അവൻ കോപം കൂടുമ്പോൾ ചിലപ്പോഴൊക്കെ എന്നെ
‘നായിന്റെമോളേ’ എന്ന് വിളിച്ചു.
പിന്നെ,
ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കഴിഞ്ഞാലും
ആ വിളിയെന്റെ ചെവിയിൽ ആയിരം കടന്നൽ ഇരച്ചാർക്കും മട്ട് മൂളിക്കൊണ്ടിരിക്കും.
പ്രേമത്തോടെ എന്ത് ചെല്ലപ്പേര് വിളിച്ചാലും എനിക്ക് നാ… എന്ന വിളി മാത്രമേ ഓർമയിൽ വരൂ…
ചുംബിക്കാൻ അടുക്കുമ്പോഴും എന്നെ കൊടിച്ചിപ്പട്ടിയെപ്പോലെ നാറുന്നുണ്ടോ എന്ന് ഞാൻ സ്വയം മണത്തുനോക്കും.
കുളിമുറിയിൽ കയറുമ്പോഴും, തൂങ്ങിയാടുന്ന തൊലിയും,
എട്ട് ദിശകളിലേക്ക് പായുന്ന മുലകളും,
പുണ്ണ് പിടിച്ച രോമങ്ങളും,
നാറിയൊലിക്കുന്ന ഉമിനീരും
പീളകെട്ടിയ കൺതടങ്ങളും,
കഴുകിയിട്ടും തുടച്ചിട്ടും ശരിയാവാഞ്ഞിട്ട് വശം കെടും.
അവൻ വാങ്ങിത്തരുന്ന ചായക്കും, പുട്ടിനും, ദോശക്കും ബിരിയാണിക്കും, മന്തിക്കുമെല്ലാം,
എനിക്ക് നേരെ എറിഞ്ഞിട്ട് തരുന്ന എല്ലിൻ കഷ്ണത്തിന്റെ
രുചിയും മട്ടുമാണ്.
എന്റെ മുടിയിഴകൾ അവന്റെയേത് വസ്തുവിൽ കുരുങ്ങിയാലും,
ഏറുകൊണ്ട് പുളയും മുന്നേ
ഒക്കെ വൃത്തിയാക്കാൻ ഞാൻ പരവേശപ്പെടും.
പിണങ്ങിയാൽ പിന്നെ കരയാൻ പേടിയാവും,
ഓലിയിടുന്ന കേട്ട് പിന്നെ എന്നെ അടുപ്പിച്ചില്ലെങ്കിലോ?
എന്തിനാണ് ഞാൻ ഏറുകണ്ണിട്ട് അവനെത്തന്നെ നോക്കുന്നത്,
എടുത്തെറിയുന്ന എച്ചിൽ കപ്പി വിഴുങ്ങാനോ?
പിന്നെയും ദേഷ്യം വരുമ്പോൾ തലയിൽ കിഴുക്കു വാങ്ങാനോ?
അവിടെയുമിവിടെയും പോയി മടങ്ങുമ്പോൾ കൊണ്ടുവരുന്ന
പുളിച്ച വിഴുപ്പുകൾ താങ്ങാനോ?
എന്തായാലുമെങ്ങനായാലും
ആ പ്രേമച്ചങ്ങല പൊട്ടിച്ച്, അവന്റെ കൊങ്ങിന് കടിച്ചുപറിച്ച് മുന്നോട്ട് കുരക്കുമ്പോൾ,
ഇട്ടേച്ചു പോക്കിന്റെ മുഴുവൻ ദാഹവും തൊണ്ടയിൽ കുരുങ്ങി,
ഒരിറ്റ് വെള്ളമിറങ്ങാതെ
വിരഹത്തിന്റെ പേ വിഷബാധയിൽ അവൻ മുങ്ങിപ്പൊങ്ങുന്നത് ഞാൻ കാണും.
വെറുമൊരു കൊടിച്ചിയല്ലേ ഞാൻ..!

Truely touching..
Sooo good. It’s a thoughtful yet witty poem that impersonates a hopeless, savage woman’s romantic love with a stray dog. A love that’s toxic but seen “oh wow” from the outside. Even amidst those ill treatment, “it” uses it’s rabies as a power to knock him.
ശക്തമായ വാക്കുകൾ… പറയാതെ പറയുന്ന വേദന എന്നെയും വേദനിപ്പിക്കുന്നു മനസ്സിനെ ഒന്നാകെ വരിഞ്ഞുമുറുക്കിയ പോലെ…. “വിരഹത്തിൻ്റെ പേ വിഷബാധയിൽ അവൻ മുങ്ങിപ്പോങ്ങുന്നത് ഞാൻ കാണും” പ്രതിഷേധം ✨