30.07 – Short Story By നിതിന്‍ ബാല്‍

30.07-kadha-By-nithin-baal.

ചുവപ്പുനാടയിൽ കുരുങ്ങി കിതച്ചിരുന്ന ഫയലിനുമീതെ തന്റെ ഒറ്റക്കൈ ആഞ്ഞടിച്ചുകൊണ്ട് അയാൾ അലറിയപ്പോൾ, ഞാനെന്റെ ചെവിയിൽ തലേന്നു രാത്രി ഇരച്ചുകയറിയ മഞ്ഞുമണികളെ ചെറുവിരൽ കൊണ്ടമർത്തി ഇക്കിളിപ്പെടുത്തുകയായിരുന്നു.

“എന്റെ കൈയ്യെവിടെ സാറേ. .? ഇന്നേക്ക് ദെവസം ഏഴായി കയറിയിറങ്ങുന്നു.”

ഒന്നകത്തേക്കെത്തി നോക്കി അയാൾ സ്വരം താഴ്‌ത്തി പറഞ്ഞു.

“സാറിനു വയ്യേൽ പറ, ഞാൻ കേറി നോക്കാ.”

ദിവസങ്ങളുടെ ഉറക്കച്ചടവുള്ള കണ്ണുകൾ തിരുമ്മി ഞാനയാളെ മിഴിച്ചു നോക്കി. അങ്ങനെയൊന്നും കയറി നോക്കാൻ പറ്റില്ലെന്നും എല്ലാത്തിനും കണക്കുള്ളതാണെന്നും അയാളോടു പറയാൻ തുനിഞ്ഞതും ആംബുലൻസ് വളരെ പതിയെ ഓഡിറ്റോറിയത്തിന്റെ കവാടം കടന്ന് അകത്തേക്കു വന്നു. വിശാലമായ മുറ്റത്തേക്കൊതുക്കി നിർത്തുമ്പോഴേക്കും ആംബുലൻസിനെ ആൾക്കാർ വരിഞ്ഞുചുറ്റി.

ഇന്നു രാവിലെ വരെ കണ്ട, ഏകദേശം ഒരു വർഷം കൊണ്ട് പത്രത്തിന്റെ ഏറ്റവും അവസാന പേജിലേക്ക് പിന്തള്ളപ്പെട്ട ഒരു സമാന ചിത്രത്തെ ഓർത്തു. മൂവായിരം മൈലുകൾക്കപ്പുറം, ചോരയിൽ കുതിർന്ന തട്ടത്തിനു കീഴെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള പോർവിളിയിൽ മാസങ്ങളായി വിണ്ടുകീറുന്ന മണ്ണിലായാലും, ഇങ്ങിവിടെ മനുഷ്യനെതിരെ മദം പൊട്ടിയ മണ്ണിലായാലും ദൃശ്യങ്ങളെല്ലാം ഒന്നുതന്നെ.

ആറുദിവസം നിലവിളിച്ചോടിയതിന്റെ ക്ഷീണത്തിൽ ആംബുലൻസിന്റെ സൈറൺ ശബ്ദമുയർത്താതെ മിന്നിക്കൊണ്ടിരുന്നു. കാക്കിയുടെ അകമ്പടിയിൽ അകത്തേക്കു കയറ്റിവെച്ച ഫ്രീസറിൽ മൂന്ന് കറുത്ത പൊതികൾ സാമൂഹിക അകലം പാലിച്ച് അകന്നകന്നു കിടന്നപ്പോൾ, ഓരോന്നിനും ഒരു മൂന്ന് കിലോ കോഴിയിറച്ചിയുടെ വലുപ്പം മാത്രം.

“കേസ് നമ്പർ ഫയലിലുണ്ട്, ഫോട്ടോസും. മൂന്നും മൂന്നാളുടേതാണ്.”

അടുത്ത കസേരയിലിരുന്ന പോലീസുകാരൻ ഫയൽ തുറന്ന് ഫോട്ടോസൊക്കെ മറിച്ചുനോക്കി കോട്ടുവാ ഇടുന്നതിനിടയിൽ ഒറ്റക്കൈയുമായി വന്ന അയാൾ വാതിലിനരികിൽ നിന്ന് അകത്തേക്കെത്തിനോക്കി. കറുത്ത തുണികൊണ്ട് പൊത്തിപ്പിടിച്ച അറ്റുപോയ കൈക്കുഴയിൽ നിന്നും ചാര നിറത്തിലുള്ള കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങി വരുന്നത് അയാൾ അറിയുന്നില്ലെന്നു തോന്നുന്നു.

“സാറേ ഇതിലുണ്ടാവും സാറേ, ഒറപ്പായും ഇപ്പൊ വന്നതിലുണ്ടാവും.”

ഞാൻ പോലീസുകാരന്റെ കൈയിൽ നിന്നും ഫയലെടുത്ത് മറിച്ചുനോക്കി.

“എന്റെ പൊന്നുചേട്ടാ വന്നതൊരു തലയും, ഒരു തുടയും, ഒരു നെഞ്ചിന്റെ പകുതിയും. പിന്നെ കുറച്ച് ചുരുട്ടിയിട്ട തൊലിയും. ഇതിൽ എവിടെ ചേട്ടന്റെ കൈ..?”

അയാൾ മറുപടി പറഞ്ഞതിൽ പകുതിയും കൂറ്റൻ ജനറേറ്ററിന്റെ നിലവിളിയിൽ കുത്തിയൊലിച്ചു പോയി.

കണ്ടെത്തി തരാൻ കഴിയാവുന്നതെല്ലാം ചെയ്യാം എന്ന ഉറപ്പിൽ അയാളെ എങ്ങനെയൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച് പുറത്തേക്കിറക്കി നിർത്തിയപ്പോഴേക്കും ആകാശം ഇരുണ്ടിരുന്നു. ദിവസങ്ങളായി ഒളിച്ചിരിക്കുന്ന ചന്ദ്രനില്ലാത്ത സന്തോഷത്തിൽ ഓഡിറ്റോറിയത്തിന്റെ മൂർദ്ധാവിൽനിന്നും ഒരു തടിയൻ ബൾബ് വെട്ടിത്തിളങ്ങി.
അണ്ണരാജാ, അണ്ണാമലൈ, മുത്തുവൈരവൻ… നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയ ഫ്രീസറുകളുടെ പട്ടിക നോക്കി തിരികെ കൊടുക്കേണ്ടവയുടെ പേരുകൾ തപ്പിപ്പിടിക്കുമ്പോഴാണ് ഒറ്റക്കാലിൽ ചാടി ചാടി വന്ന പ്രായമുള്ള ഒരു സ്‍ത്രീ വാതിലിൽ ചാരി കിതക്കുന്നത് കണ്ടത്.

“സാറേ എന്റെ പയ്യിന് പൊറകെ ഓടണേൽ കാലില്ലാതെ കയ്യൂല സാറേ… അതിനാത്ത് എവടയോ ഒണ്ട് ഉറപ്പായും ഉണ്ട്. ഏതോ ഒരു . . . ”

പ്രതീക്ഷയോടെ അവരകത്തേക്കു നോക്കി. കറുത്ത ചാക്കുകൊണ്ടുപൊതിഞ്ഞ്, മുറുക്കെ കെട്ടിയിട്ട തുടയിലൂടെ വെള്ളം താഴേക്ക് ഇറ്റിറ്റു വീണു.

“. . . പെട്ടിയിലുണ്ട്. തൊടേലെ എറച്ചി കൊറേ പോയിക്കിണ് സാറേ. അത്‌ പോട്ടെ, എറച്ചി അല്ലേലും ഞമക്ക് പണ്ടേ കൊറവാ.”

മുൻനിരയിലെ പല്ലിന്റെ കറുത്ത വേരുകൾ പുറത്തു കാണിച്ചുകൊണ്ട് അവർ വാ തുറന്നുചിരിച്ചു. ഞാൻ തല ചൊറിഞ്ഞു.

“ഉമ്മാ ഇങ്ങള് കേക്ക്. അകത്തെ പെട്ടിയിൽ കാലുകള് കുറേ ഉണ്ട്. പക്ഷെ നിങ്ങളുടെ ഏതാണെന്ന് എങ്ങനെ അറിയും? കണ്ടാലൊന്നും മനസ്സിലാവില്ലെന്നേ, എല്ലാം ചേറിൽ പുതഞ്ഞിരിക്കുവാ.”

അവർ ഒരു കള്ളച്ചിരിയോടെ ചുറ്റിലും നോക്കി.

“അത് കൊയപ്പല്ല സാറേ, ന്റേത് തെരയാൻ എളുപ്പാ. അതിലേ. . .”

ഞാൻ ചെവിയടുപ്പിച്ചു കൊടുത്തു. ചെളിയുടേയും ചോരയുടേയും മിശ്രിതഗന്ധത്തിൽ എന്റെ മൂക്ക് പുറകോട്ടു വലിഞ്ഞു.

“. . . അതിലേ, അതിലൊരു ഒന്നര പവന്റെ പാദസരണ്ട്. പണ്ട് പൂതി തോന്നിയപ്പൊ പയ്യൊന്നിനെ വിറ്റ് വാങ്ങിയിട്ടതാ. ദേ നോക്കിയേ മറ്റേ പാദസരം.”

തള്ളവിരൽ അറ്റുതൂങ്ങിയ വലതുകാൽ ചെറുതായി ഉയർത്തിക്കാട്ടി അവർ വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു. കണങ്കാലിലൂടെ തുളഞ്ഞു കയറിയ കൂർത്ത കമ്പിന്റെ ഇരുവശത്തുമായി വെളുത്തു കൊഴുത്ത ദ്രാവകം താഴേക്കു വീഴാതെ അള്ളിപ്പിടിച്ചിരുന്നു.
ആകാശം നെടുകേ കീറിയ വെള്ളിടിയിൽ അവർ പെട്ടെന്നൊന്നു വിറച്ചു. മഴവെള്ളം കുടിച്ച് വയറുവീർപ്പിച്ച മലകളുടെ, മാസം തികഞ്ഞ പേറ്റുവേദനയോർത്തിട്ടെന്നോണം കുറച്ചുനേരം ദൂരെയുള്ള മലയിടുക്കുകളിലേക്ക് നോക്കി നിന്നു. പിന്നെ താഴേക്കു നോക്കി പതിയേ പറഞ്ഞു:

“മോൻ കിട്ടുവാണേൽ ഉമ്മക്കത് തരണം. ഉമ്മക്ക് വേറാരൂല.”

കാലിലെ പാദസരമാണോ, കൈയിലെ വളയാണോ, അതല്ല ഇനി അരയിലെ അരഞ്ഞാണമാണോ എന്ന് ഒറ്റനോട്ടത്തിൽ എനിക്കു മനസ്സിലാകാത്ത ഒരു പൊൻതിളക്കം, കീറിയുണങ്ങിയ ഏതോ തൊലിപ്പുറത്ത് കണ്ടതോർമ്മ വന്നു. രഹസ്യമായി ഫോണിലെടുത്തുവെച്ച ഫോട്ടോസ് ഒന്നു നോക്കിയേക്കാമെന്നു കരുതി അകത്തേക്കു കയറിയപ്പോൾ, ഫ്രീസറുകൾ മുഴുവൻ വലിയ ശബ്ദത്തോടെ ഒരുമിച്ചൊന്നു മുരണ്ടു. വോൾട്ടേജ് പ്രശ്നമാവണം.
വരുന്ന ഓണത്തിന്റെ അലവൻസും അഡ്വാൻസും കിട്ടിയിട്ടു വേണം വീട്ടിലെ ഫ്രീസറൊന്ന് മാറ്റാൻ. ഇപ്പോഴുള്ള ഫ്രിഡ്ജിലെ ഫ്രീസറിന് തണുപ്പത്ര പോര എന്നാണ് പരാതി. പുതിയതാണേൽ ചൂടും തണുപ്പുമൊക്കെ ഡിഗ്രീ കണക്കിന് വച്ചിട്ടുപോവാമത്രെ. കാശ് മുഴുവനായി തികയില്ല, ബാക്കി പി. എഫിൽ നിന്നും വലിക്കാം.


ഇരുട്ടുന്തോറും ഫ്രീസറുകളുടെ ഉള്ളിൽ നിന്നുമൂറുന്ന വെള്ളത്തിന്റെയും, ഓഡിറ്റോറിയത്തിനു ചുറ്റും ഉണങ്ങാൻ കൂട്ടാക്കാതെ ഉഴഞ്ഞിരിക്കുന്ന ചെളിയുടേയും മണം മനം പുരട്ടാൻ തുടങ്ങി. സെക്യൂരിറ്റി കുന്തിരിക്കം പുകക്കുന്നുണ്ട്, മിടുക്കൻ. കൊറോണക്കാലത്തെ ഡ്യൂട്ടിക്കിടയിൽ അടിച്ചുമാറ്റിയ സാനിറ്റൈസർ കുപ്പികൾ വീട്ടിൽ നിന്നും എടുക്കാത്തത് കഷ്ടമായി.

പല ഫ്രീസറുകളുടെ മുന്നിലും ഉദ്യോഗസ്ഥരുടെ കൂടെ നിന്ന് ആരൊക്കെയോ കരയുന്നു. കറുത്ത കവർ നീക്കുമ്പോഴേക്കും അവർ താഴേക്കു പതിക്കുന്നു. വീണവരെ താങ്ങിയെടുത്ത് കൂടെയുള്ളവർ പുറത്തേക്കിറങ്ങുന്നു. ഉദ്യോഗസ്ഥന്റെ ഉള്ളിൽ ആശ്വാസത്തിന്റെ നെടുവീർപ്പ്..!

പുറത്തെ കറുത്ത പ്ലാസ്റ്റിക് കസേരയിൽ ചാഞ്ഞിരുന്ന് കണ്ണടച്ചപ്പോൾ ദൂരെ പേറുകഴിഞ്ഞ് വയറുപൊട്ടിയ മലക്കു മീതെ കഴുകൻകൂട്ടം വട്ടമിട്ടു പറക്കുന്നത് കണ്ടു. കൂട്ടത്തിലെ ചിറകറ്റ കഴുകനൊരുത്തന്റെ കണ്ണിലൂടെ സൂക്ഷിച്ചു നോക്കി. . .
മാസങ്ങളുടെ കെട്ടിക്കിടപ്പ് അടിവയറ്റിലൂടെ ഒലിച്ചിറങ്ങിയപ്പോൾ, പൊക്കിൾക്കൊടി വെട്ടിമാറ്റി കൂടെയിറങ്ങിയ ഭൂമിയുടെ ശേഷിപ്പുകളിൽ എന്തോ തിരയുന്ന പുഴുക്കളെ മാത്രം കണ്ടു.
തല തല്ലി മുടിയഴിച്ചിട്ട മഹാഗണികളെ കണ്ടു. ഇരുതലവാളിന്റെ മൂർച്ചയോടെ കീറിയകന്ന കരിമ്പാറക്കെട്ടുകളുടെ തണുപ്പറിഞ്ഞു. ചൂടിറങ്ങുന്ന ശരീരം അതോടെ പതിയെ മരവിക്കാൻ തുടങ്ങി. ചെവിക്കു ചുറ്റും കറങ്ങുന്ന കാറ്റിന് ജീവനെ കൈപിടിച്ച് ശീലമായതിന്റെ തിളപ്പ്. . .

പതിയെ തല കുമ്പിട്ടുറങ്ങാൻ തുടങ്ങുമ്പോഴേക്കും ആരോ ഒരു സ്വകാര്യം കണക്കെ പറഞ്ഞു:

“സൂക്ഷിക്കണം. . . മുറുകെ പിടിച്ചോ. ഇവിടെ കറങ്ങുന്ന കാറ്റു പോലും ചിലപ്പൊ വലിച്ചെടുക്കും.”

“സാറേ. . .”

കണ്ണുതുറന്നപ്പോൾ രാത്രി ഏറെ ഇരുട്ടിയിരുന്നു. അടുത്തിരുന്ന ആരെയും കാണുന്നില്ല. ചുറ്റും നിറയുന്ന മൂടൽ മഞ്ഞിനുള്ളിലൂടെ തൊട്ടടുത്ത മുസ്ലിം പള്ളിയിലൊരുക്കിയ ഭക്ഷണശാലയിൽ നിന്നും പാത്രങ്ങളുടെ ചിലപ്പു കേട്ടു.

“സാറേ. . .”

തലയുടെ ചതഞ്ഞരഞ്ഞ പകുതി, വിരലുകളില്ലാത്ത കൈപ്പത്തികൊണ്ട് താങ്ങിപ്പിടിച്ച് ഒരാൾ മുന്നിൽ നിന്ന് വിറച്ചു. ചെളിയിൽ പുതഞ്ഞ കീറിപ്പറഞ്ഞ വേഷം കാറ്റുപിടിക്കാതെ ദേഹത്തൊട്ടിക്കിടക്കുന്നു. കാലിയായ പകുതി കഴുത്തിലൂടെ അകത്തേക്കിറങ്ങിയ ചെളി വയർ തകർത്ത് പുറത്തേക്കു ചാടിയിട്ടുണ്ട്. പൊക്കിൾ പൊളിച്ച് പുറത്തേക്കുന്തി നിൽക്കുന്ന ചെറുകല്ലുകളിൽ രക്തക്കറ മാത്രം പതിഞ്ഞിട്ടില്ല.
ആണാണോ പെണ്ണാണോ..?
അരതൊട്ട് താഴേക്കു കീറിയിറങ്ങിയ മാംസത്തിനുള്ളിൽ നിറയെ കട്ടപിടിച്ച ചെളി. മുട്ടിനോടടുക്കുന്തോറും തൊലി ചീന്തി മാറിയതുപോലെ അടർന്നിരുന്നു.

“സാറേ.”

തൊണ്ടയിൽ കുരുങ്ങിയ ശബ്ദം പൊളിഞ്ഞ മോണകൾക്കിടയിലൂടെ എങ്ങനെയോ പുറത്തുചാടി.
അപ്പോഴാണ് മുറിഞ്ഞു വാടിയ ഒരു മുലയുടെ പകുതി, മുലക്കണ്ണോടെ അരയോളം തൂങ്ങിയാടുന്നതു കണ്ടത്. ഞാൻ കണ്ണുവെട്ടിച്ചു. സ്‌ത്രീ തന്നെ.!

“എന്റെ പകുതി തല പോയി സാറേ. ഒരു കണ്ണും കൂടെ പോയി. ചെറിയൊരു ചുള്ളിക്കമ്പ് കുത്തിക്കയറി പുളഞ്ഞപ്പോൾ ഞാൻ തന്നെയാണ് കൈയിൽ കിട്ടിയതെന്തോ വച്ച് കുത്തിപ്പൊട്ടിച്ചത്. പക്ഷെ. . .”

മുലക്കണ്ണിൽ നിന്നും അപ്പോഴിറങ്ങി വന്ന ചെളിയിൽ ഒളിച്ചിരുന്ന ഒരു തുള്ളി മുലപ്പാലിന്റെ വെണ്മ ആ ഇരുട്ടിലും ഞാൻ വ്യക്തമായി കണ്ടു. കണ്ണുവെട്ടിച്ച് പുറത്തേക്കു നോക്കി.

“പക്ഷെ എന്റെ. . .”

ഞാനൊന്നും മിണ്ടിയില്ല.
തൂങ്ങിയാടുന്ന മുലക്കണ്ണ് എങ്ങനെയോ അവർ നെഞ്ചോടു ചേർത്തുവെച്ചു.

“എന്റെ. . . അപ്പുറത്തെ മുല എനിക്ക് വേണം സാറേ. . . എന്റെ. . . എന്റെ മോന് ആറുമാസം തികഞ്ഞിട്ടില്ല.”

ഒറ്റക്കണ്ണിൽനിന്നും, ചുറ്റും കട്ടപിടിച്ചിരിക്കുന്ന ചെളിയിൽ വിള്ളലുണർത്തിക്കൊണ്ട് ഒരു തുള്ളി കണ്ണുനീർ ഞാൻ ചവിട്ടിയ മണ്ണിലേക്കുവീണു. എന്റെ കാലു പൊള്ളി.
നമുക്ക് നോക്കാമെന്ന മറുപടി ഉള്ളിലെ ചതുപ്പിൽ കുരുങ്ങി ആഴ്ന്നിറങ്ങിയപ്പോഴേക്കും തൊട്ടടുത്ത പള്ളിയിൽ നിന്നും ബാങ്കുവിളി ഉയർന്നു. എന്തോ പറയാനൊരുങ്ങിയ അവർ അതു നിർത്തി താഴേക്കു നോക്കി മിണ്ടാതെ നിന്നു. ജനറേറ്ററിന്റെ ഇരമ്പലിനൊപ്പം ചീവീടുകൾ മാത്രം ജാതിമത ബഹുമാനമില്ലാതെ ചിലച്ചുകൊണ്ടിരുന്നു.
കറുകറുത്ത സൂര്യൻ, ശാപങ്ങളേറ്റുവാങ്ങി തലകുമ്പിട്ടിരിക്കുന്ന മലമുകളിലേക്കിഴഞ്ഞു കയറാതെ എവിടെയോ പോയി ഒളിച്ചതും വീണ്ടും ഒരു വെള്ളിടി ഞങ്ങളെയൊന്നു കുലുക്കി.


പോവാനീ മണ്ണിൽ വഴിയിനിയില്ലെന്നറിഞ്ഞിട്ടും മഴത്തുള്ളികൾ മടിച്ചുമടിച്ച് താഴേക്കിറങ്ങി.
ആദ്യത്തെ തുള്ളി നിർത്തിയിട്ട ആംബുലൻസിന്റെ മുകളിൽ പതിച്ച്, ചാടിത്തെറിച്ച് മണ്ണുതൊട്ടതും, കൈക്കുവേണ്ടി കാത്തുനിന്നിരുന്ന അയാളും കാലിനുവേണ്ടി കാത്തുനിന്നിരുന്ന ഉമ്മയും പേടിച്ചരണ്ട് നിലവിളിച്ചു. ഇനിയൊരു മഴത്തുള്ളിയുടെ ഭാരം താങ്ങാനാവാതെ അവർ ആംബുലൻസിനകത്തേക്ക് ഓടിക്കയറി. മുന്നിൽ നിൽക്കുന്ന സ്‍ത്രീയോട് പറയാനൊരു മറുപടിയാലോചിച്ച് ഞാൻ അകത്തു വിരിച്ചിരിക്കുന്ന ഫ്രീസറുകളുടെ നെടുനീളൻ പൂക്കളങ്ങളിലേക്ക് ഒന്നുകൂടെ എത്തിനോക്കി.

മരണത്തിന്റെ മണമുള്ള രാത്രിയുടെ ഏഴാം നാൾ, ആ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും എല്ലാരും ഉയർത്തെഴുന്നേറ്റു. ശരീരം മുഴുവൻ പുതച്ചിരുന്ന ചെളിയും ചുള്ളിയും തട്ടിമാറ്റി. ഇതുവരെ കണ്ടതിൽ വെച്ചേറ്റവും നീണ്ട ഒരു ദുസ്വപ്നത്തിൽ നിന്നും അവരിറങ്ങി നടന്നു. ചിലർ സൊറ പറഞ്ഞു. ചിലർ പൊട്ടിച്ചിരിച്ചു. ചിലർ അറ്റുതൂങ്ങിയ കൈകാലുകൾ തിരികെ ചേർത്തു. ചതഞ്ഞരഞ്ഞ തലയിൽ കൂടി അകത്തേക്കൊഴുകിയ ചെളിയും കല്ലും വാരി അവർ പുറത്തേക്കിട്ടു. ശേഷം കൈകോർത്തുപിടിച്ച്, കൊതുകു കടിക്കിടയിൽ ഉറക്കത്തിലേക്കൂഴ്ന്നിറങ്ങുന്ന എന്നെ നോക്കി കൊഞ്ഞനംകുത്തി അവർ കുന്നിൻ ചെരുവിലുദിക്കുന്ന മഞ്ഞപ്പിലേക്ക് നടന്നകന്നു.
ജാതിയും മതവും മലവെള്ളത്തോടൊപ്പം ഒഴുക്കിവിട്ട ആ മണ്ണിൽ, എവർക്കുമായി തുറന്നിട്ട പള്ളിക്കുള്ളിലെ പാതിയുറക്കത്തിന്റെ ഈറ്റില്ലത്തിനിടയിൽ, അപ്പോഴും ഞാനെന്റെ വർണ്ണശബളമായ ഭാവിയിലേക്കുള്ള താക്കോൽ തിരയുകയായിരുന്നു.

–തകഴി സാഹിതീയം ചെറുകഥാ പുരസ്‌കാരം (2024), പ്രഥമ വയലാർ രാമവർമ്മ ചെറുകഥാ പുരസ്‌കാരം മൂന്നാം സ്ഥാനം (2025) എന്നിവ നേടി.
കേരള സാംസ്കാരിക വകുപ്പിന്റെ തകഴി ചെറുകഥാ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. (2024)


Leave a Comment

Your email address will not be published. Required fields are marked *