ജലത്തിൻ്റെ ഓർമ്മ Short story by ആര്യ അരവിന്ദ്

ജലത്തിൻ്റെ ഓർമ്മ Short story by ആര്യ അരവിന്ദ് PEN by Aura

ജലത്തിൻ്റെ ഓർമ്മ Short story by ആര്യ അരവിന്ദ്

തുണ്ടത്തിൽ കിണറുകുത്താൻ ആർക്കും താൽ പര്യമുണ്ടായിരുന്നില്ല. മാധവന്റെ, മൂന്നാണ്മക്കളും കൺവെട്ടത്ത് പാർക്കണമെന്ന അന്ത്യശ്വാസം ജലക്ഷാമത്തിന് ഇടയാക്കി. സുധനും വിനയനും അജയനും അവരവർക്ക് വീതംകിട്ടിയ ഭൂമിയിൽ മുട്ടക്കാട്ടൻ ഓരോ പെര പണിതു. കൂടെ ആഴത്തിൽ ഓരോ കിണറുകൾ കുഴിക്കുകയും വെള്ളം വറ്റിയ ആറാം മാസം പാറ പൊട്ടിച്ച് ആഴം കൂട്ടുകയും ചെയ്തു. ഫലം കാണാഞ്ഞ് അജയൻ ഒരു കുഴൽക്കിണറുകൂടി കുത്തിയെങ്കിലും ടാങ്കുകളിലേക്ക് തുള്ളിക്കയറിയ കഠിനജലം ഫിൽറ്ററുകളെ പൂർണമായി അനുസരിച്ചില്ല. ടൈലുകളിലും സിങ്കുകളിലും പൈപ്പുകളിലുമെല്ലാം വെള്ളപ്പാണ്ട്, പെരയ്ക്കകത്തും കറിക്കകത്തും മുഴുവൻ പെണ്ണുമ്പിള്ളമാരുടെ മുടിയിഴകൾ, കെട്ടിയവന്മാർക്ക് നെറ്റി കേറുന്നുണ്ടോന്ന് സംശയം, ചാറ്റ് ജിപിറ്റിയിൽ കിഡ്നി സ്റ്റോണിനുള്ള സാധ്യത, പിള്ളേർക്കാണെങ്കിൽ മേലുമൊത്തം ചൊറിച്ചിലും കൂടെയായപ്പോൾ തുണ്ടത്തിൽ കിണറു കുത്താതെ നിവൃത്തിയില്ലെന്നായി.

‘ചാച്ചനൊണ്ടാരുന്നേൽ ഇതിനൊരിക്കലും സമ്മതിക്കുവേലാരുന്നല്ലയോടാ?’-
സുധൻ ചോദിച്ചു.

‘നമ്മളെന്നാ ചെയ്യാനാ ചേട്ടായി വെള്ളമില്ലാതെ ജീവിക്കാനൊക്കുവോ? ഒണ്ടാരുന്ന നല്ലൊന്നാന്തരം പെരേം ഇട്ടേച്ച് ചാച്ചന്റെ ഇഷ്ടത്തിനല്ലേ നമ്മളിവിടെ അടുപ്പുകല്ലുപോലെ വന്നു കെടക്കുന്നെ..?’

അജയൻ പ്രതിവചിച്ചു.
വിനയൻ്റെ വക, അതെയെന്ന് തല കുലുക്കിക്കൊണ്ട് ‘സ്ഥാനം കാണാൻ രാമ്പണിക്കനോട് വരാമ്പറയാ’മെന്ന മറുപടി. പറമ്പ് മുഴുവൻ ഒറവേം, ഒറവ വെള്ളം ഒഴുകിയുണ്ടായ കൈത്തോടുകളുമുള്ള രണ്ടുതൊട്ടി*1 ഇരുപത്തിനാല് സെൻ്റാണ് തുണ്ടത്തിൽ പറമ്പ്. അത് മാധവൻ മക്കൾക്കാർക്കും വീതിച്ചിട്ടില്ല. വീതംവച്ച സമയത്ത് അജയൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ‘ആധാരം കളഞ്ഞുപോയടാ… തക്കാലം അതവടെ കെടക്കട്ടെ’ എന്നാണ് മാധവൻ പറഞ്ഞത്. അല്ലെങ്കിലും ആ വെള്ളക്കുഴിയിൽ ആർക്കും കണ്ണില്ലായിരുന്നു.

സുധൻ്റെ തീരെ ചെറുപ്പത്തിലെ ഓർമയിൽ അവിടെ ഒരു കിണർ ഉണ്ടായിരുന്നു. കുര്യാമ്പാലപ്പറമ്പിൽ വീടുണ്ടായിരുന്ന കുട്ടായിയോടും കുട്ടനോടുമൊപ്പം ചുറ്റും കെട്ടി കേറാത്ത ആ കിണറ്റിൽ ചാടി നീന്തുന്ന ഒരോർമ അയാൾക്കുണ്ട്. ഓർമയിലെല്ലാം കിണറു തുളുമ്പി വെള്ളമുണ്ടായിരുന്നു. അതിനാൽ അതൊരു കിണറാവില്ല കുളമായിരിക്കുമെന്ന് സുധൻ സ്വയം തിരുത്തുന്നു. പലപ്പോഴായി ഇക്കാര്യം വീട്ടിൽ ചോദിച്ചപ്പോഴൊക്കെ മാധവൻ ‘കെണറോ?… അവിടെയോ?..’ എന്നൊക്കെയാണ് മറുപടി കൊടുത്തത്.

ചെറുപ്പത്തിലെ തോപ്രാംകുടിക്ക് കുടുംബത്തോടെ കുടിയേറിപ്പോയ ആ കൂട്ടുകാരെ എന്നെങ്കിലും കാണുകയാണെങ്കിൽ സംശയനിവാരണം നടത്തണമെന്ന് സുധൻ ആഗ്രഹിക്കുന്നു. ഫേസ്ബുക്ക് എടുത്തപ്പോഴേ അവരെ കണ്ടെത്താനായിരുന്നു അയാൾക്ക് തിടുക്കം. എന്നാൽ അവരുടെ യഥാർത്ഥ പേരുകൾ സുധനറിയില്ലായിരുന്നു. നാട്ടിൽ നിന്ന് കുടിയേറിപ്പോയവരൊക്കെ വല്ലപ്പോഴും തിരിച്ചുവരാറുണ്ട്. അതുകൊണ്ട് തന്നെ അവരുമായെല്ലാം ഫോൺ ബന്ധങ്ങളുണ്ട്. കല്യാണം, ചാവ് തുടങ്ങിയവ അറിയിക്കുകയും വന്നു പോകുകയും ചെയ്യാറുണ്ട്. കൂട്ടായിക്കുട്ടന്മാരെക്കുറിച്ച് മാത്രമാണ് ഒരു വിവരവുമില്ലാത്തത്.

ഒമ്പതുകഴിഞ്ഞ വേനലവധിക്ക് വായനശാലയിലെ വർത്താനത്തിനിടെ ‘തുണ്ടത്തിലൊരു വറ്റാത്ത കന്നിക്കെണറൊണ്ടാരുന്നെന്നും ‘ ഇന്നാളെങ്ങാണ്ട് നിൻ്റപ്പന് മൂപ്പു കേറിയത് മൂടിക്കളഞ്ഞെ’ന്നും ചാക്കോച്ചേട്ടായി സുധനോട് പറഞ്ഞു. ‘തുണ്ടത്തിപ്പറമ്പി കെണറൊണ്ടാരുന്നെന്ന് ചാക്കോച്ചേട്ടായി പറഞ്ഞല്ലോ’യെന്ന് വീട്ടിൽ വന്ന് കൗമാരസുധൻ പല തവണ ആവർത്തിച്ചു. ‘പണ്ട് കുട്ടൻ്റെം കൂട്ടായീടെം കൂടെ ഞാനാ കെണറ്റിച്ചാടി കളിച്ചിട്ടുവൊണ്ടല്ലോ? അവര് തിരിച്ചുവന്നിരുന്നെങ്കി ഞാൻ ചോദിച്ചേനെ… അവര് മാത്രം എന്നാ ഇതുവരെ തിരിച്ചൊന്ന് വരുകപോലും ചെയ്യാത്തതെന്ന് വീണ്ടും തിരക്കി.

മാധവൻ ക്ഷിപ്രകോപിയായിരുന്നു. ഒരു കാര്യം മൂന്നുവട്ടത്തിൽ കൂടുതൽ ആവർത്തിക്കാനുള്ള ക്ഷമയില്ലാത്ത മനുഷ്യൻ. ഉത്തരം പറഞ്ഞു സഹികെട്ട് കലികേറിയ മാധവൻ അടുപ്പിൽ തിളച്ചോണ്ടിരുന്ന മഞ്ഞക്കൂരിക്കറി ചട്ടിയോടെ പൊക്കിക്കൊണ്ടുപോയി പന്നിക്കൂട്ടിൽ എറിഞ്ഞു. പോരാഞ്ഞ് വരുന്നവഴി ഒടിച്ചെടുത്ത കാപ്പിക്കമ്പിന് സുധൻ്റെ പൊറത്തിനിട്ട് വ്റ്… വ്റ്… ഒച്ചയിൽ രണ്ടടി. പൊറം പൊള്ളിപ്പോയെന്ന് പറഞ്ഞാപ്പോരാ. കൂരിത്തല ഈമ്പുമ്പോൾ ഊറിവരുന്ന രുചിയുള്ള നെയ്രസം കാളി രുചിക്കുന്നതോർത്ത് സുധന് പിന്നേം ഒത്തിരി പൊള്ളി. ഭക്ഷണപ്രിയനായ സുധൻ ഈ വക രംഗങ്ങൾ ജീവിതത്തിലൊരിക്കലും ആവർത്തിക്കാതിരിക്കാൻ അന്നുരാത്രി തന്നെ പൊറപ്പെട്ടുപോയി.

വിനയനും അജയനും തുണ്ടത്തിലെ കന്നിക്കിണറിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പഴങ്കഥകളിലൊന്നും വിനയന് പണ്ടേ താൽ പര്യമില്ല. ജന്മനാ അന്വേഷണ ത്വരയുള്ള അജയൻ തൻ്റേതായ രീതിയിൽ ചില ശ്രമങ്ങളൊക്കെ നടത്തി ഏതാണ്ടൊരു തീർപ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. സുധൻ്റെ നാലാം വയസ്സിലാണ് കരോട്ടെ*2 തൊട്ടിയിൽ പുത്തൻ പെര വച്ചതെന്ന് ചേമ്പാലക്കരോട്ടെ അമ്മവീട്ടിൽനിന്ന് അയാൾ കേട്ടു. അതുവരെ തുണ്ടത്തിലുള്ള തറവാട്ട് വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്.

തുണ്ടത്തിൽ കന്നിക്കോണിലല്ലാതെ കിണറിന് സ്ഥാനമില്ലായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായിരുന്ന ചാച്ചന് അതിലൊന്നും തീരെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ചാച്ചന്റെ അച്ഛൻ കുഞ്ഞച്ചൻ ഈവക കാര്യങ്ങളിൽ അതീവ വിശ്വാസവും ശ്രദ്ധയുമുള്ള ആളായിരുന്നു. അതുകൊണ്ട് ഞങ്ങൾ മൂവരും വളർന്ന, പുത്തൻപെര വച്ച തൊട്ടിയിലാണ് കിണറ് കുത്തിയത്. അത്ര ദൂരത്തുനിന്ന് വെള്ളം ചുമന്നോണ്ട് വന്ന് കാര്യങ്ങൾ നടത്തിയിരുന്നതിനാലാവണം അമ്മച്ചിയുടെ ആദ്യത്തെ രണ്ട് ഗർഭവും അലസിപ്പോയി.

തുടർന്ന് ചാച്ചൻ അച്ഛനെ എതിർത്ത് കന്നികോണിൽ കിണർ കുത്തി. കന്നി കിണറിന്റെ ദോഷം കുറയ്ക്കാൻ കിണർ അടി തൊട്ട് കല്ലുകെട്ടിക്കേറി, ചുറ്റും പൊക്കി കെട്ടി. സൗകര്യത്തിന് കിണറിനോട് ചേർന്ന് കുളിമുറിയും കുളിമുറിയിലെ ടാങ്കിലേക്ക് വെള്ളമൊഴുകി നിറയുന്ന വിധം കിണറ്റിങ്കരയിൽ പാത്തിയുമുണ്ടാക്കി. ഉടനെ തന്നെ അച്ഛാച്ഛൻ മരിച്ചു. അമ്മച്ചി ക്ഷയം ബാധിച്ച് കിടപ്പിലുമായി. കന്നിമൂലയിലെ കിണറിന്റെ ദോഷമാണ് ഇതെല്ലാമെന്ന് ചാച്ചൻ ഒഴികെ എല്ലാവരും വിശ്വസിച്ചു.

നീണ്ട നാളത്തെ ചികിത്സക്ക് ശേഷം അമ്മച്ചി ജീവിതത്തിലേക്ക് മടങ്ങിവന്ന് സുധനെ പ്രസവിച്ചു. അതോടെ ചുറ്റുപാടും താമസിക്കുന്നവരടക്കം തങ്ങളുടെ കിണറുകളിൽ വെള്ളം വറ്റുമ്പോൾ അലക്കാനും കുളിക്കാനും നല്ല വെള്ളം ശേഖരിക്കാനുമൊക്കെയായി തുണ്ടത്തിലെ കിണറ്റിങ്കരയിലെത്തി. കന്നിക്കിണറായതിനാൽ കുളിച്ച് ശുദ്ധിയായി മാത്രമേ വെള്ളം കോരാൻ പറ്റുമായിരുന്നുള്ളൂ. അല്ലെങ്കിൽ കോരി എടുക്കുന്ന വെള്ളത്തിൽ കറുത്ത മട്ടടിയുന്നത് കാണാം.

പെണ്ണുങ്ങൾ വെളിയിലായാൽ അഞ്ചുദിവസത്തേക്ക് കിണറ്റീന്ന് വെള്ളം കോരാൻ പാടില്ല. ശുദ്ധി പാലിക്കാതെ വെള്ളം കോരി പലരും പരീക്ഷിച്ചിട്ടുണ്ട്. പരിണിത ഫലം; പിറ്റേന്ന് ഇരുട്ടി വെളുക്കുന്നതിനു മുമ്പ് കിണറ്റിൽ ഏതെങ്കിലും ജന്തു ചത്തുപൊങ്ങും, പ്രത്യേകിച്ച് പാമ്പ്. കിണർ അശുദ്ധമായാൽ വെള്ളം കോരിവറ്റിച്ച് തേകിക്കഴുകിയെടുക്കണം. കണ്ടവരെല്ലാം കിണറ്റീന്ന് വെള്ളം എടുക്കാൻ തുടങ്ങിയതോടെ തേകി തേകി ചാച്ചൻ മടുത്തു. കുളിച്ചിട്ട് ഒക്കെ വെള്ളം കോരണമെന്ന് മാപ്ലമാരോട് പറഞ്ഞിട്ട് കാര്യോണ്ടോ? എങ്കിലും ഒരിക്കൽ ചാച്ചൻ കീച്ചേരീലമ്മാമ്മയോട് ‘മേലാതിരിക്കുമ്പോ ഈ കെണറ്റീന്ന് വെള്ളം കോരാൻ പറ്റത്തില്ലെന്ന് പറഞ്ഞുനോക്കി…
‘ഞങ്ങള് ക്രിസ്ത്യാനികക്ക് അങ്ങനൊന്നുയില്ല. വികാരി അച്ഛൻ ഞങ്ങളോട് പറഞ്ഞത് കർത്താവ് തരുന്നതല്ലേ അതിൽ അശുദ്ധി ഒന്നുയില്ലന്നാ…’
‘എന്നാ ഈ കിണറ്റീന്ന് ഇനി ചേടത്തി വെള്ളം കോരണ്ട.’
‘അല്ല, കാര്യം ഇത് നിങ്ങടെ സ്ഥലോം കെണറും ഒക്കെ തന്നെയാരിക്കും, എന്നാലും കുടിവെള്ളം മുട്ടിക്കാനൊക്കുവോ? നിന്റെ അമ്മ കല്യാണി പെണ്ണുണ്ടാരുന്നേ എന്നോട് ഈ വർത്താനം പറഞ്ഞേന് അവള് നിൻ്റെ കുറ്റി അടിച്ചുപൊളിച്ചേനെ. ഈ കെണറിവിടുണ്ടേ ഞാൻ ഇന്നത്തെപോലെ നാളെയും വെള്ളം കോരിയിരിക്കും.’

കിണറ്റിൽനിന്ന് വെള്ളമെടുക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാവരുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു.

കന്നി കിണറ്റിലെ വെള്ളം ചീത്തയായി തുടങ്ങിയതോടെ അമ്മച്ചി പഴയ കിണറ്റിൽനിന്ന് തന്നെ വെള്ളം ചുമക്കാൻ തുടങ്ങി. ചാച്ചൻ പിന്നീടങ്ങ് കന്നിക്കിണറ് ഉപേക്ഷിച്ച മട്ടായി. അതോടെ കിണറിന്റെ കെട്ടിടിയാൻ തുടങ്ങി. മഴക്കാലത്ത് കിണർ കരകവിഞ്ഞൊഴുകി. അമ്മമാരോടൊപ്പം അലക്കിക്കുളിക്കാനെത്തിയിരുന്ന കുഞ്ഞുങ്ങൾ കവിഞ്ഞ കിണറ്റിൽ എടുത്തുചാടി നീന്തി. നീന്തി നീന്തി, ചിങ്ങം തെളിയുന്തോറും കെട്ടു മുഴുവൻ ഇടിഞ്ഞ് കിണർ കൊളവായിക്കൊണ്ടിരുന്നു.
തുടർന്ന് വിനയനും ജനിച്ചതോടെ ചാച്ചന് തുണ്ടത്തിൽ ഒരു കിണറ് അനാവശ്യമായി തോന്നി. ചാച്ചന്റെ നോട്ടം തീരെ കുറഞ്ഞപ്പോൾ അതിൽ എല്ലാവരും ചാടി, സുധനടക്കം.

ഒടുവിൽ ചാച്ചൻ അത് മൂടിക്കളഞ്ഞു. വന്നവരും പോയവരുമെല്ലാം പറമ്പിൽ കിടന്നുമേഞ്ഞതാരിക്കും ചാച്ചൻ തുണ്ടത്തിപ്പറമ്പിനെ വെറുക്കാൻ കാരണം. കിണർ മൂടിയ ഉടനെ കരോട്ടെ തൊട്ടിയിലേക്ക് പെരവച്ച് മാറുകയും ചെയ്തു. ശേഷം അജയൻ ജനിക്കുന്നു. കഥയുടെ ചുരുൾ ഇപ്രകാരം നിവർത്തിയ അജയന് തുണ്ടത്തിൽ കിണറുകുത്താൻ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ചാച്ചന്റെ കാലമല്ലല്ലോ ഇത്. ഇന്ന് അങ്ങനെ വല്ലവന്റെ പറമ്പിലും കയറി ആരും കാള കളിക്കാനൊന്നും വരുവേല. ദോഷം വല്ലോം വരുവെന്ന് കരുതിട്ടാണെങ്കിൽ തുണ്ടത്തിൽ ഇപ്പോൾ പെരയൊന്നും ഇല്ലാത്ത സ്ഥിതിക്ക് എന്നാ ദോഷം ഒണ്ടാവാനാ? തന്നേയല്ല, വേറെ സ്ഥാനമുണ്ടെങ്കിൽ അവിടെ കുത്തണം. പഴയ കിണർ ഇരുന്ന ഇടം ചേട്ടായിക്ക് ഓർമയുണ്ടാവൂലോ… വേറെ സ്ഥലത്ത് കുത്താം.

പുറപ്പെട്ടുപോയ സുധനെ ഒരു അകന്ന ബന്ധു മദ്രാസിൽ വച്ച് കാണുന്നതോടെയാണ് ഒരു കുടുംബത്തിൻറെ മൊത്തം ശ്വാസം നേരെ വീഴുന്നത്. മദ്രാസിൽ ഒരു ഹോട്ടലിൽ പാചകക്കാരനായി സുധൻ ജോലി ചെയ്യുകയാണെന്ന് രണ്ടുവർഷത്തിനുശേഷം അറിവ് കിട്ടി. മാധവൻ നേരിട്ട് പോയാണ് സുധനെ തിരികെ കൊണ്ടുവന്നത്. തിരിച്ചുവന്നശേഷം സുധൻ കൃഷിയിലോ കന്നുകാലി വളർത്തലിലോ ഒന്നും താൽപര്യം കാണിച്ചില്ല. മുഴുവൻ സമയവും പാചകത്തിൽ മുഴുകി.

പിന്നീട് മാധവൻ ഒരിക്കലും സുധനെ വഴക്ക് പറഞ്ഞിട്ടില്ല. മാധവൻ മനസില്ലാമനസോടെ സുധനെ അയാളുടെ ആഗ്രഹപ്രകാരം പാചകം പഠിക്കാനായി കൊച്ചിക്ക് അയച്ചു. ഇന്ന് കേരളം മുഴുക്കെ പരിപാടികളെടുക്കുന്ന സൂര്യ കേറ്ററിംഗ് ആൻ്റ് ഇവൻ്റ്സിൻ്റെ മുതലാളിയാണ് അയാൾ. വിനയൻ കോപ്പറേറ്റീവ് ബാങ്കിലും അജയൻ എസ്. ഐ. ടെസ്റ്റ് എഴുതി പോലീസിലും കയറി. മക്കൾ മൂവരും പെണ്ണ് കെട്ടി വെവ്വേറെ വീടുവച്ചു മാറിയത് മാധവനെയും ഭാര്യയെയും ഒറ്റപ്പെടുത്തി. സുധൻ പെണ്ണ് കെട്ടി, പിറ്റേന്ന് മാധവൻ അവരുടെ മുറിയിലെ വാഷ്
ബൈസണിൽ വന്നു തുപ്പിത്തെറിപ്പിച്ചത് പുതുപ്പെണ്ണിന് ഇഷ്ടമായില്ല. ഈ പ്രവൃത്തി നിരന്തരം ആവർത്തിച്ചതോടെ ആ നവദമ്പതികൾ അവിടുത്തെ പൊറുതി അവസാനിപ്പിച്ചു. സുധനോട് അരുതെന്ന് പറയാൻ കഴിയാതെ മാധവൻ വിഷമിച്ചു.

വിനയന്റെ വിവാഹപ്പിറ്റേന്ന് മിനിയുടെ കുളി കഴിഞ്ഞതോടെ വലിയ പ്രശ്നങ്ങളുണ്ടായി. ‘വീട്ടിൽ ആകെയുള്ള അറ്റാച്ച്ഡ് ബാത്ത്റൂമും അതിലെ യൂറോപ്യൻ ക്ലോസറ്റും അച്ഛൻ മാത്രമേ ഉപയോഗിക്കാറുള്ളൂ ബാക്കിയുള്ളവർ പുറത്തെക്കുളിമുറിയും കുട്ടകക്കൂസുമാണ് ഉപയോഗിക്കാറ്’ എന്നു വിനയൻ ഭാര്യയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ‘ഞാനൊന്ന് കുളിച്ചതിന് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കണോ?’ എന്നുതുള്ളി മിനി സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു. മിനിയുടെ ആങ്ങളമാർ ഒന്ന് രണ്ട് വട്ടം വിനയനെ കണ്ടു സംസാരിച്ചതിനെ തുടർന്ന് അയാൾ മിനിയുടെ വീട്ടിലേക്ക് താമസം മാറാനുള്ള തീരുമാനം മാധവനെ അറിയിച്ചു. ‘നീ എങ്ങോട്ടും പോകുന്നില്ലെന്ന് മാധവൻ കൽപ്പിച്ചു. തലതാഴ്ത്തി അമ്മയോട് യാത്ര പറഞ്ഞ് വിനയൻ ഇറങ്ങി.

അജയനും ഭാര്യയും ഒരു മാസമടുത്ത് അവിടെ നിന്നു. അജയൻ്റെ ഭാര്യ സീന പോത്തിറച്ചി തിന്നണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അജയൻ ഒരു കിലോ പോത്തുമായി വന്നത് അതിനും തീർപ്പാക്കി. ഈ വീട്ടിൽ പോത്ത് വയ്ക്കാൻ പറ്റില്ലെന്ന് മാധവൻ പറഞ്ഞു. പന്നിവയ്ക്കാമെങ്കിൽ പോത്ത് വെച്ചാൽ എന്തെന്ന് അജയൻ തിരിച്ചുചോദിച്ചു. വഴക്കിന് നിക്കാതെ അടുക്കളപ്പുറത്ത് ഒരു അടുപ്പ് കൂട്ടി പോത്ത് വെച്ചോളാൻ ഭാർഗവി മരുമകളോട് നിർദ്ദേശിച്ചു. സീന അങ്ങനെ ചെയ്തു. നല്ല ഒന്നാന്തരം പോത്ത് കറി ചട്ടി പൊട്ടി മണ്ണിൽ കിടന്നു. ചോദിക്കാൻ ചെന്ന അജയനോട് ‘രണ്ട് അടുപ്പാക്കുന്നോടാ പെങ്കോന്താന്ന്’ മാധവൻ അലറി.
‘അപ്പനമ്മേ കാര്യം എനിക്കെന്റെ ഭാര്യേ കാര്യം’ എന്നുപറഞ്ഞ് അജയനും അവിടുന്നിറങ്ങി.

പത്തുപതിനഞ്ച് കൊല്ലത്തിന് ശേഷം മൂന്നാൺമക്കളും വീട്ടിൽ ഒന്നിക്കുന്നത് തേക്കിൻ്റെ ചവരി3*റക്കാൻ കേറിയ മാധവൻ താഴെവീണെന്നറിഞ്ഞ ദിവസമാണ്. മക്കളെ മൂവരെയും ആശുപത്രിക്കിടക്കയിൽ വച്ച് ഒരുമിച്ച് കണ്ട മാധവന് സങ്കടം സഹിക്കാൻ പറ്റിയില്ല. ‘ചാച്ചൻ ഇനി അധികകാലം ഇല്ലടാ മക്കളേ’ന്ന് തേങ്ങി പറഞ്ഞ് അയാൾ കരഞ്ഞു. നടുവിന് ബെൽട്ടിട്ട് വീട്ടിലേക്ക് അയച്ച മാധവൻ മക്കളോട് വീതം വയ്ക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് പറഞ്ഞു. അച്ഛൻറെ വാക്കുകൾ അക്ഷരംപ്രതി മക്കൾ അനുസരിച്ചു. തറവാട് വീട് അമ്മയുടെ പേരിൽ മാറ്റിവച്ചു. അമ്മയെ നോക്കിയതാരോ, കാലശേഷം അവർക്കെന്ന് തീർപ്പാക്കി. നാലാം നാൾ മക്കളുടെ സാന്നിധ്യത്തിൽ, വീതത്തിൽ പെര വെച്ച്, തൻ്റെ മൂന്നുമക്കളും വിളിപ്പുറത്ത് ഉണ്ടാവണമെന്ന അന്ത്യശ്വാസത്തോടെ മാധവൻ വിട പറഞ്ഞു.

തുണ്ടത്തിൽ പഴയ കിണർ ഇരുന്ന കനിമൂലയിൽ അല്ലാതെ കിണറിന് അനുയോജ്യമായ മറ്റൊരു സ്ഥാനം കാണാൻ രാഘവൻ പണിക്കന് കഴിഞ്ഞില്ല. പറമ്പിൽ പെര ഉണ്ടെങ്കിലും ഇല്ലെങ്കിലും കന്നിമൂലയിൽ കിണർ കുത്താത്തതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. കിണർ കുത്താതെ നിവൃത്തിയില്ലെന്ന് സുധൻ പറഞ്ഞു. രാഘവൻ പണിക്കൻ ചില പരിഹാരങ്ങൾ നിർദ്ദേശിച്ച്, തുണ്ടത്തിപ്പറമ്പിലെ പഴയ പെരയുടെ തറ പൊളിച്ചു നീക്കണമെന്നു പറഞ്ഞ് സ്ഥാനം കണ്ട് കുറ്റി അടിച്ചു. പിറ്റേന്നുതന്നെ തുണ്ടത്തിലുണ്ടായിരുന്ന പെരയുടെ തറ പൊളിക്കാൻ പണിക്കാര് വന്നു. പള്ള4* വെട്ടിത്തെളിച്ചപ്പോൾ പൊളിഞ്ഞ തറ കാണാനായി.

സുധൻ ആ പഴയ വീടിൻറെ ചെമന്ന തിണ്ണയുടെ നടുവിലെ മിനുസമുള്ള വെളുത്ത നക്ഷത്ര ചിഹ്നം തലേന്ന് രാത്രി സ്വപ്നം കണ്ടിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ അതവിടെയുണ്ടോയെന്ന് നോക്കാൻ അയാൾക്ക് കൗതുകമായി. സുധൻ പണിക്കാർക്കൊപ്പം നിന്നു. ആ വെള്ള നക്ഷത്രം കണ്ടപ്പോൾ പണ്ട് അതിന് താഴെ നിധികുഴിച്ചിട്ടിട്ടുണ്ടെന്ന് പറഞ്ഞ് കുട്ടനെയും കുട്ടായിയെയും അത്ഭുതപ്പെടുത്തിയത് സുധനോർത്തു. ഉടൻതന്നെ ‘ഓർമകൾക്കെന്ത് സുഗന്ധം’ എന്ന പാട്ട് ഹെഡ് ഫോണിൽ വച്ചു. പണ്ട് റേഡിയോയിൽ ആ പാട്ട് കേട്ട അനുഭൂതി അയാൾക്ക് അപ്പോൾ ഉണ്ടായി. അയാൾ പണിക്കാരുടെ ഇടയിൽനിന്ന് അല്പം മാറി ഒരു കല്ലിൽ ഇരുന്ന് കണ്ണടച്ചു.

സുധൻ ചേട്ടാ… സുധൻ ചേട്ടാ… പണിക്കാർ കൂവിളിച്ചിട്ടും അയാൾ കേട്ടില്ല. അടുത്തെത്തി തട്ടി വിളിച്ചപ്പോൾ മാത്രമാണ് ഓർമകളിൽനിന്ന് അയാൾക്ക് വർത്തമാന ബന്ധം ഉണ്ടായത്. തിണ്ണ പൊളിച്ചപ്പോൾ തറക്കാത്ത് ഒരു ചീനഭരണിയിരിക്കുന്നു എന്നതാണ് വിവരം. സുധൻ ചെന്നുനോക്കി, അറമ്പറ്റിയപോലെ പൊട്ടിച്ചിതറിയ നക്ഷത്ര തരികൾക്കടിയിൽ ഒരു ഭരണി. തറ കുത്തിപ്പൊളിക്കുന്നതിനിടയിൽ ഭരണി പൊട്ടിയിട്ടുണ്ട്. വയ്യാവേലി മണത്ത് സുധൻ ഉടൻ തന്നെ വിനയനെയും അജയനയും വിളിച്ചുവരുത്തി.

ഇനി എന്തെങ്കിലും കാര്യായിട്ട് തറക്കാത്ത് ഉണ്ടാകുമോ എന്ന ആശങ്കയുണ്ടെങ്കിലും പണിക്കാരെ ഇപ്പോൾ പറഞ്ഞുവിട്ടാൽ നാടുനീളെ ഭരണി പാട്ടാകുമെന്നത് മുന്നിൽകണ്ട് പണി തുടരാൻ അനുവദിച്ചു. മാധവന്റെ മൂന്ന് ആൺമക്കളും ചേർന്ന് പാരകൊണ്ട് പൊട്ടിയ ഭരണിയുടെ ചീളുകൾ മാറ്റി നോക്കി. ഒരു ചെമ്പ് തകിട് അതിൽ ചുരുണ്ട് കിടന്നു. കൈകൊണ്ട് എടുക്കാൻ മടിച്ച് രണ്ട് പാര കൊണ്ട് അരികത്ത് കുത്തി പിടിച്ച് അവരത് നിവർത്തിവച്ചു. അപരിചിതമായ ഏതോ ലിപിയിൽ എന്തോ ഒന്ന് അതിൽ കൊത്തിവച്ചിരുന്നു. അജയൻ ഉടൻ തന്നെ ക്ലിയർ ആയി ഒരു ഫോട്ടോ എടുത്ത് ചാറ്റ്ജിപിറ്റിയിൽ ഇട്ടു. “𑀦𑁂𑀋𑀢𑁆𑀬𑀸𑀁 𑀫𑀭𑀡𑀁 𑀯𑀺𑀦𑁆𑀤𑁆𑀬𑀸𑀢𑁆 𑀓𑀽𑀧𑀲𑁆𑀣𑀸𑀦𑁂 𑀧𑁆𑀭𑀓𑀽𑀭𑁆𑀢𑀺𑀢𑀫𑁆” എന്നത് ഗുപ്തലിപിയിലുള്ള ഒരു ശ്ലോകഭാഗമാണ്.

നൈര്യത്യാം മരണം വിന്ദ്യാത് കൂപസ്ഥാനേ പ്രകീർത്തിതം എന്ന പ്രശസ്തമായ ഈ ശ്ലോകഭാഗം വരാഹമിഹിരൻ (Varahamihira) രചിച്ച ‘ബൃഹത് സംഹിത’ (Brihat Samhita) എന്ന പുരാതന വിജ്ഞാനകോശ ഗ്രന്ഥത്തിലെ ‘ഉദകാർഗ്ഗളം’ (Water Divination / ഭൂഗർഭ ജലപരിശോധന എന്ന അധ്യായത്തിൽ നിന്നുള്ളതാണ്. ഈ ശ്ലോക ഭാഗത്തിൻ്റെ അർത്ഥം കന്നിമൂലയിൽ കിണർ നിർമ്മിച്ചാൽ, അത് ആ വീട്ടിലുള്ളവർക്ക് മരണമോ അല്ലെങ്കിൽ മരണതുല്യമായ വലിയ ദുരിതങ്ങളോ, കഠിനമായ രോഗങ്ങളോ സമ്മാനിക്കുമെന്നാണ്. ഈ ശ്ലോകത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ എന്തെങ്കിലും അറിയണോ? അതോ കന്നിമൂലയിൽ കിണർ കുഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചോ അവയുടെ പരിഹാരങ്ങളെക്കുറിച്ചോ ആണോ അറിയേണ്ടത്?”

രാഘവൻ പണിക്കൻ നിർദ്ദേശിച്ച പരിഹാരക്രിയകളെല്ലാം പൂർത്തിയാക്കി. ആറു കോൽ താഴ്ചയാണ് നിശ്ചയിച്ചിരുന്നത്, നാലു കോൽ താഴ്ന്നപ്പോഴേ വെള്ളം കണ്ടു. ശക്തമായ ഉറവക്കണ്ണുകൾ കൂടുതൽ ആഴം അനുവദിച്ചില്ല. ശുദ്ധജലത്തിൽ മാധവന്റെ പരമ്പര തിന്നു കുളിച്ചു. അമ്മായപ്പന്റെ തന്ത്രങ്ങൾ ആവർത്തിച്ച് പറഞ്ഞ് മരുമക്കൾ ഒരുമിച്ചിരിക്കുമ്പോഴെല്ലാം മതിമറന്നു ചിരിച്ചു. ഭാർഗവി മാധവൻ്റെ പെരക്കകത്ത് ഒറ്റയ്ക്ക് കിടന്നു. കൊച്ചുമക്കളുടെ പ്ലേ ഗ്രൗണ്ടായി തുണ്ടത്തിപ്പറമ്പ് മാറി. എല്ലാത്തരം കളിക്കോപ്പുകളെയും പ്രത്യേകിച്ച് പലതരം ബോളുകളെ കന്നിക്കിണർ ആകർഷിച്ചു. ഇരുമ്പ് വല കൊണ്ട് തീർത്ത ബന്ധനം കിണറിന്റെ ഇച്ഛകളെ തടുത്തു. ഉച്ചമയങ്ങിയ ഒരു കളിക്കിടെ അജയന്റെ മൂന്നാമൻ തുണ്ടത്തിലെ കന്നിക്കിണറിന്റെ ചെറിയ കവാടം തുറന്ന് താഴേക്ക് എത്തിവലിഞ്ഞു. നാലു കുഞ്ഞിക്കൈകൾ പൊങ്ങിവരുന്നത് മാധവ് കണ്ടു.

  1. തട്ടായി തിരിച്ചിരിക്കുന്ന പറമ്പ്
  2. മുകളിലെ
  3. തെക്ക് ഒറ്റത്തടിയായി വളരാൻ ഇരുവശങ്ങളിലും ഉണ്ടാകുന്ന ശിഖരങ്ങൾ വെട്ടിക്കളയുന്ന രീതി
  4. കുറ്റിക്കാട്

Leave a Comment

Your email address will not be published. Required fields are marked *