മരണപ്പെട്ട കാലുകൾ : Poem By സ്നേഹ അമ്മാറത്ത്

പത്ത് വിരലുകൾ പത്ത് ദശകങ്ങളിലെ കഥകൾ ചുമന്ന ഞരമ്പുമായി പിണഞ്ഞിഴഞ്ഞ് നീങ്ങി.
ഒന്നാമത്തെ ദശകത്തിൽ ബാല്യവും
രണ്ടാമത്തെ ദശകത്തിൽ കൗമാരവും
മൂന്നാമത്തെ ദശകത്തിൽ യൗവ്വനവും
കുമിഞ്ഞുകൂടി വേച്ചുനടന്ന്
നാലാമത്തെ ദശകത്തിൽ ഒരേ നിൽപ്പുറപ്പിച്ചു.
അനങ്ങാത്ത കാലിലെ വേര്
ഒരു മരവിപ്പോടെ അഞ്ചാമത്തെ ദശകം കടന്നുപോകുന്നത് നോക്കിനിന്നു.
ആറാമത്തെ ദശകത്തിലായിരുന്നു സംഭവബഹുലമായ തിരുത്തുകൾ വന്നുചേർന്നത്.
ഒന്ന് മരിക്കുന്നതിനു മുന്നേ ജീവിക്കണമെന്ന് പഠിപ്പിച്ചു.
മറ്റൊന്ന് ജീവിതത്തെ
സ്നേഹിക്കണമെന്ന് പഠിപ്പിച്ചു.
ഏഴാമത്തെ ദശകത്തിൽ മഴവില്ല് വിരിയുകയും മഞ്ഞക്കൊന്നപ്പൂക്കൾ നിറയുകയും ചെയ്തു.
എട്ടാമത്തെ ദശകം കടന്നുവന്നത്
നാഴികകൾ നടന്നു കൊണ്ടായിരുന്നു.
തടിച്ച കാലുകളിൽ രോമങ്ങൾക്കും
മീതെ പൊന്തിയ ഞരമ്പുമായി.
കാല് കണ്ട
മനുഷ്യരെ, സ്നേഹങ്ങളെ, മലകളെ, പുഴകളെ, കടലിനെ, ആകാശത്തെ,
ഒക്കെയും ഒരു കിഴിക്കെട്ടിലാക്കി
ഭാരിച്ച ചുവടുമായി മുന്നോട്ട് പോയി.
ഒമ്പതാമത്തെ ദശകത്തിൽ വാർദ്ധക്യം വെള്ള ചെമ്പകപ്പൂക്കളുമായി വന്നു.
നിരങ്ങിനീങ്ങി നെടുവീർപ്പിട്ടു.
വീർത്തു വീർത്ത് കാലുകൾക്ക്
വലിപ്പം വച്ചു.
ഒടുവിലൊടുക്കം പത്താമത്തെ
ദശകത്തിൽ കാലുകൾക്കും മീതെ
ഓർമ നശിച്ചു.
രോമങ്ങൾക്കും മീതെ ഈച്ചകൾ പാറി.
ഞരമ്പിലൊരിടനാഴിയിൽ ചോര നിന്നു.
മരണപ്പെട്ട കാലുകൾക്ക് മീതെ
മണ്ണ് കുമിഞ്ഞു.
പത്ത് ദശകങ്ങളിലെ കഥകൾക്ക്
ഉറവിടമില്ലാതെയായി.


Leave a Comment

Your email address will not be published. Required fields are marked *