1
സ്നേഹത്തിന് വേണ്ടി
പലരുടെ കൂടെയുംപോയ
ഒരു കുട്ടിയുണ്ടായിരുന്നു.
ചിലർ ആ കുട്ടിക്ക് മിഠായി
മേടിച്ചുകൊടുത്തു
മിഠായി തിന്ന് കുട്ടിയുടേത്
അമ്മ പറഞ്ഞപോലെ
പുഴുപ്പല്ലായില്ല
സ്നേഹത്തിന് വേണ്ടി
പലരുടെയും കൂടെ പോയ കുട്ടിക്ക്
മിഠായിയുടെ കൂടെ പക്ഷെ
സ്നേഹം കിട്ടിയില്ല
2
സ്നേഹത്തെ തൊടാൻ പറ്റുമോ..?
കുട്ടി തൊട്ടുനോക്കി
സ്നേഹത്തിന് അനക്കം
കുട്ടിക്ക് പേടി തോന്നി
3
ഇരുട്ടിൽ
സ്നേഹം
കുട്ടിയെ
കിടക്കയിൽ മുള്ളിച്ചു
ഇരുട്ടിൽ സ്നേഹം കുട്ടിയെ
ശ്വാസം മുട്ടിച്ചു
കുട്ടിക്ക് കരച്ചില് വന്നു
കുട്ടി നിർത്താതെ കരഞ്ഞു
കരച്ചിൽ നിർത്തും വരെ കുട്ടിയെ
അച്ഛൻ തല്ലി
കുട്ടി പിന്നെ കരഞ്ഞില്ല.
4
ആ കുട്ടിയെ എനിക്കറിയാം
സ്നേഹത്തിന് വേണ്ടി
ആ കുട്ടി ഇപ്പോഴും
ഓടുന്നുണ്ടാകണം
തട്ടി വീണാലും,
മുട്ടുരഞ്ഞാലും,
ചോര വന്നാലും
സ്നേഹത്തിന് വേണ്ടി
ആ കുട്ടി ഇപ്പോഴും
ഓടുന്നുണ്ടാകുമെന്ന് തീർച്ച
ആ കുട്ടിയെ എനിക്കറിയാം.

എനിക്ക് അറിയാം ആ കുട്ടിയുടെ വീർപ്പുമുട്ടൽ 🌺