അടുക്കള മരണം Poem by അർച്ചന. ടി
നോക്കിനോക്കിയിരിക്കെ
അടുക്കളയ്ക്ക്
മുടി വളർന്നു
ചട്ടിക്കരികൊണ്ട്
കണ്ണെഴുതി
തക്കാളിച്ചുണ്ട് ചെമപ്പിച്ച്
മാവുകൊണ്ട്
മുഖം മിനുക്കി
പുകയില്ലാത്തടുപ്പിൻ പുകയിൽ
മുടിയുണക്കി;
അലക്കുകല്ലിൽ തലങ്ങും വിലങ്ങും
തലയിട്ടടിക്കുന്ന
നൂലിൻകൂട്ടം ഛർദ്ദിച്ച
അടുക്കള മണമുള്ള പശപശപ്പ്
ഒലുമ്പിപ്പീഞ്ഞ വെള്ളത്തിൽ
ഒലിച്ചുപോയി.
വേവാത്ത അരിക്കണക്കും,
പിരിഞ്ഞ പാലളവും
സോപ്പുപതയിൽ കുമിളകളായ്
തിങ്ങിഞെരുങ്ങി പൊട്ടിപ്പൊട്ടി.
പിടിയിളകിയ ചെരട്ടത്തവി
വേച്ച് വേച്ച് അരിയിളക്കി.
കീറ്റ് വീണ കറിച്ചട്ടിക്ക്
മൈദ വച്ചൊട്ടിച്ച്
കരി പറ്റിയ നഖച്ചീള് കൊണ്ട് കറിയിളക്കി.
അടിച്ചേറ്റിയും അരിപ്പക്കയിലും
ഇടവേള മറന്നു.
മോക്ഷം കിട്ടിയ ആത്മാക്കളായ്
ചോറ്റിൻപറ്റം വയറ്റിൽ ഇക്കിളിയിട്ടു.
ഊമ്പി വലിച്ചിട്ട
മുരിങ്ങാക്കോല് പോലൊരു
കൈത്തണ്ടയ്ക്കറ്റത്ത്
കൈക്കലത്തുണി താളം പിടിച്ചു.
മാർഗ്ഗവും ലക്ഷ്യവും തെറ്റിയ
ഉറുമ്പിൻകൂട്ടം,
ഉപ്പിൻ കൂടയ്ക്കകത്ത്
സമ്മേളിച്ചു.
അടിച്ചിട്ടും പോവാത്ത
ഉള്ളിത്തോലും,
പറങ്കിമൊത്തും
ഗ്യാസിൻ കുറ്റിക്കടിയിൽ
ഒളിച്ചു കളിച്ചു.
നെലം തുടക്കാൻ
കാവി തരാനില്ലാത്ത
ഭർത്താവിൻ്റെ അസാന്നിധ്യത്തിൽ
അകാലമരണം വരിച്ചവൾ,
പഴക്കം ചെന്ന വറ്റുപോലെ
ഉണങ്ങി വരണ്ടു.
ഒരു കട്ടിളയ്ക്കിപ്പുറം
അടുക്കള
മണത്ത് മണത്ത്
മണക്കാതായി…

Hi Archana your poem is so beautiful so romantic so wonderful so heart touching so kidney touching make me cry make me sad make me smile make me crazy I hope u will become next sugatha kumari
അടുക്കളം മ(ര)ണം
ഗംഭീരം…