അസാന്നിധ്യം Poem by ഹരിത കെ. ആർ
പ്രേമത്തിന്റെ പങ്കുപറ്റിക്കഴിയുവാൻ ഇനിയൊരാളും ക്ഷണിക്കരുതെന്നും
ഇനിയൊരാളേയും ക്ഷണിക്കില്ലെന്നും
ആഗ്രഹിച്ച, തീരുമാനിച്ച ദിവസമാണത്.
അന്ന് മുഴുവൻ നിന്റെ ചിത്രങ്ങൾ, നിന്റെയെന്നാൽ ഞാൻ കൂടിയുൾപ്പെടുന്ന നമ്മുടെ ചിത്രങ്ങൾ നോക്കിയിരുന്നു.
പരസ്പരം വേർപെട്ട രണ്ടുപേരുടെ വർത്തമാനകാലജീവിതഭിക്ഷയിൽ
‘നമ്മൾ’ ഉണ്ടായിരിക്കുമോയെന്നുള്ള സംശയം ബാക്കിയാണ്.
വരാന്തയിൽ നീ നട്ടുവച്ച ഓർക്കിഡ്, നീ പോയതറിയാതെ നിനക്കുവേണ്ടി പൂത്തുനിൽക്കുന്നു.
ഏതോ ഒരു രാത്രിയിൽ,
നീണ്ടുവെളുത്ത നിന്റെ കാൽവിരലുകളിൽ ഞാൻ പുരട്ടിത്തന്ന വയലറ്റ്
നെയിൽപോളിഷിന്റെ നിറമാണീപൂക്കൾക്ക്.
മനുഷ്യർ തമ്മിൽ പ്രണയം വേണമെന്നുള്ള നിന്റെ വാശിയാൽ മാത്രമെന്റെ കൈകൾ
കാൽവിരലുകളിൽ പതിഞ്ഞതാണ്.
അന്നു നിന്നെ പരിഹസിച്ച ഞാൻ നീ ഇറങ്ങിപ്പോയ ദിവസം അതോർത്തുകൊണ്ടിരിക്കുന്നിടത്തോളം
ജീവിതത്തിന്റെ കോമാളിത്തം തുടരുന്നു…
നാളെ എന്റെ പ്രഭാതത്തിൽനിന്ന് നീ
അപ്രത്യക്ഷമാവും…
നിന്നെച്ചുറ്റി ഉലഞ്ഞുകിടന്നിരുന്ന സാരിക്കിടയിലൂടെ വികൃതി കാണിച്ചിരുന്ന എന്റെ വിരലുകൾ ശേഷി നഷ്ടപ്പെട്ടവയെപ്പോലെ നിശ്ചലമായിരിക്കും.
പിരിഞ്ഞുപോകാമെന്ന് തീരുമാനം എടുത്തശേഷവും ഒരുമിച്ചുറങ്ങിയ ദമ്പതികൾ ഒരുപക്ഷെ നമ്മൾ മാത്രമായിരിക്കുമോ?
ഇനിയെല്ലാം ഒന്നുമതിയല്ലോ മധുരമിടാത്ത ചായ, ഇംഗ്ലീഷ് പത്രം, വെളുത്ത പുതപ്പ്… എല്ലാം ഇനി ഒന്നുമതി.
ജീവിതം നിസ്സാരമാണെന്നുള്ള എന്റെ പറച്ചിലുകൾക്ക് ഇപ്പോൾ ഘനമേറിയതുപോലെ. നിന്റേതെന്ന് നീ അവശേഷിപ്പിച്ചതിലൊക്കെ ഇനിയെന്റെ കണ്ണുകൾ പതിയുമായിരിക്കും..
അപരിചിതബോധത്തോടെ ഞാൻ അവയെ ഓമനിക്കുമായിരിക്കും…
നിന്റെ അസാന്നിധ്യത്തിലും
നിന്നെ മണക്കുന്ന മുറികളിൽ, വരാന്തയിൽ, ബാൽക്കണിയിൽ
ഞാൻ ഏകാന്തത കുടിച്ചിരിക്കുന്നു.
നിന്നെയെനിക്ക് വീണ്ടും കാണണമെന്നില്ല… തിരികെ വേണമെന്നില്ല..
എന്നിട്ടും നിന്നെയോർക്കുന്നു…
താഴെ വീണുടഞ്ഞുപോയ പേരറിയാപക്ഷിയുടെ കൂടുപോലെ ഞാൻ
നിന്നിൽനിന്ന് വേർപെടുന്നു.
