പെറ്റ ആടിന്റെ മണം

സരുൺ നാറാത്ത്

11/22/20251 min read

കാച്ചിയ എണ്ണതേച്ച്

കുളിച്ചാലും,

തുലാത്തിൽ പെയ്ത മഴ

ഇടതടവില്ലാതെ നനഞ്ഞാലും

പെറ്റ ആടിന്റെ ചൂരുമണം

അമ്മേന്റെ മേല്

പൊതിഞ്ഞുനിൽക്കും...

അടുക്കളക്കോലായീന്ന്

'അമ്മിണി'യേന്ന്

നീട്ടിവിളിക്കുമ്പം

'മ്മേ'ന്ന് കരയണ

എട്ടാമത്തെ അത്ഭുതമാണ്

പെരേലെ ആട്.

ഒമ്പതാമത്തേത് അമ്മയാണ്.

ആടിന്റെ പേറടുക്കുമ്പം

അമ്മായമ്മേന്റെ വേവലാതി

അമ്മേന്റെ കിതപ്പില് കേൾക്കും...

പേറെടുക്കുന്ന

വയറ്റാട്ടീന്റെ കരുതല്

കണ്ണിലും കാണാം...

മുഴുക്കോലടി നീളമുള്ള അമ്മ

ആടിന്റെ പേറെടുത്തും,

അവറ്റേളെകൂടെ

നടന്നും, നടത്തിയുമാണ്

ഇക്കാലമത്രയും

നേരം തള്ളിച്ചത്.

ഇന്നലെ റോഡരികിൽ

ഒരാടെന്നെ നോക്കി

അയവിറക്കി.

അമ്മേന്റെ അതേ മുഖം

നീണ്ട മൂക്ക്...

മെല്ലിച്ച കാല്...

വറ്റിയ മുലകൾ...

മുന്നോട്ടേക്ക് ഞാന്ന പല്ല്...

ഞാൻ അടുത്തുചെന്ന്

മണത്തുനോക്കി...

അതെ,

ആടിന്

അമ്മേന്റെ

അതേ... മണം.