പ്രണയത്തിന്റെ പുതുഭാവതലങ്ങൾ കെ കെ അൻസാറിന്റെ കവിതകൾ പ്രേമത്തിന് നിന്റെ പേരാണ് പുസ്തകസ്വാദനം By രജിതൻ കണ്ടാണശ്ശേരി.
കെ. കെ അൻസാറിന്റെ മൂന്നാമത് കവിതാ സമാഹാരമാണ് “പ്രേമത്തിന് നിന്റെ പേരാണ്”. “അഴി”, “തലയില്ലാത്ത വാല്” എന്നീ കവിതാ സമാഹാരങ്ങൾ മുന്നേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അൻസാറിനെ ആദ്യമായി കാണുന്നത് തൃശൂർ ഡി സി ബുക്സിലെ സ്റ്റാഫായിട്ടാണ്. കടുത്ത പുസ്തക പ്രണയം തന്നെയാവണം അവിടെയെത്തിച്ചത്.
“തരങ്ങഴി”യെക്കുറിച്ച് കറന്റ് ന്യൂസിൽ കുറിപ്പ് വന്നതറിഞ്ഞ് ഡിസി ബുക്സിലേക്ക് പോയതാണ്. അവിടെ കാഷ് കൗണ്ടറിൽ മുടിയാകെ പരന്ന് പൊതിഞ്ഞ, കട്ടി ഫ്രെയിം കണ്ണടവച്ച ഒരു പയ്യൻ ഇരിക്കുന്നുണ്ട്. മുഖം താഴെയുള്ള പുസ്തകത്തിലേക്കായതുകൊണ്ട് എനിക്ക് സ്പ്രിംഗ് കൂമ്പാരം പോലുള്ള മുടിമാത്രമാണ് കാഴ്ച. ഉച്ചനേരമായതു കൊണ്ടാവാം സ്റ്റാളിൽ വേറാരും ഇല്ല. ഞാൻ ചെന്നതൊന്നും പയ്യനറിയുന്നില്ല. ഞാൻ ചുമച്ചു, ഹലോ പറഞ്ഞു.
തീക്ഷ്ണമായ കണ്ണുകൾ എന്റെ നേർക്ക് നീണ്ടു. ഒട്ടും സൗഹാർദ്ദമില്ല. വായനക്കിടയിൽ കയറി വന്നതുകൊണ്ടാവാം. അതിലെനിക്ക് സന്തോഷം തോന്നി. ജെൻസികൾക്കും പഴഞ്ചൻമാരുടെ പല സ്വഭാവങ്ങളുമുണ്ട്.
(വായന മുറിച്ചാൽ അമർഷമുണ്ട്.)”കറന്റ് ന്യൂസ് ബുള്ളറ്റിൻ പുതിയതുണ്ടോ?”
ചോദിച്ചു.
“ദാ ഇരിക്കുന്നു. എടുത്തോളൂ…”
മുന്നിൽ തന്നെ കുറേ ബുള്ളറ്റിനുകൾ ഇരിപ്പുണ്ട്. ഒരേ ലക്കങ്ങൾ. അതിൽ എനിക്ക് കിട്ടേണ്ട, പുതിയ ലക്കം ഇല്ല.
“ഇതിനു ശേഷം ഉള്ളത് വന്നിട്ടില്ലേ… എനിക്കതാണ് വേണ്ടത്.”
ഇത്തവണ യുവാവ് വായനയിൽനിന്ന് ഉണർന്നു. എന്തിനാ അത് എന്ന ഭാവം മുഖത്ത്.
എന്റെ ഒരു നോവൽ ഡി. സിയിലൂടെ വരുന്നുണ്ട്. അതിനെക്കുറിച്ച് വന്നിട്ടുണ്ട്.
യുവാവ് എണീറ്റു. മെല്ലിച്ച ശരീരം. മുഖം പോലെത്തന്നെ.
മുഖത്ത് അത്ഭുതം വിടർന്നു.
“പേരെന്താ നോവലിന്റെ..?”
“തരങ്ങഴി” ഞാൻ പറഞ്ഞു.
നിങ്ങടെ പേരെന്താ..?
“രജിതൻ…”
“ആദ്യ നോവലാ..?”
അതെ….
യുവാവിന്റെ മുഖം വിടർന്നു. തെളിഞ്ഞ ചിരി. ബഹുമാനം. (ഉറപ്പിച്ചു, ജെൻസിയല്ല )
പുസ്തകം എന്തായാലും ഇറങ്ങിയിട്ടില്ല. പുതിയ ബുള്ളറ്റിൻ ഇവിടെ എത്തിയിട്ടില്ല. വരാൻ വൈകും. ചിലപ്പോൾ ഒരാഴ്ച എടുക്കും. ഇതൊക്കെ ഓരോന്ന് എടുത്തോളു…
യുവാവ് വളരെ സന്തോഷവാനും ഊർജ്ജസ്വലനുമായി…
അതായിരുന്നു , അൻസാർ.
അൻസാർ എഴുതുമെന്ന് അറിയില്ലായിരുന്നു. അത് പറഞ്ഞത് പ്രസാദ് മാഷാണ്. തരങ്ങഴി പ്രകാശനദിനം ഡിസിയിൽനിന്ന് പുസ്തകങ്ങൾ വിൽപ്പനക്കായി കൊണ്ടുവന്നതും അൻസാറായിരുന്നു. കൊണ്ടുവന്ന പുസ്തകങ്ങൾ എല്ലാം വിറ്റുതീർന്നു, ഞാൻ എന്നാൽ പോട്ടെ മാഷേ എന്ന് പറഞ്ഞാണ് പയ്യൻ അക്കാദമി വിട്ടത്.
ഇനി കവിതയിലേക്ക് വരാം.
അൻസാറിന്റെ പുസ്തകം തുറന്നാൽ ആദ്യം കാണുന്നത് കവി വീരാൻ കുട്ടിയുടെ പ്രശസ്തമായ പ്രണയവരികളാണ്. എന്നാൽ അൻസാർ കവിത
പ്രണയത്തിന്റെ മനോഹാരിതക്ക് അപ്പുറമുള്ള നീറ്റലുകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
‘പ്രേമത്തിന് നിന്റെ പേരാണ്’ എന്ന തലക്കെട്ടിലൂടെ വായിക്കുന്നവരിലോരോരുത്തരിലും സ്പഷ്ടമായതോ അല്ലാത്തതോ ആയ പ്രണയ രൂപത്തെ സംബോധന ചെയ്യുന്ന ഈ പുസ്തകത്തിൽ പൊതുവായിക്കാണാവുന്ന ഒന്ന് പ്രണയത്തിന്റെ തരളലോകം ഒരുക്കി വെച്ചിരിക്കുന്ന ഒറ്റപ്പെടലും ചതിയും നോവും വരൾച്ചയുമാണ്.
സഫലീകരിച്ചതും അല്ലാത്തതുമായ പ്രണയങ്ങളും വ്യർഥതയായി മാറുന്ന പച്ചയായ കാഴ്ച മിക്കവാറും എല്ലാ കവിതയും പ്രതിഫലിപ്പിക്കുന്നു. കവിതകളുടെ കൃത്യമായ ഇംഗ്ലീഷ് വിവർത്തനവും വായിക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്. വായന ഒരു ഭാഷയിലേക്ക് മാത്രമൊതുങ്ങാതെ, അതിന്റെ ആഗോള സാധ്യതകൾ തുറന്നിടുകയാണ് ഇതിലൂടെ.
വളരെ വ്യത്യസ്തമായ അനുഭവതലത്തിലൂടെ പല കവിതകളും കടന്നുപോകുന്നുണ്ട്. “ഫ്രണ്ട് സീറ്റിലെ കമ്പിയിൽ നെറ്റിയിടിപ്പിച്ച് നീയെന്റെയുള്ളിൽ നിന്നും സ്റ്റോപ്പില്ലാത്തിടത്ത് ഇറങ്ങിപ്പോയി” എന്ന വരികളിലൂടെ സുഗമമായ യാത്രക്കിടയിൽ അപ്രതീക്ഷിതമായ ആഘാതങ്ങളുമായി അകന്നുപോകുന്ന പ്രണയത്തെ കാണാം. പ്രണയ നഷ്ടത്തിന്റെ പുത്തൻ ഭാവങ്ങൾ കുറിച്ചിടുന്നുണ്ട് തലക്കെട്ടില്ലാത്ത 112 പേജുകളിലെ കവിതകളിലൂടെ.
പലപ്പോഴും അൻസാർ കവിതയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല പ്രണയശൈഥില്യം.
“പ്രണയത്തിന്റെ ഒരറ്റത്തുനിന്ന് ഞാൻ നടക്കാൻ തുടങ്ങി…
മറ്റേ അറ്റത്ത് നീ കുഴിച്ച ചതിയുണ്ടെന്നറിഞ്ഞിട്ടും”
എന്ന വരികളിൽ ആരംഭത്തിലേ പ്രണയാന്ത്യത്തെക്കുറിച്ച് ബോധവാനാണ്. എന്നിട്ടും ആ പ്രണയ വഴിയിലൂടെ നടക്കാനൊരുങ്ങുകയാണ്.
ചിലപ്പോൾ ചീഞ്ഞുപോയ മീൻ ചിറകുകളുള്ള കാമുകന്റെ അവസ്ഥയാണ് പ്രണയം സമ്മാനിക്കുന്നത്, കടലെടുത്തുപോയ ചുംബനങ്ങളും ഇണയുടെ ചവിട്ടേറ്റ് തേഞ്ഞതുമാണ് പ്രണയം.
നിരതെറ്റാത്ത ഒരു വര പോലുമില്ലാത്ത ഉൾത്താളുകളിൽ ഒരു വരിപോലും കുറിക്കാനാവാത്ത അവസ്ഥയാണ് പ്രണയത്തിനുള്ളത്. ഒന്നും പറയാതെ പടിയിറങ്ങിപ്പോയ പ്രണയത്തിന് കാരണം,
ഓരോ വാക്കും മുറിവുണക്കാനുള്ളതാവണമെന്ന ഉറപ്പിൽ പ്രണയിച്ചവരാണ് എന്നതത്രേ…
നോവിന്റെ തീരത്തിരുന്ന് വിരഹത്തിന്റെ ഉപ്പുകാറ്റ് കൊള്ളുന്ന പ്രണയിനികളെക്കുറിച്ചും കവിത പാടുന്നു. ഒരു വേള ഇങ്ങനെപ്പോലും കവി ആകുലപ്പെടുന്നു,
തോർന്നു തീരാൻ പ്രണയിച്ചിരുന്നുവോ….നമ്മൾ..?
