മുറ്റത്ത് വാഹനമെത്തുന്ന വീട് By നിതിൻ നടുപ്പറമ്പൻ

മുറ്റത്തേക്ക് വാഹനമെത്താത്ത വീടുകളിലെ
ഒറ്റപ്പെട്ടുജീവിക്കുന്ന
സ്ത്രീകളെ കണ്ടിട്ടുണ്ടോ?

പഴയതും പുതിയതുമായ തുണികൾ വേർതിരിച്ചുവക്കാൻ,
ഇത്തിരി രൂപ നോട്ടുകൾ സൂക്ഷിച്ചുവെക്കാൻ,
അവർക്കൊരു അലമാര വാങ്ങാൻ പേടിയാണ്.
ഇടുങ്ങിയ വഴിയിലൂടെ ചുമന്നുകൊണ്ടുവരാൻ ആരെ സഹായത്തിനു വിളിക്കും..?

“അലമാരയിൽ വെക്കാനും മാത്രം കാശൊക്കെ ആയോ?”

“ഇതൊക്കെ എവിടുന്നാ?”

എന്ന  അലമാര തലയിലെടുത്തവന്റെ
ചോദ്യത്തിനും വഷളൻ ചിരിക്കും
എങ്ങനെ മുഖം കൊടുക്കും,
എങ്ങനെ മറുപടി പറയും…
പേടിയാണോ അതോ അറപ്പാണോ ആ ചോദ്യങ്ങളോട്… അറിയില്ല.

ഒന്ന് നീണ്ടുനിവർന്നു മലർന്നുകിടക്കാൻ,
സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ,
ഒരു മരക്കട്ടിൽ വാങ്ങാൻ ഭയമാണ്.
ചുമന്നുകൊണ്ടുവരാൻ സഹായത്തിനു വിളിക്കുന്നവൻ,
അതേ കട്ടിൽ ഇടുങ്ങിയ വഴിയിൽ വിലങ്ങനെ ഇട്ട്, തടസംനിന്ന്

“കട്ടിലിൽ ഒറ്റക്ക് കിടന്നാൽ മടുക്കില്ലേ?”

എന്ന നാറുന്ന ചോദ്യം വായനാറ്റം മൂക്കിൽ കയറുന്ന ദൂരത്തുനിന്ന്
ചോദിക്കുമെന്ന് ഉറപ്പാണ്.

എന്തുചെയ്യും, കട്ടിലും വേണ്ട അലമാരയും വേണ്ട.
മുറ്റത്ത് വാഹനമെത്തുന്ന വഴിക്കായി ഇനി എവിടെയൊക്കെ കയറിയിറങ്ങണം…
ഒരു വഴിയാവുംവരെ തറയിൽ തന്നെ കിടന്നോളാം
തുണികൾ  പഴയതും പുതിയതും ഇടകലർന്ന് അയയിൽ തൂങ്ങട്ടെ…
വാഹനമെത്താത്ത വീടിനുചുറ്റും
ഇടവഴികൾ, വട്ടങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു…


Leave a Comment

Your email address will not be published. Required fields are marked *