പമ്മൻ ഭ്രാന്ത് അഖില by മുഹമ്മദ് ഹാഫിൽ
രണ്ടാമതായി ഞാൻ
‘ഭ്രാന്ത്’ വായിക്കുന്നത്
എന്റെ പതിനേഴാം വയസ്സിലാണ്.
18+ പുസ്തകം വായിക്കാൻ ‘ലൈസൻസ ‘ കിട്ടാൻ ഇനിയും ഒരു വർഷം ബാക്കിയുള്ള കാലം. അപ്പോൾ നിങ്ങൾക്ക് സ്വാഭാവികമായും തോന്നും ആദ്യമായി എപ്പോഴാണ് വായിച്ചത് എന്ന്.
അത് പറയാം…
‘ഭ്രാന്ത്’ വീണ്ടും വായിക്കാൻ കൈയിലെടുത്ത നിമിഷം ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് യു .പി. ക്ലാസിൽ എന്നോടൊപ്പം പഠിച്ചിരുന്ന അഖിലയുടെ മുഖമാണ്. കാരണം എന്റെ കൈകളിൽ ‘ഭ്രാന്ത്’ ആദ്യമായി എത്തിച്ചത് അവളായിരുന്നു.
ആ കഥ ഇങ്ങനെയാണ്…
അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം.
ഞാനും അഖിലയും ഒരേ ബെഞ്ചിലായിരുന്നു. അന്നൊക്കെ ഞങ്ങളുടെ സ്കൂളിൽ ആണും പെണ്ണും ഒരുമിച്ചാണ് ഇരുന്നിരുന്നത്.
വായനയോട് ചെറുതായി താൽപര്യം തോന്നിത്തുടങ്ങിയ കാലം.
അഖിലയുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. നല്ല വീടും പഠിക്കാൻ മികച്ച സൗകര്യങ്ങളും അതിലുപരി സാമാന്യം നല്ലൊരു ഹോം ലൈബ്രറിയും അവൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രായത്തിനപ്പുറം നല്ല വായനയും അവൾക്കുണ്ടായിരുന്നു.
അഖില സുന്ദരിയായിരുന്നു. അതിലും കൂടുതൽ നല്ല ബോൾഡായ പെൺകുട്ടി. ആ പ്രായത്തിൽ അവളോട് എനിക്കൊരു കുഞ്ഞു ക്രഷും ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ പറയുന്നതിൽ തെറ്റില്ല.
ഒരു ദിവസം ഉച്ചയ്ക്ക് ചോറും ചാറും കഴിച്ചുകഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ലൈബ്രറിയിലേക്ക് നടന്നു.
ഞാൻ ഓരോ ഷെൽഫിലൂടെയും പുസ്തകങ്ങളുടെ പേരും എഴുത്തുകാരുടെ പേരും വായിച്ചുകൊണ്ട് നടക്കുന്നു. അഖിലയും തനിക്കിഷ്ടമുള്ള പുസ്തകം തിരയുകയാണ്.
അങ്ങനെ നടക്കുന്നതിനിടെ ഞങ്ങൾ രണ്ടുപേരും ഒരേ ഷെൽഫിന് മുന്നിലെത്തി.
പെട്ടെന്ന് അഖില ഒരു പുസ്തകമെടുത്ത് എന്റെ നേരെ നീട്ടി.
“ഇത് നല്ല പുസ്തകമാണ്. ഞാൻ വായിച്ചിട്ടുണ്ട്… നീയും വായിച്ചുനോക്ക്.”
ഞാൻ പുസ്തകം വാങ്ങി നോക്കി.
ഭ്രാന്ത് -പമ്മൻ.
പുസ്തകം കൈമാറിയ ശേഷം അവൾ മറ്റൊരു കാര്യം കൂടി പറഞ്ഞു.
“എടാ… ഇതിൽ കുറെ വേദനിപ്പിക്കുന്ന രംഗങ്ങളുണ്ട്. നിനക്ക് കരച്ചിൽ വരും. അതുകൊണ്ട് ഏതെങ്കിലും മുറിയിൽ കയറി വാതിലടച്ചിരുന്ന് വായിക്കുന്നതാവും നല്ലത്.”
അവളുടെ വാക്കുകൾ കേട്ട് എനിക്ക് കൗതുകമായി.
വീട്ടിലെത്തി ശരിക്കും മുറിയടച്ച് പുസ്തകം വായിക്കാൻ തുടങ്ങി.
പക്ഷേ, അവൾ പറഞ്ഞത് വെറുതെയായിരുന്നില്ല.
പുസ്തകം അവസാനിക്കുമ്പോഴേക്കും ഞാൻ ശരിക്കും എരിഞ്ഞു പുകഞ്ഞ് കരഞ്ഞുപോയിരുന്നു.
വർഷങ്ങൾ ഒരുപാട് കടന്നുപോയി.
കാലം എന്നെ പല വഴികളിലൂടെ കൊണ്ടുപോയി. ജീവിതം ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ഞാനും ഒരുപാട് മാറി.
വർഷങ്ങൾക്കുശേഷം ഞാനും അഖിലയും വീണ്ടും കണ്ടുമുട്ടി.
സ്ഥലം ഫോർട്ട് കൊച്ചി.
കുറേനേരം സംസാരിച്ചു. അവൾ ഇപ്പോൾ ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്.
സംസാരത്തിനിടയിൽ ഞാൻ പെട്ടെന്ന് അന്നത്തെ ‘ഭ്രാന്തി’ന്റെ ഓർമ്മ എടുത്തിട്ടു.
“ആ പുസ്തകം നീയല്ലേ എനിക്ക് ആദ്യം തന്നത്…” എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും കുറേനേരം ആ പഴയ ലൈബ്രറിയെയും ആ കുഞ്ഞുപ്രായത്തെയും ഓർത്തു ചിരിച്ചു.
