മനുഷ്യാലയ ചന്ദ്രിക... നിറയെ ജീവിതം

കാവ്യ മാമ്പഴി

12/10/20251 min read

ശ്രമപ്പെട്ടു രൂപപ്പെടുത്തിയ ജീവിതത്തിന്‍റെ ഏണിലും കോണിലും കൊത്തിയ കഥകൾ... മനുഷ്യനെ, അതിലുപരി സ്ത്രീകളെ തൊട്ട് നിൽക്കുന്ന മനുഷ്യാലയ ചന്ദ്രിക. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കെ രേഖയുടെ ‘ മനുഷ്യാലയ ചന്ദ്രിക ‘ എന്ന ചെറുകഥകളുടെ സമാഹാരം ജീവിതഗന്ധിയാവുന്നത് പലകാരണങ്ങൾ കൊണ്ടാണ്. കഥാകാരി തന്‍റെ ഉളി കൊണ്ട് കൊത്തിയെടുക്കുന്നത് നവീനമായ കെട്ടുകഥകളുടെ ചരിത്രമേ അല്ല. എന്നാൽ പറയാതെയോ അടയാളപ്പെടുത്താതെയോ പോവുന്ന ചിലത് കൊത്തിവക്കുന്ന കഥകളിൽ നമ്മൾ ഓരോരുത്തരും വീണ്ടെടുക്കുന്നത് മറവി മായ്ക്കാത്ത അനേകരിൽ ചിലരെയാണ്. തമ്മിൽ പിരിയുന്ന പകലിന്‍റെ ചൂട് അഞ്ജന അനുഭവിക്കുന്ന സമയത്തിന്റെ നാഴികകളിലെല്ലാം വായനക്കാരനും അനുഭവിക്കുന്നത് സ്നേഹനൈര്യാശ്യത്തിന്റെ നീറ്റലിൽ തന്നെയാവുന്നു. വൈലോപ്പിള്ളിയെയും വാൻഗോഗിന്റെ സൂര്യകാന്തി പൂക്കളെയും സ്വപ്നം കണ്ട അഞ്ജനയുടെ ജീവിതത്തിന്‍റെ വഴിത്തിരിവുകളിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ വന്നുനിറയുന്നത് വായനക്കാരനിലും ശൂന്യത തീർക്കുന്നു. വായനയിൽ ഏറെ നേരം എന്‍റെ കൂടെ നിന്നത് ‘ഒതുക്കിലെ വലിയമ്മ’യുടെ ഓർമകളാണ്. കഥാകാരി പറഞ്ഞുവക്കുന്നതുപോലെ എന്നോ ജീവൻ നഷ്ടപ്പെട്ട ഒരു പക്ഷിയുടെ ഓർമയെന്ന പോലെ രേഖകളിൽ ഇല്ലാതായ, അടയാളപ്പെടുത്തലുകളിൽ ഒന്നും അവശേഷിക്കാതെ പോയ ശാന്തീമയീ എന്ന ദീപക്കുട്ടിയുടെ വലിയമ്മയുടെ ഓർമ്മകൾ അസ്വസ്ഥമായി വന്നു തൊട്ടുപോയി എന്ന് തന്നെ പറയേണ്ടിവരും. കഥാഭൂമിക വായനക്കാരെ അവരറിയാതെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത് എവിടെയും എഴുതിവക്കാത്ത, പുനർവായനകൾക്കോ വിചിന്തനങ്ങൾക്കോ വീണ്ടുമെടുക്കാത്ത ജീവിതങ്ങളുടെ ഇടനാഴികളിലൂടെയാണ്. അതിനാൽ തന്നെയാണ് കഥാഗതികളോടും കഥാപാത്രങ്ങളോടും സമരസപെടാനും വായനയിൽ നമുക്ക് സാധിക്കുന്നത്. ഉത്തരമില്ലാത്ത സമസ്യകളിൽ സ്നേഹത്തിനും ഒരിടമുണ്ടെന്ന് ഒരു വലിയ വേദനയോടെ നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട് ദ്രുതവാട്ടം എന്ന കഥ. ഏഴുകഥകൾ ഏഴിലധികം ജീവിതങ്ങളുടെ ചൂരും നേരും നോവും പകർത്തുന്ന വായനാനുഭവങ്ങൾ തന്നെയാണ്. കഥാകാരി തീർക്കുന്ന ജീവന്‍റെ, ജീവിതത്തിന്റെയും ഘനമുള്ള മനുഷ്യാലയചന്ദ്രിക ജീവിതത്തിന്റെ കൂടെ പുസ്തകമാവുന്നു.