അപരൻ Poem by ആദർശ് ജെ
സ്വപ്നത്തിൽ ഞാനൊരു
മഞ്ഞച്ചിറകുള്ള പൂമ്പാറ്റ.
തലമുടിയിൽ വിടർന്ന
ചെമ്പകംചൂടി അവൾ
നടപ്പാതയിലൂടെ നടന്നുനീങ്ങുന്നു.
ഞാൻ അവൾക്കൊപ്പം
തൊട്ടുരുമ്മിപ്പറക്കാൻ
തിടുക്കം കൂട്ടി
വന്നടുക്കുമ്പോഴൊക്കെയും
അവൾ കൂടുതൽ
ദൂരത്തിലകലുന്നു.
ഒടുവിൽ സ്വപ്നം മുറിഞ്ഞ്,
അടുത്ത ദിവസം അതേ
നടപ്പാതയിലൂടെ
നടന്നു നീങ്ങുമ്പോൾ
ഞാനുള്ളിൽ ഊറിച്ചിരിച്ചു.
ഇപ്പോൾ അവളെനിക്ക്
ഏറെ അരികിലാണ്,
നടപ്പാത വന്നിറങ്ങുന്നത്
ഒരുദ്യാനത്തിൽ
അവിടെയെത്തിയതും
അവൾക്കൊരാഗ്രഹം
അവളുടെ ചിത്രംപിടിക്കാൻ.
മഞ്ഞപ്പൂക്കൾ
വിടർന്നു
നിൽക്കുന്ന ഫ്രെയിമിൽ
ഞാനവളെ ചെരിച്ചുനിർത്തി
ക്ലിക്കു-
ചെയ്യാനൊരുങ്ങവേ,
മങ്ങിയ ഓർമകൾക്കിടയിൽനിന്നും
ഒരു പൂമ്പാറ്റ
അവൾക്കുപിറകിലായി
പറന്നു കളിക്കാൻ തുടങ്ങി.
എന്റെയുള്ളിലെ
ചിരിയെയുടച്ചുകൊണ്ട്
പൂമ്പാറ്റ അവളുടെ
പിൻകഴുത്തിൽ
അമർത്തിചുംബിച്ച് പറന്നകന്നുപോയി.
അവൻ എനിക്കപരനായി പിറന്ന
പൂമ്പാറ്റയോ..?
