നെല്ലിക്ക Story By ശ്രീദേവി. ആർ

nellikka-story-by-shreedevi-r

നെല്ലിക്ക Story By ശ്രീദേവി. ആർ

കൈനിറയെ വിളയാത്ത നെല്ലിക്ക കിണ്ണൻ എനിക്ക് നേരെ നീട്ടി.
അവന് അന്ന് എട്ട് വയസ്സ്, എനിക്ക് പത്തും.

“ഒരെണ്ണം എടുത്ത് കടിച്ച് നോക്ക്.”

അവൻ എന്നോട് പറഞ്ഞു.

“കയ്പ്പാണ്.”

എൻ്റെ മറുപടി കെട്ട് അവൻ ഒന്നൂടെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു.

” ആദ്യം കയ്ക്കും പിന്നെ മധുരം ഉണ്ട്. “

തിങ്കളാഴ്ച ചന്തയിൽ പോയിവരുമ്പോൾ അമ്മ നെല്ലിക്ക വാങ്ങി വരും. അച്ഛന് നെല്ലിക്കാ ചമ്മന്തി ഇഷ്ടമാണ്. അതിനു കുറെ കൂടെ മുഴുപ്പ് ഉണ്ടായിരുന്നു.
പക്ഷെ, കുഞ്ഞുനെല്ലിക്കയുടെ അത്രയും കയ്പ്പില്ല.

“എവിടുന്നാ..?”

“ലളിതേടെ വീട്ടീന്ന്.”

കിണ്ണൻ എൻ്റെ ചോദ്യത്തിന് ഉത്തരം തന്നു.
ഇങ്ങോട്ട് വരുന്ന വഴിക്ക് വഴിയോരത്ത് ഒരു നെല്ലിമരമുണ്ട്. അധികം പ്രായമൊന്നും അതിനില്ലായിരുന്നു.
പാകമാകാത്തത് നിലത്ത് നിന്ന് പെറുക്കികൂട്ടിയതാണ്.

ലളിത ഞങ്ങൾക്ക് ഒപ്പം കളിക്കാൻ വരുന്ന കുട്ടിയാണ്.
അവള് വരുമ്പോഴും എന്തെങ്കിലും ഒക്കെ ഞങ്ങൾക്ക് വേണ്ടി കരുതും.
പേരയ്ക്ക, ചാമ്പയ്ക്ക അങ്ങനെ അങ്ങനെ… പനി പിടിച്ച് സ്കൂളിൽ പോയിട്ട് ഇല്ല എന്ന് അറിഞ്ഞു.
കിണ്ണൻ ലളിതയുടെ വീട് കഴിഞ്ഞാണ് എൻ്റെ വീട്ടിലേക്ക് വരുന്നത്. മുറ്റത്തും പറമ്പിലുമൊക്കെ ഞങ്ങള് ഇരുന്നു കല്ലുകൊത്ത് കളിക്കുമായിരുന്നു. ഉച്ച തിരിഞ്ഞ് ഇട്ടൂലിയിലേക്ക് മാറിയിരുന്നു.

എല്ലാ ദിവസവും അവര് ഒന്നിച്ചാണ് എന്നെ കാണാൻ വന്നിരുന്നത്.

“വേണ്ടേ.”

വീണ്ടും അതിൽനിന്ന് ഒന്ന് എനിക്ക് നേരെ അവൻ ചോദിച്ച്.
അത് ഞാൻ വാങ്ങി, ഒന്ന് കടിച്ച് നോക്കി,
കയ്പ്പ്.

വായില്ലുള്ളത് മുഴുവൻ തുപ്പി,
എന്നിട്ട് കുറെ നേരം വാ പൊത്തി ഇരുന്നു.

“ആദ്യം കയ്ക്കും പിന്നെയാണ് മധുരം.”

ചിരിച്ചുകൊണ്ടാണ് അവൻ അത് പറഞ്ഞത്.

“ഇതൊക്കെ ആരാ പറഞ്ഞേ.”

ഞാൻ അവനോട് ചോദിച്ച്.

“അമ്മ.”

അവൻ പറഞ്ഞു.

“നമുക്കവളെ കാണാൻ പോകാം…”

ഞാൻ പറഞ്ഞ ഉടനെ അവൻ മുന്നിൽ ഓടി.
പിന്നാലെ ഞാനും
കുറച്ച് കഴിഞ്ഞപ്പോൾ അവൻ എനിക്ക് നേരെ ഒരു നെല്ലിക്ക കൂടെ നീട്ടി. ഞാനത് വാങ്ങി, അവന് സന്തോഷം ആയെന്ന് തോന്നുന്നു. വീണ്ടും അവൻ വേഗത്തിൽ ഓടി.
ഇടക്ക് അണച്ചുനിന്നു കൈയിൽ കിട്ടിയ നെല്ലിക്ക ഒന്ന് കടിച്ചു.
കയ്പ്പ് തന്നെ.
കുറച്ചുനേരം കൂടെ അത് കഴിച്ചുകൊണ്ട് ഇരുന്നാൽ മധുരം വരുമോ, എനിക്കറിയില്ല.
പക്ഷെ, കയ്പ്പ് സഹിക്കാൻ വയ്യ.
വീണ്ടും കടിച്ച് തുപ്പി.
അവന് പിന്നാലെ ഓടി.
ലളിതയെ പനി കൂടി ആശുപത്രിയിലേക്ക് മാറ്റി. വീട് പൂട്ടി കിടക്കുന്നത് കണ്ട് ഞങ്ങൾക്ക് സങ്കടമായി.
പിറ്റേന്ന് കിണ്ണൻ
വന്നില്ല, ലളിതയും.
ഞാൻ അവരെ കാത്തിരുന്നു.
കിണ്ണന് പനിപിടിച്ച് കിടപ്പിൽ ആയി എന്ന് അറിഞ്ഞു.
ലളിത പനി കൂടി ഒരിക്കലും ഞങ്ങൾക്ക് ഒപ്പം വരില്ല എന്നും, ഞാനും കിണ്ണനും മാത്രമേ ഇനി ഉള്ളൂ എന്നും ഞാൻ തിരിച്ചറിഞ്ഞു.

എനിക്കൊപ്പം അവൻ ഉണ്ടായിട്ടും എന്താണ് പനി പകരാഞ്ഞത് എന്ന് ഓർത്ത്, അമ്മ അച്ഛനോട് അത് പറയുന്നതും കേട്ട്.
മൂന്ന് ദിവസം കഴിഞ്ഞ് ഒരു
തലവേദന വന്നപ്പോൾ അച്ഛൻ എന്നെ കൂട്ടി ആശുപത്രിൽ പോയി.
കുഴപ്പം ഒന്നും കണ്ടില്ല. തിരികെ വന്ന വഴിക്ക് ലളിതയുടെ വീട്ടിൽ ആളുണ്ടായിരുന്നു.
അവളൊഴിച്ച്.

മുറ്റത്തെ നീലപന്തലിൻ്റെ ഒരു കെട്ട്, നെല്ലിമരത്തിൽ ആയിരുന്നു.
ഞാനതിലേക്ക് നോക്കി.
നെല്ലിക്കയുണ്ട്.
നിലത്ത് വീഴുമ്പോൾ ഒരെണ്ണം മുഴുവൻ തിന്നുനോക്കണം.
മധുരിച്ചാലോ.

പനി കഴിഞ്ഞ് ഒരു ദിവസം കിണ്ണൻ വന്ന്. അവൻ എനിക്ക് നേരെ വീണ്ടും നെല്ലിക്ക നീട്ടി.
ഒന്നെടുത്ത് ഞാൻ കടിച്ചു നോക്കി, കയ്പ്പ് തന്നെയാണ്.

മധുരിക്കും വരെ കാത്തിരിക്കാൻ ഞാൻ ശ്രമിച്ചില്ല.
കടിച്ച ഉടനെ തുപ്പിക്കളഞ്ഞു.

“ആദ്യം കയ്ക്കും പിന്നെയാണ് മധുരം.”

വീണ്ടും അവൻ പറഞ്ഞ്.
അടുത്ത നെല്ലിക്ക എടുത്ത് ഞാൻ കടിച്ചു, വീണ്ടും തുപ്പിക്കളഞ്ഞു.
ഒരിക്കലും നെല്ലിക്കയുടെ മധുരം വരേ ഞാൻ കാത്തിരുന്നില്ല.


9 thoughts on “നെല്ലിക്ക Story By ശ്രീദേവി. ആർ”

Leave a Comment

Your email address will not be published. Required fields are marked *