മാർജാരം

രജീഷ് ബാല

11/22/20251 min read

വല്ലാത്ത ജന്തുവാണ് നീ,

എത്ര ദൂരെക്കൊണ്ടോയ്

പിന്നേം വലിച്ചെറിഞ്ഞിട്ടും

കട്ടിച്ചണച്ചാക്കിന്റെ

കടുംകെട്ട് കടിച്ചഴിച്ച്

മുനകൂർത്ത തേറ്റമിനുക്കി,

വഴിയൊട്ടുമേതെറ്റാതെ

ഓരോ തവണയും വന്ന്

നീയിറുക്കിയമർത്തി

നിറവും രൂപവും മാറിയ

ഇടംകാൽ ചെറുവിരൽ

കടിച്ചീമ്പി രുചിക്കുന്നു.

നടന്ന വഴിയും ജനാല വഴി

പിടിച്ചുകയറിയ ചുമരും

നിന്റെ കാൽചിത്രം പേറുന്ന

കാൻവാസാക്കുന്നു.

എന്റെ കിടക്കയും ചാരുകസേരയും

വല്യപ്പാപ്പൻ തീർപ്പിച്ച

കരിവീട്ടിമേശയും

അതിക്രമിച്ച് കയ്യേറുന്നു.

ഗസയിൽ ഇസ്രയേലെന്നപോലെ

എന്നെ മായ്ച്ചുകളഞ്ഞ്

നിന്റെ ചൂര് ബാക്കിയാക്കുന്നു.

നീ പോറി, മെല്ലെയുണങ്ങിയ

നെഞ്ചിലെ മുറിവിൽ

വീണ്ടുമധികാരക്കമ്പുനാട്ടി

നഖമുനയാഴ്ത്തി ചോര നീറ്റുന്നു.

ഒടുവിലൊന്നുമേയറിയാത്ത

പാൽകുഞ്ഞിനെപ്പോലെ

രോമക്കുപ്പായമിളക്കി,

നന്നേ നനുത്ത മീശരോമം

ദേഹത്തോടിട്ടുരസി,

ഉള്ളാലൊരു വിറയലേറ്റി

വെള്ളമങ്ങിയ ചുമരിലെ

കാല്പാടുകളിലിൽ

രണ്ടുജോഡി കൂടിച്ചേർത്ത്

ഉത്തരത്തിലൂടെ എങ്ങാണ്ടോ

കാണാതെ പോകുന്നു.

ധർമാശുപത്രിയിൽ ഇൻജക്ഷനുണ്ട്,

മൂന്നാഴ്ച കുത്തിവയ്ക്കണം.

ഓർമയുടെ ഞരമ്പിൽ

നിന്റെ ചുണ്ടുകൊണ്ടേൽപിച്ച

പെരുംനോവിനാൽ മാത്രം

പടർന്ന പ്രേമാണുക്കളിൽനിന്ന്

രക്ഷപ്പെടണമല്ലോ...