കള്ളങ്ങൾ നീണാൾവാഴട്ടെ – Poem By സാന്ദ്ര പ്രകാശ്

kallangal neenaal vaazhatte/ penbyaura/poem

ഇന്നുപറഞ്ഞ കള്ളങ്ങൾ
ആവശ്യശേഷം തിരുത്താതെ
ഞാൻ മരിച്ചുപോയെങ്കിലോ
ലോകമതിനെ സത്യമെന്നുറപ്പിക്കും.

പണ്ടാരോ പറഞ്ഞ കള്ളങ്ങളാണ്
ഇന്നുമോടുന്ന സത്യങ്ങളത്രെ,
കളിയിലെ രാജാവാകാനൊരുകുട്ടി
സ്വയം ദൈവമായി അരങ്ങേറി,
ബലഹീനരെയും ബുദ്ധിശാലികളെയും
ജാതിമത ചേരികളാക്കി കളി ജയിച്ചു.
ചേരിചേർക്കാതെയവൻ മരിച്ചു
ആ കളവ് പടർന്നു പന്തലിച്ച്
ജാതിമതവർഗവർണങ്ങളെ പ്രസവിച്ചു-
മരിച്ചുമണ്ണടിഞ്ഞ ദൈവത്തെയാരാധിച്ചു

ബാക്കിവന്ന കളിക്കോപ്പുകൊണ്ട്
കച്ചവടം ചെയ്ത കള്ളനും മരിച്ചു
ചെമ്പും കടലാസും പണമാക്കി
വലിയകള്ളത്തെയവൻ വാഴ്ത്തി
പരിണാമസിദ്ധാന്തത്തിനൊടുവിൽ
കടലാസിനുവേണ്ടി നമ്മൾ ജീവിച്ചുമരിച്ചു.

പഴയ കള്ളങ്ങളുടെ പുതിയരൂപങ്ങളിൽ
ലോകമോടിക്കൊണ്ടിരുന്നു
കള്ളക്കൊള്ളയായി രാഷ്ട്രീയം പകർന്നു
കള്ളത്തളളലായി ജ്ഞാനികളുണർന്നു

ഒടുവിൽ കള്ളമെന്തുപഠിപ്പിച്ചു?
കല്ലിൻ്റെ വിശപ്പടക്കിയിവിടെ
കരയുന്ന വായടിപ്പിക്കാൻ
ദൈവത്തിനു കൈക്കൂലികൊടുത്ത്
യാചകന് സഹതാപം കൊടുക്കാൻ
മതത്തെവളർത്തി പഠിത്തം തളർത്താൻ
ജാതിയെ പ്രണയിച്ച്
മനസിനെ വെറുക്കാൻ
ജീവിച്ച് പണിയെടുത്ത് മരിക്കാൻ.

കള്ളിനെക്കാൾ വീര്യം കള്ളത്തിൻ്റെ ലഹരി,
ഇതിനുമീതെ ഞാനൊരു
കളവ് പറഞ്ഞെങ്കിലോ?
അതിനപ്പുറം ഞാൻ മരിച്ചെങ്കിലോ?
നൂറുവർഷങ്ങൾക്കപ്പുറമതും
സത്യമായെങ്കിലോ?

നല്ലൊരു കളവ് പറയേണ്ടിയിരിക്കുന്നു,
കുളിച്ചപ്പോൾ ജാതിയുരച്ചുകളഞ്ഞെന്നോ
മതം തുടച്ചുനീക്കിയെന്നോ
ആകാശത്തുൽക്ക പൊട്ടി ദൈവം മരിച്ചെന്നോ
സ്നേഹം കൊടുത്താൽ ഭക്ഷണം കിട്ടുമെന്നോ
കല്ലിനെ കൈക്കൂലി കേസിന്
അറസ്റ്റു ചെയ്തെന്നോ,

വിദ്യാസമ്പന്നരിത് വിശ്വസിക്കില്ല
പഴയകള്ളങ്ങൾ നീണാൾ വാഴട്ടെ.


1 thought on “കള്ളങ്ങൾ നീണാൾവാഴട്ടെ – Poem By സാന്ദ്ര പ്രകാശ്”

  1. സത്യമെന്ന് നാം വിശ്വസിക്കുന്ന പലതും പണ്ട് ആരോ പടച്ചുവിട്ട കള്ളങ്ങളാണെന്ന വിപ്ലവാത്മകമായ ചിന്തയാണ് ഈ കവിത പങ്കുവെക്കുന്നത്. അധികാരത്തിനും ലാഭത്തിനുമായി മനുഷ്യൻ നിർമ്മിച്ചെടുത്ത ജാതിയും മതവും പണവും പിൽക്കാലത്ത് ചോദ്യം ചെയ്യപ്പെടാത്ത സത്യങ്ങളായി മാറിയതിനെ കവി ഇതിൽ നിശിതമായി വിമർശിക്കുന്നു. “കല്ലിന് കൈക്കൂലി നൽകുന്ന” ഭക്തിയെയും വിശക്കുന്നവന്റെ നിസ്സഹായതയെയും മനോഹരമായ രൂപകങ്ങളിലൂടെ എഴുത്തുകാരി വരച്ചുകാട്ടിയിട്ടുണ്ട്. സാമൂഹിക വ്യവസ്ഥിതിയിലെ പൊള്ളത്തരങ്ങളെ ഇത്രയും മൂർച്ചയുള്ള വാക്കുകളിലൂടെ തുറന്നുകാട്ടിയ കവയിത്രി വലിയ അഭിനന്ദനം അർഹിക്കുന്നു. സങ്കീർണ്ണമായ രാഷ്ട്രീയ വിഷയങ്ങളെ ലളിതവും എന്നാൽ അഗാധവുമായ ശൈലിയിൽ അവതരിപ്പിച്ചത് വായനക്കാരുടെ ചിന്തകളെ ഉണർത്തുന്നതാണ്. പഴയ കള്ളങ്ങളെ പൊളിച്ചെഴുതാൻ മടിക്കുന്ന ആധുനിക സമൂഹത്തോടുള്ള ശക്തമായ ഒരു കലഹമാണിത്. ഈ തൂലികയിൽ നിന്ന് ഇനിയും ഇത്തരം കരുത്തുറ്റ രചനകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.❤️

Leave a Comment

Your email address will not be published. Required fields are marked *