നാൾക്കനിവ് by അ ഉ തോ
”എന്റെ സങ്കടം കാണാൻ ഇവിടെ ആരുമില്ല. എന്നെ ഇവിടെ ആർക്കും ഇഷ്ടമല്ല. ആർക്കും എന്നെ വേണ്ട…”
അവൾ ഡയറിയിൽ കുറിച്ചിട്ടു. ഉറക്കത്തിന്റെ ചുഴിയിലേക്ക് അവൾ പെട്ടെന്ന് വഴുതിവീണു. കൈയിൽ പേനയും നെഞ്ചിൽ തന്റെ പ്രിയപ്പെട്ട ഡയറിയുമായി അവൾ മെല്ലെ നിദ്രയിലാണ്ടു.
അന്നവൾ ഉറക്കമുണർന്നത് അതുവരെയില്ലാത്തൊരു ഉണർവിലേക്കായിരുന്നു. ചുറ്റും വല്ലാത്തൊരു പ്രകാശം! ചെറുശലഭങ്ങളാണോ ആ പറന്നുനടക്കുന്നത്? ജനൽവിരി മാറ്റി അവൾ പുറത്തേക്ക് നോക്കി. കുന്നിൻചെരുവിന്റെ മാറിലൂടെ വെള്ളിമാലപോലെ വളഞ്ഞൊഴുകുന്ന അരുവി അവൾ ആദ്യമായി കാണുന്നതുപോലെ… കുതിച്ചുചാടുന്ന ചെറുമീനെപ്പോലെ അവൾ തുള്ളിച്ചാടി.
കൺമുന്നിൽ കാണുന്നതൊക്കെയും സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ പറ്റാത്തവണ്ണം അവളുടെ കണ്ണുകളിൽ വെളിച്ചം നിറഞ്ഞു. അവൾ സ്വയം ഒന്ന് നുള്ളിനോക്കി. വേദനിക്കുന്നുണ്ട്, സ്വപ്നമല്ല! ഉടനെ തന്നെ അവൾ ക്ലോക്കിലേക്ക് നോക്കി. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. സമയം കണ്ടതും അവളുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി. മുന്നിൽ കണ്ട പ്രകാശമെല്ലാം ഇരുളാകുന്നതുപോലെ… ആറുമണിക്ക് മുൻപ് എണീറ്റില്ലെങ്കിൽ അമ്മയുടെ വഴക്ക് ഉറപ്പാണ്. പേടിച്ചുവിറച്ച് അവൾ മെല്ലെ അമ്മയുടെ അരികിലേക്ക് ചെന്നു.
എന്നാൽ, കണ്ണിലെ ഇരുട്ട് വീണ്ടും പ്രകാശമായി മാറി. പതിവില്ലാത്ത കാര്യങ്ങളാണ് പിന്നീട് അവിടെ നടന്നത്. അമ്മ അവളെ ആർദ്രമായി തലോടി, നെറ്റിയിൽ ചുംബിച്ചു. അവൾ ചെന്നപ്പോഴേക്കും ചായയും പലഹാരങ്ങളും അവൾക്കായി മേശപ്പുറത്ത് തയ്യാറായിരിപ്പുണ്ടായിരുന്നു.
എന്താണിവിടെ നടക്കുന്നത്? എന്താണിത്ര വല്ലാത്തൊരു പ്രകാശം? സൂര്യന്റെ വെളിച്ചത്തിൽ അവൾക്കിപ്പോൾ ഒന്നും കൃത്യമായി കാണാൻ കഴിയുന്നില്ല, എല്ലാം പ്രകാശപൂരിതം!
അമ്മയുടെ സ്നേഹത്തിൽ അവൾ ലയിച്ചുചേർന്നു. ചുറ്റുമുള്ളതൊന്നും പിന്നെ അവളെ ബാധിച്ചതേയില്ല. അമ്മയുടെ ചുംബനം കിട്ടിയ ആ നിമിഷത്തിൽ അവൾ അലിഞ്ഞുചേർന്നുകൊണ്ടേയിരുന്നു.
ഈ മാറ്റത്തിന്റെ കാരണങ്ങൾ ചികയാൻ അവൾ പോയില്ല. ഒരുപക്ഷേ, ഇതൊരു സ്വപ്നമാകാം, അല്ലെങ്കിൽ… എന്തുമാവട്ടെ! ലഭിച്ച ഈ ചെറിയ നല്ല നിമിഷങ്ങളിൽ മുഴുകുക, അതല്ലാതെ തനിക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് അവൾക്ക് ബോധ്യമായി.
അതുവരെയില്ലാത്ത സന്തോഷവും സമാധാനവും സ്നേഹവും അന്ന് അവൾക്ക് ലഭിച്ചു. ഒരു ദിവസം മുഴുവൻ അവൾ ആ സ്നേഹമഴയിൽ നനഞ്ഞു കുതിർന്നു. ഒടുവിൽ, കിഴക്കുദിക്കിൽനിന്നും സൂര്യൻ പതിയെ പടിഞ്ഞാറേക്കരയിലേക്ക് യാത്രയായി.
പെട്ടെന്നാണ് കാതുകളിൽ ഇടിമുഴക്കംപോലെ എന്തോ ശബ്ദം പരക്കാൻ തുടങ്ങിയത്. പകൽ വെളിച്ചം ഇരുളിലേക്ക് മറയുന്നതുപോലെ… തണുത്ത വെള്ളം മുഖത്തേക്ക് ആഞ്ഞടിച്ചപ്പോഴാണ് അവൾക്ക് ബോധം തിരിച്ചുകിട്ടിയത്. അമ്മ കാതുപൊട്ടുമാറുച്ചത്തിൽനിന്ന് ശകാരിക്കുകയാണ്! അവൾ ക്ലോക്കിലേക്ക് നോക്കി. അതിലെ സൂചികൾ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി അവൾക്ക് തോന്നി. ഒന്നും സംഭവിക്കാത്തതുപോലെ അവ ഏഴിൽനിന്നും എട്ടിലേക്ക് കുതിച്ചുപായുകയാണ്.
എങ്കിലും, നെറ്റിയിൽ അപ്പോഴും അമ്മ തന്ന ആ ചുംബനത്തിന്റെ ചൂട് തങ്ങിനിൽപ്പുണ്ടായിരുന്നു. മനസുനിറയെ സന്തോഷവും ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി അവൾ അടുക്കളയിലേക്ക് നടന്നുനീങ്ങി.
സ്വപ്നങ്ങളെ വിലക്കാൻ ആർക്കും ആവില്ലല്ലോ! ആ സുന്ദരനിമിഷങ്ങൾ വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവൾ തന്റെ ദിനചര്യകളിലേക്ക് കടന്നു.

നല്ല വായനാനുഭവം നൽകി… Poli.
Very inspiring story connecting to everyone’s life.
Thank you.
Nice…