കരിങ്കുന്നിലെ ചേന്നൻ ചാത്തൻ Short story by ഭരത് ചന്ദ്രസേനൻ
പാടവരമ്പ് മുറിച്ചുകടന്ന് ജാതിയും, പാറക്കെട്ടുകളും, ഇലഞ്ഞിമരങ്ങളും നിറഞ്ഞ മഞ്ചാടിക്കാവ് താണ്ടി ചേന്നൻകുന്നിറങ്ങിയാൽ പെട്ടെന്ന് സ്കൂൾ എത്തും.
യക്ഷിപ്പാലയും, കാട്ടാറും വള്ളിപ്പടപ്പുകൾ പടർന്നുപന്തലിച്ച സർപ്പക്കാവുകളും, തിങ്ങിനിറഞ്ഞ അരയാലുകളും ഒക്കെയുള്ള ആളനക്കങ്ങൾ ഇല്ലാത്ത ഉൾപ്രദേശമാണ് ചേന്നൻ കുന്ന്.
കുന്നിൻ ചെരിവ് ആയപ്പോൾ അപ്പൂപ്പൻ എന്നെ തോളിൽനിന്നും താഴെ ഇറക്കി, എന്നിട്ട് ഒരു ഭീഷണിയും.
“മര്യാദയ്ക്ക് എൻ്റെ കൈപിടിച്ച് നടന്നോണം, തല്ലുകൊള്ളിത്തരം വല്ലതും കാണിച്ചാൽ നിന്നെ ചേന്നൻ ചാത്തൻ പിടിക്കും.”
എന്നെ നിലക്ക് നിർത്താനുള്ള അപ്പൂപ്പന്റെ വജ്രായുധമായിരുന്നു ഈ പ്രയോഗം.
അമ്മൂമ്മയാണ് ആദ്യമായി ചേന്നൻ ചാത്തന്റെ കഥ പറഞ്ഞുതന്നത്, നേരത്തിനു ഭക്ഷണം പോലും കഴിക്കാതെ തൊടിയിൽ കൊണ്ടുപോകാൻ വാശിപിടിച്ച ഒരു ദിവസം, സഹി കെട്ടപ്പോൾ അമ്മൂമ്മയുടെ വക ഒരു ഭീഷണി.
“കരയാതെ മൊത്തം കഴിച്ചോ… പിള്ളേരുടെ കരച്ചിൽ കേട്ടാൽ അക്കരെ കരിങ്കുന്നിൽനിന്നും ചേന്നൻ ചാത്തൻ ഇറങ്ങി വരുമെന്ന്.”
അന്നുരാത്രി അമ്മൂമ്മ മടിയിൽ കിടത്തി എനിക്ക് പറഞ്ഞുതന്നതാണ്, ചുവന്ന വലിയ കണ്ണുകളും, കറുത്തിരുണ്ട ഭീമാകാരമായ ശരീരവും, രക്തമിറ്റുന്ന ദംഷ്ട്രങ്ങളുമുള്ള ഭീകരരൂപിയായ ‘ചേന്നൻ ചാത്തന്റെ’ കഥ.
തമ്പുരാക്കന്മാർ ജീവനോടെ തീയിട്ടുകൊന്ന കരിങ്കുന്നിലെ “ചേന്നൻ” എന്ന അടിയാളൻ്റെ കഥ.
നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന സംഭവമാണ്.
കനകക്കുന്നും, മഞ്ചാടി പൊയ്കയും, കണ്ണാടിക്കാവും, വലിയകുളവും നാല് രാജ്യാതിർത്തികൾ ആക്കി, പന്ത്രണ്ട് ദേശങ്ങളും ഉൾപ്പെടുന്ന മാണിക്യമംഗലം രാജ്യത്തിന് “മഠാധിപർ പെരിയകുളത്തറയ്ക്കൽ പരമേശ്വര വർമ്മൻ
പെരുമാൾ” രാജാവ് ആയിരുന്ന കാലം. പ്രജാക്ഷേമനായിരുന്ന രാജാവിൻ്റെ കാലത്ത് നാട്ടിലെങ്ങും സമ്പൽസമൃദ്ധിയും ശാന്തിയും അഭിവൃത്തിയും മാത്രമായിരുന്നു. അയൽ രാജ്യത്തെ ഭരണാധികാരികൾക്ക് പോലും നെറ്റി ചുളുങ്ങും തക്കവണ്ണം പ്രജാക്ഷേമനായിരുന്നു പെരുമാൾ.
പക്ഷെ, അധികകാലം ആ സന്തോഷം നീണ്ടുനിന്നില്ല. മാണിക്യമംഗലം ദേശത്തിൻ്റെ അടിവേര് പിഴുതെറിയാൻ തക്കവണ്ണം വെറി പിടിച്ച വിഷ സന്താനം രാജാവിന്റെ രക്തത്തിൽ തന്നെ പിറവിയെടുത്തിരുന്നു.
അന്നത്തെ കൊച്ചുതമ്പുരാൻ, “വീരഭദ്രവർമ്മൻ പെരുമാൾ” സ്വഭാവഗുണങ്ങൾകൊണ്ട് ദേശവാസികൾ ഇടയിൽ കൊച്ചുതമ്പുരാൻ അറിയപ്പെട്ടിരുന്നത് തന്നെ “കാലഭദ്രൻ” എന്നായിരുന്നു.
പതിറ്റാണ്ടുകൾ പിന്നെയും കഴിഞ്ഞു,
ഭരണചക്രത്തിൻ്റെ കടിഞ്ഞാൺ അങ്ങനെ “വീരഭദ്രന്റെ” കൈയിൽ എത്തി.
അപ്പോഴേക്കും കാലഭദ്രനെ പറ്റി പാണന്മാർക്ക് പാടി നടക്കാൻ വിശേഷണങ്ങൾ ഏറെയുണ്ടായിക്കഴിഞ്ഞിരുന്നു.
“എഴുത്തോലയിൽ നാരായമുറയ്ക്കേണ്ട പ്രായത്തിൽ കൊട്ടാരം വാല്യക്കാരിയെ മാനഭംഗപ്പെടുത്തിയവൻ”
“രാജാവാകാൻ വേണ്ടി സ്വന്തം അച്ഛൻ, പരമേശ്വര വർമ്മൻ പെരുമാളിനെ കുളത്തിൽ ചവിട്ടിത്താത്തവൻ.”
“കാമകേളികൾക്ക് ശേഷം ദാസിമാരെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ നരാധമൻ.”
ദേശത്ത് അന്ന് അടിയാളന്മാരായിരുന്ന സാധുക്കളുടെ രക്തം ചിന്താത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു.
അങ്ങനെയിരിക്കെ “പ്രജാക്ഷേമം” എന്ന പേരിൽ, അംഗരക്ഷകരോടുകൂടി തന്റെ കാമവെറിയടക്കാൻ പുതിയ ഇരയേ തേടിയുള്ള യാത്രയിൽ,
അവിടെ കാട്ടരുവിയിൽ അരയസുന്ദരികൾ കുളിച്ചുകയറുന്നത് ശ്രദ്ധയിൽപ്പെട്ട രാജാവ്, തൻ്റെ പല്ലക്കിനു മുൻപേ പോകുന്ന ദാസന്മാരോട് ‘കൂകിവിളി’ നിർത്താൻ ആജ്ഞാപിച്ചു.
എങ്കിൽ മാത്രമേ കണ്മുന്നിൽ പെട്ടുപോകുന്ന പാവം സുന്ദരികളെ തീണ്ടൽ പഴിചാരി ചിത്രവധം ചെയ്തു ഭോഗിക്കാൻ പറ്റുകയുള്ളൂ എന്ന് വീരഭദ്രന് നല്ലവണ്ണം ബോധ്യമുണ്ടായിരുന്നു.
കുളികഴിഞ്ഞ തരുണീമണികൾ
ഓരോരുത്തരായി മുലക്കച്ചയും കെട്ടി ഈറൻ മുടിയും തോർത്തി കടവിൽനിന്നും നടന്നകലുന്നത് കണ്ട് കാമാസക്തിയിൽ സ്വബോധം നഷ്ടപ്പെട്ട വീരഭദ്രൻ, പല്ലക്കിൽനിന്ന് ഇറങ്ങി അങ്ക രക്ഷകരോട് പിൻമ്പോട്ട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു, പുഴക്കരയിലേക്ക് നടന്നു.
കുളിയും തേവാരവും, കളി ചിരികളും, കിന്നാരം പറച്ചിലും തകൃതിയായി നടക്കുന്ന കുളിക്കടവിലേക്ക് വെറിപിടിച്ച വേട്ടനായയേപ്പോലെ രാജാവ് കടന്നുചെന്നു.
അർത്ഥനഗ്നരായി കുളിച്ചു കൊണ്ടിരുന്ന, ചേന്നന്റെ മക്കളായ നീലിയുടെയും കാളിയുടെയും കുഞ്ചിയുടെയും മുൻപിലേക്കാണ് തമ്പുരാൻ എഴുന്നള്ളിയത്.
പനങ്കുല പോലുള്ള കാർകൂന്തൽ, കാർമേഘ വർണ്ണമുള്ള ശരീരം, തവിട്ടു നിറമുള്ള കണ്ണുകൾ, മുറുക്കിച്ചുമന്ന ചുണ്ട്, മുല്ലപ്പൂ പല്ലുകൾ, നോക്കി നിന്നുപോകുന്ന മാറഴക്, ആരെയും വശപ്പെടുത്തുന്ന അസാമാന്യ അങ്കലാവണ്യം.
അവരുടെ കൺപീലികളിൽ നിന്നും ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികൾപോലും തമ്പുരാൻ്റെ കാമവെറിയുടെ വീര്യം കൂട്ടി.
“ആഹാ.. ബേഷ്, കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം.” തമ്പുരാന് നന്നേ ബോധിച്ചു.
പുൽനാമ്പുകൾപോലും തലകുനിച്ചു പോകുന്ന രംഗങ്ങൾ ആയിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്. പിന്നെ ചേന്നൻ എന്നല്ല, കരിങ്കുന്നിലെ കാറ്റുപോലും അവരെ കണ്ടിട്ടില്ല.
ദിവസങ്ങൾ കടന്നുപോയി, ഉൾക്കാട്ടിൽ തേൻ എടുക്കാൻ പോയ “തണ്ടൻ” എന്ന മലയരയനാണ്, ചെന്നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കാളിയുടെ തല കണ്ടത്. ചേന്നന് ചുടലപ്പറമ്പിലോട്ട് എടുക്കാൻപോലും ഒന്നും ബാക്കി ഇല്ലായിരുന്നു.
ആ രാക്ഷസൻ്റെ കാമവെറി തീരുന്നത് വരയേ ഉണ്ടായിരുന്നുള്ളൂ മൂന്നിൻ്റെയും ഉടലിൽ പ്രാണൻ.
“ചേന്നൻ കരഞ്ഞില്ല, ഒരിറ്റു കണ്ണുനീർപോലും ചേന്നന്റെ കണ്ണിൽനിന്നും പൊഴിഞ്ഞില്ല.”
പക്ഷെ, അന്നേക്ക് മൂന്നാം പകൽ, നെല്ലൂർക്കുന്നിലെ കുളത്തിലെ ചത്തുമലർന്ന് കിടപ്പുണ്ടായിരുന്നു കാലഭദ്രന്റെ തലയില്ലാ ശവം.
രാജാവിന്റെ ജീവനറ്റ തല തേടി കാവലാളന്മാർക്ക് അധിയദൂരം പോകേണ്ടി വന്നില്ല. ചേന്നൻ്റെ ചെറ്റകുടിലിനു മുൻപിൽ കെട്ടിത്തൂക്കി ഇട്ടിട്ടുണ്ടായിരുന്നു,
“വീരഭദ്രൻ വർമ്മ പെരുമാളിൻ്റെ രാജ ശിരസ്.”
കൊട്ടാരത്തിൽ വീരഭദ്ര പെരുമാളിന്റെ ചിതയെരിഞ്ഞ അതേ സമയം, ചേന്നനും കുടിലും നിന്ന് കത്തി.
പിന്നെയാണ് നാടൊട്ടുക്ക് ദുർമരണപെട്ട ചേന്നന്റെ ആത്മാവ് ചാത്തനായി സംഹാരതാണ്ഡവം ആടിത്തുടങ്ങിയത്.
തന്നെ കൊന്നു കുടുംബം മുടിച്ച “പെരിയകുളത്തറയ്ക്കൽ മഠാധിപന്മാരുടെ” വംശ പരമ്പര ഉഗ്രരൂപിയായി ചാത്തൻ നശിപ്പിച്ചു.
ദുർമരണങ്ങൾ കോവിലകത്ത് തുടർക്കഥയായി. തറവാട്ടിൽ ആണായി പിറന്നവരേയെല്ലാം ചേന്നൻ ചാത്തൻ പാമ്പായും, വസൂരിയായും, മഹാവ്യാധികളായും കൊയ്തെടുത്തു. പ്രാണഭിക്ഷ കിട്ടിയ തറവാട്ടിലെ ആത്തേയമ്മമാരെ ഭ്രാന്തിയാക്കാനും ചാത്തൻ മറന്നില്ല.
താൻ വെന്തു മരിക്കുമ്പോൾ മുന്നിൽ നിന്ന് അട്ടഹസിച്ച് കാറിത്തുപ്പിയ സേനാപതി “കാളിയന്തലയ്ക്കൽ നായരേയും” ചേന്നൻ വെറുതെ വിട്ടില്ല. കരിങ്കുന്നിലെ പനച്ചുവട്ടിൽ നായരുടെ പല്ലും നഖവും മാത്രമേ മിച്ചം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ചേന്നൻ്റെ ഒന്നാമാണ്ടുതികയുന്ന ദിവസം, കോവിലകത്ത് ഭഗവതിയെ കുടിയിരുത്തിയ മച്ചും നിലം പതിച്ചു.
കുന്നിറങ്ങി സ്കൂൾ എത്തുന്നടം വരെ ചേന്നന്റെ കഥയായിരുന്നു മനസിൽ. തന്നെ ദ്രോഹിച്ചവരുടെ കുലം മുടിച്ച ചേന്നന്, സ്വന്തം അച്ഛൻ്റെ പ്രാണന് കണക്ക് ചോദിച്ച പരശുരാമനോടുള്ള സാമ്യം ചെറുതല്ലായിരുന്നു. ചിന്തകളിൽനിന്നും കഥയുടെ കെട്ടിറങ്ങിയപ്പോൾ,
“അതാ… ദൂരെ നിൽക്കുന്നു എന്റെ കാലൻ”
ഇടതു കൈയിൽ കണക്കു പുസ്തകവും, വലം കൈയിൽ ചൂരൽ വടിയും പിടിച്ച്, ഉണ്ടക്കണ്ണുരുട്ടി നെറ്റിയും ചുളുക്കി, സ്കൂൾ വരാന്തയിൽ എൻ്റെ വരവും കാത്തുനിൽക്കുന്ന, ‘കുട്ടികൃഷ്ണൻ മാഷ്.’
വീരഭദ്രൻ എത്തിപ്പെട്ടത് കരിങ്കുന്നിന്റെ അടിവാരത്തായിരുന്നു.
