കാത്തോൻ Short story by അമർത്തന പരമേശ്വരൻ
കഞ്ഞിന്റെവെള്ളം പള്ളിയിലേക്ക് കടന്നതും ഒരു ആന്തൽ പുറത്തേക്ക് തള്ളിക്കേറി. വയറ്റാട്ടി തള്ളയുടെ വിറയലും പരിഭവവും മാറിയിട്ടില്ലെന്ന് കുഞ്ഞിക്കോയ പറഞ്ഞത്. ചൂടുള്ള ചായക്കൊപ്പം രാവുണ്ണി കടയിലേക്ക് കയറിയ നാട്ടുകാർക്ക് നൽകിയത് തെക്കേത്തെ കോമൻ നായരുടെ മകൻ വേളി കഴിച്ച പെണ്ണിന്റെ വിശേഷാ…
ഓള് പെശുക്കാ ഓന്റെ ദീനം കേറിയതാ. രാത്രിയിൽ പടിപ്പുരക്ക് അകത്തുനിന്നും അലർച്ചെയും ബഹളവും ഒക്കെ കേൾക്കാറുണ്ടെന്ന നാട്ടുകാര് പറയണേ ഓന്റെ ഉള്ളിൽ മറ്റേതാ…
അതാ ഓന്റെ പെണ്ണ് പെറ്റത്.
അന്ന് രാത്രി തന്നെ കുഴിവെട്ടിമൂടി എന്നൊക്കെ കേൾക്കണേ കിഴക്ക് നിന്ന് രാത്രിക്ക് രാത്രി തന്നെ മേലെപാട്ടെ നമ്പൂതിരിനച്ഛനെകൊണ്ടുവന്ന് പെണ്ണിന്റെ ദേഹത്ത് നിന്നും ഇറക്കിയെന്ന്,
തലയില്ലാത്ത ഇരുണ്ടരൂപം ഓളുടെ പളയിൽനിന്നും പുറത്തേക്ക് വന്നത്. ഭീകര അലർച്ചയോടെ എന്നാ വയറ്റാട്ടി പറഞ്ഞത്. എന്തായാലും തള്ളക്ക് കേമമായി കിട്ടിയിട്ടുണ്ട്.
ഇടയിൽ കയറി പിള്ള മാഷ് ചെറുപുഞ്ചിരിയോടെ പറഞ്ഞു.
ന്റെ ദേവീ… എന്നെ കാത്തോണേ
അമ്മ ഇങ്ങെണീക്ക് ദിവസം രണ്ടായി കുളിം നനയും ജപം മുടങ്ങി ഇങ്ങനെ കിടക്കണേ, തീറ്റ വേണ്ട വെള്ളം വേണ്ട
ചോദിച്ചാൽ ഉത്തരവുമില്ല.
മാധവൻ നീരസത്തോടെ പറഞ്ഞു. ഇങ്ങ് അടുത്ത് കൊച്ചു തിരുമേനിയെ കണ്ട് ചരട് ജപിച്ചുകെട്ടിയ തീരാവുന്ന കാര്യമെ അമ്മക്കുള്ളൂ…
ഉൾഭയത്തോടെ വയറ്റാട്ടി ചുരുണ്ടുകൂടിക്കിടന്ന് പായയിൽനിന്നും ചാടി എഴുന്നേറ്റു . മകന്റെ കൈയിൽ കടന്നുപിടിച്ചു,
വിലക്കി. രഹസ്യങ്ങളുടെ മറവുകൾ നീക്കി. കണ്ണുകളിൽ ഭയത്തിന്റെ വലയം നേർത്തുവന്നു. അവർ ഇവിടം വരെ ഇത്രയും ദിവസം മാറാപ്പിൽ ചുമന്ന രഹസ്യം പതുക്കെ അടർത്തിയെടുത്തു.
കോമൻ നായരുടെ ഏകമകൻ , പ്രസവത്തോടുകൂടി തള്ള തീനം വന്ന് ഒറ്റ കിടപ്പാ, അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ, മുള്ളലും തൂറലും ഒന്നിച്ച് എടുക്കേണ്ട ഗതികേട്. പെറ്റിട്ട രണ്ടാം മാസം തള്ള അങ്ങ് ചത്തു. തള്ള കൊല്ലി തന്തയ്ക്കും കാലൻ ആവില്ലെ എന്ന ചോദ്യം ഒരിക്കൽ ഉമ്മറത്ത് വെറ്റിലമുറുക്കിക്കൊണ്ടിരുന്ന കോമൻ നായരുടെ ഉള്ളിൽ കിടന്നുപുകഞ്ഞു. ആ വിഷത്തിന്റെ അംശം ഉള്ളിൽ ഒരു വ്രണമായി പതുയെ രൂപാന്തരപ്പെടാൻ തുടങ്ങി. പിന്നീട് അങ്ങ് ചെക്കനോട് വല്യ അടുപ്പത്തിന് അയാൾ മടിച്ചു.
വാല്യക്കാരിയുടെ മാറിന്റെ ചൂടിൽ അവൻ വളർന്നു. വിയർപ്പിന്റെ ഗന്ധത്തിൽ ചേർന്ന മുലപ്പാൽ അവന്റെ സിരകളിലേക്ക് ഒഴുകിച്ചേർന്നു. അച്ഛന്റെ അകൽച്ചയിൽ ഓൻ അദ്ദേഹത്തിന്റെ പ്രവർത്തികളെയും വെറുത്തു. കടുത്ത ദൈവവിശ്വാസത്തിന്റെ ആണികൾ ഓൻ അച്ഛന് ചുറ്റും അടിച്ചു. മാറുമറിക്കുന്ന പെണ്ണുങ്ങളുടെ ഉടുതുണിയിൽ കൈ പതിയാതെ മനസ് അറിഞ്ഞ് കനവ് കാട്ടി. മറ്റുള്ളവരുടെ എതിർകോണിലേക്ക് ചുറ്റുമ്പോൾ കാലുകൾക്ക് വേഗത കൂടാം. അതാ മറ്റവരെ പിന്നിലേക്ക് വലിച്ചിടാൻ വിമ്പൽ കൊള്ളുന്ന ഒരുത്തന്റെ ഹൃദയശൂന്യത ആവാം.
മന്ത്രത്തിന്റെയും ദുർകർമ്മത്തിന്റെയും ശ്രേഷ്ഠ പാഠങ്ങൾ അയാൾ മനപ്പാഠമാക്കി.
ഓന്റെ തള്ള ചത്ത് കണ്ണുമിഴിച്ചത് അതാ…
എന്നൊരു രഹസ്യംപറച്ചിലും ഉണ്ട് നാട്ടിൽ അതൊരു പഴങ്കഥ.
പെണ്ണ് വയസ്സ് അറിയിച്ചാൽ കാറ്റ് പോലും അവളെ ഒന്ന് തൊട്ടുരുമും. പ്രണയത്തിന്റെ വികാരങ്ങൾ അവളിലേക്ക് കടന്നുചെല്ലും. പതിയെ അവൾപോലും അറിയാതെ കാപട്യത്തോടെ പറിച്ചെടുക്കും. അത് അങ്ങനെയാ,
ആ നായരുടെ കരങ്ങളിൽ കിടന്ന് എത്രയെണ്ണങ്ങളാണ് ശ്വാസം കിട്ടാതെ, കൺമുന്നിൽനിന്നും മാറി നടക്കാം. അതാ തള്ളമാർ പെണ്ണുങ്ങളുടെ കാതിൽ ആദ്യം മൂളളുന്നത്. പെണ്ണിന്റെ ചൂടിലും ചൂരിലും അയാൾ സൗന്ദര്യം കണ്ടെത്തും. വശീകരണത്തിന്റെ കൈകൾകൊണ്ട് ബന്ധിപ്പിക്കും. ചോരയിറ്റ് വീഴും വരെ കാമത്തിന്റെ പൂർണ്ണതയിൽ പ്രാപിക്കും വരെ ഏത് പെണ്ണായാലും നിന്ന് കൊടുക്കും. പുലരുമ്പോൾ അവളുടെ ജീവനറ്റ ജടം മാത്രമാകും. പെണ്ണ് എങ്ങനെ പോയി?എന്തിന് ചത്തു!
ഒന്നും ഇതുവരെ ഉയർന്നുപൊങ്ങാത്ത ഉത്തരങ്ങളാണ്.
അയാൾക്കെതിരെ ആരും ഇന്നുവരെ ഒരുത്തൻ പോലും നാവുയർത്താൻ ധൈര്യപ്പെട്ടിട്ടില്ല.
നാവുകൾ വരണ്ടുണങ്ങുമ്പോൾ വയറ്റാട്ടി ഒരുനിമിഷം നിർത്തി. കെട്ടുകൾ അഴിഞ്ഞുതുടങ്ങി താൻ സ്വര കൂടിയ ആത്മബലം വീണ്ടെടുത്തു. എന്താ പറയാ ആ ചെക്കന്റെ വിധി എന്നല്ലാതെ അയാളുടെ ദുർനടപ്പിന് ഭഗവതി കൊടുത്താ ശിക്ഷയാ. ചെക്കന് പ്രാന്ത് പിടിച്ചു.
പുറത്തേക്ക് ഇറങ്ങാതെയായി ആരോടും ഉരിയാടാതെ ഏതോ മന്ദബുദ്ധിയെ പോലെ മനുഷ്യകോലം കണ്ടാൽ അലറിയും , വാല്യക്കാർ പോലും അടക്കാൻ മടിച്ചു തലതാഴ്ത്തി. മരുന്നും മന്ത്രവും ആവോളം നോക്കി, ഓൻ ആ സ്ഥിതി തുടർന്നു. ഒരു കൊല്ലം തികഞ്ഞപ്പോൾ ഓളും അവന്റെ ജീവിതത്തിലേക്ക് വന്നു. ചന്തംകൊണ്ട് ആരും തോറ്റുപോകുന്ന ഒരുത്തി.
അതാ പെണ്ണ്
കണ്ടുനിന്നവർ അസൂയപ്പെട്ടു.
വട്ടന്റെ യോഗം വട്ടന്റെയോ അതോ തന്തയുടെയോ ആര് മാറിയാലും എന്താ പായക്ക് അവളുടെ മണമാ
നോക്കണേ അച്ഛന്റെയും മകനെയും ഭാഗ്യമേ… ആളുകൾ പൊട്ടിച്ചിരിയോടെ ആ രഹസ്യം കൈമാറി. തന്തയില്ലാത്തവന്മാർ
വയറ്റാട്ടി പുറത്തേക്ക് നീട്ടി തുപ്പി പറഞ്ഞു.
ഓള് ഒരു പാവമാ,
സത്യത്തിൽ അതല്ല, മറ്റെ ഏർപ്പാടാ…
കറുത്തവാവിന്റെ മധ്യത്തോടെ ഇരുട്ടിനെ സാക്ഷിയാക്കി അയാൾ ദേവതകളെ തൃപ്തിയാക്കി. പൂർണ്ണ നഗ്നമായ പെണ്ണിന്റെ ഉടൽ കാഴ്ചവച്ചു. അവളിലെ ചലനങ്ങൾ നിയന്ത്രിച്ചു വെറും പാവയാക്കി. ഓരോ പ്രാവശ്യം അയാളുടെ ആവേശവും അലയടിച്ചു. പിന്നീട് ചെറുക്കനെ പോലെ ഓളും
വെളിച്ചത്തെ ശത്രുവാക്കി. അവർ പറഞ്ഞു നിർത്തി. പിന്നെ ഓളെ കാണുന്നത് അന്നാണ്. ഞാനവിടെ ചെല്ലുമ്പോൾ നിറവയറാടെ വേദനയിൽ പുളയുന്ന ഓളെ,
ദയനീതയോടെ ഉള്ള നോട്ടം. നാലുപെറ്റ എന്റെ നെഞ്ച് ഒന്ന് ആളി. എല്ലിച്ച ശരീരത്തിന് ഭാരമായ ആ വയറ്റിൽ കിടന്ന കുഞ്ഞ് ശ്വാസംമുട്ടി.
ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ആ കുഞ്ഞ് പുറത്തേക്ക് വന്നു. പക്ഷേ, അതിന് തലയില്ലായിരുന്നു. ഉടൽ മാത്രം.
അത് കരഞ്ഞു. വായില്ലാതെ അമ്മയുടെ ഉദരത്തിൽനിന്നും പുറത്ത് ചാടുന്ന അതേ നോവാടെ കൈകാലുകളിൽ കുരുത്തുതുടങ്ങിയ കുഞ്ഞുരോമങ്ങൾ, ഉമിനീര് അമ്മയുടെ തൊണ്ട കുഴിയിൽ കൂടി ഇറങ്ങുന്നത് ശേഖരൻ ഭയത്തോടെ നോക്കി നിന്നു. കാര്യങ്ങൾ ഇരുചെവി അറിയാതെ മണ്ണിന്റെ നനവിലേക്ക് തളക്കപ്പെട്ടു.
ഓള് കരഞ്ഞില്ല.
കുട്ടിയെ ഓർത്ത് നെഞ്ചത്തടിച്ചില്ല.
അവൾ ചോദിച്ചു കണ്ടോ അവളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കിനിന്നു. നിലം പിളർന്നപോലെ കാലുകൾ വിറച്ചു ഓളുടെ വാക്കുകൾ. ശേഖരന്റെ കൈകളിൽ അമ്മ മുറുകെ പിടിച്ചു. അവൾ അന്വേഷിച്ചത് ഓനെ ആയിരുന്നു. വർഷങ്ങളായത്ര..
ജീവനുണ്ടോ ചത്തോ എന്നറിയാതെ
ഓളുടെ കാലക്കേട്
ശേഖരൻ ചോദിച്ചു.
‘?അപ്പോൾ ആ കുഞ്ഞ്..?’
കാലുകൾ തിരുമ്മി അവർ പായയിൽനിന്നും എഴുന്നേറ്റു. കെട്ടുകഥകൾ ഉണ്ടാക്കി പുതിയ അന്തരീക്ഷം തീർക്കാൻ കഴിഞ്ഞെന്നുവരാം. അത് സത്യമാണെങ്കിൽ അതിനെ ഇമ്പവും കൂടും. ശേഖരന്റെ കൈകൾ വിട്ട് അവർ അകത്തേക്ക് നടന്നു. അടുപ്പിൽ തീ പുകഞ്ഞുതുടങ്ങി. ശേഖരൻ ഉമ്മറത്തിരുന്നു. പ്രാണൻ നഷ്ടപ്പെട്ട ശരീരംപോലെ ആ തീയുടെ കനൽ അവന്റെ ഉള്ളിൽ പുകഞ്ഞുതുടങ്ങി. കാൽ മുതൽ ഉച്ചിവരെ ആളിപ്പിടിച്ചു.
ആ ചോദ്യം അവനിൽ കിടന്ന് തിളച്ചുപൊന്തി പുറത്തുചാടി.
‘ആ തലയില്ലാത്ത രൂപം..?’
