തിരുത്ത് Poem By നിധിൻ വി.എൻ

തിരുത്ത് Poem By നിധിൻ വി.എൻ

തിരുത്ത് Poem By നിധിൻ വി.എൻ

വിരസത
ഒച്ചിൻ്റെ കുപ്പായമണിഞ്ഞ്
ചരിത്ര ക്ലാസിലേക്ക്
അരിച്ചെത്തി.
പുസ്തകത്തിലേക്ക്
തലകുമ്പിട്ടിരിക്കുന്ന
കുട്ടിയുടെ ഉടലിൽ
പാർത്തു.

ജനാലക്കുപുറത്ത്,
കുട്ടിയെ കാത്ത്
കളിക്കളം.

ക്ലാസിനകത്തോ പുറത്തോയെന്ന്
ഉറപ്പില്ലാത്ത അവസ്ഥയിൽ കുട്ടി.

ചരിത്രമൊരു കെട്ടുകാഴ്ചയാണെന്ന്
അപ്പൻ പറഞ്ഞതോർത്ത്
കുട്ടി, ഉറക്കെ
ചിരിക്കാൻ തുടങ്ങി.

പകച്ചുപോയ ചരിത്രാധ്യാപകൻ,
ശബ്ദമൊരു ആയുധമാക്കി
ക്ലാസിനെ ഭരിച്ചു.
ചെറുത്തുനിൽപ്പുകൾക്കുനേരെ
ചോദ്യങ്ങളുയർത്തി.

കുറിച്യർ കലാപം..?

കുട്ടി തിരുത്തി;
കുറിച്യരുടെ കൊളോണിയൽ വിരുദ്ധ പോരാട്ടം.

‘പുസ്തകമെടുത്ത് വായിക്ക്’
അധ്യാപകൻ അലറി.

വാഗൻ കൂട്ടക്കൊല,
ജാലിയൻവാലാബാഗ് കൂട്ടക്കൊല,
നാവിക ഉയിർത്തെഴുന്നേൽപ്പ്.

കുട്ടി ഓരോന്നും തിരുത്തുന്നു,
ചിരിക്കുന്നു.

തുറന്നുവെച്ച ജനാലയിലൂടെ
അധ്യാപകനിലെ
അഹന്തയിറങ്ങിയോടി.

‘നമ്മുടെ ചരിത്രമെന്നാ മാഷേ
നമ്മൾ പഠിക്കുക..?’
കുട്ടിയുടെ ചോദ്യത്തിൽ കുഴങ്ങി,
പഠിച്ച ചരിത്രങ്ങളിൽ മുങ്ങി,
ശ്വാസം നഷ്ടമായപോലെ
അധ്യാപകനിരുന്നു.

‘നമ്മുടെ ചരിത്രം..?’
അധ്യാപകനുള്ളിൽ ചോദ്യമൊരു
ചൂണ്ടയായ് കൊളുത്തി.

മർദിതർക്കൊപ്പം നിൽക്കുന്ന ചരിത്രം,
അതാവർത്തിച്ചു പഠിക്കുന്ന രാജ്യം.
അധ്യാപകന് ചിരി വന്നു.

വിപ്ലവത്തെ കലാപമെന്നു
പഠിച്ചുറപ്പിച്ച ബോധ്യത്തെ
ചിരിയുടെ മുഴക്കം
തിരിഞ്ഞു കൊത്തി.

‘നമ്മുടെ ചരിത്രം’
ചരിത്രപുസ്തകം മാറ്റിവെച്ച്
അധ്യാപകൻ ക്ലാസാരംഭിച്ചു
ചോദ്യങ്ങളുമായി കുട്ടികളും.

പൊടുന്നനെ
ക്ലാസ്റൂമിന്
ചിറകുകൾ മുളച്ചു.

മറവിയിലാണ്ടുപോയതെല്ലാം,
നേർത്ത ചിരിയുള്ള
ബുദ്ധപ്രതിമപോലെ തെളിഞ്ഞു.

വെട്ടിയും തിരുത്തിയും
അടിമബോധ്യത്തിൽ നിന്ന്
ചരിത്രമിറങ്ങി നടന്നു.

നിശബ്ദതയെ
പരാജയപ്പെടുത്തുന്ന
കളിക്കളത്തെപ്പോലെ,
ക്ലാസ്റൂം
തിരുത്തപ്പെട്ടു.


2 thoughts on “തിരുത്ത് Poem By നിധിൻ വി.എൻ”

Leave a Comment

Your email address will not be published. Required fields are marked *