സൂര്യൻ
പല്ലുതേച്ച് ചിരിക്കും മുമ്പ്,
അവസാനത്തെ നക്ഷത്രവും രാത്രിയാപ്പീസിലെ നൈറ്റ് ഡ്യൂട്ടിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ്,
പശുപ്പാലും റബർപാലും കറക്കാൻ ആളെത്തും മുമ്പ്,
പ്രതിമകൾ ആട്ടം നിർത്തുകയും മരങ്ങൾ പുനരാരംഭിക്കുകയും ചെയ്യുന്നതിന് മുമ്പ്,
കമ്പിളി പുതച്ച്
ഇറങ്ങി നടക്കുന്ന എന്റച്ഛനെ കുറിച്ച്.
ഉറങ്ങിയെഴുന്നേറ്റിട്ടില്ലാത്ത
നെടും പാതയെ ശല്യപ്പെടുത്താതെ
മൂന്ന് കുട്ടികളുടെ വിശപ്പ് വലിച്ചു നീട്ടി- യതിൽ ചവിട്ടി
ആകാശം നടന്നു കയറുന്ന,
അടുത്ത നിമിഷത്തേക്ക് പോലും ആയുസ്സില്ലാത്ത കൂര
നിലം പതിക്കാതെ കാക്കാൻ
അതി രാവിലെ ഭൂമി തുരന്ന് എതിർ ധ്രുവം അണയുന്ന
എന്റച്ഛനെ കുറിച്ച്.
എന്റഛനെ കുറിച്ച്
നിങ്ങൾക്കെന്തറിയാം?
എന്തിനെവിടെ പോവുന്നുവെന്ന്?
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്റന്ന്,
പുതുവർഷാഘോഷത്തിന്റന്ന്,
തിരഞ്ഞെടുപ്പ് ജയമയത്തിൽ നാട് ആടിയപ്പോൾ
അച്ഛനെവിടെ പോയെന്ന്?
കേട്ടു കൊൾക.
സ്വാതന്ത്ര്യ രാത്രി
കമ്മ്യൂണിസ്റ്റ് അച്ചപ്പന്റെ ക്വാറിയിൽ അധികവിയർപ്പിന്റെ വേതനം ചോദിച്ചതിനേറ്റ മുറിവിൽ
കറിയുപ്പ് തേക്കുന്നു.
ഓർമയില്ലേ,
അന്ന് വൈകുന്നേരം ഉപ്പുമഴ പെയ്തത്.
പുതുവർഷത്തിന്റന്ന് അച്ഛൻ
ചിതലു തിന്ന കൗക്കോൽ മാറ്റി പുതിയത് വച്ച്,
കത്തി തേച്ച്,
കരിമ്പടം ഉണക്കുകയായിരുന്നു.
ഓർമയില്ലേ,
അന്ന് വൈകുന്നേരം ഉപ്പുമഴ പെയ്തത്.
നാടാടുമ്പോൾ അച്ഛൻ.
ഞാൻ കണ്ടതാണഛൻ പറിച്ചെ-
റിഞ്ഞ അടക്കകൾക്ക് കൂടെ
വിയർപ്പ് പെയ്തത്.
ഓർമയില്ലേ,
അന്ന് വൈകുന്നേരം ഉപ്പുമഴ പെയ്തത്.
എന്റച്ഛനെ കുറിച്ച്
ഇതുകൂടി അറിഞ്ഞു കൊൾക.
എന്റച്ഛൻ ഭൂമി തിന്ന്
കടൽ കുടിച്ച്
ജീവിക്കുന്നു.
അസൂയപ്പെടരുത്.
ഞങ്ങൾക്ക് കളിക്കാൻ
നക്ഷത്രങ്ങൾ പറിച്ചു തരുന്നു.
കളി കഴിഞ്ഞ് ഞങ്ങൾ
ആ നക്ഷത്രങ്ങളെ
കണ്ണിൽ തിരുകുന്നു.
അൻസാർ ഏച്ചോം – ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രണ്ടാം വർഷ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥി. വയനാട് പനമരം സ്വദേശി. ആനുകാലികങ്ങളിലും മാസികകളിലും എഴുതുന്നു. ആദ്യ കവിത സമാഹാരം ഉടൻ പുറത്തിറങ്ങുന്നു.
