അവൾ Short story by കൃഷ്ണപ്രിയ

അവൾ Short story by കൃഷ്ണപ്രിയ PEN by Aura.

അവൾ Short story by കൃഷ്ണപ്രിയ

“ചേച്ചീ… ഇവിടെയൊന്ന് ഒപ്പിടാമോ?”
കൗണ്ടറിന്റെ മറുവശത്തുനിന്ന പെൺകുട്ടി ഫോം അവളുടെ നേരെ നീട്ടി.

അവൾ പേന വാങ്ങി.
പേരെഴുതാൻ തുടങ്ങുന്നതിന് മുമ്പ് ഒരു നിമിഷം നിശ്ചലമായി.

“ഇവിടെ പഴയ പേരാണ് ഉള്ളത്.”
പെൺകുട്ടി പതുക്കെ പറഞ്ഞു.
“അറിയാം.”
അടുത്ത് നിന്നിരുന്ന ആൾ ഫോം നോക്കി.
“പേര് മാറ്റിയതാണോ..?”
അവൾ മറുപടി പറഞ്ഞില്ല.
“പക്ഷേ… ഐഡിയിൽ പഴയ പേര് തന്നെയല്ലേ..?”
ഈ പ്രാവശ്യം അവൾ തല ഉയർത്തിനോക്കി.
“അതെ.”
“അപ്പോ അത് തന്നെയല്ലേ ഉപയോഗിക്കേണ്ടത്?”
കൗണ്ടറിന് മുന്നിൽ ചെറിയൊരു നിശ്ശബ്ദത.
അവൾ കൈയിലെ പേന മേശപ്പുറത്ത് വച്ചു.
“എന്റെ പേര് എന്താണെന്ന് തീരുമാനിക്കാൻ എന്റെ ഐഡി കാർഡിന് കഴിയില്ലല്ലോ.”

അയാൾ ചിരിച്ചുകൊണ്ട് എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നിരുന്ന ഒരു വയസ്സായ സ്ത്രീ മുന്നോട്ട് വന്നു.

“മോളേ, നീ ഒപ്പിട്ടു മാറിയിരുന്നു എങ്കിൽ ഈ അമ്മയ്ക്ക് പോകാമായിരുന്നു, സമയം വൈകുന്നു.”

അവൾ തിരിഞ്ഞുനോക്കി.

“മോളോ..?”
അയാൾ അതിശയത്തോടെ നോക്കി.
“അതെ. എന്താ..?”
വൃദ്ധയുടെ മുഖത്ത് യാതൊരു സംശയവുമില്ലായിരുന്നു.

അവൾ ചിരിച്ചു.
“ഒന്നുമില്ല.”
അവൾ വീണ്ടും പേനയെടുത്തു. പേര് എഴുതി.

ഈ പ്രാവശ്യം പഴയ പേര് നോക്കിയില്ല.
ഫോം തിരികെ കൊടുക്കുമ്പോൾ കൗണ്ടറിലെ പെൺകുട്ടി ചോദിച്ചു:
“ചേച്ചി, ഒരു കാര്യം ചോദിക്കട്ടെ?”
“ചോദിച്ചോ… എന്തെ? “
“എല്ലാവരും ഇത്രയും നോക്കുമ്പോൾ… ബുദ്ധിമുട്ടില്ലേ?”
അവൾ കുറച്ചുനേരം ആ പെൺകുട്ടിയെ നോക്കി.

പിന്നെ പതുക്കെ പറഞ്ഞു:
“ബുദ്ധിമുട്ടും.”
“പിന്നെ എങ്ങനെയാണ് ഇത്ര normal ആയി നടക്കുന്നത്?”

അവൾ ചിരിച്ചു.

“നീ നടക്കുമ്പോൾ എല്ലാവരും നിന്നെ നോക്കാറുണ്ടോ?”

“ഇല്ല.”

“എന്നെയും നോക്കാത്ത ഒരു ദിവസം വരും.”

അവൾ ബാഗെടുത്ത് പുറത്തേക്ക് നടന്നു.
വാതിൽക്കൽ എത്തിയപ്പോൾ പിന്നിൽനിന്ന് ആ പെൺകുട്ടി വിളിച്ചു.
“ചേച്ചീ!”
അവൾ തിരിഞ്ഞു.

“നിങ്ങളുടെ പേരൊന്ന് പറയാമോ..?”
അവൾ ഇത്തവണ മടിച്ചില്ല.
“അനന്യ.”
“അനന്യ ചേച്ചി… ചേച്ചി സുന്ദരി ആണ് കേട്ടോ.”
അവൾ ചിരിച്ചു. ആ കുട്ടിയും.
പുറത്തേക്കിറങ്ങുമ്പോൾ, തന്റെ പേര് ആദ്യമായി ആരോ വിളിച്ചതല്ല അവളെ സന്തോഷിപ്പിച്ചത്.
അത് ചോദിച്ചയാൾക്ക് അവളുടെ പഴയ പേര് അറിയാമായിരുന്നിട്ടും, പുതിയ പേര് തിരഞ്ഞെടുക്കാൻ ഒരു നിമിഷംപോലും എടുത്തില്ല എന്നതായിരുന്നു.

അവൾ റോഡിലേക്കിറങ്ങി. തിരക്കിനിടയിൽ അവൾ പതുക്കെ നടന്നു. ആരും അവളെ ശ്രദ്ധിക്കുന്നതായി തോന്നില്ല. അന്നാദ്യമായിട്ടല്ല അവൾ ആ റോഡിലൂടെ നടക്കുന്നത്. പക്ഷെ, അന്ന് മാത്രം,
ആ റോഡ് കുറച്ചുകൂടി സ്വന്തം ഇടം പോലെയായിരുന്നു.


2 thoughts on “അവൾ Short story by കൃഷ്ണപ്രിയ”

  1. വേറിട്ട ചിന്തകളിലേക്ക് എന്നെ കൂ ട്ടിക്കൊണ്ട് പോയി … എഴുത്തിൻ്റെ ലോകത്തേക്ക് പോകൂ … എല്ലാ വിധ ആശംസകളും

Leave a Comment

Your email address will not be published. Required fields are marked *