1.
ചില യാത്രകൾ
ചിലരെ ഓർമിപ്പിക്കുന്നതാവും.
ചിലതൊക്കെ ചിലരെമറക്കുന്നതും.
തീവണ്ടി വളവ് തിരിഞ്ഞ്
പാലത്തിലേക്ക് കേറുമ്പോൾ
ചൂളം വിളിക്ക് ഒപ്പം
ഓർമകൾ പാഞ്ഞെത്തും.
അവയെ പിടിച്ചു
നിർത്താനാവാതെകാറ്റ് വലയും.
ചുവപ്പും പച്ചയുമറിയാതെ
പാളം തെറ്റി ഓടുന്നൊ രോർമയാണ്
എനിക്കവൾ.
2.
ജനാലക്കരികിലാണ്,
അസ്തമയ സൂര്യൻ്റെ
ചുവപ്പുരാശി പടർന്ന
ചെമ്പൻ മുടിയും,
കറുത്തു തുടുത്ത കവിളുകളും ,
കണ്ണിൽ പ്രകാശവുമുള്ള
ആ പെൺകുട്ടി ഇരിക്കാറുള്ളത്.
സ്ഥിരം ഒരേ ഇടം സ്വന്തമാക്കുന്ന
ചെപ്പടി വിദ്യ അവളെങ്ങനെ പഠിച്ചാവോ?
പാലത്തിന്മേലോടുന്ന തീവണ്ടിയിൽനിന്ന്
പുഴയിലേക്ക് അടക്കാനാവാത്ത
ആർത്തിയോടെ നോക്കുന്നയൊരുവൾ.
ഒഴുകുന്ന ജലത്തിന് അവളോടും അവൾക്ക് തിരിച്ചും പ്രേമമായിരുന്നോ?
പുഴയിലേക്ക് നോക്കാതെ
ഞാനവളെ തന്നെ നോക്കിയിരിക്കുന്നു.
അവളുടെ കണ്ണിലെ പ്രകാശം
എൻ്റെ കണ്ണിൽ കുത്തുന്നു.
3.
അന്നൊരു വൈകുന്നേരം
വാതിലിനരികിൽ, പുഴയിലേക്ക് ചാടാൻ
പാകത്തിനവൾ നിന്നു.
മഴക്കാറുണ്ടായി രുന്നതിനാൽ
അന്തരീക്ഷം ഇരുണ്ടു,
ഒപ്പം അവളുടെ കണ്ണുകളും.
കണ്ണെടുക്കാതെ ഞാനാ
കണ്ണുകളിൽ നോക്കി.
പൊടുന്നനെ അവളെ കാണാതായി.
കംപാർട്ട്മെൻ്റിലാകെ ബഹളം
ആളുകൾ നിലവിളിക്കുന്നു,
ചെയിൻ വലിക്കുന്നു,
പുഴയിലേക്ക് എത്തി നോക്കുന്നു.
മരവിച്ചുപോയ എൻ്റെ നോട്ടം
പതിയെ പതിയെ പുഴയിലേക്കാവുന്നു.
അവിടെ നിന്നും വരുന്ന പ്രകാശം
എൻ്റെ കണ്ണിൽ കുത്തുന്നു.
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
5.
ചൂളം വിളിക്കൊപ്പം കണ്ണുകളടച്ച്
ഞാനവളെ ഓർക്കുന്നു.
ആ കണ്ണുകളി lലെ പ്രകാശമറിയുന്നു.
ഞാൻ തനിച്ചല്ലേ അവളും തനിച്ചല്ലേ
അടിത്തട്ടിൽ ചെന്ന് അവളെ
തന്നെ നോക്കിയിരുന്നാലോ?
പിന്നെ സമാധാനിക്കും
ഓർമയുടെ ഞരമ്പുകൾ
സദാ തുടിക്കുന്നയീ
ജീവിതയാത്രയി ൽ
തനിച്ചായി പോകുന്നവർ
തനിച്ചേയല്ല.
4.
കണ്ണുകൾ തുറന്നപ്പോൾ
തീവണ്ടി പുഴയുടെ അടിത്തട്ടിലുള്ള
പാറമേൽ തട്ടി നിൽക്കുന്നു.
തീവണ്ടിയും ഞാനും അവളും.
മൂന്ന് ലോകങ്ങൾ പോലെ.
തീവണ്ടി ചൂളം വിളിച്ച് പിന്നോട്ട് നീങ്ങി.
ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി നിന്നു
യുഗയുഗാന്തരങ്ങളോളം.
