നിലിം കുമാറിന്റെ മൂന്ന് ആസമീസ് കവിതകൾ മൊഴിമാറ്റം – പി.സുരേഷ്

നിലിം കുമാറിന്റെ മൂന്ന് ആസമീസ് കവിതകൾ മൊഴിമാറ്റം - പി.സുരേഷ്

നിലിം കുമാറിന്റെ മൂന്ന് ആസമീസ് കവിതകൾ മൊഴിമാറ്റം – പി.സുരേഷ്

വാടകവീട്

എന്റെ മുറികളിലൊന്നിലിരുന്ന്
അവൻ പഠിക്കുന്നു
മറ്റൊന്നിൽ
അവൻ ഭക്ഷണം കഴിക്കുന്നു
ഒന്നിലിരുന്ന് അവൻ പാടുന്നു
മറ്റൊന്നിൽ ഉറങ്ങുന്നു

എന്റെ ഹൃദയത്തിന്റെ
നാല് മുറികളും
അവൻ വാടകയ്ക്കെടുക്കുന്നു

അവൻ മറ്റാരുമല്ല;
എന്റെ ദുഃഖം

മഴ

    അവളുടെ ഹൃദയം
    ഉയരമുള്ള ഒരു മല

    മേഘമായി
    ഞാനവളെ തലോടുന്നു
    ചിലപ്പോൾ കല്ലുപോലുള്ള
    അവളുടെ മാറിടത്തിൽ
    കൂട്ടിയിടിക്കുന്നു
    താഴേക്കിറങ്ങി
    മരങ്ങളെയും
    പച്ചിലപ്പടർപ്പുകളെയും
    പാടങ്ങളെയും വീടുകളെയും
    നനച്ചു കുതിർക്കുന്നു

    ആളുകൾ പറയുന്നു:
    ‘മഴ പെയ്യുന്നു ‘

    നമുക്ക് ഇന്ന് പുറത്തു പോയി ഭക്ഷണം കഴിക്കാം

    ഒരു വെളുത്ത ശീതക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നു
    നമുക്കിന്ന് പുറത്തുപോയി
    ഭക്ഷണം കഴിക്കാം
    കാണാതെപോയ നമ്മളെ
    തിരികെക്കൊണ്ടു വരാം

    പഴയതുപോലെ നമ്മുടെ
    കൈകൾ കോർത്തുപിടിക്കാം
    ഒരു ശീതക്കാറ്റു വീശുന്നു
    നമുക്കിന്ന് പുറത്തുപോയി
    ഭക്ഷണം കഴിക്കാം

    തീൻമേശയിലിന്ന്
    നമ്മുടെ നിഴലുകൾ സംസാരിക്കട്ടെ
    നമുക്കിന്ന് അവയെ
    നന്നായി ശ്രദ്ധിക്കാം

    മിണ്ടാൻ നാവില്ലാത്തതിനാൽ
    നിഴലുകൾക്ക് സംസാരിക്കാനാവില്ല
    മൗനമാണ് അവയുടെ ഭാഷണം
    നമുക്കിന്ന് അവ പറയുന്നതു കേൾക്കാം

    കുളിരുപകരുന്ന
    ഒരു തണുത്ത കാറ്റ് വീശുന്നു
    നമുക്കിന്ന് പുറത്തുപോയി
    ഭക്ഷണം കഴിക്കാം,
    മരണമെന്നു പേരുള്ള ഹോട്ടലിൽ!


    Leave a Comment

    Your email address will not be published. Required fields are marked *