കഥ: നൂറ്
കൃഷ്ണമോഹൻ
10/4/20251 min read
നുപ്പത്തിയാറ്, നുപ്പത്തിയേഴ്, നുപ്പത്തിയെട്ട് ഈനാശുവിന്റെ ചുണ്ടുകൾ പിറുപിറുത്തുകൊണ്ടിരുന്നു. സുപ്പത്തൊമ്പതാമത്തെ കൊറ്റിയായിരുന്നു. നാപ്പതും നാപ്പത്തൊന്നും മുട്ടൻമാർ.
ഭാര്യ കൂടി പോയശേഷം ഈനാശു തനിച്ചാണ്. ഉറക്കം കിട്ടാൻ നാട്ടിലാരോ പറഞ്ഞുകൊടുത്ത വിദ്യായാണ് കണ്ണടച്ച് ചെമ്മരിയാടുകളെ എണ്ണാൻ. പക്ഷെ, ഈനാശു കണ്ണടച്ചാൽ ചെമ്മരിയാടുകൾ വരില്ല. പകരം അയാൾ വളർത്തുന്ന അന്നയും തൊമ്മിയും കൊച്ചുറാണിയുമൊക്കെയാണ് ചാടിത്തുള്ളി വരുന്നത്.
ഒന്ന് മുതൽ നൂറ് വരെ എണ്ണും. എന്നിട്ട് കണ്ണ് തുറക്കാതെ നാളെ പൈലിയുടെ വീട്ടിൽ കൊടുക്കാനുള്ള പാലിനെ പറ്റിയും ചവിട്ടിയ്ക്കാറായ തുമ്പിയെപ്പറ്റിയും പെറാൻ കാലമായ കൊച്ചുറാണിയെപ്പറ്റിയും പെറ്റിട്ട് ഒന്ന് കരഞ്ഞ് കാലിട്ടടിച്ച ശേഷം മരിച്ചു പോയ തന്റെ മകനെപ്പറ്റിയും ഓർത്ത് കിടക്കും. മിക്കവാറും തൊമ്മിയുടെ കരച്ചിൽ കേട്ടായിരിക്കും ഈനാശു എണീക്കുന്നത്.
നാഴി പാല് പൈലിയുടെ മതിലിന്മേൽ വെച്ച് നാരായണൻ്റെ തൊടിയിലേക്ക് നടക്കുമ്പോൾ നേരം വെളുത്തുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്ലാവിലയിലെ വെള്ളം കണ്ടപ്പോഴാണ് തലേന്നത്തെ മഴയ്ക്ക് മുന്നേ താൻ ഉറങ്ങിയെന്ന് ഈനാശു ഓർത്തത്.
ചാക്കിൽ പ്ലാവില നിറച്ച്,അത് കുട്ടികെട്ടി വീട്ടിലേക്ക് നടക്കുമ്പോൾ നാരായണന്റെ വീട്ടിൽ വെട്ടം തെളിഞ്ഞിട്ടില്ല.
കൂട് തുറന്നപ്പോൾ ആദ്യം പുറത്തേക്ക് വന്നത് തൊമ്മിയാണ് ആ കുടുംബത്തിലെ മറ്റുള്ളവരും തൊമ്മിയെ അനുഗമിച്ചു.
തൊമ്മി പ്ലാവില തിന്നുന്നത് കാണാൻ പ്രത്യേക രസമാണ്. ഒരു കാലുകൊണ്ട് തണ്ടിൽ ചവിട്ടി അറ്റം കടിച്ചു വലിക്കും. പിന്നെ ഒരു ചവയ്ക്കലുണ്ട്. പൈലിയുടെ അമ്മച്ചി ത്രേസ്യാമ്മചേടത്തി അടയ്ക്ക വായിലിട്ട് മുറുക്കുന്ന പോലുണ്ടല്ലോ എന്ന് ഈനാശു ആത്മഗതം പറഞ്ഞു. പെരുന്നാളിന് കണ്ട് നിക്കാൻ പറ്റിയ കാഴ്‌ച തന്നെയാണത്. അതിന് രണ്ടുദിവസം കഴിഞ്ഞ് ത്രേസ്യാമ്മ ചേടത്തിയ്ക്ക് അന്തികൂദാശ കൊടുക്കാൻ അച്ഛനെ വിളിച്ചുകൊണ്ടുവന്നത് താനാണെന്ന് ഓർത്തപ്പോൾ ആ ചിന്ത അതോടെ നിന്നു.
കൂട്ടിൽ നിന്ന് ഇറങ്ങാതെ കറുകപുല്ല് തിന്നുന്ന കൊച്ചു റാണിയെ അപ്പോഴാണ് ഈനാശു ശ്രദ്ധിച്ചത്.
'നിന്നെ ഇറക്കാൻ രാജമലേന്ന് വരയാടിനെ കൊണ്ടരണോടി
ഈനാശു ഒരു കെട്ട് പ്ലാവിലയെടുത്ത് കൂട്ടിലേക്ക് നീട്ടി കൊച്ചുറാണി ചവച്ചു തുപ്പി. അയാൾ പ്ലാവില കൂട്ടിലിട്ടു തിരിഞ്ഞു നടക്കുമ്പോൾ തുമ്പിയുടെ ചെവിയിൽ തട്ടി പറഞ്ഞു.
“ആദ്യത്തെ ആയോണ്ടാ.. നിൻ്റെ തള്ളയും ഇങ്ങനെ ആയിരുന്നു."
അന്നും രാത്രി പതിവുപോലെ തൻറെ കമ്പിളിയ്ക്കുള്ളിൽ കിടന്ന് ഈനാശു പിറുപിറുത്തുകൊണ്ടിരുന്നു. തൊമ്മിയേയും അന്നയേയും ഈനാശു ഒരുമിച്ചേ എണ്ണാറുള്ളു. വർക്കിയും പീലിപ്പോസും മൈതാനത്ത് അനങ്ങാതെ തന്നെ നിന്നു. എണ്ണമെടുത്ത് കഴിഞ്ഞപ്പോൾ മുട്ടന്മാർ കൊമ്പ് കോർത്തു. പെറ്റതും ചെന പിടിച്ചതും ചത്തതും ചാവാത്തതുമായ ഈനാശുവിൻറെ മുഴുവൻ ആട്ടിൻപറ്റങ്ങളും മൈതാനത്ത് തിങ്ങി തടഞ്ഞ് നിൽക്കുമ്പോഴാണ് ഈനാശു എണ്ണിയത്.
'തൊണ്ണൂറ്റിയൊമ്പത്."
നിലവിളി കേട്ട് ഈനാശു ഞെട്ടി എണീറ്റു അത് കൊച്ചറാണിയുടെ കരച്ചിലായിരുന്നു. തലയ്ക്കാം ഭാഗത്തുനിന്ന് ടോർച്ച് എടുത്ത് മുറ്റത്തേക്കോടി. കെട്ടുപോയ ടോർച്ചിന് രണ്ട് തട്ട് കൊടുത്ത് കൂട്ടിലേക്ക് നീട്ടി
കൊച്ചു റാണി പെറ്റു കിടക്കുന്നു.മേലാകെ കുറുകപ്പുല്ല് പറ്റിയ ഒരു കുഞ്ഞാട് കാലിട്ടടിയ്ക്കുന്നത് ടോർച്ചിൻ്റെ വെട്ടത്തിൽ ഈനാശു കണ്ടു. അയാൾ കുറച്ചുനേരം അതിനെ തന്നെ നോക്കി നിന്നു.
കുഞ്ഞാട് എണീറ്റു. ഈനാശു ഒരുകുടം വെള്ളം കൊണ്ടുവന്ന് കുഞ്ഞിനെ കഴുകിത്തുടച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തള്ളയുടെ അകിടു തേടി പോകുന്ന കുഞ്ഞാടിനെ നോക്കി ഈനാശു വിളിച്ചു.
ഈനാശുവിൻറെ ആട്പെറ്റാൽ ആദ്യം കാണാൻ വരുന്നത് കപ്യാരുടെ കൊച്ചുമോൾ ആഞ്ചലീനയാണ്. ഈനാശുവിൻ്റെ മടിയിലിരുന്ന് അവൾ നൂറിൻ്റെ പടം വരച്ചു വെളുത്ത കൺപീലികളും താഴ്ന്ന കണ്ണുകളും നീണ്ട ചെവികളും വെളുത്ത കട്ടി രോമങ്ങളുമുള്ള നൂറിനെ കാണാൻ ഇടവകയിലെ പാവാടകളും നിക്കറുകളും കൊലുസിളക്കിയും വട്ടുരുട്ടിയും വന്നു കൊച്ചുറാണിയുടെ മകൾ തൻറെ കൂട്ടുകാരുടെ കൂടെ തുള്ളിക്കളിച്ചു
'കുട്ടികളുടെ കൂടെ നൂറിനെ വിട്ടാൽ കുട്ടിയേതാ നൂറേതാണെന്ന് പിടുത്തം കിട്ടില്ല"
പെയ്ത്ത് വെള്ളം പോലെ ആ ഗ്രാമത്തിലെ വീടുകളിലേക്ക് നൂറിൻ്റെ വർത്തമാനങ്ങൾ കുത്തിയൊലിച്ചു. തൊടിയിലേക്ക് ചെന്നപ്പോൾ ചാക്കിലെടുത്ത് കെട്ടുന്നതാണ് കണ്ടത്. നാരായണൻ പ്ലാവിലയെല്ലാം
'ഇതെന്തു ഭ്രാന്താ നാരായണാ.
ഞാൻ വരില്ലേ. ഈ മഞ്ഞത്ത് വെറുതെ നീ...
'അത് സാരല്യ.. ഇനി വരുമ്പോ നൂറിനേം കൊണ്ടുവാ ഈനാമ.."
ചാക്കെടുത്ത് ഈനാശുവിൻ്റെ തോളിൽ വയ്ക്കുന്നതിനിടയിൽ നാരായണൻ പറഞ്ഞു.
"ശാരദ പറഞ്ഞേല്പിച്ചതാവുംലെ."
താനടക്കം ഈ പ്രായത്തിലുള്ളവർ മറന്ന് പോയ ഒരു ചിരി അപ്പോൾ നാരായണൻ ചിരിച്ചു
"അല്ലേലും നാരായണന് നാണം കൂടപ്പിറപ്പാ.."
ഈനാശു നടന്നു. ഇന്ന് ചാക്കിന് കനം ഇത്തിരി കൂടുതൽ ഉണ്ട്.
ആഞ്ചലീനയുടെ ഡ്രോയിങ് ബുക്ക് നിറയെ നൂറാണ്.അതവൾ ഈനാശുവിനെ കാണിച്ചു.
ഈനാശുവിനേം അവൾ വരച്ചിട്ടുണ്ട്. പക്ഷേ ഈനാശു കണ്ടിട്ടില്ല.
"നൂറിനെ ഞങ്ങൾക്ക് തരുവോ"
കൊലുസും വട്ടുകളും ഈനാശുവിൻ്റെ മുറ്റത്ത് തടിച്ചു കൂടിയിട്ടുണ്ട്.
"എന്തിനാ.? വളർത്താനാ?”
ഈനാശു ചോദിച്ചു.
"അല്ല കരോളിനാ.. ഇപ്രാവശ്യം എൻ്റെ പേപ്പനാ കർത്താവ്, അപ്പോ പേപ്പന്റെ...
അവൾ തിരുത്തി പറഞ്ഞു.
"അല്ലാ.. കർത്താവിൻ്റെ കയ്യില് നൂറ് ഉണ്ടെങ്കി....
ആഞ്ചലീനയുടെ കയ്യിൽ നിന്നും നൂറിനെ വാങ്ങിച്ച് ഈനാശു കൂട്ടിലടച്ചു.
"ഇന്നാ നിന്റെ ബുക്ക്.*
ഈനാശു തറപ്പിച്ചുപറഞ്ഞു.
"ഇനി ഇതും പറഞ്ഞോണ്ട് ഒറ്റ ഒരെണ്ണം ഇങ്ങോട്ട് വരണ്ട കർത്താവ് ആടിനെ എടുത്തത് കരോളിന് ഫസ്റ്റ് കിട്ടാനല്ല, നിൻ്റെ പേപ്പനോട് പറഞ്ഞേക്ക് നടക്കൂലാന്ന്.*
ആഞ്ചലീന കരഞ്ഞില്ലന്നേയുള്ളൂ..
കണ്ണിന്റെ വക്കുവരെ എത്തി. അതൊന്നു വീണിരുന്നെങ്കിൽ.. ഈനാശുവിന് അത് ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു.
വൈകുന്നേരമാകുമ്പോഴേക്കും മഞ്ഞുവീണ് തുടങ്ങും. കുടിലിനു മേലെ കനത്തിൽ ഒരു ഷീറ്റ് അടിക്കണം എന്ന് കഴിഞ്ഞ ക്രിസ്‌മസ് തൊട്ട് ആലോചിക്കുന്നതാ, ദേവസി കുറച്ച് കാശ് തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നാട്ടിൽ ആട്ടിൻപാല് കുടിക്കുന്ന പലിശക്കാരുള്ളത് തന്നെപോലുള്ളവർക്ക് ഒരു അനുഗ്രഹമാണ്. ഈനാശു കവലയിലേക്കു നടന്നു. അയാൾ അത്ഭുതപ്പെട്ടു.ഈ നാട്ടിൽ ഇത്രയും മനുഷ്യരുണ്ടോ പക്ഷേ എല്ലാവരുടെയും നോട്ടത്തിൽ അല്പം പിശക് തോന്നി മുട്ടന്മാർ എല്ലാം ഒരു സെറ്റ്, താൻ മാത്രം കുട്ടനെ പോലെ
ദേവസിയുടെ കുറികമ്പനിയിൽ നിന്നിറങ്ങിവന്ന ജോസിൻ്റെ നോട്ടം അതിൽനിന്നെല്ലാം വ്യതാസമുള്ളതായിരുന്നു. രണ്ടുദിവസം കഴിഞ്ഞാൽ കർത്താവാകാൻ പോകുന്ന
ജോസിൻ്റെ ചെന്നായക്കണ്ണുകൾ തന്നോട് പറഞ്ഞു.
'കറന്ന് കൈ കഴയ്ക്കേണ്ട, ദേവസിക്കുള്ള ആട്ടിൻപാൽ വേറെ വരും."
ആഞ്ചലീനയുടെ പേപ്പൻ ചെന്നായ മാത്രമല്ല കുറുക്കനും ആണ്.
തിരിച്ചു വീട്ടിലെത്തിയപ്പോൾ മുറ്റത്ത് കപ്യാർ നിൽക്കുന്നു.
"എന്താ അവിടെ തന്നെ നിന്നത്, കേറി ഇരുന്നുടാർന്നോ?*
ഈനാശു ഒരു കസേരയെടുത്ത് മുറ്റത്തേക്കിട്ടു. ആഞ്ചലീനയെ അന്വേഷിച്ച് വന്നതാവും എന്നാണ് ആദ്യം ഈനാശു കരുതിയത് കൂട്ടിൽ കൊച്ചു റാണിയുടെ മേൽ മുട്ടിയുരുമ്മി നില്ക്കുന്ന നൂറിനെ നോക്കുന്ന കപ്യാരുടെ നോട്ടത്തിൽ വരവിൻ്റെ ഉദ്ദേശം കൊച്ചുമോളല്ല. കുഞ്ഞാടാണെന്ന് ഈനാശുവിന് കിട്ടി
"അച്ഛൻ പറഞ്ഞിട്ടാ ഞാൻ വന്നേക്കുന്നത്. ഇപ്രാവശ്യം കരോളിന് കപ്പ് നമ്മളടിക്കണം. ഡോളർസ് ചർച്ചിൻ്റെ പേരെഴുതിയ ട്രോഫി അരമനയിലെ കണ്ണാടികൂട്ടിൽ ഇരുന്ന് തിളങ്ങണം."
കപ്യർ ഒന്ന് നിർത്തി, എന്നിട്ട് പറഞ്ഞു.
"സംഭാഷണം എൻ്റെ അല്ല, അച്ഛൻ്റെയാ."
ഈനാശു നൂറിനെ നോക്കി.
നൂറ് ഈനാശുവിനേം നോക്കി.
തലകുനിച്ച് പറഞ്ഞു.
"ഞാൻ ഒന്ന് ആലോചിക്കട്ടെ കപ്യാരെ
കപ്യാരുടെ നിഴൽ പടി കടക്കുന്നത് ഈനാശു കണ്ടു. മുറ്റത്ത് ഈനാശുവും കസേരയും അവശേഷിച്ചു.
അന്ന് രാത്രി പുൽമൈതാനം മനസ്സിൽ വന്നില്ല വളർത്തിയതും ചത്തതും വന്നില്ല തൻറെ
ചെറിയ ആട്ടിൻകൂടും അവിടുത്തെ അന്തേവാസികളും മാത്രം. ഈനാശു എണ്ണി. ഒന്നു മുതൽ നൂറ് വരെ; നൂറ് മുതൽ ഒന്നു വരെ.
ഇരുട്ടിൽ തള്ളയുടെ മുല തപ്പി നടക്കുന്ന നൂറിനെ രണ്ട് കൈകൾ വന്നു കോരിയെടുത്തു തള്ളയുടെ അകിടിൽ വച്ച് കൊടുത്തു. നൂരിൻ്റെ പുറത്ത് തടവിക്കൊണ്ട് അവൾ, മറിയാമ്മ പറഞ്ഞു.
'ഇച്ചായാ പള്ളിയേം പട്ടക്കാരേം വെറുപ്പിച്ച് നിങ്ങള് എന്തിനുള്ള പുറപ്പാടാ മനുഷ്യാ.. വിശ്വാസികളെ വിട്. എൻറെ ആഞ്ചലീനകൊച്ച്. അവളെന്ത് പെഴച്ച്.കർത്താവിന് നെരക്കാത്തതാ കേട്ടാ. ഇനി വികാരിയച്ചൻ കൂടി നമ്മടെ മുറ്റത്ത് വന്നു കഴിഞ്ഞാൽ പിന്നെ ക്രിസ്ത്യാനികള് വേറെ ഈനാശു വേറെ, നാല് ആടുണ്ടെന്ന് വെച്ച് നിങ്ങള് കർത്താവൊന്നും ആവാൻ പോണില്ല.'
തൊമ്മി കരയുന്നതിന് മുന്നേ ഈനാശു ഉണർന്നു. മുറ്റത്തേക്കിറങ്ങി. കൂട്ടിലേക്ക് നടന്നു. നല്ല മഞ്ഞുണ്ടായിരുന്നു. നിലാവിൻ്റെ നേരിയ വെളിച്ചം കൂടിൻ്റെ വിടവിലൂടെ ഇറങ്ങി കൊച്ചുറാണിയുടെ പള്ളയിൽ ഉറങ്ങുന്നുണ്ടായിരുന്നു. അരികെ കിടക്കുന്ന നൂറിനെ ഈനാശു തലോടി, അവൾ കണ്ണുചിമ്മി എണീറ്റു ചെവിയാട്ടിക്കൊണ്ട് ഈനാശുവിന്റെ കയ്യിലേക്ക് വന്നു. പാതിമുറിഞ്ഞ സ്വപ്‌നത്തിൻ്റെ ആലസ്യം ആ കണ്ണുകളിൽ അയാൾ കണ്ടു.
'നിന്നോട് എന്തെങ്കിലും പറഞ്ഞോടി?"
ഒന്നു ചീറ്റി കൊണ്ട് അവൾ ഈനാശു നിൻറെ നെഞ്ചിൽ ചാഞ്ഞു. തൊമ്മി കരഞ്ഞപ്പോഴും പീലിപ്പോസ് വാതിലിൽ കുത്തിയപ്പോഴും കൊച്ചുറാണി കണ്ണുമിഴിച്ചു നോക്കുമ്പോഴും കുടിനു വെളിയിൽ ഈനാശു നിൽപ്പുണ്ടായിരുന്നു. അവരെല്ലാം ഈനാശുവിന്റെ നെഞ്ചിലെ നൂറിന്റെ ഉറക്കം നോക്കി നിന്നു. പെരുന്നാളിനുള്ള ആളുണ്ടാവും കരോൾ കാണാൻ. ഒരു ഗ്രാമം മുഴുവൻ ബാൻഡ് മേളത്തിൻ്റെ താളത്തിനൊത്ത് പള്ളിയിലേക്ക് നടന്നു. കപ്പേള മുതൽ പള്ളി വരെ നീളുന്നു ബൾബുകളും തോരണങ്ങളും
'കുന്തക്കാരനെപ്പിടിച്ച് കർത്താവാക്കാൻ നോക്കിയാൽ ഇങ്ങനെയിരിക്കും. എന്നാലും നിനക്ക് എങ്ങനെയാട ജോസേ കർത്താവിൻ്റെ വേഷം കെട്ടാൻ തോന്ന്യേ? നല്ല മുത്ത സാനം അടിച്ചാ ചിലർക്ക് ദൈവവിളിയൊക്കെ വരും. നാളെ ലോഹയിൽ കാണേണ്ടി വരോ ജോസേ...
മടലാൻ നിർത്തിയില്ല
"ജോസച്ചൻ.. ഹ്മ്.. പിന്നെ ഞാൻ പള്ളിയിൽ കാലെടുത്തു കുത്തില്ല. പനിനീരിന് പകരം നീ..."
മടലാൻ പൊട്ടിച്ചിരിച്ചു അയാൾ അങ്ങനെയാണ്. നാടകത്തിലായാലും ജീവിതത്തിലായാലും പത്താൾടെ സംഭാഷണം ഒറ്റയ്ക്ക് പറയും
ഒറ്റ വലിയും ഒരു തുപ്പും അതാണ് മടലാൻ്റെ ശീലം. തുപ്പുമ്പോ ഇതുപോലെ പുളിച്ച എന്തേലും കൂടെ തുപ്പണം. എന്നാലേ തരിപ്പ് കേറു. കുന്തക്കാലിൽ ഇരിക്കുന്ന കർത്താവ് ജോസ് കയ്യിലെ മദ്യം ഒറ്റവലിക്ക് തന്നെ അകത്താക്കി. ഇക്കുറി ജോസ് ചീറ്റി
"ഇപ്രാവശ്യം കൂടെ ജോസ് തോറ്റാ... ബാക്കി നീ കണ്ടോ.
കപ്യാര് വേഗത്തിൽ നടന്നു വരുന്നത് കണ്ടപ്പോൾ ജോസ് ഒരു ബീഡി കത്തിച്ചു.
"ഒരെണ്ണം ഒഴിയടാ ജോസേ."
കപ്യാര് തിടുക്കം കൂട്ടി വെള്ളം ചേർക്കാത്ത അര ഗ്ലാസ് മദ്യം മടലാൻ കപ്യാരുടെ കയ്യിൽ വെച്ചുകൊടുത്തു.
"വണ്ടീം കുന്തക്കാരും മാലാഖമാരുമൊക്കെ കർത്താവിനേം കാത്ത് മഞ്ഞുകൊണ്ട് നിപ്പൊണ്ട് നീ വേഗം ചെല്ല്.'
തിരുവസ്ത്രം കൊണ്ട് ചിറി തുടച്ചു പോകുന്നതിനിടയിലാണ് ജോസ് അത് കണ്ടത്.
"ഇതെന്താ കപ്യാരെ കയ്യില്?"
"അയ്യോ വന്ന കാര്യം മറന്നു ഇടയനില്ലാത്ത കർത്താവിന് മുൾക്കിരീടം തന്നെ ധാരാളം."
മദ്യം ഒരു ഇറക്കിറക്കി കപ്യാര് കൂട്ടിചേർത്തു
"സംഭാഷണം എന്റെയല്ല അച്ഛൻ്റെയാണ്."
കപ്യാര് തന്നെ ജോസിൻ്റെ തലയിൽ മുൾക്കിരീടം ചാർത്തി കൊടുത്തു. ജോസ് നിന്നു വിറച്ചു. തൻറെ കയ്യിൽ ഒരു ചാട്ടവാർ ഉണ്ടായിരുന്നെങ്കിലെന്ന് അപ്പോൾ അയാൾ ചിന്തിച്ചിരിക്കാം. മാലാഖമാരുടെ കൂട്ടത്തിൽ ആഞ്ചലീനയും ഉണ്ടായിരുന്നു. സിൽക്ക് പതിപ്പിച്ച വെള്ള ഉടുപ്പും കയ്യിൽ നക്ഷത്രക്കോലും കുഞ്ഞിച്ചിറകുകളും ഉള്ള ആഞ്ചലീന!
കരോൾ തുടങ്ങാറായി എല്ലാ സെറ്റുകളും പള്ളിമുറ്റത്ത് നിരന്നു അവിടം ജനസാഗരമായി ബാൻഡ് മേളത്തെ നിശബ്ദമാക്കികൊണ്ട് ഒരു കാലൊച്ച അടുത്തുവന്നു. നാട്ടുകാരെല്ലാം അങ്ങോട്ടേക്ക് നോക്കി. നൂറിനെ ചേർത്തുപിടിച്ച് പതിഞ്ഞ കാലൊച്ചയോടെ നടന്നുവരുന്ന ഈനാശുവിനെ കണ്ട് ജനം രണ്ടു ഭാഗത്തേക്ക് വഴിമാറിക്കൊടുത്തു. അവർക്ക് നടുവിലൂടെ ഈനാശു പള്ളിമുറ്റത്തേക്ക് നടന്നു.നൂറിനെ ആഞ്ചലീനയുടെ കയ്യിൽ കൊടുത്തു അവൾ നൂറിനെ വാങ്ങി, ചേർത്ത് പിടിച്ചു.ജോസ് മുൾക്കിരീടം വലിച്ചെറിഞ്ഞു. ഈനാശു നടന്നകന്നു. ജനം ശാന്തമായി.
പിറ്റേന്ന് നേരം പുലർന്നതും ഇരുട്ടിയതും ഈനാശു അറിഞ്ഞില്ല. കാരണം അയാൾ നൂറിനെ അന്വേഷിച്ചുള്ള ഓട്ടത്തിലായിരുന്നു.
നൂറിനെ കാണാതായ വിവരം നാട്ടുകാരറിഞ്ഞു അവരും തിരച്ചിൽ തുടങ്ങി. മലയിടുക്കുകളിലും പൊന്തക്കാടുകളിലും കിണറ്റിലും പള്ളിമേടയിലും എന്തിന്, ആളുകളുടെ കണ്ണുകളിൽ വരെ നൂറിനെ തിരഞ്ഞു.
മലമുകളിൽക്കയറി ഈനാശു താഴേക്ക് നോക്കി തൻ്റെ ഗ്രാമം മുഴുവൻ അയാൾ കണ്ടു ഇടവഴികളും ചാലുകളും വെള്ളക്കെട്ടുകളും നാരായണൻ്റെ തൊടിയും അങ്ങിങ്ങായി ടോർച്ച് വെട്ടവും എല്ലാം ഈനാശു കണ്ടു.
"നൂറേ..
ഈനാശു അലറിവിളിച്ചു മലയുച്ചിയിൽ നിൽക്കുന്ന ഈനാശുവിനെ കണ്ട് നാട്ടുകാരിൽ ചിലർ അങ്ങോട്ട് ചെന്നു.
"തൂക്കു മല തൊട്ട് മുങ്ങാലിപ്പുഴ വരെ നോക്കി. ഇനി നീന്തി നോക്കണോ? നൂറ് ഇവിടില്യ ഈനാശ്വേ...
ഈനാശു മലയിറങ്ങി. വീട്ടിൽ കയറുന്നതിനു മുമ്പ് കുട്ടിലേക്ക് നോക്കി.കൊച്ചുറാണി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. തൊമ്മി കരഞ്ഞു; നേരം പുലർന്നു. പുൽക്കൂട് കെട്ടുന്നതിലും ഉണ്ണിയേശുവിന്റെ ജനനത്തിലും നൂറിനെത്തേടിയുള്ള അലച്ചിൽ മുങ്ങിപ്പോയി. ക്രിസ്മസ് രാത്രി അവർ പള്ളിയിൽ ഒത്തുകൂടി മുട്ടിപ്പായി പ്രാർത്ഥിച്ചു ഓരോ വീട്ടിലും വൈൻ ഭരണികൾ തുറന്നു കേക്ക് മുറിച്ചു. മദ്യം നുകർന്നും പകർന്നും അവർ ഉണ്ണിയേശുവിനെ സ്വാഗതം ചെയ്തു. മാസങ്ങൾ കടന്നുപോയി. നാട് നൂറിനെ മറന്നു. ഈനാശു തന്റെ ആടുകളെയെല്ലാം വിറ്റു നാരായണൻ്റെ തൊടിയിലെ പ്ലാവില തിന്നുമ്പോൾ അവർ പഴയ യജമാനനെ ഓർക്കാതിരിക്കില്ല. ഒരു നിമിഷമെങ്കിലും കൂടുമാറി കെട്ടിയതിനെപ്പറ്റി അവർ മറന്നു പോയിരിക്കും. അതുകൊണ്ടുതന്നെയാണ് ലാഭം നോക്കാതെ അവരെ നാരായണന് തന്നെ കൊടുത്തത്.
വീണ്ടും മഞ്ഞു വീണു തുടങ്ങി. ഈസ്റ്ററിന് നിറച്ചുവെച്ച വൈൻ ഭരണികളിലേക്ക് വീട്ടമ്മമാരുടെ നോട്ടം എത്തി, ഈനാശു കണ്ണുകളടച്ചു. ഉറങ്ങാൻ വേണ്ടി ആടുകളെ എണ്ണുന്ന പതിവ് ഇപ്പോഴും അയാൾ തുടരുന്നുണ്ട്. നൂറെത്തും മുമ്പേ അയാൾ ഉറങ്ങിപ്പോവും. പക്ഷെ ഇപ്പോൾ മനസ്സിൽ കൊച്ചുറാണിയും അന്നയും തൊമ്മിയും പീലിപ്പോസുമൊന്നും വരാറില്ല. കുട്ടിരോമങ്ങളുള്ള സാക്ഷാൽ ചെമ്മരിയാടുകളെ അയാൾ കണ്ടുതുടങ്ങി. അവ മുട്ടിയിരുമ്മി നടക്കുമ്പോൾ രോമങ്ങൾ കാറ്റിൽ പറന്നു. കമ്പിളിക്കുള്ളിൽക്കിടന്ന് അയാളുടെ ചുണ്ടുകൾ അനങ്ങി. ചാടിത്തുള്ളാതെ ശാന്തരായി നടക്കുന്ന ചെമ്മരിയാടുകളെ അയാൾ എണ്ണി. അമ്പതും അറുപതും കഴിഞ്ഞു. പതിവില്ലാത്തതാണ്; 20 വരെ എണ്ണുമ്പോഴേക്കും അയാൾ ഉറങ്ങുമായിരുന്നു. എഴുപതും എൺപതും കഴിഞ്ഞ് തൊണ്ണൂറിലെത്തി. ഈനാശു വിയർക്കാൻ തുടങ്ങി, നെഞ്ചിടിപ്പ് വേഗത്തിലായി, കൈകാലുകൾ തളർന്ന് തൊണ്ടയിലെ വെള്ളം വറ്റിത്തുടങ്ങുമ്പോഴും ആ ചുണ്ടുകൾ മൗനമായി ചലിച്ചു.
'തൊണ്ണൂറ്റിയൊമ്പത്
ആകാശത്തിനു താഴെ, കാറ്റിൽ പറക്കുന്ന കട്ടി രോമങ്ങൾക്കും താഴെ വലിയ പുൽമൈതാനത്ത് തൊട്ടുരുമ്മി നടക്കുന്ന ചെമ്മരിയാടുകൾക്കിടയിലൂടെ ചാടിത്തുള്ളി ഒരു കുഞ്ഞാട് പുറത്തേക്ക് വന്നു. അവളുടെ കണ്ണുകളിൽ ഒരു ഗ്രാമത്തിന്റെ വിശുദ്ധിയുണ്ടായിരുന്നു. അവളെ തൊടുന്ന മറ്റ് ആടുകളെല്ലാം ഒരു കൊച്ചു മാലാഖയുടെ
നെഞ്ചിലെ ചൂടറിഞ്ഞു, അവർ അവളെ അനുഗമിച്ചു അവിടത്തെ ആട്ടിൻപറ്റങ്ങൾക്കെല്ലാം അപ്പോൾ കറുകപുല്ലിൻ്റെ മണമായിരുന്നു.
ഈനാശു മരിച്ചു. വേണ്ടപ്പെട്ട 'മനുഷ്യർ' എന്ന് പറയാൻ ഈനാശുവിന് ആരുമുണ്ടായിരുന്നില്ല. പള്ളിസെമിത്തേരിയിൽ പേരെഴുതിയ കല്ലറയും ഉണ്ടായില്ല. ചുരുക്കം ചില പേർ അവിടെ കൂടിയിരുന്നു. കുഴി വെട്ടുകാരൻ മേൽമണ്ണ് തുമ്പ കൊണ്ട് ഇടിച്ചു നിരപ്പാക്കുമ്പോഴേക്കും അവർ തങ്ങളുടെ വീടുകളിൽ എത്തിയിരുന്നു. പാതിരാകുറുബാനയ്ക്ക് ജനം പള്ളിയിലേക്ക് നടന്നു. അച്ഛൻ പ്രസംഗം തുടങ്ങി.
കപ്യാര് അരികിലായി നിൽപ്പുണ്ടായിരുന്നു. പള്ളിയ്ക്കകത്തെ ചുമർചിത്രങ്ങളിൽ നോക്കിക്കൊണ്ട് നിന്ന ആഞ്ചലീനയെ അമ്മ ശകാരിച്ചു അവൾ കൈകൂപ്പി അച്ഛൻറെ പ്രസംഗം കേട്ടു. ഉറങ്ങിപ്പോവാതിരിക്കാൻ അവൾ പ്രയാസപ്പെട്ടു. പ്രാർത്ഥന തുടങ്ങി. ഇടവകയിൽ കല്യാണം വൈകുന്നവർക്കും രോഗശയ്യയിൽ കിടക്കുന്നവർക്കും മദ്യപാനത്തിന് അടിമപ്പെട്ടവർക്കും മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും അങ്ങനെ ഇടവകയിലെ എല്ലാ കുഞ്ഞാടുകൾക്ക് വേണ്ടിയും അപേക്ഷിച്ചു
"ഈനാശു മറിയാ ഔസേപ്പേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ...
ജനം പ്രാർത്ഥന ഏറ്റു ചൊല്ലി.
"ഈനാശു മറിയാ ഔസേപ്പേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ "
മൂന്നാവർത്തി അച്ഛനും പിന്നെ ജനങ്ങളും അത് ഏറ്റുചൊല്ലി നാലാംവട്ടം അച്ഛൻ ഈനാശുവിൽ നിർത്തി.
വിശ്വാസികളും നിർത്തി.
അച്ഛൻ കപ്യാരെ നോക്കി
വിശ്വാസികൾ പരസ്‌പരം നോക്കി
ആഞ്ചലീന ചുമരിലെ ചിത്രത്തിലേക്ക് വീണ്ടും നോക്കി, കർത്താവ് യേശുക്രിസ്‌തു ചേർത്ത് പിടിച്ചിരിക്കുന്ന കുഞ്ഞാടിനെ തൊടാൻ അവളുടെ കൈകൾ നീണ്ടു.
ആ രാത്രി പള്ളിക്കകത്ത് വെച്ച് തങ്ങൾക്കുണ്ടായ അമളിയെപ്പറ്റി അവർ പിന്നീട് സംസാരിച്ചില്ല അത് ആ ഗ്രാമത്തിൻ്റെ രഹസ്യമായി അവർ സൂക്ഷിച്ചു.