ഒളിവിദ്യ Poem by ചന്തു. കെ എസ്
വെയിൽ ചാരിയെത്തുന്ന
ഒരു വെളുപ്പാങ്കാലത്താണ്
അവനേം അച്ഛനേം ആദ്യം കാണണെ.
മലർക്കേ തുറന്നിട്ട കോളേജ് കവാടം,
അതിന് വെളിയിൽ
ആരുടെയോ അനുവാദം
കാത്തുകാത്ത്
രണ്ട് ജീവബിന്ദുക്കൾ.
പിന്നെ കണ്ടത് ഡിപ്പാർട്മെന്റിലാണ്,
കറുത്ത് മെലിഞ്ഞ രണ്ട് മനുഷ്യർ,
തല താഴ്ത്തി
കുമ്പിട്ട്
അപരിചിതമായ ഭൂഭാഗത്ത്
പെട്ടുപോയപോലെ.
അവന്റെ മുടി ചുരുണ്ടിരുന്നു,
അവന്റെ അച്ഛനും.
പിന്നെ അവനെ കണ്ടതേയില്ല,
ആഴ്ചകൾ പോയി.
ഒരു ദിവസം
ക്ലാസ്സിന്റെ മൂലയിൽ
ഒരു മിണ്ടാപ്പയ്യൻ.
പിന്നെ ഹോസ്റ്റലിൽ
പിന്നെ റാഗിങ് കഥകളിൽ
പിന്നെ കളിയാക്കലുകളിൽ
കരഞ്ഞുകലങ്ങിയൊഴുകി
കണ്ണോക്ക്പാടി.
രജിസ്റ്ററിലെ ചെമന്ന വര
ഓർമ്മകളിൽ ചെന്നിണമായി.
ഒരു തേളിനെപ്പോലെ
വാലിൽ വിഷംനിറച്ച്
ചിലയവസരത്തിൽ മാത്രം
ചിലയിടങ്ങളിൽ മാത്രം
പത്തൊൻപതാം നൂറ്റാണ്ടിൽ നിന്ന്
ജാതിവാലുകൾ
വളഞ്ഞുകൊത്തി.
അലക്കുനേരത്ത്
ചോറുനേരത്ത്
കുളിനേരത്ത്
എന്നോട് മാത്രം മിണ്ടി,
മന്നാൻഭാഷ നാവിൽ തുളുമ്പി:
“വിറക് വെട്ടാൻ ഞങ്ങൾ കാടേറും;
ഞാനും എന്റെ തന്താരും1. അരുവിയിൽ ഇറങ്ങും, തുണി ചപ്പും2″
ഒരു കാടൻസിനിമ കാണുന്ന ആവേശം
എന്റെ സിരകളിൽ നിറഞ്ഞു,
“കണ്ടുകണ്ടുനിൽക്കേ
കാടുപോയത് ഫോറസ്റ്റായി
വിറകുകൾ പെറുക്കി,
അരിവാങ്ങി,
നഗരങ്ങളിലെ
അഴുക്കുചാലുകളിലേക്ക്
കറുത്തപശിമയിലേക്ക്
മുങ്ങിയിറക്കി”
എന്നിട്ട് എന്നിട്ട്?
“വേല ചെയ്ത് വേല ചെയ്ത്
തോറ്റുതോറ്റു പഠിച്ച്,
പള്ളിക്കൂടം വിട്ട്
ആങ്ങളമാർ ഊരുതെണ്ടി,
ഇന്നലെവരെ മൂക്കൊലിപ്പിച്ച് പിറകെനടന്ന
തവയിളവമാര്*3 ഇന്ന് പെറ്റു”
എനിക്ക് സങ്കടം തോന്നി,
അതിനേക്കാളേറെ കൗതുകം,
പറയ് പറയ്
ഞാൻ ഉരുമ്മിച്ചൊല്ലി.
അവനൊന്ന് നടുനിവർത്തി,
തോളുയർത്തി,
ഒന്ന് കടുപ്പിച്ചു:
“മന്നാൻമാരാണ് ഞങ്ങൾ;
രാജ്യമില്ലാത്ത രാജാക്കന്മാർ”
ഞാനൊന്ന് മുരടനക്കി,
എന്റെ കൂടെ ചപ്പിത്തരുമോ,
തുണി,
എന്റെ തമാശയിൽ
ഞാൻ പൊട്ടിച്ചിരിച്ചു,
ശേഷം മനസ്സിരുത്തി
ഒന്നിളിച്ചു.
എന്റെ തലയ്ക്കു പിറകിൽ
പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും
ഒരു വാൽ.
ഞാനൊട്ട് ഭയപ്പെട്ടതൊതുക്കി.
വാലറ്റം അന്ന് രാത്രി
ഞാനാകെ പനിച്ചുതുള്ളിപ്പേയാടി
സ്വപ്നത്തിലവനപ്പാടെ ഉറഞ്ഞുതുള്ളിയാടി:
“ഒളിവിദ്യക്കടി ഒടിവിദ്യ”
കുറിപ്പ്
1* തന്താര് – തന്ത -അച്ഛൻ
2* ചപ്പുക – അലക്കുക
3*തവയിളവമാര് – പെങ്ങന്മാർ
മന്നാൻ ഭാഷയിലെ പദങ്ങളാണ് ഇവ.
