സ്മൃതികവാടത്തിലെ മുല്ലവള്ളികൾ Story By സംഗീത എസ്
കല്ല്യാണത്തിൻ്റെ ഒരുക്കങ്ങളൊക്കെയും പൂർത്തിയായിരിക്കുന്നു. അടുത്ത ബന്ധുക്കളൊക്കെയും എത്തിത്തുടങ്ങി. അച്ഛൻ വിശ്രമമില്ലാതെ ഓടിനടക്കുക തന്നെ, ഭക്ഷണമൊക്കെ കഴിക്കുന്നുവെന്ന് വരുത്തി അത്രതന്നെ… എണ്ണിയാലൊടുങ്ങാത്ത മരുന്ന് കഴിച്ച് ജീവൻ നിലനിർത്തുന്ന ആ ശരീരത്തിന് വിശ്രമം അനിവാര്യം തന്നെ, എങ്കിലോ എല്ലാം തനിയെ ചെയ്തെങ്കിൽ മാത്രമേ ബോധിക്കുള്ളൂന്ന് വെച്ചാൽ എന്തു ചെയ്യാനാകും?
ഒറ്റ മോളല്ലേ, എല്ലാം ഒറ്റക്ക് മനസ് നിറഞ്ഞു ചെയ്യണമെന്നുള്ള ആഗ്രഹം അല്ലാതെന്താ? ഞാനാകട്ടെ തടസ്സം നിൽക്കാനും പോയില്ല…
കല്ല്യാണത്തിന് പുടവയും ആഭരണങ്ങളും അലങ്കാരങ്ങളുമൊക്കെ അമ്മയുടെ തിരഞ്ഞെടുക്കൽ കർത്തവ്യം തന്നെ, എന്തെന്നാൽ
അമ്മക്ക് മാത്രമല്ലേ എന്നെ ഏറ്റവും സുന്ദരിയാക്കാനാകൂ. കോളേജിൽ പഠിക്കുമ്പോൾ മലയാളി മങ്ക മത്സരത്തിൽ എന്നെ ഒരുക്കിയതും ഓരോ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ പഠിപ്പിച്ചു തന്നതും അമ്മതന്നെ, എന്നിട്ടോ ഒന്നാം സ്ഥാനം കിട്ടിയപ്പോൾ ഏറ്റവും ആഹ്ലാദിച്ചതും അമ്മതന്നെ. ചുവന്ന നിറം എനിക്ക് നന്നായി ചേരുമെന്നാണ് അമ്മയുടെ പക്ഷം, അതുകൊണ്ടുതന്നെ കല്ല്യാണപ്പുടവയാകട്ടെ സ്വർണ്ണനിറമുള്ള നൂലിനാൽ ആവരണം ചെയ്യപ്പെട്ട, ചുവന്ന നിറം പടർന്ന കാഞ്ചീപുരം തന്നെ.
കോളേജുകാലം മുതലുള്ള പ്രണയം ആദ്യം തുറന്നു പറയുന്നതും അമ്മയോട് തന്നെ, അച്ഛന് തുടക്കത്തിൽ നേരിയ എതിർപ്പുണ്ടായിരുന്നെങ്കിലും അമ്മയുടെ ഇടപെടലാണ് അവിടെയും എനിക്ക് തുണയായത്. മുറ്റത്ത് മുല്ല പൂക്കുമ്പോൾ എന്നും രാവിലെ അതു നുള്ളിയെടുത്ത് ഭംഗിയായി കെട്ടി തലയിൽ ചൂടി തരും, കോളേജിൽ പോകുമ്പോൾ മറ്റുള്ളവർ കളിയാക്കുമോ എന്ന ആശങ്കയാൽ പകുതി വഴി എത്തുമ്പോൾ അത് ഊരിയെടുത്ത് കളയും, വൈകീട്ട് വീട്ടിലെത്തുമ്പോൾ വാടിയതുകാരണം കളഞ്ഞുവെന്ന് കളവു പറയും. ഇന്നോ അമ്മക്ക് പൂവു കെട്ടാനുള്ള സമയമില്ല, അമ്മ തിരക്കിലായിപ്പോയില്ലേ!
മുല്ലപ്പൂവിൻ്റെ സുഗന്ധം പോലും അമ്മയിന്ന് വാസനായോഗ്യമാക്കുന്നുണ്ടോയെന്ന് സംശയമാണ്. അമ്മയുടെ ഏറ്റവും ഇഷ്ട്ട പുഷ്പവും മുല്ല തന്നെ. അമ്മ നട്ട മുല്ലക്ക് വെള്ളം ഒഴിക്കേണ്ടത് എന്നും എൻ്റെ ജോലിയാണ്, അതിനുപകരമായി എന്നും വൈകുന്നേരം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഇലയട ഉണ്ടാക്കി തരും. അതിൻ്റെ രുചിയേക്കാൾ, അതിൻ്റെ
മണം മൂക്കിലേക്ക് തുളച്ചുകയറുമ്പോൾ, വെള്ളം ഒഴിക്കുന്നത് പാതിവഴിനിർത്തി അടുക്കളയിലേക്ക് ഓടും.
‘നീ ഇത്ര വേഗം വെള്ളം ഒഴിച്ചു കഴിഞ്ഞോ’ എന്ന അമ്മയുടെ ചോദ്യത്തിനുള്ള എൻ്റെ മറുപടി കളവാണെന്ന് അമ്മക്ക് അറിയാമായിരുന്നിട്ടും ഒരു കള്ളച്ചിരിയോടെ ഇലയട എനിക്ക് നേരെ നീട്ടും.
‘ഓർമകൾക്ക് അല്ലെങ്കിലും എന്തു ഭംഗിയാണ്, മറവിയുടെ അന്നനാളത്തിലേയ്ക്ക് ഒഴുകേണ്ടവയോരോന്നും എത്ര തീവ്രമായാണ് മനുഷ്യനിൽ അടിഞ്ഞുകൂടുന്നത്. വാക്കുകൾക്കോ വരികൾക്കോ സമ്മർദ്ദമില്ലാതെ തലച്ചോറിൻ്റെ ഏതോ കോണിൽ ഉപ്പുനീരു പറ്റിപ്പിടിച്ച് അതിരൂക്ഷമായി അവ പര്യടനം നടത്തുന്നു.’
മനസ് നേരിയതോതിൽ വിങ്ങുന്നതുപോലെ തോന്നുന്നു, എന്തിന്?
അച്ഛൻ മരുന്ന് കഴിക്കാൻ നന്നേ മടിയുള്ള കൂട്ടത്തിലായതുകൊണ്ട് അമ്മ
പിറുപിറുത്തുകൊണ്ട് മരുന്നെടുത്തു കൊടുക്കുന്നത് പതിവുള്ള കാഴ്ച്ചയായിരുന്നു. ചുരുക്കത്തിൽ അമ്മയുടെ ശബ്ദവും ബഹളവും പരിഭവങ്ങളും കേൾക്കാത്ത ഒരു മൂലപോലും വീട്ടിലുണ്ടായിരുന്നില്ല. തുണി തിരുമ്മുന്ന അലക്കുകല്ലുമുതൽ തേങ്ങ പൊട്ടിക്കുന്ന വെട്ടുകത്തിയോടു വരെ അമ്മ ഓരോന്നു പുലമ്പിക്കൊണ്ടിരിക്കും, അവർക്കു മാത്രം പരിചിതമായൊരു ഭാഷയുടെ അതിപ്രസരമാണത്. ‘അവർക്ക് മാത്രം പരിചിതമായതോ?’ സംസാരിക്കാൻ ചുറ്റും ആളുകളനേകം ഉണ്ടായിരുന്നിട്ടും അമ്മയോട് കുശലം ചോദിക്കാൻ ആരുമില്ലാത്തതിൻ്റെ വൈഷമ്യം നന്നേ പ്രകടിപ്പിച്ചിരുന്നു.
വെറുതെയൊരു കൂട്ടിന് അടുക്കളയിൽ വന്നുനിന്നാൽ മതിയത്രേ,
സമയമില്ലെന്ന് ഞാൻ തന്നെ എത്രയോ തവണ പറഞ്ഞിരിക്കുന്നു!
‘സമയമുണ്ടായിരുന്നില്ലത്രേ, തിരക്കിൻ്റെ ഭൂപടത്തിൽ എത്തിപ്പെട്ട മനുഷ്യന്
വഴികൾ തിരിച്ചറിയാനാവാതെ സ്മൃതിവിഭ്രമം പുരണ്ട സിരകളുമായി
ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്ന വഴിയിലൂടെ, മുന്നിലേക്ക് ഏറെദൂരം ചെന്നിട്ടും കണ്ടെത്താനാവാതെ പോകുന്ന അനേകം തിരിച്ചറിവുകൾക്കും ചിന്താധാരക്കും ഇടയിലുള്ള വിടവിൻ്റെ ദൂരമാണ് സമയമെന്ന് നിസ്സംശയം പറയാം… തിരികെ വരാനാകാത്ത വിധം എന്നന്നേക്കുമായി നഷ്ട്ടപ്പെടുന്ന അനേകം മിനിട്ടുകളും
സെക്കൻ്റുകളും തമ്മിലുള്ള ബന്ധത്തിൻ്റെ ജീവിതരേഖ!’
ഒടുവിലിന്ന് ഈ കല്ല്യാണദിവസം ചുവന്ന കാഞ്ചീപുരം സാരിയുടുത്ത് മുല്ലപ്പൂവും ചൂടി അമ്മയുടെ സങ്കൽപ്പത്തിലെ കല്ല്യാണപ്പെണ്ണായി തൊഴുകൈകളോടെ അമ്മക്ക് മുൻപിൽ നിൽക്കുമ്പോൾ അമ്മ നിശ്ചലമായിരുന്നു. അമ്മക്ക് ഏറ്റവും ഇഷ്ട്ടമുളള മുല്ലപ്പൂവ് കോർത്തുകെട്ടിയ മാല ചില്ലുകൂടിനു പുറത്ത് ചാർത്തിയിട്ടുണ്ട്, അമ്മയുടെ പൂർണ്ണമായ സൗന്ദര്യമൊന്നും ഈ ഫോട്ടോക്ക് ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഒന്നു ഉറക്കെ വിളിച്ചാൽ കേൾക്കാൻ പാകത്തിൽ എല്ലാവരും അന്നേ ദിവസം വീട്ടിലുണ്ടായിരുന്നിട്ടും അമ്മയുടെ നീട്ടിയുള്ള വിളികേൾക്കാൻ മനസ് തോന്നിയില്ല, എന്തെങ്കിലും ജോലി ചെയ്യാൻ അമ്മ വിളിച്ചതാണെന്ന
ചിന്ത എൻ്റെ ദുഷിച്ച മടിപിടിച്ച മനസ് ബോധപൂർവ്വം ആ വിളി കേട്ടതായി ഭാവിക്കാതിരിക്കാൻ ശ്രമിച്ചു.
ഹൃദയ വേദനയാൽ പുളഞ്ഞുപോയ അമ്മയുടെ നോവറിയാതെ ഞാനോ കേട്ടുകൊണ്ടിരുന്ന പാട്ടിനൽപ്പം ശബ്ദം കൂട്ടി. ഒടുവിൽ കഴിക്കാൻ നേരമടുത്തപ്പോൾ കറിയുടെ സ്ഥിതിഗതികളറിയാൻ അടുക്കളയിലേക്കെത്തിയ നിമിഷം ബോധം നഷ്ട്ടപ്പെട്ട് ചലനമറ്റു മരവിച്ചു
തണുത്തുതുടങ്ങിയ അമ്മയുടെ ശരീരം!
ആശുപത്രിയിലേക്ക് എത്തുമുൻപുതന്നെ നിസ്സാരമെന്നു കരുതി തള്ളിക്കളഞ്ഞുപോയ ആ വിളിയുടെ അങ്ങേതലക്കൽ ഞാൻ പ്രകടിപ്പിച്ച മൗനത്തിൻ്റെ വില അതിക്രൂരമെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. കൈയ്യെത്തും ദൂരത്ത് ജീവൻ
രക്ഷിക്കാൻ കഴിയുമായിരുന്ന കരങ്ങൾക്ക് തളർച്ച ബാധിച്ചിരുന്നില്ല, എങ്കിലോ
നഷ്ട്ടപ്പെടുത്തുവാൻ വേണ്ടി മാത്രം അത് ശൂന്യമാക്കപ്പെട്ടു.
പരിഭവങ്ങളും പിണക്കങ്ങളും നിറഞ്ഞ വീട് രണ്ടു വർഷമായി ശൂന്യമാണ്. വൈകുന്നേരങ്ങളിൽ തിങ്ങിനിറയുന്ന ഇലയടയുടെ മണവും രുചിയും എന്നന്നേക്കുമായി അനാഥത്വത്തിലേക്ക് മറഞ്ഞു. അമ്മയുടെ അസ്ഥിത്തറക്ക് അരികിലായി നട്ടുപിടിപ്പിച്ച മുല്ലച്ചെടി എന്നും പൂത്തുനിൽക്കാറുണ്ട്. അതിൻ്റെ സുഗന്ധം അമ്മ അനുഭവിക്കുന്നുണ്ടാകും. തലയിൽ ചൂടിത്തരുന്ന മുല്ലപ്പൂവു കോർത്ത മാല ഇന്നെൻ്റെ മനോവേദനയെ കീറിമുറിക്കുന്നുണ്ട്.
തുന്നിക്കെട്ടിയ ശരീരവുമായി ഈ മുറ്റത്തേക്ക് വരുമ്പോൾ, വീശിയടിച്ച് ഓടിയെത്തിയ പെരുമഴയിലോ പൂത്തുനിന്ന മുല്ലയത്രയും കൊഴിഞ്ഞു നിലത്തു കിടന്നിരുന്നു, അടങ്ങാത്ത രോക്ഷം അവർ പ്രകടിപ്പിച്ചതാവാം. ദിവസേന അമ്മയോട് കിന്നാരം പറയാനോടിയെത്തുന്ന കുഞ്ഞിപ്പൂച്ചകളും ഉറക്കെ പിറുപിറുത്തുകൊണ്ട് പടിയിന്മേൽ വിദൂരതയിലേക്ക് നോക്കിയിരിക്കാറുണ്ട്.
നഷ്ട്ടപ്പെടുത്തിയെന്ന് ഉൾകൊള്ളനാവാതെ ഇന്നും ഞാൻ അമ്മേയെന്ന് നീട്ടിവിളിക്കാറുണ്ട്, തിരികെ ലഭിക്കുന്ന ഇടുങ്ങിയ മൗനം അതികഠിനമായെൻ്റെ ശ്വാസത്തെ സ്തംഭിപ്പിക്കുന്നുണ്ട്.
ഇന്നും അമ്മ മൗനമാണ്, തൊഴുതു പിടിച്ചുനിൽക്കുന്ന എൻ്റെ കൈകൾ വിറയ്ക്കുന്നതെന്തിനാണ്?
എന്നെ വധുവിൻ്റെ വേഷത്തിൽ കാണാൻ ഏറെ ആഗ്രഹിച്ച അമ്മക്ക് ദക്ഷിണ നൽകി ഈ പടിയിറങ്ങുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന ഒരു മനുഷ്യൻ്റെ ഏകാന്തതയെ എങ്ങനെയാണെനിക്ക് താങ്ങാനാകുക?
“പുറപ്പെടാൻ സമയമായി” – ആരോ ധൃതി കൂട്ടുന്നു.
നുറുങ്ങുന്ന വേദനയുടെ ഭാരം പേറി, കണ്ണിലൊരു പെരുമഴക്കാലത്തെ മറച്ചുനിർത്തി- പടിയിറങ്ങിയ മാത്രയിൽ അകമ്പടികളൊന്നുമില്ലാതെ ഇരച്ചു പെയ്തിറങ്ങിയ ജലകണങ്ങൾക്ക് ഉപ്പിൻ്റെ രുചി!
‘കാർമേഘത്തിന് ഉപ്പിൻ്റെ രുചിയോ?’
മുന്നിലുള്ള സ്മൃതികവാടത്തെ ബന്ധനത്തിലാക്കിക്കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകുന്ന കണ്ണുകളുമായി അമ്മ വാഴനാരു കീറിയെടുക്കാൻ പോകുകയാണ്,
“എന്തിനാണമ്മേ ഈ മഴയത്ത് പോകുന്നെ?”
‘നിൽക്കൂ മോളെ, അമ്മ മുല്ലപ്പൂവു കെട്ടി ചൂടി തരാം. പോകുന്ന വഴി നീ അത് ഊരി കളയല്ലേ…’ – ഞെട്ടിത്തരിച്ചുകൊണ്ടവൾ തിരിഞ്ഞു നോക്കുമ്പോൾ വിഷാദം കലർന്ന വീടോ നിദ്രയിലായിട്ട് രണ്ടു വർഷമായി. അലമുറയിട്ടു കരഞ്ഞുകൊണ്ടവൾ ചുവന്ന കല്ല്യാണപ്പുടവയുടുത്ത് ധൃതിയിൽ
മുല്ലവള്ളിയോരോന്നായി നനയ്ക്കാൻ തുടങ്ങി..!

മനോഹരം♥️♥️
വളരെ നന്നായിട്ടുണ്ട് ❤❤❤
ഹൃദയസ്പർശമായ❤️
“Every line carries so much meaning. Beautifully written!”