ഒരു ജീവി

അഖിൽ രാജ്

12/10/20251 min read

നിറഞ്ഞ ഇരുട്ടിലൊരു

അടുക്കള പിറക്കുന്നു

അടുക്കളയ്ക്കു കൂട്ടായൊരു

ജീവി കൂടി പിറക്കുന്നു

പിടയ്ക്കുന്നൊരു ജീവിതം.

വാതിലോടാമ്പൽ തുറന്നു- സൂര്യനുണരുന്നു

മരങ്ങളിലകൾ പൊഴിച്ചു മണ്ണിനെ മുത്തുമ്പോൾ അടുക്കളപ്പാതിയിലൊരു കൂർക്കം വലിയുച്ചത്തിൽ തവിയുടെ തലോടലിൽ ഉണരുന്നു.

കൂട്ടയോട്ടത്തിനിടയിൽ അടുക്കളപ്പാത്രങ്ങൾ കലപിലകൂടി കറികൾക്കൊപ്പം വരിനിൽക്കുന്നു.

എച്ചിൽ കിനാവിൽ

എട്ടുമണിയടിക്കുമ്പോൾ

പൂവൻ, പിടയുടെ പുറത്തു പറന്നുയരുന്നു.

ആപ്പിസിലെ അവസാന വാതിൽ തുറക്കുന്നയവസാനയാളവുന്നതിനു മുന്നേ

ഓടി, ഓടി പി. ടി. ഉഷയാവൻ

ശ്രമിക്കുന്നതിനിടയിൽ ലോകം നാലു ചക്രത്തിൽ

വലിയൊരു കൂടാവുന്നു.

വാഗൺ ട്രാജഡി -1921 എന്നാവർത്തിച്ചു...

പി എ സ്സി. ക്കുരുവിട്ടത്,

വീണ്ടും, വീണ്ടും ഓർത്തെടുക്കുമ്പോൾ ആളിറങ്ങാനുണ്ടോ, ആളിറങ്ങാനുണ്ടോയെന്ന

'കിളിയുടെ' കാറലിൽ പാതിയുറക്കത്തിൽ ഇരിക്കാത്ത സീറ്റിൽ കാലു മറന്നുവച്ചൊരുടൽ

തനിയെ ഇറങ്ങിപ്പോവുന്നു...