞ്ചായത്തിന് വേണ്ടി പണിയെടുത്തു. ചാക്ക് കണക്കിന് ഒതളങ്ങ പഞ്ചായത്തിന്റെ ഷെഡിൽ നിരന്നുകൊണ്ടിരുന്നു.
കുടിവെള്ള വിഷയത്തിൽ തുടങ്ങി ഒതളങ്ങ വിഷയത്തിൽ വരെ പാർട്ടിയും പഞ്ചായത്തും നടത്തുന്ന ഫലപ്രദമായ ഇടപെടലുകളെ ചിലർ പ്രശംസിച്ചു. ഒതളങ്ങ കഴിച്ചു മരിച്ച ആളുകളുള്ള കുടുംബക്കാർ പാർട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചില വികസന മുടക്കികൾ മാത്രം ഇതൊക്കെ ഇലക്ഷൻ കണ്ടുള്ള കളികളാണെന്ന് പറഞ്ഞും നടന്നു.
ഒതളങ്ങ മുക്ത മാടപ്പള്ളി നടപ്പിലാക്കാൻ ചില നാട്ടുകാരും അവരാൽ കഴിയുന്ന പോലെ അവരവരുടെ പുരയിടങ്ങളിലെ ഒതളം വെട്ടി, ഒതളങ്ങ പഞ്ചായത്തിലെത്തിച്ചുകൊണ്ടിരുന്നു.
വിജയൻ ചേട്ടനും സംഘവും ഒതളങ്ങ കയറ്റി വിട്ട പേരിൽ ആയിരങ്ങൾ പഞ്ചായത്തിൽ നിന്നും കൈപ്പറ്റി ജീവിതമിത്തിരി പച്ച പിടിപ്പിച്ചു.
ഇലക്ഷൻ അടുത്തു തുടങ്ങിയപ്പോഴേക്കും മനോഹരനും പാർട്ടിയും ആ നാട്ടിലെ ജനാധിപത്യ വിശ്വാസികളുടെ മേൽ ഒതളമരം പോലെ വേരുകളാഴ്ത്തി തുടങ്ങിരുന്നു.
മതിലുകളിൽ മനോഹരന്റെയും, സുരേഷിന്റെയുമടക്കമുള്ള നേതാക്കന്മാരുടെ പോസ്റ്ററുകൾ ഇടംപിടിച്ചുതുടങ്ങി, ഇലക്ഷൻ പ്രചരണം കൊഴുത്തു. നാല് ദിക്കിലും അനൗൺസ്മെന്റ് ജീപ്പുകൾ പാഞ്ഞു. പഞ്ചായത്തിന്റെ പല പൊതുയോഗങ്ങളിലും, കുടുംബയോഗങ്ങളിലും നേതാക്കന്മാർ മൈക്കിലൂടെ നേട്ടങ്ങൾ എണ്ണി എണ്ണി പറയുമ്പോൾ ആ ഒച്ചയിൽ
ഭരണപക്ഷത്തിന്റെ അന്നേ വരെയുള്ള അഴിമതികൾ അക്കമിട്ട് നിരത്തി പ്രചരണം നടത്തിയ പ്രതിപക്ഷ നേതാക്കളുടെ ശബ്ദങ്ങൾ വെറും മൂളലും, ഞരക്കവുമായി ഒതുങ്ങി നിന്നു.
പോളിംഗ് ദിവസം പ്രായം ചെന്നവരെയും, വർഷങ്ങളായി നാട്ടിലില്ലാത്തവരെയും, ചത്തുപോയവരെയും വരെ പൊക്കിക്കൊണ്ട് വന്നു ചവിട്ടാല സുരേഷും സംഘവും വോട്ടാക്കി. പഞ്ചായത്തിലെ ചരിത്ര പോളിംഗ് രേഖപ്പെടുത്തിക്കൊണ്ട് ഇലക്ഷൻ അവസാനിച്ചു.
പോളിംഗിന് ഒരു ദിവസം മുമ്പ് മനോഹരന്റെ വീട്ടിലൊരുക്കിയ സൽക്കാരത്തിൽ കപ്പയും, പോത്തും തട്ടിയിട്ട് പോയവരുടെ ഡിസ്പോസിബിൾ പ്ലേറ്റ് എണ്ണി നോക്കി ഭൂരിപക്ഷം പ്രവചിച്ച അണികളുടെയും, ബൂത്തിൽ പാർട്ടിയിരുത്തിയ ഏജന്റ്മാരുടെയും കണക്കു കൂട്ടലുകൾ തെറ്റിയില്ല.
വോട്ട് എണ്ണി ഫലം പ്രഖ്യാപിച്ചപ്പോൾ
10-4 ന് മനോഹരനും സംഘവും ഭരണം നിലനിർത്തിയെന്നുള്ള വാർത്തയാണ് പുറത്ത് വന്നത്.
തുടർന്ന് വിവിധ വാർഡുകളിൽ നിന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് നടത്തിയ ആഘോഷ പ്രകടനങ്ങളിലും, റോഡ് ഷോയിലും, മുതിർന്ന നേതാക്കന്മാരുടെ സന്തോഷ പ്രസംഗങ്ങളിലും മനോഹരനിലും ഒരൽപ്പം കൂടുതൽ മുൻതൂക്കം ഇത്തവണത്തെ ഏറ്റവും വലിയ ഭൂരിപക്ഷം വാങ്ങി വിജയിച്ച ചവിട്ടാല സുരേഷിന് കൊടുക്കുന്നുണ്ടോ എന്നൊരു സംശയം മനോഹരന് പോലും തോന്നി കാണണം.
സത്യപ്രതിജ്ഞക്ക് വെറും രണ്ട് ദിവസം മാത്രം ബാക്കി നിക്കുമ്പോഴാണ് മാടപ്പള്ളി പഞ്ചായത്തിനെ ഞെട്ടിച്ചുകൊണ്ട് പ്രസിഡന്റ് മനോഹരൻ ആത്മഹത്യ ചെയ്തുന്നുള്ള വാർത്ത പുറത്തുവന്നത്.
വിശ്വസിക്കാനാവാതെ പാർട്ടിയും നാട്ടുകാരും ആ വാർത്തക്ക് പിന്നാലെ പാഞ്ഞു. പഞ്ചായത്തിൽ സൂക്ഷിച്ചിരുന്ന ഒതളങ്ങ കഴിച്ചാണ് മനോഹരൻ ആത്മഹത്യ ചെയ്തതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
മനോഹരന്റെ അടക്കം കഴിഞ്ഞിട്ടും, ഒതളങ്ങക്കെതിരെ ഈ നാടിന്റെ ചരിത്രത്തിലേക്ക് രേഖപ്പെടുത്താവുന്ന വണ്ണം ഇത്ര ശക്തമായി പോരാടിയ ഒരു പാർട്ടിയുടെ നേതാവ് അതേ ഒതളങ്ങ തിന്ന് മരിച്ചതെന്തിനാണെന്നുള്ള ആ വലിയ ചോദ്യം മാടപ്പള്ളിയാകെ കറങ്ങി നടക്കുന്നു.
അതിനുള്ള തൃപ്തികരമായ ഉത്തരം അടുത്ത മണിക്കൂറുകളിൽ ചവിട്ടാല സുരേഷിന്റെ ഫോണിലേക്ക് ഹൈകമാന്റ് വിളിച്ചറിയിക്കുമെന്ന് പ്രത്യാശിക്കാം.