വെള്ളത്തണ്ടിൻ പൂക്കൾ

ബാസില ഫാത്തിമ

12/10/20251 min read

ജനിച്ച ദിവസം ഓർമയുണ്ടെന്ന് പറഞ്ഞപ്പോൾ എന്നെ ആരും വിശ്വസിച്ചില്ല.

"എനിക്ക് അഞ്ചുവയസ്സിൽ ഉള്ളതുവരെ ഓർമയില്ല."

"ഇന്നലെ സാറ് പറഞ്ഞതുവരെ മറന്നുപോയി, അപ്പോഴാ."

ഇങ്ങനെ പോയി സംസാരം.

അമ്മു വിശ്വസിച്ചു. പെങ്ങൾ ആണ്. ഞാനെന്തുപറഞ്ഞാലും വിശ്വസിക്കും. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അവൾ അത് എടുത്തിട്ടു.

അമ്മ ചിരിച്ചു. അച്ഛൻ ചിരിച്ചു. അമ്മൂമ്മ ചിരിച്ചു.

"എങ്കിൽ പറ, കേൾക്കട്ടെ" എന്ന് പറഞ്ഞ അമ്മയുടെ ചിരി ഞാൻ പറഞ്ഞുതുടങ്ങിയപ്പോൾ നിന്നു. അച്ഛൻ ചോറ് കൈയിൽ പിടിച്ച് സ്തംഭിച്ചിരുന്നു. അമ്മൂമ്മയുടെ മുഖത്ത് പുഞ്ചിരി മാഞ്ഞ് ഭീതി നിറഞ്ഞു.

അഞ്ചാറ് നിമിഷങ്ങൾക്ക് ശേഷം,

"നീ തന്നെ അവനോടിതൊക്കെ പറഞ്ഞു കാണും, സുമേ" എന്നു പറഞ്ഞ് അച്ഛൻ കഴിപ്പ് തുടർന്നു. പറഞ്ഞിട്ടില്ലെന്ന് ഉറപ്പുള്ള അമ്മ ആ ഇരിപ്പും.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.

സാധാരണ അവിടെ കണ്ടിട്ടില്ലാത്ത രണ്ടുകുട്ടികൾ നാരായണേട്ടന്റെ അടച്ചിട്ട വീടിനുമുന്നിലുള്ള മാവിൻ ചുവട്ടിൽനിന്നും കളിക്കുന്നുണ്ടായിരുന്നു.

"കണ്ടിട്ടില്ലല്ലോ."

അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു.

"ഇപ്പോൾ കണ്ടല്ലോ"

ചിരിച്ചുകൊണ്ട് പെൺകുട്ടി ഉത്തരം പറഞ്ഞു.

"മാങ്ങ വേണോ?"

ആൺകുട്ടി അടുത്തുവന്ന് ചോദിച്ചു.

വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. പക്ഷേ, കൈ നീട്ടി വാങ്ങിച്ചു.

"നിങ്ങളെവിടത്തെയാ?"

"ഇവിടുത്തെ തന്നെ."

"ഉം."

'അമ്മ വിളിക്കുന്നത് കേട്ടപ്പോൾ അങ്ങോട്ടോടി.

"കൈയിലെന്താ?"

"മാങ്ങ. ആ വീട്ടിലെ കുട്ടികൾ തന്നതാ."

"ആ വീട്ടിൽ കുട്ട്യോളൊന്നുല്ല. വേറെ ആരേലും വന്ന് കളിച്ചതാകും."

"ഉം"

"ഇപ്പൊ മാങ്ങാക്കാലമല്ല, മരുന്ന് കുത്തിവച്ചതാകും. അന്യര് തന്നാ വാങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ?"

"ഉം."

അമ്മ ചുറ്റും നോക്കി. കുനിഞ്ഞെന്റെ തോളിൽ കൈവച്ചു.

"അമ്മ മോനോട് ഇതൊക്കെ എപ്പഴേ പറഞ്ഞത്? മോൻ ജനിച്ചൂസം നടന്നതൊക്കെ."

"അമ്മ പറഞ്ഞിട്ടില്ലല്ലോ."

"പിന്നെ അമ്മൂമ്മ പറഞ്ഞോ?"

"അമ്മൂമ്മയും പറഞ്ഞില്ല. എനിക്ക് ഓർമേണ്ട്."

"എങ്ങനെ?"

അതിന് എന്റടുക്കൽ ഉത്തരമില്ലായിരുന്നു. എങ്ങനെ എനിക്കറിയാം? ആവോ. പക്ഷേ, എനിക്കറിയാം.

അമ്മയെ വിട്ട് പറമ്പിലേക്കോടി.

വെള്ളത്തണ്ടിന്റെ പൂക്കൾ വിരിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. കോരൻ പണിയൻ മതിലിനപ്പുറം നിൽക്കുന്നു.

"എന്തേ?"

"വെള്ളത്തണ്ട്."

എന്തിനേ?"

"സ്റ്റേറ്റ് മായ്ക്കാൻ"

"കോരൻ പറിച്ചുതരണോ?"

"ഉം."

കോരൻ വെള്ളത്തണ്ടും ഞാൻ അതിൻറെ പൂക്കളും പറിക്കാൻ തുടങ്ങി.

"സ്കൂളില്ലേ?"

"ഞായറാഴ്ചയല്ലേ."

"പഠിക്കണം."

"ഉം."

"വക്കീൽ ആകണം."

തിരിച്ചെത്തി പൂക്കൾ അമ്മുവിന് കൊടുത്തു. അച്ഛൻ എങ്ങോട്ടോ പോകാൻ ഒരുങ്ങുകയാണ്.

"ഞാൻ കൂടെ വരണോ?"

വേണ്ട സുമേ, നമ്മളെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്ന ആളല്ലേ, ഞാൻ പോയിട്ട് വരാം. വൈകിയാൽ ശവമടക്കിന് മുമ്പ് എത്താൻ പറ്റില്ല."

ഞാൻ അമ്മുവിനെ നോക്കി.

അവൾ കൈമലർത്തി.

അമ്മുവിൻറെ കൈയിലെ പൂക്കളിൽ രണ്ടെണ്ണം എടുത്തുകൊണ്ട് അമ്മ പറഞ്ഞു.

"നമ്മുടെ കോരൻ പണിയൻ ഇല്ലേ. ആ ചേട്ടൻ ഇന്നലെ രാത്രി മരിച്ചത്രേ. എൻറെ കൈയിൽ കിടക്കുന്ന വെള്ളത്തണ്ട് നോക്കി ഞാനൊന്നുനിന്നു. ഒന്നും പറഞ്ഞില്ല. ഒന്നും പറഞ്ഞില്ല.

ഉറങ്ങാൻ കിടന്നപ്പോൾ മുറി മുഴുവൻ വെള്ളത്തണ്ടിൻ പൂക്കളെ കണ്ടു. നോക്കി നോക്കി ഉറങ്ങിപ്പോയി. ജനലിനടുത്ത് കൊട്ട് കേട്ടാണ് എഴുന്നേറ്റത്. അമ്മു അറിഞ്ഞിട്ടില്ല. പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു ചെറുക്കൻ പുറത്ത് നിൽക്കുന്നു.

"ചേട്ടനാണ്".

"എനിക്ക് ചേട്ടനില്ലല്ലോ."

"മോൻ ജനിക്കുന്നതിന് മുമ്പേ മരിച്ചുപോയി."

"ഇപ്പോ എവിടുന്നാ?"

"ഒന്ന് കാണാൻ വന്നതാ, വേഗം പോണം."

"പേരെന്താ?"

ചിരിച്ചു. പേര് പറഞ്ഞില്ല. തിരിഞ്ഞുനടന്നു.

കാലത്ത് ഇഡ്ഡലി പാത്രത്തിൽ മാവൊഴിക്കുകയായിരുന്ന അമ്മ ബഹളം വച്ചുകൊണ്ട് അച്ഛനടുത്തേക്ക് ഓടി.

"അവൻ സുധിയെക്കുറിച്ച് ചോദിക്കുന്നു."

എന്നും പറഞ്ഞ് കരഞ്ഞു. എന്നോട് പറയാതെ പോയ പേര് അതാവണം, സുധി.

ആദ്യത്തെ വെപ്രാളം കഴിഞ്ഞപ്പോൾ അച്ഛൻ അടുത്ത് വന്നു.

"മോനോട് ആര് പറഞ്ഞു?"

ഇന്നലെ കണ്ട കാര്യം പറഞ്ഞാൽ ഇവരെ കാണാതെ പോയതിൽ വിഷമിച്ചാലോ?

അതുകൊണ്ട്;

"സ്വപ്നം കണ്ടു"

എന്ന് പറയാനാണ് തോന്നിയത്.

വൈകിട്ട് സ്കൂൾ വിട്ട് വന്നപ്പോൾ ഉമ്മറത്ത്, താടിയും തലയിൽ വെള്ള തുണിയുമുള്ള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. പിടിഎ മീറ്റിംഗിന് വന്ന അൻവറിൻ്റെ ഉപ്പാപ്പയെപ്പോലെ തോന്നി. അമ്മുവിനെ നോക്കി പുഞ്ചിരിച്ച് എന്നെ അടുത്ത് വിളിച്ച് അയാൾ ഒരുപാട് സംസാരിച്ചു.

എന്തൊക്കെ സ്വപ്നങ്ങൾ കാണാറുണ്ട്,

എവിടെയൊക്കെ പോകാറുണ്ട്, അങ്ങനെ എന്തൊക്കെയോ. എല്ലാത്തിനും ഉത്തരം പറഞ്ഞ് പോകാൻ നിന്ന എന്റെ തലയിൽ എന്തൊക്കെയോ ജപിച്ച് ഊതി. തുപ്പലൊന്ന് എൻ്റെ കണ്ണിൽ തെറിച്ചു.

അന്ന് രാത്രി ഞാൻ ഉറങ്ങാതെ കാത്തിരുന്നു.

സുധി, അല്ല, ചേട്ടൻ വരുമോ എന്ന്. വന്നില്ല.

ജനലിനടുത്ത് വന്ന് നോക്കിയപ്പോൾ കുറച്ചു ദൂരെ ഒരുപാട് വെള്ളത്തണ്ടിൻ പൂക്കൾ നിലാവിൽ തിളങ്ങിനിൽക്കുന്നത് കണ്ടു. ഇറങ്ങിപ്പോയി നോക്കി. മതിലിൽ ചേട്ടൻ ഇരിക്കുന്നു. താഴെയിരുന്ന് കോരൻ പൂക്കൾ പറിക്കുന്നു. അന്ന് കണ്ട രണ്ട് കുട്ടികൾ മാമ്പഴം തിന്നാൻ വേണ്ടി തുടങ്ങുന്നു.

ഞാൻ ചിരിച്ചു. അവരും ചിരിച്ചു. "ഞങ്ങളെ കണ്ടെന്ന് പറയേണ്ട."

"ഉം."

കണ്ണ് തുറന്നപ്പോൾ പറമ്പിലാണ്. അമ്മയും അച്ഛനും ഭയന്ന് നിൽക്കുന്നു. ഞാൻ എഴുന്നേറ്റിരുന്ന് ചിരിച്ചു. ഉമ്മറത്തേക്ക് നടന്നു. അമ്മയും അച്ഛനും ഇപ്പോൾ നിലവിളിക്കാൻ തുടങ്ങിയിരിക്കുന്നു. ആളുകൾ ഓടി വരുന്നു. എല്ലാവരും പറമ്പിലേക്ക് പോകുന്നു. ഞാൻ അവിടെ കിടക്കുന്നുണ്ട്. മനസിലാകാതെ നിന്ന് എൻ്റെ ചുമലിൽ ഒരു കൈ, ചേട്ടനാണ്.

"പോവാം."

"ഉം."

ഞാൻ തിരിഞ്ഞുനോക്കാതെ നടന്നു.