മരിച്ചു പോവുമെന്നു തോന്നുന്ന രാത്രികളിൽ മാത്രം കവിതകൾ എഴുതുന്നൊരാൾ Poem by നക്ഷത്ര മനോജ്
മരിച്ചു പോവുമെന്നു തോന്നുന്ന
രാത്രികളിൽ മാത്രം കവിതകൾ
എഴുതുന്നൊരാൾ,
ഏറ്റവുമൊടുവിൽ
സന്ധിപ്രതിസന്ധികൾക്കെല്ലാമറ്റത്ത്
രേഖകളില്ലാത്ത ഒരു കുറിപ്പടി
കവിതയായി അവശേഷിക്കും.
അവസാന വരിയിൽ
ജീവിതത്തോട്
ഒരാൾ നീട്ടിയെഴുതിയ,
വിറച്ചുപോയതിനാൽ മാത്രം
നിര തെറ്റിയ അക്ഷരങ്ങളിൽ
ജീവിതത്തെ നോക്കിയ അവസാനത്തെ
നോട്ടം തെളിഞ്ഞുകാണും
ഇനിയില്ലാത്ത ഒരാളിലേക്ക്
വിരൽ ചൂണ്ടിക്കൊണ്ട്
അക്ഷരങ്ങൾ മൗനം പാലിക്കും.
ഉത്തരം അറിയാമായിരുന്നവരൊക്കെ
ജീവിതം ഉത്തരം കണ്ടെത്തേണ്ട പാതയാണെന്നോ,
വഴിതെറ്റി വീണവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നോ മൗനം കാട്ടും.
അപ്പോഴും അവസാനത്തെ വരിയിൽ
ജീവിതത്തെ നോക്കിയ
ആ നിരതെറ്റിയ നോട്ടത്തിൽ
നമ്മൾ
പൊള്ളിപ്പോവും.
പിടിച്ചുനിൽക്കാൻ തോളുകളില്ലെങ്കിൽ
എഴുതിയവസാനിക്കാത്ത ഒരു
കവിതയ്ക്ക് ആമുഖം എഴുതുന്നൊരാൾ
നിങ്ങളുടെ കൂടെ സദാ അധിവസിക്കുന്നു….
ഭാഷ മരിച്ചുപോയ തലച്ചോറും താങ്ങി
അയാൾ നിങ്ങളുടെ ദൂരങ്ങളിലെല്ലാം
കിതച്ചുപായുന്നുണ്ട്
മരിച്ചു പോവുമെന്ന് തോന്നുന്ന രാത്രികളിലെല്ലാം കവിതകൾ എഴുതിക്കൊണ്ട്…

❤️
💕💕💕