ലളിതം Short story ഐശ്വര്യ പൊറ്റെക്കാട്ട്
“എനിക്കീ ടച്ച് ഫോണൊക്കെ പേട്യാ അമ്മിണ്യേച്ചേ… ഞാനെവിടേലും തൊട്ട് കേട് വന്നാലോ?”
“ഏഹ് പിന്നേ! ഇങ്ങനെ പേടിക്കാനൊക്കെ എന്താ. ഞാനൊക്കെ പഠിച്ചില്ലേ… പിന്നെപ്പോ നെനക്കെന്താത്ര പേടി. പിന്നെ കേട് വന്നാൽ അങ്ങട്ട് വരട്ടേന്ന്. മോൾക്ക് പുത്യേ ഫോൺ വാങ്ങ്യപ്പൊ അവൾടെ പഴേത് നെനക്ക് തന്നതല്ലേ. അത്ര പുത്യേതൊന്നും അല്ലല്ലോ.”
തയ്യൽ മെഷീനിൽനിന്ന് തലയുയർത്താതെ അമ്മിണി പറഞ്ഞു.
“ഞാൻ കഴിഞ്ഞ ദിവസം ഫാമിലി ഗ്രൂപ്പില് ഒരു മരണവാർത്തേടെ താഴെ ചിരിക്കണ സ്മൈലി ഇട്ടു ന്ന് പറഞ്ഞ് മോളും ഏട്ടനും ഇനി എന്നെ പറയാനൊന്നും ബാക്കില്ല.”
“പോവാൻ പറ. ആദ്യം ങ്ങനൊക്കെ തന്ന്യാ. ഇതിപ്പോ എല്ലാരും എല്ലാം പഠിച്ചിട്ടാണോ ഇങ്ങട്ട് പെറ്റു വീഴണേ? മനുഷ്യമ്മാരായാ അബദ്ധോക്കെ പറ്റും.”
“ന്നാലും അമ്മിണ്യേച്ചി..”
“ദേ പെണ്ണെ, വെർതെ ഇരുന്ന് പായാരം പറയാതെ പറ്റുംച്ചാ ഈ ബ്ലൗസിനൊരു ഹുക്ക് വെച്ചുതാ…”
അമ്മിണി നീട്ടിയ റോസ് കല്യാണ ബ്ലൗസ് ലളിത പതുക്കെ തടവി.
“ഇപ്പത്തെ ബ്ലൗസ് ഒക്കെ എന്തൊക്കെ ഫാഷനാ ലെ. ന്റെ ഒക്കെ കല്യാണ ഫോട്ടോ കാണണം! ഒരു കോലം. എടുത്താ പൊങ്ങാത്ത ഒരു സാരീം… കൊറേ മുല്ലപ്പൂവും. ആ പിന്നെ എന്ത് വേഷം കെട്ടിട്ടെന്താ, തലവര നന്നാവണം.”
“നിന്റെ തലവരക്കെന്താ കൊഴപ്പം? ഭർത്താവിന് ബാങ്കുദ്യോഗം. സ്വന്തം വീട്. നല്ലൊരു മോള്.
“ഹാ, ഇവിടിരുന്ന് അങ്ങട്ട് നോക്കുമ്പോ അമ്മിണ്യേച്ചിക്ക് തോന്നണതാ. എനിക്ക് അതിനെക്കാളിഷ്ടം അമ്മിണ്യേച്ചിടെ മാതിരി ആവണതാ. ആരേം പേടിക്കണ്ട. സ്വന്തം ആവശ്യത്തിനുള്ള കാശ് സ്വന്തായിട്ട് ണ്ടാക്കണൂ. ആരുടെ മുന്നിലും കൈനീട്ടണ്ട.”
“ആ അത് ശര്യാ… ആയ കാലത്ത് കെട്ടിച്ചുവിടാൻ തന്തേം തള്ളേം ണ്ടായില്ല ന്ന് ആദൊക്കെ എനിക്കൊര് വെഷമം ണ്ടാരുന്നു. ഇപ്പൊ ആലോചിക്കുമ്പൊ ഇതാ സമാധാനം. അല്ല ലളിതേ, നെനക്കിവിടെ ന്റെ കൂടെ വന്നിരുന്ന് തുന്നാൻ കൂടിക്കൂടേ? നെനക്കൊരു വരുമാനം ആയില്ലേ.”
“അസ്സലായി. ഏട്ടനതൊന്നും ഇഷ്ടല്ല. ഇടക്ക് എന്തേലും നൊണ പറഞ്ഞാ ഞാനീ വന്നിരിക്കണത് തന്നെ. ബാങ്കുദ്യോഗസ്ഥന്റെ ഭാര്യ തുന്നപ്പണി ചെയ്യണത് കൊറച്ചിലാത്രേ. പിന്നെപ്പോ ന്ത ചെയ്യാ. ന്റെ വിധി ആ അടുക്കളേൽ കെടന്ന് തീരാനാ.”
ബ്ലൗസിന്റെ മിനുസത്തിലൊന്നു കൂടി കയ്യോടിച്ചമ്മിണിക്ക് കൈമാറുമ്പോ ലളിത നെടുവീർപ്പിട്ടു. തിരിച്ച് വീട്ടിലെത്തിയിട്ടും അമ്മിണ്യേച്ചിക്ക് അടുക്കളേലെ ഡിഷ് വാഷർ അവളുടെ തലയിലിരുന്നിരമ്പി.
രാത്രി ചപ്പാത്തിക്കും കുറുമക്കുമൊപ്പം ലളിത പുതിയ വിശേഷം വിളമ്പി.
“മോളെ, നീയേ ഡിഷ് വാഷർ കണ്ടിണ്ടോ?”
“ആ വീഡിയോ ഒക്കെ കണ്ടിണ്ട്. അമ്മക്കെന്തിനാപ്പൊ ഡിഷ് വാഷർ?”
“ആ എന്റെ കയ്യില്ള കാശൊക്കെ എങ്ങനെ തീർക്കാംന്നാണ് നിന്റമ്മേടെ ഗവേഷണം. ഞാനപ്പഴേ പറഞ്ഞതാ ആ ഫോണൊന്നും ഇവൾക്ക് കൊടുക്കണ്ടാന്ന്. ഇനി ലോകത്തുള്ള സകല കുന്തോം അതിൽ കണ്ട് പൊക്കിപ്പിടിച്ചോണ്ട് വരും.”
ചപ്പാത്തിയും കുറുമയും കൂടിക്കലർന്ന മിശ്രിതം കുഴമ്പ് രൂപത്തിൽ രാജീവിന്റെ വായിൽനിന്ന് ലളിതയുടെ പ്ലേറ്റിലേക്ക് തെറിച്ചു.
“ഓ.. നിങ്ങള് കാശ് മൊടക്കി ഒന്നും വാങ്ങിത്തരണ്ട. എന്റെ കാശിനു ഞാൻ വാങ്ങിക്കോണ്ട്.”
“അതിനു നിന്റെ കയ്യിലെവിടുന്നാ കാശ്!”
സ്വന്തം തമാശയാസ്വദിച്ച് രാജീവ് പൊട്ടിച്ചിരിച്ചു. ലളിതയുടെ വാടിയ മുഖം കാണാത്ത പോലെ ആർദ്ര എണിറ്റുപോയി. വയറുനിറച്ച്, കഴുകാനുള്ള പാത്രങ്ങൾ ലളിതക്ക് ബാക്കിവച്ച് രാജീവൻ പിന്നാലെയെണീറ്റു.
“നീയെന്തിനാ അവരടെ കാലുപിടിക്കാൻ പോണേ? നെനക്ക് കൊറച്ചു പൈസ എടുത്തുവച്ച് ഒരെണ്ണം മേടിച്ചൂടേ അത്ര ആഗ്രഹാച്ചാ?”
“അതിനു എന്റെ കയ്യിലെവിടുന്നാ അമ്മിണ്യേച്ചീ പൈസ? എന്തെങ്കിലും ചെലവ് ണ്ട്ചാ അതിനുള്ള പൈസ മൂപ്പര് കറക്റ്റ് ആയിട്ട് എണ്ണിത്തരും. കൂടുതലും ല്ല, കൊറവും ല്ല. ഞാനവിടത്തെ പൈസ വേണ്ടാത്ത വേലക്കാര്യ. വല്ലോം പറഞ്ഞാ അപ്പൊ ചോദിക്കും നെനക്കിവിടെ എന്താ കൊറവ് ന്ന്.”
“ന്നാലെ, നീയാദ്യം മേടിക്കണ്ടത് ഡിഷ് വാഷർ അല്ല. ഒരു തുന്നൽ മെഷീനാ. അതിപ്പോ പൈസ മുഴുവൻ ഒന്നിച്ചുകൊടുക്കാതെ മേടിക്കാനുള്ള പരിപാടി ഒക്കെ ണ്ട്. അതാവുമ്പോ നിനക്കൊരു വരുമാനം ആയി. നീ അതൊന്നാലോചിച്ചു നോക്ക്.”
ലളിതയുടെ ചിന്തകൾ അമ്മിണിയുടെ തയ്യൽ മെഷീൻ വിഴുങ്ങി.
“ഞാനൊരു തുന്നൽ മെഷീൻ വാങ്ങ്യലോന്നാ..”
രാജീവ് ഫോണിൽനിന്ന് മുഖമുയർത്തി ലളിതയെ നോക്കി.
“നോക്ക് ലളിതേ, ഈ വർത്താനം ഇനി ഇവിടെ വേണ്ട. ഇതൊക്കെ ഞാൻ പണ്ടേ പറഞ്ഞതാ. എനിക്കൊരു നെലേം വെലേം ഒക്കെ ള്ളതാ. നീയി പെണ്ണുങ്ങൾടെ ബ്ലൗസും പാവാടേം അടിച്ചു കൊടുത്ത്, പരദൂഷണോം പറഞ്ഞിരിക്കണത് എനിക്ക് മോശാണ്.”
“എന്ത് മോശാ രാജീവേട്ടാ? അതൊരു ജോലി അല്ലെ. ഞാനൊരു മോശം ഒന്നും കാണുന്നില്ല.”
“നീ കാണില്ല. പഴേ പത്താം ക്ലാസ്സിന്റെ ബുദ്ധി അല്ലെ. അതൊന്നും വേണ്ട. അത്രന്നെ. അല്ല, ഇനി വേണേൽ നിന്റെ കയ്യിൽ കാശ് ണ്ടേൽ വാങ്ങിക്കോ.”
ലളിതയുടെ നിശ്ശബ്ദതക്ക് മേൽ വിജയത്തിന്റെ കൊടി കുത്തിയിറക്കി യുദ്ധമവസാനിപ്പിച്ച് രാജീവൻ തിരിഞ്ഞ് കിടന്നു.
“ഇക്കണ്ട കാലം എല്ലാരുടേം അഭിപ്രായം നോക്കീട്ട് എന്താപ്പോ ണ്ടായേ! നീ ഞാൻ പറയണത് കേൾക്ക്. കൊറച്ചു പൈസ ഞാൻ തരാം. നീ പതുക്കെ തന്നു തീർത്താൽ മതി. പിന്നെ അടുത്ത മാസം തൊട്ട് EMI അടക്കാനുള്ള പൈസ നിനക്ക് തന്നെ ണ്ടാക്കാലോ.”
“അതല്ല അമ്മിണ്യേച്ചീ… മൂപ്പര് വേണ്ടാന്ന് പറഞ്ഞിട്ട് ഇനി ഞാനിത് വാങ്ങിയാ അതാകെ പ്രശ്‌നാവില്ലേ?”
“ആവട്ടേന്ന്. തൂക്കിക്കൊല്ലൊന്നും ഇല്ലല്ലോ. മ്മക്ക് നോക്കാന്ന്. നീയാദ്യം കൊറച്ച് ധൈര്യം ണ്ടാക്ക്. മ്മക്ക് ഇഷ്ടള്ളൊരു ഷെഡ്‌ഡിയോ ബ്രേസിയറോ വാങ്ങണംച്ചാ വരെ കെട്ട്യോന്മാര് കനിയണം ന്ന് പറഞ്ഞാ അതെങ്ങന്യാ ശര്യാവാ? കൊറച്ചുപൈസ അവനോന്റെല് വേണം പെണ്ണേ…”
മെഷിന്റെ ചക്രത്തിന്റെ താളത്തിൽ അമ്മിണിയുടെ ഫിലോസഫി ലോകം മൊത്തം നിറയുന്നതായി ലളിതക്ക് തോന്നി.
“ഞാനെന്തായാലും നിന്റെ അഡ്രസ്സിലേക്ക് ഓർഡർ ചെയ്ത് തരാ. നീ നിന്റെ ഇഷ്ടത്തിനൊരു കാര്യം ചെയ്‌താ കറക്കം നിർത്തണ ഭൂമിയാണെങ്കി അങ്ങട്ട് നിക്കട്ടെ ന്ന്.”
അന്ന് രാത്രി ഭൂമിയൊരു തയ്യൽ മെഷിന്റെ താളത്തിൽ കറങ്ങുന്നതായി ലളിതസ്വപ്നം കണ്ടു.
പെട്ടെന്നൊരുച്ച വെയിലിലേക്ക് അമ്മ മരിച്ചുപോയപ്പോൾ ആർദ്രക്ക് വല്ലാതെ ദേഷ്യം വന്നു. നാല്‌പത്തഞ്ചാം വയസിൽ മരിച്ചുപോവാൻ മാത്രം തിരക്കൊന്നും അവർക്കുണ്ടായിരുന്നില്ല. നല്ല വീട്, കുടുംബം, ഭർത്താവ്, മോശമില്ലാത്ത സാമ്പത്തിക സ്ഥിതി. എന്നിട്ടും ഒരു മുന്നറിയിപ്പും കൊടുക്കാതെ ഒരു ശനിയാഴ്‌ച ചോറുണ്ടു കഴിഞ്ഞ് കൈ കഴുകി മുഴുമിപ്പിക്കും മുൻപ് ലളിത കുഴഞ്ഞുവീണു. ഊണ് കഴിഞ്ഞ്, ലുങ്കിക്കുള്ളിലൊതുങ്ങാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന രോമക്കുമ്പ തടവി, മറുകൈകൊണ്ട് വരിവരിയായി ചുമരിലൂടെ മാർച്ച് ചെയ്യുന്ന ഉറുമ്പുകളെ കൊല്ലാൻ തുടങ്ങുകയായിരുന്നു രാജീവനപ്പോൾ.
അയാളുടെ ഉച്ചക്കിടത്തത്തിന്റെ സുഖമുള്ള ആലസ്യത്തിലേക്കാണ് ഡൈനിങ്ങ് ഹാളിലെ കസേരകളുംകൊണ്ട് ലളിത ലളിത മറിഞ്ഞുവീണത്. ഉറക്കം പേടിച്ചോടിയ പരിഭവത്തിൽ അയാൾ ഒച്ചയിട്ടിട്ടും കസേരകൾ തിരികെ നിവർന്നിരിക്കാത്തത് ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നെയും ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് മൂത്രമൊഴിക്കാൻ മുട്ടി ആർദ്ര കട്ടിൽ വിട്ടെണിക്കുമ്പോഴും ഡൈനിങ്ങ് ഹാളിലെ ഇട്ടാവട്ടത്തിൽ വാഷ്ബേസിനും മേശക്കുമിടയിൽ, വീണു കിടക്കുന്ന കസേരകൾക്കടുത്ത് കൈകാലുകൾ വിടർത്തി, തല വശത്തേക്കൽപ്പം ചെരിച്ചു കിടക്കുകയായിരുന്നു ലളിത.
രാജീവന്റെ കൈഞെരുക്കത്തിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയ ഉറുമ്പുകളുടെ മാർച്ച് പാസ്റ്റ് ഒരു വിലാപയാത്രയായി ഒരേ താളത്തിൽ ലളിതയുടെ പകുതി തുറന്ന കണ്ണുകൾക്കടുത്തുകൂടി തുറന്നുകിടക്കുന്ന ജനൽ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. മൂത്രമൊഴിച്ച് കഴുകാൻ വെള്ളം തികയാതെ, മോട്ടോർ ഓൺ ചെയ്യാൻ മറന്ന അമ്മയുടെ ശ്രദ്ധക്കുറവിനെ പ്രാകി ആർദ്ര കിടപ്പുമുറിയുടെ വാതിൽ തുറക്കുമ്പോൾ നാല്‌പത്തഞ്ച് വർഷത്തെ ആയുർഭാരം താങ്ങി വിലാപയാത്ര ജനൽ കടക്കുന്നതേ ഉ ഉണ്ടായിരുന്നുള്ളൂ.
ആർദ്രയുടെ കരച്ചിൽ കേട്ട് ഉറക്കം ഞെട്ടിയ ദേഷ്യത്തിൽ രാജീവൻ ഡൈനിങ്ങ് ഹാളിലെത്തും മുൻപ് തങ്ങൾക്ക് കടന്നുവരാൻ സമയമായോ എന്നന്വേഷിച്ച് ഈച്ചക്കൂട്ടങ്ങൾ ജനൽപ്പടിക്ക് മേലെയെത്തിയിരുന്നു. “നേരത്ത് ഭക്ഷണം കഴിക്കാതേം റെസ്ററ് എടുക്കാതേം ഓരോ വയ്യായ വരുത്തി വെക്കും ബാക്കിള്ളോർക്ക് എടങ്ങേറാക്കാൻ” എന്ന് അയാളുടെ നാവ് ചാട്ടയടിക്കാൻ തുടങ്ങിയതാണ്. പക്ഷെ, വീടിനുള്ളിലരിച്ച അസാധാരണമായ തണുപ്പ് അതിനെ മരവിപ്പിച്ചുകളഞ്ഞു. എന്നിട്ടും, പതുക്കെ മാത്രം ശരീരം വിട്ടിറങ്ങുന്ന ചെറിയ ചൂട് ഇനിയും അത്ഭുതങ്ങൾക്ക് സാധ്യതയുണ്ടെന്ന് രാജീവന് തോന്നിപ്പിച്ചത് കൊണ്ടാണ് ലളിതയെ താങ്ങി കാറിന്റെ പിൻസീറ്റിലേക്ക് കേറ്റാൻ തൊട്ടടുത്ത വീട്ടിലെ അനിലിനെ കൂടി വിളിച്ചത്.
ഇരുപത് കൊല്ലത്തിനിടക്ക് അന്ന് ആ കാറിൽ മടിയിലേക്ക് തലയെടുത്തു കിടത്തിക്കൊണ്ട് പോവുമ്പോളാണ് ആർദ്ര ആദ്യമായി ലളിതയെ ശ്രദ്ധിച്ചു നോക്കിയത്. വിയർപ്പിൽ ചാലിറങ്ങി മൂക്കോളം പരന്ന സിന്ദൂരവും, കടിച്ചു ഞണുങ്ങിയ പാടുകളിൽ സങ്കടം പേറുന്ന താലിയും, കഴുകാൻ നേരം കിട്ടാതെ നിറം മങ്ങിയ കമ്മലുകളും ഇനിയൊരിക്കലും കാണാനിടയില്ലെന്ന വല്ലാത്ത പേടിയോടെ അവൾ ഉള്ളിൽ പതിപ്പിച്ചു.
കയ്യിലവിടവിടെ ഉണങ്ങിപ്പിടിച്ച ചോർ വറ്റുകളിലും നഖങ്ങൾക്കിടയിൽ മഞ്ഞ പിടിച്ചുകിടന്ന ഉച്ചക്കത്തെ മോരുകറിയിലും നോട്ടം തറപ്പിച്ചു. കയ്യൊന്നു ശരിക്ക് കഴുകിക്കൂടായിരുന്നോ എന്ന് മനസ്സിൽ പറഞ്ഞു. എത്ര കഴുകിയിട്ടും പോവാത്ത തലേന്നത്തെ വെളുത്തുള്ളി മണവും, മുഷിഞ്ഞ നൈറ്റിയിലെ പിഞ്ഞലും കറകളും എല്ലാം കൂടി ഡോക്ടർക്ക് ഓക്കാനം വരാതിരുന്നാൽ മതിയെന്ന് വിചാരിച്ചു. എന്ത് സംഭവിച്ചാലും, ആരെന്ത് വിചാരിച്ചാലും എനിക്കിനിയൊരു ചുക്കുമില്ലെന്ന് പറഞ്ഞ് ലളിത തണുപ്പ് പുതച്ചുകിടന്നു.
തിരിച്ചുള്ള യാത്ര ആംബുലൻസിലായിരുന്നു. മരിച്ചിട്ട് വളരെക്കുറച്ചു നേരമേ ആയിക്കാണു എന്നാണ് ഡോക്‌ടർ പറഞ്ഞത്. പ്രാണൻ ഉറുമ്പുകൾ തോളിലേറ്റിക്കൊണ്ട് പോവുമ്പോഴും ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന് അമ്മ വിചാരിച്ചു കാണില്ല. അമ്മയുടെ ലോകത്തെന്തു നടക്കുന്നെന്ന് ഇന്ന് വരെ ആരും നോക്കിയിട്ടില്ല. വളരെ സാധാരണമായൊരുച്ച നേരത്ത് പതിവുകൾക്ക് മാറ്റം വരാൻ പോകുന്നില്ലെന്ന് അവർക്കറിയുമായിരിക്കുമല്ലോ.
തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ രാജീവൻ, അനിലിനൊപ്പം കാറിൽ കയറി. ആർദ്ര ആംബുലൻസിൽ ലളിതക്കൊപ്പം. വീട് പൂട്ടിയിട്ടുണ്ടായിരുന്നില്ല. ആരുമോർത്തില്ല. എന്നും വീട് പൂട്ടി അവസാനമിറങ്ങുന്നയാൾ ആരോടും ഒന്നും പറയാതെ, ചെയ്തു കൊണ്ടിരിക്കുന്ന പണികളത്രയും പകുതിക്ക് വെച്ച് പെട്ടെന്നൊരു ദിവസം മരിച്ചുപോവാൻ തീരുമാനിച്ചാൽ പിന്നെന്ത് ചെയ്യാൻ പറ്റും!
ഉള്ളിൽ മേശപ്പുറത്ത് തണുത്ത ചോറും കറികളും, കഴുകാനുള്ള ഉണങ്ങിപ്പിടിച്ച പ്ലേറ്റുകളോട് സങ്കടം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ലളിതയെ അകത്ത് ഹാളിൽ കിടത്തുമ്പോൾ വറ്റുണങ്ങിപ്പിടിച്ച പാത്രങ്ങൾ എത്ര കഴുകിയിട്ടും വൃത്തിയാവാത്തതിന്റെ സങ്കടം പൊട്ടിപ്പോവാതെ പിടിച്ചുനിർത്തുകയായിരുന്നു ആർദ്ര. ഞായറാഴ്ച്‌ക്കഴുകലിന് കാത്തിരിക്കുന്ന ബാത്റൂമുകളും വൈകുന്നേരം ഒന്നിച്ചലക്കാൻ കൂട്ടിയിട്ട മുഷിഞ്ഞ തുണികളും ഓർത്തപ്പോൾ അവൾക്ക് ചങ്കിനുള്ളിലൊരു കുത്തിച്ചൊറിച്ചിൽ തോന്നി.
രാജീവനതൊന്നും ഓർത്തതേയില്ല. ഇതൊക്കെയിനി ആരാന്ന് വെച്ചാൽ ചെയ്തോന്ന് പറഞ്ഞ് വീടിനകത്ത് നളിനി നെഞ്ചിൽ കൈകൾ പിണച്ചുവച്ച് കിടന്നു. പതിവുള്ള വൈകുന്നേരച്ചായ മുടങ്ങിയതിൽ പ്രതിഷേധിച്ചുവന്ന തലവേദനയെ കൈ വെച്ച് തടുത്ത് രാജീവൻ അടുത്തിരുന്നു. രണ്ട് പേരോടും ദേഷ്യപ്പെട്ട് ആർദ്ര അകത്ത് കട്ടിലിൽ കിടന്നു. രാത്രി പലരും വന്നുപോയി. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആരൊക്കെയോ അടുത്തിരുന്നു. തോളിൽ തട്ടി. കെട്ടിപ്പിടിച്ചു. എന്തെങ്കിലും കഴിക്കാനും കുടിക്കാനും നിർബന്ധിച്ചു. ചന്ദനത്തിരി മണം മൂക്കിലടിച്ചു മനസ് മടുപ്പിക്കാൻ തുടങ്ങിയപ്പോൾ തിടുക്കപ്പെട്ട് യാത്ര പറഞ്ഞിറങ്ങി. രാജീവൻ ആർദ്രയെയോ ആർദ്ര രാജിവനെയോ ഓർത്തില്ല. രണ്ടു പേരും അവരവരുടെ പേടികളിലും പരിഭവങ്ങളിലും കുടുങ്ങി. ഒന്നും കാണാതിരിക്കാൻ ലളിത കണ്ണടച്ച് കിടന്നു.
രാവിലെ ആയപ്പോഴേക്ക് ഒരു വിധം എല്ലാവരും വന്നുപോയി. ചടങ്ങുകൾ തുടങ്ങാൻ സമയമടുക്കുമ്പോഴാണ് പുറത്തൊരു വണ്ടിയുടെ ശബ്ദം. കൃത്രിമമായ നിശ്ശബ്ദതക്കു നടുവിൽ ചുമരിന് മറുപുറത്തുനിന്നൊരാളുടെ സംശയം നിറഞ്ഞ ചോദ്യം,
“ലളിത’ന്ന് പറഞ്ഞ ആളുടെ വിടല്ലേ?”
ആർദ്ര ഉമ്മറത്തേക്ക് ചെന്നു. പുറത്തൊരാൾ ആൾക്കൂട്ടത്തിനിടയിൽ പരുങ്ങിനിൽക്കുന്നു.
“എന്താ?”
“ഞാൻ ആമസോണിന്നാ. ഒരു തയ്യൽ മെഷീൻ ഓർഡർ ചെയ്തിട്ടില്ലേ ഈ അഡ്രസിൽക്ക്? അതിൽ തന്ന നമ്പറിൽ വിളിച്ചപ്പോ കിട്ടീല. അതാ നേരെ വന്നേ.”
ആർദ്ര രാജീവിനെ നോക്കി. രാജീവ് അകത്തുകിടക്കുന്ന ലളിതയെ നോക്കി. ലളിത അത് കാണാത്തപോലെ കണ്ണടച്ച് കിടന്നു.
