കഥ : അണ്ണാച്ചി റെസ്റ്റോറന്റ്
റഫീഖ് ബദരിയ
10/4/20251 min read
പെയിന്റെല്ലാം പോയി കറുത്ത് വിവസ്ത്രനായ ആ സൈക്കിളിനെ നോക്കി മുരുകൻ നെടുവീർപ്പിട്ടു. നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ഒരേപോലെ പടർന്നിറങ്ങിയ നനവ്, തോളിൽ കിടന്നിരുന്ന തുണിയെടുത്ത് മുഖമാകെ തുടച്ച് അകത്തേക്ക് കയറിപ്പോകുന്നതിനിടയിൽ പുതിയ കാറിന്റെ ചാവി കയ്യിൽ കറക്കി എതിരെ വന്ന മൂത്ത മകനെ അയാൾ ദയനീയമായി നോക്കി. അച്ഛനോട് അവനു ബഹുമാനക്കുറവൊന്നുമില്ല. പക്ഷെ ഈ സൈക്കിൾ ഇനി വീടിന്റെ മുൻപിൽ കാണരുതെന്നു അവനും അവന്റെ അനിയനും ഇന്നലെ കട്ടായം പറഞ്ഞതാണ്. മക്കൾ പറയുന്നതും കാര്യമാണ്. ഈ പഴയ സൈക്കിൾ കെട്ടിപ്പിടിച്ചിരിന്നിട്ട് എന്താണ് കാര്യം. മക്കൾ വലുതായിരിക്കുന്നു. മൂത്ത ആൾ ചാർട്ടേർഡ് അക്കൗണ്ടന്റായി, രണ്ടാമെത്തവൻ ഡെന്റിസ്റ്റും.
രണ്ടു തലമുറ മുൻപ് തൂത്തുകുടിയിൽ നിന്ന് ഇവിടേക്ക് വേര് പറിച്ചു നട്ടതായിരുന്നു മുരുകന്റെ പൂർവ്വികർ. മുരുകൻ കല്യാണം കഴിച്ചത് പാലക്കാട് നിന്നാണ്. അതിലുള്ള രണ്ടുമക്കളാണ് അജീഷും, വിജീഷും. മലയാളം പറയുന്നതിലും, ജീവിത രീതിയിലും ഒട്ടും തമിഴ് കലർപ്പില്ലെങ്കിലും യുവാവായിരുന്ന മുരുകനെ അന്ന് ആരും പേര് വിളിച്ചിരുന്നില്ല. എല്ലാവർക്കും മുരുകൻ അണ്ണാച്ചിയായിരുന്നു. മറ്റുള്ള സൈക്കിളുകളെ ഹെർക്കുലീസ് ഒരുവണ്ടി, ഹീറോ ഒരുവണ്ടി, എന്ന് തരം തിരിച്ചെങ്കിലും മുരുകന്റെ ഹെര്ക്കുലീസ്സൈക്കിൾ നാട്ടിൽ അറിയപ്പെടുന്നത് അണ്ണാച്ചി സൈക്കിൾ എന്നാണ്. തിളങ്ങുന്ന സ്റ്റിക്കർ കൊണ്ട് അലങ്കിരിച്ചിരുന്ന ആ വണ്ടിയുടെ ഹാൻഡിൽ ബാറിൽ കരിനീല നിറത്തിലുള്ള ഒരു മഫ്ലർ എപ്പോഴും വെച്ചിട്ടുണ്ടാകും.
മുരുകനെക്കാൾ ആളുകൾക്ക് സുപരിചിതം മുരുകന്റെ സൈക്കിൾ ആണ്, കവയിലേക്കിറങ്ങിയാൽ ഒന്നോ രണ്ടോ വട്ടം ആ സൈക്കിൾ ആളുകളെ കടന്നു പോകും, ചിലപ്പോൾ അതിൽ രണ്ടു സിമെന്റ് ചാക്കുണ്ടാകും. അല്ലെങ്കിൽ അരിച്ചാക്ക്, പച്ചക്കറികൾ അങ്ങിനെ പുറകിലെ വലിയ സ്റ്റാൻഡിൽ എപ്പോഴും എന്തെങ്കിലുമൊക്കെയുണ്ടാകും. കല്യാണവീട്ടിലേക്കും, മരണവീട്ടിലേക്കും കയറിച്ചെല്ലുമ്പോൾ ഏതെങ്കിലും തെങ്ങിൻ ചുവട്ടിൽ മുരുകന്റെ അണ്ണാച്ചി സൈക്കിൾ ഇരുന്നു വിശ്രമിക്കുന്നുണ്ടാകും. ദൂരെ ടൗണിൽ നിൽകുമ്പോൾ പൊരിവെയിലത്ത് സൈക്കിൾ ആഞ്ഞു ചവിട്ടിപോകുന്ന മുരുകനെ നാട്ടുകാർ കണ്ടാൽ പിന്നെ അവർ കവലയിൽ വന്ന് ബസ്സിറങ്ങുമ്പോൾ അവിടെയും മുരുകനെ കാണാം. ബസ്സിനെക്കാളും, മോട്ടോർ വാഹനങ്ങളെക്കാളും സ്പീഡുള്ളതാണ് മുരുകന്റെ അണ്ണാച്ചി സൈക്കിളെന്നു നാട്ടിലെ കുട്ടികളെല്ലാം വിശ്വസിച്ചു.
കാലം പോകെ പോകെ, മുരുകനെ അണ്ണാച്ചി എന്ന് വിളിച്ചവർ മുരുകൻ അണ്ണാച്ചി എന്നും പിന്നെ മുരുകൻ എന്നും വിളിക്കാൻ തുടങ്ങി. അയാൾ കവലയിൽ പലചരക്കു കട തുടങ്ങിയപ്പോൾ മുരുകന്റെ കട എന്ന് മാത്രമാണ് ആളുകൾ വിളിച്ചിരുന്നത്. മുരുകന് പ്രായമാകുന്ന പോലെ സൈക്കിളിനും പ്രായമായി വന്നെങ്കിലും, മുരുകൻ ആ സൈക്കിളിൽ കയറിയാൽ അത് നിലം തൊടാതെ പായും. മുരുകന്റെ മക്കൾ വലുതായി, കവലയിലെ പലചരക്കു കട തോമസ് മാപ്പിളക്കു വിറ്റു. ഇപ്പോൾ സ്വസ്ഥം, വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു. പഴയപോലെ സൈക്കിൾ യാത്രയില്ല. പുറത്തേക്കു പോകുന്നുണ്ടെങ്കിൽ കൂടുതലും മക്കളുടെ ആരുടെയെങ്കിലും കൂടെ കാറിലാണ്. കാർപോർച്ചിലെ ഒരു മൂലയ്ക്ക് മുരുകന്റെ സൈക്കിളിനും വിശ്രമം അനുവദിച്ചു. പക്ഷെ ഒരു പ്രാർത്ഥനപോലെ മുടങ്ങാതെ എന്നും തന്റെ സൈക്കിൾ തൂത്തും തുടച്ചും അയാൾ വെക്കും. പണ്ട് ഹാൻഡിൽ ബാറിൽ കെട്ടിയിരുന്ന നീല നിറത്തിലുള്ള മഫ്ളർ പാതിയും കീറിയും ദ്രവിച്ചും പോയി. എന്നിട്ടും അയാൾ സൈക്കിളിൽ നിന്ന് അഴിച്ചുമാറ്റാതെ ഗതകാല സ്മരണകളുടെ കൊടിക്കൂറ പോലെ അത് സൂക്ഷിച്ചു.
ഒരു ദിവസം മഴ പെയ്തു നനഞ്ഞ പകലിൽ അയാൾ തന്റെ പഴയ സൈക്കിളെടുത്തു പുറത്തേക്കിറങ്ങി. കവലയിലെ സൈക്കിൾ കടയിൽ നിന്ന് പാതി കാറ്റുപോയ ടയറിൽ അയാൾ കാറ്റ് നിറക്കുമ്പോൾ സൈക്കിൾ കടക്കാരൻ സുധി ഉറക്കെ വിളിച്ചു ചോദിച്ചു, “ ഇത് നമ്മുടെ പഴയ അണ്ണാച്ചി സൈക്കിൾ അല്ലെ ? എന്താ ഇപ്പോഴും ഒരു പവർ അല്ലെ”. തല കുമ്പിട്ടിരുന്ന് കാറ്റ് നിറച്ചിരുന്ന മുരുകൻ തല പൊക്കി അഭിമാനപ്പൂർവം ഒന്ന് ചിരിച്ചു.
"ഇപ്പോഴത്തെ സൈക്കിളുകൾ കൂടിവന്നാൽ നാലോ അഞ്ചോ വർഷം അത് കഴിഞ്ഞാൽ ഒന്നിന്നും കൊള്ളൂല്ലന്നെ, പണ്ടത്തേത് ഒരു നൂറു വർഷം കഴിഞ്ഞാലും ഇങ്ങനെ നിൽക്കും".
സുധിയുടെ വിവരണം കെട്ടവരൊക്കെ സൈക്കിളിനു ചുറ്റും കൂടി, അവരുടെ ഓർമ്മകളിലേക്ക് പഴയ അണ്ണാച്ചി സൈക്കിൾ ബെല്ലടിച്ചു വന്നു നിന്നു.
മുരുകൻ പിറ്റേദിവസവും സൈക്കിളായി പുറത്തിറങ്ങി. വീണ്ടും അണ്ണാച്ചി സൈക്കിളിന്റെ പ്രായവും, അതിന്റെ കാലപ്പഴക്കവും കാണുന്നവരുടെ ഇടയിൽ ചർച്ചാ വിഷയമായി. പ്രായം വന്ന ചിലർ ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുത്ത് മുരുകനെ, മുരുകനണ്ണാച്ചി എന്ന് വിളിച്ചു അഭിവാദ്യം ചെയ്യാൻ തുടങ്ങി. ഒരു മാസത്തിനുള്ളതിൽ നാട്ടിൽ മുരുകൻ എന്നപേര് മാഞ്ഞു അണ്ണാച്ചി മാത്രമായി. പേര് വിളിക്കുന്നോരോടും, അണ്ണാച്ചി എന്ന് വിളിക്കുന്നോരോടും രണ്ടും ചേർത്ത് വിളിക്കുന്നോരോടും മുരുകൻ ഒരേ പോലെ ചിരിച്ചു. പക്ഷെ അണ്ണാച്ചി എന്ന വിളി മുരുകനിൽ മാത്രം ഒതുങ്ങിയില്ല. അത് പടർന്ന് മുരുകന്റെ മക്കളിലേക്കു കയറി, അവർ ആളുകൾക്കിടയിൽ അജീഷ് അണ്ണാച്ചിയും വിജീഷ് അണ്ണാച്ചിയും എന്നറിയപ്പെടാൻ തുടങ്ങി. മുരുകന്റെ താഴെയുള്ള മകനെ അണ്ണാച്ചി ഡോക്ടർ എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ മക്കൾ അതിൽ ഇടപെട്ടു. അണ്ണാച്ചി എന്ന പേര് വീണ്ടും പുറത്തു കൊണ്ടുവന്ന ആ സൈക്കിൾ കളയണം എന്നായിരുന്നു അവരുടെ ആദ്യ ആവിശ്യം. മുരുകൻ അത് എതിർത്തെങ്കിലും മക്കൾ അതിൽ ഉറച്ചു നിന്നു. മുരുകനെ കൂടുതൽ ഉലച്ചത് വീട് വിറ്റ് ഈ നാട്ടിൽ നിന്നു തന്നെ പോകണമെന്ന മക്കളുടെ ആവിശ്യമാണ്. " ഇത് നമ്മുടെ നടെല്ലടാ‘’ എന്ന് ചോദിച്ചു മുരുകൻ വിതുമ്പിയെങ്കിലും, മക്കൾക്കു തങ്ങളിൽ പെട്ടന്ന് പൊട്ടിമുളച്ച അണ്ണാച്ചി എന്ന വാല് മുറിച്ചു കളയണമായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം, ശരവേഗത്തിൽ നാട്ട് വഴികളിൽ പാഞ്ഞു കൊണ്ടിരുന്ന ആ സൈക്കിൾ പുതുതായി തുടങ്ങിയ പാരഡൈസ് റസ്റ്റോറന്റിന്റെ ചുവരിൽ വെള്ള പെയിന്റിൽ മുക്കി മറ്റു ആന്റിക്സാധനങ്ങളൊപ്പം തൂങ്ങി. പുതിയ രുചി വിളമ്പുന്ന നാട്ടിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ആയിരുന്നു പാരഡൈസ്. രുചിയോടൊപ്പം ആളുകളുടെ നൊസ്റ്റാൾജിയ തൊട്ടുണർത്താൻ കിണ്ടി മുതൽ പഴയ ലാമ്പി സ്കൂട്ടർ വരെ മുറ്റത്തും ചുമരിലും ഭക്ഷണം കഴിക്കുന്ന ടേബിളും അവർ നിരത്തി. രുചിയോടൊപ്പമുള്ള കാഴ്ചകളിലേക്ക് ആളുകൾ ഒഴുകി വന്നു. ആയിടക്കാണ് അവിടെത്തെ ആന്റിക്കളക്ഷനിലേക്ക് മുരുകന്റെ സൈക്കിൾ കടന്നു വരുന്നത്. ചുമരിൽ വെള്ളപെയിന്റിൽ മുങ്ങി നിന്ന ആ സൈക്കിളിനെ നാട്ടുകാർ പെട്ടന്ന് തിരിച്ചറിഞ്ഞു. പാരഡൈസ് റെസ്റ്റോറന്റിലെ ഏറ്റവും മികച്ച ഭക്ഷണമായ ചിക്കൻ തന്തൂരി പ്ളേറ്റർ ഓർഡർ ചെയ്യുന്നതിനിടയിൽ ഒരാൾ കൂടെയുള്ളവരോട് ചുമരിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു, “ ഇത് നമ്മുടെ അണ്ണാച്ചി സൈക്കിൾ അല്ലെ”? അതിലൊരാൾ എഴുന്നേറ്റ് ചെന്ന് തന്റെ ഡിജിറ്റൽ ക്യാമെറയിൽ ആ സൈക്കിളിന്റെ ചിത്രം പകർത്തി. കാലങ്ങൾക്കു ശേഷം ആര് പാരഡൈസിൽ പോയി ഭക്ഷണം കഴിച്ചാലും സൈക്കിളുമായുള്ള സെൽഫി പതിവായി. റെസ്റ്റോറന്റിന് മുന്നിൽ വലിയ നിയോൺ ബോർഡിൽ പാരഡൈസ് ഹോട്ടൽ എന്ന പേരുണ്ടായിട്ടും പതിയെ പതിയെ ആളുകൾക്കിടയിൽ അത് അണ്ണാച്ചി റെസ്റ്റോറന്റ് എന്നറിയപ്പെടാൻ തുടങ്ങി.
വർഷങ്ങൾക്കു ശേഷം മുരുകന്റെ മൂത്തമകനും ഭാര്യയും യുകെയിൽ പഠിക്കുന്ന മോളും പാരഡൈസ് ഹോട്ടലിലേക്ക് കടന്നു വന്നു.
"പപ്പാ.................. നിങ്ങൾ ഈ നാട്ടിൽ അല്ലെ മുൻപ് താമസിച്ചിരുന്നത്, മകൾ ചോദിച്ചു ?
“അതെ”........
"പപ്പാ, ഈ ഏരിയയിൽ ഏറ്റവും ഡെലീഷ്യസ് ഫുഡ് കിട്ടുന്നത് ഇവിടെയാണ്, ഫൈവ് സ്റ്റാർ റിവ്യൂ ആണ് ഈ റെസ്റ്റോറന്റിന് ".
അയാൾ തലയാട്ടി
കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ഓർഡർ എടുക്കാൻ വെയ്റ്റർ വന്നു.
“ ഇവിടെത്തെ സ്പെഷ്യൽ ഫുഡ് എന്താണ്” ? മോൾ ആണ് ചോദിച്ചത്
‘’ മാഡം..... മെയിൻ കോഴ്സിലാണെങ്കിൽ , ഞങ്ങളുടെ ഏറ്റവും സ്പെഷ്യൽ ഫുഡ്, അണ്ണാച്ചി ചിക്കൻ തന്തൂരി പ്ളേറ്റർ ആണ് “.
“യെസ് യെസ് ഞാൻ കേട്ടിട്ടുണ്ട് ‘’
അവൾ അണ്ണാച്ചി ചിക്കൻ തണ്ടൂരി പ്ളേറ്ററും ബട്ടർ നാനും ഓർഡർ ചെയ്തു
മമ്മയ്ക്കു ഇത് തന്നെ മതിയോ ? അവൾ ചോദിച്ചു
ഭാര്യ അതുമതിയെന്നു തലയാട്ടി
ആ റെസ്റ്റോറന്റിലേക്ക് കയറിയത് മുതൽ ഏതോ ഓർമ്മയിലേക്ക് ഊളയിട്ട അയാളോട് അവൾ ചോദിച്ചു " പപ്പാ, ഒന്നും ഓർഡർ ചെയ്യുന്നില്ലേ ‘’?........
പെട്ടന്ന് ഒന്ന് ഞെട്ടിയ അയാൾ, വിശപ്പുണ്ടായിട്ടും "എനിക്കൊരു ഓറഞ്ച് ഫ്രഷ് ജ്യൂസ് മതിയെന്ന് “പറഞ്ഞു.
“ഓക്കേ.... സാർ’’ .... വെയ്റ്റർ തന്റെ ടാബിൽ ഒരു ‘അണ്ണാച്ചി സ്പെഷ്യൽ ഓറഞ്ച് ജ്യൂസ് ’ ആഡ് ചെയ്തു.
കഴിക്കുന്നതിനിടയിൽ, അവൾ പറഞ്ഞു " പപ്പാ ഫുഡ്സിനൊക്കെ ഇങ്ങനെ യുണീക്ക് നെയിം ഇടണം എന്നാലെ ആളുകൾ അട്ട്രാക്ട് ആവൂ.
കയ്യിലിരുന്ന ജ്യൂസ് ഗ്ലാസ്സിലേക്ക് നോക്കികൊണ്ട് അയാൾ തലയാട്ടി
ഭക്ഷണം കഴിച്ചു ഇറങ്ങുന്ന സമയത്ത് അവൾ പപ്പയുടെയും മമ്മയുടെയും കൈപിടിച്ചു ചുമരിന്റെ അടുത്തേക്ക് കൊണ്ട് പോയി. അണ്ണാച്ചി സൈക്കിളിന്റെ അടുത്തു നിന്നൊരു സെൽഫി എടുക്കുമ്പോൾ അവൾ പറയുന്നുണ്ട്
" ഒന്ന് ചിരിക്ക് പപ്പാ"............
റെഫീക്ക് ബദരിയ -