ഞാനതിനെ വേഗതയെന്ന് കണ്ടെത്തുന്നു : Poem By Anoop sha

കൂട്ടാനോ-കുറക്കാനോ
ആകേലാത്തൊരുവേഗതയിൽ
ദൂരെനിന്ന് ഞാനെന്റെ
കണ്ണോണ്ട് കണ്ടതാ!
ഒരു കാലൻകുട നിവർത്തി
അതിന് കീഴിൽ
തീറ്റയെറിഞ്ഞ്
അവര് മേഞ്ഞ ലോകം.

കാ കൂടാകുന്നപോലെ
ഉമ്മകൾ അവർക്കിടയിൽ
ഉയിര് നിർത്തി,
അവര് നോക്കുമ്പോ-
മൈന രണ്ടായി
പൂക്കൾ നിറമിട്ടു
തണല് വീണു
കാറ്റ് ചരിഞ്ഞു
മഴ ഇറങ്ങി.

ഞാൻ കണ്ടതാണ്
അവൾ സൂര്യന് നിറം കൊടുക്കുന്നതും
അവൻ ചന്ദ്രനോട് സംസാരിക്കുന്നതും.

ലൈബ്രറിയിലെ
പുസ്തകങ്ങളോട് ചോദിക്കൂ.!
കടലിലെ
ആദ്യത്തെ വലയെറിയല്കാരനോട് ചോദിക്കൂ.!
അവസാനത്തെ തെരുവ് കച്ചവടക്കാരോട് ചോദിക്കൂ.!

എന്നിട്ടും ഇടെല്
ജെറ്റ് വീമാനമീ വരയിട്ടതെങ്ങനാ..?
റൂമിടെ വാശിപോലെ, നല്ലതെന്നറിഞ്ഞ് ആൾക്കാരാരേലുമാവും.!
അല്ലാണ്ട്,
ചുണ്ടും വിരലും തോളും കൈമുഴുവനും
ജീവനോടുള്ളപ്പോ
അവരെങ്ങനെ അറ്റുപോകും..?

നക്ഷത്രങ്ങൾക്കിടയിൽ കൂട്ടി.
പല പേപ്പറിലെഴുതി ചുരുട്ടി.
കൊറേ കൊതുകിനെത്തല്ലി.
ഒടുക്കം, ഞാനതിനെ വേഗതയെന്ന്
കണ്ടെത്തി;
ദൂരവും സമയവും തമ്മിൽ കിഴിക്കാനാവാത്ത വേഗത!
കൂട്ടി കൂട്ടി പോകാനാവാത്ത വേഗത അടിക്കണക്കിനകലത്തിനിടയിലൊഴുകുന്ന വേഗത!
നിങ്ങളിപ്പോ തിരിച്ചുപോയ് കണ്ടെത്തിയ,
ആ വേഗത.


Leave a Comment

Your email address will not be published. Required fields are marked *