കുടുംബകോടതി Poem By ഡോ. സജീഷ് രാജ്

വെള്ളാരം കല്ലുകൾ മിന്നിത്തിളങ്ങുന്ന
മരതക മാമരചില്ലകൾക്കുപിന്നിൽ
വൈഡൂര്യം ചാർത്തിയ തങ്കമാനം
വെള്ളകീറി.
ഇന്നാണ് അവസാനവിധി
ചെങ്കല്ല് പാകിയ കോടതിക്ക്
മുന്നിലതാ കറുത്ത കാർ പൊടി തൂകിവന്ന് ചുമച്ചുനിന്നു.
ഇളകിയ കണ്ണട തൊടുവിരലാൽ ഉറപ്പിച്ചു
ന്യായാധിപൻ പീഠത്തിലേക്ക് നടന്നടുത്തു.
വിറയാർന്ന ഹൃദയത്തിൽ മധുരമാമോർമകൾ ചെറുചോര പൊടിഞ്ഞുലഞ്ഞുനിന്നു.
ഉള്ളിലെവിടുന്നോ ഒരുൾവിളി
ഉരുണ്ടുമറിഞ്ഞു പിടഞ്ഞെണീറ്റു
“അമ്മു, നീ എന്തിനു പോയി..?”
കാറ്റേറ്റ് പറക്കുന്ന കരിങ്കോട്ടിന്റെ
മുന്നിലതാ വാക്കുകൾ മണിക്കൂറുകൾ
കൊമ്പുകോർത്തു.
ഒടുവിലവസാനം ഒരു കോളവും കാണിച്ചിട്ടവരരുളി പിരിയാൻ ഒരു കയ്യൊപ്പ്
പതിക്കുവെന്ന്.
ഇരുപത് വർഷങ്ങൾക്ക് മുന്നേ പതിച്ചൊരു ഒപ്പിന്റെ മുന്നിൽ ഇരുന്നൂറാളുകൾ
കുരവയിട്ടിരുന്നു അത്രേ…

ഇപ്പോളിതാ ഇരുകയ്യും
ശൂന്യമായംഗുലീയവും
നിറഞ്ഞൊരു ഹൃദയവും പേറി പടവുകൾ
കടക്കുമ്പോൾ
അവളോ കിട്ടിയ നോട്ടുകെട്ടുകൾക്ക്
മീതെ ചിരി തൂകിനിന്നു പുളകമണിഞ്ഞു.
അങ്ങകലെ രണ്ട് ചെറു മിഴികള് മാത്രം അകലുന്ന എന്റെ തനുവിലുടക്കി.
മറഞ്ഞ വേദനയാൽ ഉലഞ്ഞ മിഴികളിൽ
കൊടും താപമേറ്റ് ബാഷ്പം പൊഴിച്ചവ
എന്റെ നെഞ്ചിലെ ചൂടിൽ വളർന്നൊരാ ചുണ്ടുകൾ ഉറക്കെ വിതുമ്പി;
“അച്ഛാ… അച്ഛാ…”


Leave a Comment

Your email address will not be published. Required fields are marked *