ഉളള് ഓർമ്മക്കുറിപ്പ് By അമർത്തന പരമേശ്വരൻ

ഉളള് ഓർമ്മക്കുറിപ്പ് By അമർത്തന പരമേശ്വരൻ

ഉളള് ഓർമ്മക്കുറിപ്പ് By അമർത്തന പരമേശ്വരൻ

എനിക്കും പറയാനുണ്ട് അവളോടായി, കൊട്ടും മേളവും ഒഴിഞ്ഞ ഉത്സവപ്പറമ്പുകൾപോലെ ചന്നം പിന്നം തുള്ളിച്ചാടി അവർ ഇടവഴികളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. എങ്ങോട്ടെന്നില്ലാതെ കുതിച്ചുപായുമ്പോൾ വേർപിരിയുന്ന സൗഹൃദങ്ങൾ ഇനിയും കാണാം എന്ന മൗനത്തോടെ പുഞ്ചിരിക്കുമ്പോഴും മനസിൽ ഒരു ഉത്സവത്തിന്റെ ആർപ്പുവിളിയുടെ വരാനിരിക്കുന്ന ഇടവം പാതിയുടെ ചിത്രം മനസിൽ മിന്നിമറഞ്ഞു. ആ കുഞ്ഞ് കണ്ണിലെ കൗതുകം ഞാനിന്നും ഓർക്കുന്നു. കുട്ടി ഉടുപ്പിട്ട് കാലും നീട്ടി ഇരുന്ന മുറ്റത്തെ മഴവെള്ളപ്പാച്ചിലിലേക്ക് ഒത്തുനോക്കുമ്പോൾ ഒരിക്കലെങ്കിലും ആ കുഞ്ഞുമനസ് ആഗ്രഹിച്ചിട്ടുണ്ടാവും അമ്മയുടെ കണ്ണുവെട്ടിച്ച് ആ മഴത്തുള്ളികളെ തന്നോട് ചേർക്കാൻ. കോരിച്ചൊരിയുന്ന തണുപ്പുപോലും എന്തു രസമെന്നോ… നാലോ അഞ്ചോ വയസ്സു മാത്രമുള്ള ഒരു കുസൃതി കുടക്കയ്ക്ക് എന്തറിയാം..? കണ്ടും, അറിഞ്ഞും തുടങ്ങുന്ന അതിശയത്തോടെ “ഞാനൊരു കൊച്ചുകുട്ടി അല്ലേ എന്നും പറഞ്ഞ് കിങ്ങിരി പല്ലുകൊണ്ട് മോണകാട്ടി ചിണങ്ങുമ്പോൾ ഒരു കുഞ്ഞു പുഞ്ചിരിയുടെ മറുവിൽ അമ്മ ഈർക്കിലി തുമ്പിൽ നിർത്തിയ മധുര ഓർമക്കുമുന്നിൽ ആരോ പറഞ്ഞുതന്ന മുത്തശ്ശി കഥയാണ് ഓർമവന്നത്.

കുത്തരി ചോറും, പപ്പടവും, പച്ച മോരും കൂട്ടി മാതൃസ്നേഹത്തിന്റെ കലർപ്പില്ലാത്ത രുചിയോടെ നാവിലേക്ക് പകരുമ്പോൾ മതിയെന്ന് പറയാതിരിക്കാൻ അമ്മ ചില പൊടിക്കൈകൾ പ്രയോഗിക്കും.

‘അതെന്താന്നോ..?’

ഇന്നലെ ആരോ പറയുന്നത് കേട്ടു. മച്ചിൻ മുകളിൽ എലികളെ കാത്തുകിടക്കുന്ന ചക്കിപ്പൂച്ച പട്ടിണിയാണെന്ന്, അവളെ ഇങ്ങോട്ട് വിളിക്കുക തന്നെ വഴിയുള്ളൂ. എന്തിനെന്നോ..? ഈ കുഞ്ഞുകുറുമ്പിക്ക് ചോറ് തിന്നാൻ മടിയാണത്രേ… അവൾക്ക് ഇട്ടുകൊടുക്കാം. വിണ്ണിലെ ചങ്ങാതിക്കൂട്ടം മണ്ണിലെ ചങ്ങാതിക്കായി ഒളിപ്പിച്ചുവച്ച ആ കാക്കത്തൊള്ളായിരം മഴത്തുള്ളികൾ അവൾക്ക് സ്വന്തം.

ചക്കീന്ന് നീട്ടിവിളിക്ക് കാതോർത്തുകൊണ്ട് എവിടെയെങ്കിലും പാത്തിരിപ്പുണ്ടാവും. ആ കള്ളി പൂച്ച. ഒന്നും ചിന്തിക്കാൻ നിൽക്കാതെ അമ്മയുടെ കൈയിൽനിന്നും അവസാനം ഉരുള ചോറും വയറ്റിൽ ആക്കാതെ ഒരു സമാധാനവും ഉണ്ടാവില്ല. എന്നിട്ട് ഒരായിരം മടങ്ങ് മനസിൽ പറയും.
“ആ കാക്കത്തൊള്ളായിരം മഴത്തുള്ളികൾ എനിക്ക് സ്വന്തം.” എല്ലാ ദിവസത്തെയും കാക്കത്തൊള്ളായിരം മഴത്തുള്ളികൾ എനിക്ക് സ്വന്തമാക്കുമ്പോൾ ചക്കി പൂച്ചക്ക് മച്ചിൻ മുകളിലെ എലികൾ തന്നെ ശരണം.
അല്ലേ..?
ഈ കാക്കത്തൊള്ളായിരം എത്രയെന്നൊന്നും എനിക്ക് അറിവില്ല. നിങ്ങൾക്കുണ്ടോ..? എന്നിരുന്നാലും ഒരുപാടുണ്ടായിരിക്കും, അല്ലേ… എന്തായാലും ചക്കിക്ക് കിട്ടിയില്ലല്ലോ, എന്നൊരു ആശ്വാസം മാത്രം. കുട്ടി ഉടുപ്പിന്റെ അറ്റംവിടർത്തി മയിലിനെപോലെ അവൾ നൃത്തം വെച്ചും, പാട്ടുകൾ പാടിയും സന്തോഷം പങ്കിടുമ്പോൾ, താളത്തിൽ കൈ കൊട്ടാൻ മുത്തശ്ശിയും അമ്മയും മറന്നതുമില്ല. പമ്മിയിരുന്ന ചക്കിക്ക് ഇതെന്ത് കഥ എന്ന് അറിയാനുള്ള പൂതിയും ഏറി, കള്ളിപ്പെണ്ണ്…


Leave a Comment

Your email address will not be published. Required fields are marked *