പൂവ് : ഒരോർമ്മക്കറക്കം – സിനിമ നിരൂപണം By കാവ്യ മാമ്പഴി

ഓർമകൾ എങ്ങനെയാണ് ജീവിതത്തിന്റെ യാത്രയിൽ അതിന്റെ കറക്കത്തിൽ വീണ്ടും നമ്മളെ വന്നുതൊടുന്നത്, അല്ലെങ്കിൽ ഓർമകളുടെ കാൻവാസിൽ സ്നേഹത്തിന്റെ നാനാർത്തങ്ങൾ ഏതൊക്കെയാണ്… ‘Give love and take love’ എന്ന് ഒരൊറ്റ വാചകത്തിലല്ലാതെ അതിനെ ഒന്ന് നോക്കിക്കാണൂ. അത്തരമൊരു അനുഭവമാണ് ‘പൂവ്’ എന്ന ചെറിയ ചലച്ചിത്രം. അനീഷ് ബാബു സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം കാഴ്ചക്കാർക്ക് മുന്നിൽ സ്നേഹത്തിന്റെ ഓർമയുടെ സാധ്യതകളെ തുറന്നുവക്കുന്നു. കേവലം കൊടുക്കൽ വാങ്ങൽ മാത്രമല്ല വിട്ടുകൊടുക്കലും അതിനനുവദിക്കലും കൂടിയാവുന്നു സ്നേഹത്തിന്റെ നിറഞ്ഞ സൗന്ദര്യം.

ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത് ഒരു ടെമ്പോ വാനിൽ ആണെങ്കിലും കഥാപാത്രങ്ങളുടെ യാത്ര വെറുമൊരു യാത്രയല്ല. ഇന്നലെകളിലേക്കും ചെന്നെടുക്കാൻ ഹൃദയമേറെ ആഗ്രഹിച്ച ഓർമകളിലേക്കും സ്നേഹങ്ങളിലേക്കും തന്നെയാണ് ഇവിടെ നാല് കഥാപാത്രങ്ങൾ തിരിച്ചുനടക്കുന്നത്.

പ്രണയങ്ങളിൽ ആദ്യ പ്രണയത്തിന്റെ ഓർമയെ ഒരു പഴയ ടൈപ്പ് റൈറ്റിങ് മെഷിനുമായി ചേർത്ത് വച്ചുകൊണ്ട് വിലക്കപെട്ട ആ പ്രിയപ്പെട്ട കൂട്ടുകാരിയെ യാത്രയിൽ കൂടെ കൂട്ടുന്ന നായകൻ, നിറഞ്ഞ സ്നേഹംകൊണ്ട് അവരുടെ ഇന്നലെകളെ കുറിച്ച് കേട്ട് വാചാലയാവുന്ന അദ്ദേഹത്തിന്റെ ഭാര്യ. ഇവിടെ ഇവരുടെ യാത്രയിലുടനീളം ഓർമകളുടെ ചൂടും ചൂരും നമുക്ക് അനുഭവിച്ചറിയാം. KPAC ലീല അവതരിപ്പിച്ച ശ്യാമള എന്ന അമ്മയുടെ കഥാപാത്രം മകനോടും മരുമകളോടും പങ്കു വക്കുന്ന ഓർമകൾ തൊട്ട് നിരവധി ഓർമകൾ യാത്രയിൽ കടന്നുവരുന്നു…

യാത്രയിൽ പ്രധാന കഥാപാത്രമായ ജീവൻ തന്റെ ആദ്യ പ്രണയിനിയെ യാത്രയിൽ കൂടെകൂട്ടുന്നുണ്ട്. അവരുടെ ഒരുമിച്ചുള്ള യാത്ര ഇന്നലെകളുടെ വീണ്ടെടുപ്പ് കൂടെയാവുന്നു. ഒരുപാടാഗ്രഹിക്കുന്ന ഒരാഗ്രഹത്തിന്റെയെങ്കിലും സാക്ഷാത്കാരത്തിന്റെ കഥ കൂടിയാവുന്നു ഈ ചിത്രം. ഒന്നിനുമല്ലാതെ സ്വന്തമാക്കണമെന്ന് കരുതുക കൂടെ ചെയ്യാതെ ആദ്യപ്രണയത്തെ ആദ്യമായും അവസാനമായും ഒന്നുമ്മവക്കാൻ, ശാന്തസുന്ദരമായൊരു സൂര്യാസ്തമയം കാണാൻ, പരിസരങ്ങളുടെ ആൾക്കൂട്ടങ്ങളുടെ ഏച്ചുകെട്ടലുകളിൽ ഭയക്കാതെ സ്വതന്ത്രമാവാൻ… ഇങ്ങനെ ചെറിയ വലിയ മോഹങ്ങൾ. ജീവിതത്തെത്തന്നെ നിലനിർത്തുന്നത്. ഇതൊക്കെ കൂടിയാവുന്നു മനുഷ്യന് ജീവിതം. ‘പൂവ്’ നമ്മളോട് അവസാനമായി പറയുന്നതും അത് തന്നെയാണ്.

ഓർമകളെ, സ്വപ്നങ്ങളെ ജീവിതം നിലനിൽക്കുന്ന നിലാകാലങ്ങളിൽ ജീവിക്കാൻ അനുവദിക്കുക.. പടരാനും പറക്കാനും വിടുക…

കാവ്യ മാമ്പഴി


Leave a Comment

Your email address will not be published. Required fields are marked *