പരികല്പിത വിധി – Story By നിത്യാലക്ഷ്മി.എൽ.എൽ.

1.
“വേദനിക്കന്ണ്ടാ.. “
രാത്രി മുഴുവൻ ആറാളുകൾ ഉപയോഗിച്ച്, ഉപേക്ഷിച്ച്, നഗ്നയായി കിടന്ന് കണ്ണീർ വാർക്കുന്ന ഒരു പെൺകുട്ടിയോട് അങ്ങനെ ചോദിക്കാൻ പാടില്ലായെന്ന് അവനറിയില്ലായിരുന്നു.
അവൾ ഒന്നും മിണ്ടിയില്ല. കണ്ണുകൾ തുടച്ച് അവനെ തുറിച്ച് നോക്കുക മാത്രം ചെയ്തു.
“വേദനിക്കന്ണ്ടാ… പറ…”
അവൻ പിന്നെയും ചോദിച്ചു.
“ഇല്ല.”
അവൾ ഒറ്റ വാക്കിൽ മറുപടി പറഞ്ഞ്, പിറന്നപടി അഞ്ചുനിമിഷം കൂടി കിടന്നു.
അവനും അതിന് തന്നെയാകും വന്നതെന്ന് അവൾ കരുതി. പക്ഷെ, അതിനല്ലെന്ന് മനസിലായപ്പോൾ, തലേ ദിവസം അരികിൽ വലിച്ചെറിഞ്ഞിരുന്ന സാരി വാരിയെടുത്ത് മേലാകെ പുതച്ചു. അവൻ കട്ടിലിനടുത്തുള്ള ചെറിയ സ്റ്റൂളിൽ തന്നെ ഇരിക്കുകയാണ്. അവൾ സൂക്ഷിച്ചു നോക്കി, അവന്റെ കണ്ണിൽ കാമമില്ല, സ്നേഹമില്ല, ആശയില്ല, ഒന്നുമില്ല! പക്ഷെ, തികച്ചും ശൂന്യമായ കണ്ണുകളായിരുന്നില്ല അവ. അതിൽ എന്തോ ഒന്ന് തെളിഞ്ഞ് കത്തുന്നുണ്ട്. അതെന്താണെന്ന് വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല.
“വേഗന്നേ വഞ്ഞോ.. ഞാൻ രച്ചിക്കാ ഇബടെന്ന്…”
അവൻ പുറം തിരിഞ്ഞ്, വാതിലിലേക്ക് നോക്കി നോക്കി പറഞ്ഞു.  അവൾ ശ്രദ്ധിച്ചു, അവന്റെ നാവ് കുഴയുന്നുണ്ട്. വാക്കുകൾ മനസിനും നാവിനും ഇടയിൽ നിന്ന് നേരാംവണ്ണം തിരിഞ്ഞ് പോരുന്നില്ല.
അവൾ ക്ഷീണിതയാണ്. ഒരടി നടക്കാൻ കഴിയില്ല. രാത്രി ഒട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലല്ലോ! കുറച്ചുനേരം കൂടി കിടക്കാമെന്ന് തന്നെ കരുതി.
കട്ടിലിന്റെ അരികത്തിരിക്കുന്ന അവനെ അവഗണിച്ചു കൊണ്ടാണ് തലയണയിലേക്ക് ചാഞ്ഞത്.
അവൻ എഴുന്നേറ്റ് പോകാത്തതിൽ നീരസം തോന്നി. എങ്കിലും പ്രകടിപ്പിച്ചില്ല. മൊത്തത്തിൽ നോക്കുമ്പോൾ വയ്യാത്തൊരു പയ്യനെന്ന് തോന്നിയത് കൊണ്ട്, അവിടെ ഇരുന്നോട്ടെ എന്ന് കരുതി.
ഒന്നും ഓർക്കാനുള്ള നേരം ഉണ്ടായിരുന്നില്ല. അത്രയ്ക്ക് ക്ഷീണം തോന്നി. കണ്ണടച്ചതും ഉറങ്ങിപ്പോയി. തലയിൽ തണുപ്പടിച്ചപ്പോഴാണ് പിന്നെ, കണ്ണ് തുറന്നുനോക്കിയത്.
“പനിക്കന്ണ്ടല്ലാ.”
അവൻ അടുത്ത് വന്നിരുന്ന് പറയുകയാണ്. തുണി നനച്ച് നെറ്റിയിലിട്ട് തരികയായിരുന്നു അവനപ്പോൾ. അവൾ സ്വയം കൈകൾ കഴുത്തിൽ വച്ചു നോക്കി. ശരിയാണ്! പനിക്കുന്നുണ്ട്. ഇതെന്താണ് ഇപ്പോൾ ഇങ്ങനെയൊരു പനിയെന്ന് അവൾ ആലോചിച്ചു. പനിക്കുളിരൊന്നും കിടക്കുമ്പോൾ ഉണ്ടായിരുന്നില്ല.
“ഞാൻ രച്ചിക്കാം. എണീരേ… എണീരേ..” ഉറക്കം വിട്ടുമാറിയ കണ്ണുകൾ നോക്കി അവൻ പറഞ്ഞു. അവൾക്ക് അതുകേട്ടപ്പോൾ ചിരി വന്നു. അവന്റെ കൈ തട്ടി മാറ്റി, അവൾ പുറത്തേക്ക് നടന്നു.
“അത് വഴിയാ… അല്ലമ്മേ… ആച്ചീ… ഇത്… ഇത് വഴി…” അവന്റെ വിറയാർന്ന ശബ്ദം പിന്നിൽ മുഴുങ്ങിയപ്പോഴും അവൾ അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.
ആദ്യം കണ്ടപ്പോഴേ ഓർത്തതാണ്, ഇത്രയും ചെറിയ പയ്യനൊക്കെ ഇവിടെ ഉണ്ടോയെന്ന്. എന്തായാലും ഉദ്ദേശിച്ച ആളല്ല. ആളൊഴിഞ്ഞ മൂലയിലെ, പൊട്ടിപ്പൊളിഞ്ഞ ആ കെട്ടിടം കടന്ന് റോഡിൽ എത്തും വരെ അവൾ അവനെക്കുറിച്ചോർത്തു.
പിന്നെ, പിന്നിലേക്ക് പറത്തിവിടുന്ന ഓർമ്മകൾക്കൊപ്പം അവനും പതിയെ മറവിയിൽ ലയിച്ചു.
വീട്ടിലെത്തി കുളിക്കുവാൻ വസ്ത്രങ്ങൾ മാറ്റുമ്പോഴാണ് തന്റെ നഗ്നതയിലേക്ക് കാമത്തിന്റെ ഒരു തരിമ്പ് പോലുമില്ലാതെ നോക്കിനിന്ന അവനെ അവൾ വീണ്ടുമോർത്തത്. അന്നത്തെ രാത്രിയിൽ പിന്നെയും ഒന്ന് രണ്ട് തവണ, അവന്റെ ഓർമ്മ വെള്ളിടി വെട്ടി. പതുക്കെ അത് മാഞ്ഞുപോയി.

2.
“കുറെ ആയല്ലോ നമ്മളെയൊക്കെ വിളിച്ചിട്ട്. വേറെ ആള് ഇറങ്ങിയോഡേ മാർക്കറ്റിൽ.”
ജോജിയെ കണ്ടപാടെ അവൾ ചോദിച്ചു.
“എന്റെ ജാനകീ, നീ ഒന്നടങ്ങ്. ഇവിടെ കുറെ കാലമായി അങ്ങനത്തെ പരിപാടിയൊന്നും ഇല്ലായിരുന്നെന്നേ. അതല്ലേ നിന്നെ വിളിക്കാതിരുന്നേ. അല്ലെങ്കിൽ നീ ഇല്ലാത്ത ആഘോഷം വല്ലോം നമുക്ക് ഉണ്ടോ?”
ജോജി, മുന്നിലിരുന്ന അച്ചാറുപാത്രത്തിൽ നിന്ന് ഒരു കഷ്ണം നാരങ്ങ എടുത്ത് കടിച്ചുകൊണ്ട് പറഞ്ഞു.
ഇരുണ്ട സന്ധ്യയ്ക്ക് കനം കൂടി വന്നു. അവൾ വീണ്ടും ഇടിഞ്ഞ് പൊളിഞ്ഞ ആ കെട്ടിടത്തിനുള്ളിലേക്ക് കയറി. അതിന്റെ ഇടത്തേയറ്റത്തെ ചുമരിനോട് ചേർത്താണ് കട്ടിലിട്ടിരിക്കുന്നത്. ജാനകി കട്ടിലിലിരുന്ന് ബ്ലൗസിന്റെ കുടുക്കുകൾ ഓരോന്നായി പൊട്ടിച്ചു. ജോജി അകത്തേക്ക് വരുമ്പോൾ വസ്ത്രങ്ങളൊന്നുമില്ലാതെ കിടക്കണം. അതാണ് ജോജിക്കിഷ്ടം. ഇഷ്ടം എന്നതിലുപരി, അങ്ങനെ കിടക്കാത്ത പക്ഷം, അയാൾ കടന്നാക്രമിക്കും. തുടയിലും കൈമുട്ടിലുമെല്ലാം അയാളുടെ പല്ലിന്റെ പാടുകൾ തെളിഞ്ഞ് വരും. അപ്പോൾ ജാനകിക്ക് കരച്ചിൽ വരും. ആദ്യമൊന്നും അവൾക്കിതൊന്നും അറിയുകയില്ലായിരുന്നു. പിന്നൊരിക്കൽ, ആന്റപ്പൻ കയറി വന്നപ്പോൾ ചോരയൊലിച്ച് കിടക്കുന്നത് കണ്ടിട്ട്, അവനാണ് ജോജിക്ക് ഇങ്ങനെയൊക്കെയാണ് ഇഷ്ടമെന്ന് പറഞ്ഞത്. അതിൽപ്പിന്നെ അവൾ, ജോജി വരുന്നതിന് മുൻപ് തന്നെ നഗ്‌നമായ ഉടലോടെ നിൽക്കുവാൻ പഠിച്ചു.
അങ്ങനെ കിടക്കുമ്പോഴാണ്, പാളികൾ ഇളകിപ്പോയ ജനാലയുടെ പിന്നിൽ നിന്ന് രണ്ടുകണ്ണുകൾ തന്റെ മേൽ പറ്റിയിരിക്കുകയാണെന്ന് ജാനകി തിരിച്ചറിഞ്ഞത്. അവൻ അവിടെ നിന്നുകൊണ്ട് കൈ നീട്ടി വിളിച്ചു,
“ആച്ചീ…”
അപ്പോഴാണ് അവൾ പിന്നെയും അവനെ കാണുന്നത്. ഇത്തവണ അവൾക്ക് ആ നോട്ടം വല്ലാത്ത ആരോചകമായി തോന്നി.
“എന്താണ്ടാ?”
അവൾ മുരണ്ടു.
“ആച്ചി വേം വാ.. നാൻ രച്ചിക്കാം.” അവൻ അവിടെ നിന്ന് കൈകാട്ടി. ജാനകി ദേഷ്യം കൊണ്ട് വിറയ്ക്കുകയും തിരിഞ്ഞ് കിടക്കുകയും ചെയ്തു.  
അന്നും ആദ്യം വന്നത് ജോജി തന്നെയായിരുന്നു. പിന്നെ, ലത്തീഫ് വന്നു, ബിനോജ് വന്നു, മണികണ്ഠൻ വന്നു, സുർജിത്ത് വന്നു. എല്ലാവരും പതിവ് പോലെ കുടിച്ച്, കുടിച്ച് പകുതി ബോധം പോയാണ് വന്നത്.
ചില ദിവസങ്ങളിൽ ആറോ എഴോ പേരൊക്കെ വന്നെന്നിരിക്കും. അന്ന് പക്ഷെ, അഞ്ചുപേരെ ഉണ്ടായിരുന്നുള്ളൂ.
ആൾക്ക് അഞ്ഞൂറ് വച്ച്, രണ്ടായിരത്തിഅഞ്ഞൂറ് രൂപ എണ്ണി വാങ്ങുമ്പോഴും അവളുടെ മനസ്സിൽ ആച്ചീന്നും വിളിച്ച് വരുന്ന ചെക്കന്റെ മുഖമായിരുന്നു. ഓരോരുത്തർ വന്ന് പോകുമ്പോഴും, അതിനിടയിലുള്ള ഇടവേളകളിൽ അവൻ ഓടി വന്നു. ജാനകിക്ക് വെള്ളം കൊടുത്തു. ഓരോ തവണയും അവളുടെ കൈയിൽ പിടിച്ച് വലിച്ച് അവൻ പറഞ്ഞുകൊണ്ടിരുന്നു,
“ആച്ചീ, എണീരെ… വേം വാ… നാൻ രച്ചിക്കാം.”
ആർക്കും അവളോട് ഇന്ന് വരെ തോന്നാത്തൊരു കരുണ, ഒരു സ്നേഹം, ഒരു  മമത അവന്റെ കണ്ണിൽ വിരിയുന്നുണ്ട്. എന്തോ ഒരു മധുരം അവൻ കണ്ണുകളിൽ വച്ച് അവൾക്ക് നേരെ നീട്ടുകയാണ് നിരന്തരം. പൂക്കളോട് പോലും കലഹിച്ച് നടന്നിരുന്ന അവളിന്ന്, നിരന്തരം തനിക്ക് പിന്നാലെ വട്ടം വച്ച് കറങ്ങുന്ന കുഞ്ഞ് തുമ്പിയെ നോക്കി ചിരിക്കുകയാണ്. അതിനെ അടുത്തിരുത്തി ഒന്ന് തലോടാൻ അവൾ വല്ലാതെ വെമ്പൽ കൊണ്ടു.

3.
“നീ ആരെയാ ഈ നോക്കുന്നത്?” ജാനകി ബ്ലൗസിന്റെ ഹുക്കുകൾ ഇടുന്നതിനിടയ്ക്ക് പല വട്ടം തിരിഞ്ഞും മറിഞ്ഞും നോക്കുന്നത് കണ്ടിട്ടാണ്, കാശും നീട്ടി നിന്ന ജോജി അങ്ങനെ ചോദിച്ചത്.
“ഇവിടൊരു പയ്യൻ ഉണ്ടായിരുന്നില്ലേ? അവൻ എവിടെപ്പോയി?” ജാനകിയുടെ ശബ്ദത്തിൽ നിറയെ, വേവലാതികൾ കൂടുകൂട്ടി. അവനെ കാണാൻ തുടങ്ങിയതിൽപ്പിന്നെയുള്ള മൂന്നാം തവണയാണ് ജാനകി അങ്ങോട്ടേക്ക് വരുന്നത്. എന്നിട്ടും അന്നാകമാനം, മധുരത്തോടെ കണ്ണുകളിൽ കഥ നിറച്ച് വന്ന് ആച്ചീന്ന് നീട്ടിവിളിക്കുന്ന പയ്യനെ അവൾ തിരഞ്ഞു.
“ഓ! അവനോ? ഞാനിത്തിരി മിച്ചറ് വാങ്ങാൻ കടയിലോട്ട് വിട്ടു.” ജോജി അലസമായ മട്ടിൽ പറഞ്ഞു.
“ഞാൻ വന്നിട്ട് മണിക്കൂർ നാലായി. ഇത്രയും ദൂരെയുള്ള കടയിലേക്കാണോ അവനെ നീ വിട്ടത്?” ജാനകി അങ്ങനെ ചോദിക്കുമെന്ന് ജോജി വിചാരിച്ചില്ല.
“നീയൊക്കെ വരുമ്പോൾ കൊച്ചുപിള്ളേരെ ഇവിടെ അടുപ്പിക്കാൻ പറ്റുമോ? അതുകൊണ്ട് ഇനി മേലിൽ ഇങ്ങോട്ട് കണ്ടുപോകരുതെന്നും പറഞ്ഞ്, ഇന്നുച്ചയ്ക്ക് ഓടിച്ചു. ചുമ്മാ, ആരെക്കണ്ടാലും ആച്ചീ, ഈച്ചീ എന്നും വിളിച്ചോണ്ട് പോന്നോളും.” അയാളുടെ സ്വരം മാറി. അതിൽ കലിയുടെ അപഹാരം ഉണ്ടായി.
“എവിടാ അവന്റെ വീട്?” ജാനകി വീണ്ടും ചോദിച്ചു.
“നീ പോയേ, ആവശ്യമില്ലാത്തതിലൊന്നും തലയിടാതെ. എത്ര ഓടിച്ച് വിട്ടാലും അവൻ നാളെ രാവിലെ ആകുമ്പോൾ വീണ്ടും കേറി വരും. തൊല്ല ഒഴിയില്ല.” ജോജിയുടെ ശബ്ദത്തിൽ പൂർണമായും ദേഷ്യത്തിന്റെ നീരൊഴുക്ക് മാത്രമുണ്ടായപ്പോൾ ജാനകി പോകാനായി എഴുന്നേറ്റു.
അപ്പോൾ അയാൾ പിറകിൽനിന്ന് വിളിച്ച് പറഞ്ഞു,
“അടുപ്പിക്കണ്ട, പട്ടിയുടെ ജന്മമാ അതിന്. എത്ര ആട്ടിവിട്ടാലും മണപ്പിച്ച് മണപ്പിച്ച് കേറിയിങ്ങ് പോരും.”

4.
“ആച്ചീ, വാഞ്ഞോ… രച്ചിക്കാ ഞാ… രച്ചിക്കാ…”
ആച്ചീന്നുള്ള വിളി കേട്ടാണ് ജാനകി തിരിഞ്ഞുനോക്കിയത്.
നഷ്ടപ്പെട്ട കാമുകിയെ ഓർത്ത് കരഞ്ഞ് തളർന്ന് വന്നൊരു കസ്റ്റമറായിരുന്നു അന്നവൾക്ക് ഉണ്ടായിരുന്നത്. അയാൾക്ക് തിരകളെണ്ണണമെന്നും ഒപ്പം പോരണമെന്നും ആവശ്യമുണ്ടായിരുന്നു.
അതിന് ആയിരം രൂപ എക്സ്ട്രാ കൊടുത്തത് ഹോട്ടലിൽ കെട്ടിമറിഞ്ഞ് കിടക്കുന്ന നേരത്തായിരുന്നു. കാശ് തരുന്നവന്റെ കൂടെ ചെല്ലുക, അവന് വേണ്ടതൊക്കെ ചെയ്യുക എന്നതാണല്ലോ ജാനകിയുടെ ജോലി. അതുകൊണ്ട്, അവളും അയാൾക്കൊപ്പം ചെല്ലുകയും രണ്ട് ദിവസം മുൻപ് അയാൾ കാമുകിക്കൊപ്പം ഇരുന്ന അതേ മണൽത്തീരത്ത് ഇരിക്കുകയും അയാൾക്കൊപ്പം തിരകൾ എണ്ണുകയും ചെയ്തു.
അങ്ങനെ ഇരിക്കുമ്പോഴാണ് ‘ആച്ചീ’ എന്ന വിളി ജാനകി കേൾക്കുന്നത്. നോക്കുമ്പോൾ ആ പയ്യനാണ്. അവൻ ഏതോ ഒരു പെൺകുട്ടിയുടെ കൈയിൽ പിടുത്തമിട്ടിരിക്കുകയാണ്. കുട്ടിയുടെ അമ്മയാണെന്ന് തോന്നുന്നു, നാൽപ്പത്തഞ്ച് കഴിഞ്ഞൊരു സ്ത്രീ വേഗം വന്ന് അവനെ തൊഴിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു. ജാനകി പെട്ടന്ന് പോയി, അവനെ പിടിച്ചു മാറ്റി.
“ക്ഷമിക്കണം, മോന് സുഖമില്ല അതാ.”
എന്തുകൊണ്ടോ അവൾക്ക് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. സുഖമില്ലാത്ത കുട്ടിയാണെന്ന് കേട്ടപ്പോൾ ആ സ്ത്രീയിൽ അലിവും കുറ്റബോധവും ഒന്നിച്ച് വന്നു. പൊറുക്കണേ, പൊറുക്കണേയെന്ന് അവർ പിന്നിൽ ഒച്ചയെടുത്ത് നിലവിളിക്കുന്നുണ്ടായിരുന്നു. കസ്റ്റമറിൽ നിന്ന് പണിയെടുത്തതിന് വാങ്ങിയ അഞ്ഞൂറും, അയാൾ വാങ്ങിക്കൊണ്ട് വന്ന ബിരിയാണിയുടെ നൂറ്റമ്പതും ഉൾപ്പെടെ ആയിരത്തിയറുന്നൂറ്റമ്പത് രൂപ എണ്ണി തിരികെ അയാളുടെ പോക്കറ്റിൽ വച്ചുകൊടുത്ത ശേഷമാണ് ജാനകി, ചെക്കനെയും കൊണ്ട് ഓട്ടോയിൽ കയറിയത്.
“ഇനിയൊരിക്കലും നിന്റടുത്തോട്ട് വരില്ലെടീ, അഹങ്കാരം പിടിച്ചവളേ..”
ഓട്ടോയിൽ കയറുമ്പോൾ അയാൾ തലയിൽ കൈ വച്ച് പറയുന്നത് അവൾ കേട്ടുവെങ്കിലും കാര്യമാക്കിയില്ല.
വീട്ടിൽ കൊണ്ട് വന്ന് ചെക്കന് നല്ല പൊരിച്ച മീനും കൂട്ടി ചോറ് കൊടുത്തു. അവൻ വയറുനിറയുവോളം കഴിച്ചുവെന്ന് തോന്നി. ഏറ്റവും ഒടുവിലാണ് അവനത് ചോദിച്ചത്,
“ആച്ചിക്ക് കോക്കാൻ ച്ചിരി ചാറും കൂട്ടി തരോ ചോറ്… ആച്ചിക്കാ… ആച്ചിക്കാ…”
കാണുന്നവരെയെല്ലാം ആച്ചീന്ന് വിളിക്കുന്നതെന്തിനാന്ന് ചോദിക്കാൻ അവളുടെ നാവോളം മുട്ടിയെങ്കിലും ചുണ്ടുകൾ അത് തടഞ്ഞു.
“കഴിച്ചോ, കഴിച്ചോ. ആച്ചിക്കുള്ളത് ഞാൻ പൊതിഞ്ഞ് തരാം.”  
അത്രയേ അവൾക്ക് അപ്പോൾ പറയാൻ തോന്നിയുള്ളൂ.
പിന്നെ എത്രയോ നേരം അങ്ങനെ ഇരുന്നു. വെയിലാറിത്തുടങ്ങിയ നേരത്താണ് ജാനകി വെളിയിലേക്ക് ഇറങ്ങി നിന്ന് ഓട്ടോയ്ക്ക് കൈ കാണിച്ചത്. ഏതോ ഓട്ടോ വന്ന് നിന്നപ്പോൾ അവനെയും കൂട്ടി അതിലേക്ക് കയറി.
“എങ്ങോട്ടാ പോണ്ടേ?”
ഓട്ടോക്കാരൻ ചോദിച്ചു.
“ആച്ചീന്റെ അടത്ത്ക്ക് പോ.”
ജാനകി എന്തെങ്കിലും പറയുന്നതിന് മുൻപേ ചെക്കൻ പറഞ്ഞു. ആച്ചി എവിടെയാ ഉള്ളതെന്ന് അവൾക്കറിഞ്ഞുകൂടാ. അതുകൊണ്ട്, എങ്ങോട്ടേക്കാ പോകേണ്ടതെന്ന് അവൾക്കും അറിയില്ല.
“ആടെ… ആടെ… “
ചെക്കൻ ഓരോ കവലകളിൽ നിന്നും കൈ ചൂണ്ടിക്കൊണ്ടിരുന്നു. ഒടുവിൽ ഓട്ടോ ചെന്ന് നിന്നത് പൊട്ടിപ്പൊളിഞ്ഞ ആ കെട്ടിടത്തിന് മുന്നിലാണെന്ന് അറിഞ്ഞപ്പോൾ അവളുടെ ഉള്ളിലൊരു ആന്തലാണുണ്ടായത്. ജോജിയും ആൾക്കാരും അവിടെ ഉണ്ടായിരുന്നില്ല. ചെക്കൻ ആച്ചിക്കുള്ള പൊതിയുമായി കെട്ടിടത്തിന് പിറകിലെ പൊന്തക്കാട്ടിലേക്ക് നടന്നു. അവിടെയൊരു നായ മുരണ്ട് കിടക്കുന്നുണ്ടായിരുന്നു. അതിന്റെ അരികിൽ, മണ്ണിളകിക്കിടന്ന ഇടത്ത് ചെന്ന് ചെക്കൻ കുത്തിയിരുന്ന് വിളിച്ചു,
“ആച്ചീ, വേം വാ… ഇഞ്ഞാ ഐക്രീം.”
പോരുന്ന വഴിക്ക് ആച്ചിക്ക് ഐസ് ക്രീം വേണമെന്ന് പ്രത്യേകം പറഞ്ഞ് ചെക്കൻ വാങ്ങിപ്പിച്ചെടുത്തത് ജാനകി ഓർത്തു.
അവൾ ചുറ്റിലും നോക്കി. ആച്ചീന്നുള്ള വിളി കേട്ട് ആരും വന്നില്ല. ചെക്കൻ വീണ്ടും വീണ്ടും ഇളകിയ മണ്ണിന്റെ അരികിലിരുന്ന് ആച്ചീ എന്ന് വിളിച്ചുകൊണ്ടിരുന്നു.
“ആച്ചി വന്ന് തിഞ്ഞും. മ്മക്ക് പൂവ്വാം… പൂവ്വാം…”
അവൻ പെട്ടന്ന് വന്ന് ജാനകിയുടെ കൈയിൽ പിടിച്ചു.
നടക്കുമ്പോൾ അവൾ തിരിഞ്ഞുനോക്കി. മുരണ്ടുകിടന്ന നായ, ചെക്കൻ കൊണ്ട് വന്നിട്ട ആഹാരം മുഴുവൻ ആർത്തിയോടെ കഴിക്കുന്ന കാഴ്ചയാണ് അവൾക്കവിടെ കാണാനുണ്ടായിരുന്നത്.
കെട്ടിടത്തിന് പുറത്തെത്തിയപ്പോൾ ജാനകി അവനോട് ചോദിച്ചു,
“ആച്ചി ഇവിടെ ഉണ്ടെന്ന് ആരാ പറഞ്ഞെ?”
“ആച്ചി സൊപനത്തീ വന്ന്നീ. ചിന്നമോനേ ഇങ്ക് വാ…ഇങ്ക് വാന്ന് വിളിച്ചീനി… രച്ചിക്കീ… രച്ചിക്കീ ചിന്നാന്ന് പറഞ്ഞ് വിളിച്ച്നീ.”
അവൻ ഒട്ടുമാലോചിക്കാതെ മറുപടി പറഞ്ഞു.
“ആച്ചി എന്തിനാ ഇങ്ങോട്ട് വന്നേ?” ജാനകി വീണ്ടും ചോദിച്ചു.
“ജ്ജി ചേട്ട വിളിഞ്ച് വന്നിനീ. ജ്ജി ചേട്ടാ ഐക്രീം കൊണ്ടോരാന്ന് പറഞ്ഞിനീ.”
അവൻ നീണ്ട താടി തടവുന്ന ആംഗ്യം കാണിച്ചുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അത് കണ്ടപ്പോൾ തന്നെ, അവൻ പറയുന്നത് ജോജിയെ കുറിച്ചാണെന്ന് അവൾക്ക് മനസിലായി. വേദനയുടെ ഒരു മിന്നൽപ്പിണർ അവളുടെ ഉള്ളിലൂടെ കയറിയിറങ്ങി. ജോജി പ്രേമമാണെന്ന് പറഞ്ഞതും ഉമ്മ വച്ചതും കൂടെ വരാൻ പറഞ്ഞതും ഒപ്പം ചെന്നതും ചെന്നപ്പോൾ അയാളുടെ കൂട്ടുകാർ മുഴുവനായും അവളെ സ്വീകരിച്ചതും വേദനയാൽ അവൾ കരഞ്ഞതും പിന്നീട് പണമില്ലാതെ വലഞ്ഞപ്പോൾ ഇത് തന്നെ തൊഴിലാക്കിയതും ഇപ്പോഴും ഓരോ പണിക്ക് ശേഷവും വഞ്ചിക്കപ്പെട്ട അന്നത്തെ പ്ലസ് ടൂക്കാരിയെപ്പോലെ കരയുന്നതുമൊക്കെ അവളുടെ കണ്ണിലൂടെ അപ്പോൾ കടന്ന് പോയി.
ചിന്നന്റെ ആച്ചിക്ക് വേണ്ടി വെറുതെ പ്രാർത്ഥിക്കാമെന്നല്ലാതെ മറ്റൊന്നും അവൾക്ക് ചെയ്യാനില്ലായിരുന്നു. അവളത് ചെയ്തു. പിന്നെ ചിന്നന് മറവിയിൽ ഇടം കൊടുത്ത് മുന്നോട്ട് നടന്നു.
വേണ്ടത് വേണ്ടപ്പോൾ മറക്കാതിരുന്നാൽ മുന്നോട്ട് പോകാൻ കഴിയുകയില്ലെന്ന് അവൾക്ക് നന്നായറിയാം.

5.
ചിന്നന്റെ പടം ജാനകി പത്രത്തിൽ കണ്ടു. ഏതോ ചെറിയ പെൺകുട്ടിയെ തൊട്ടുവത്രേ. ആളുകൾ കൂടി. അവനെ തല്ലി. കൊന്നു.
ജാനകി പത്രം കുറച്ചുകൂടി അടുത്തേക്ക് പിടിച്ച് നോക്കി. ചിന്നനെ കൊന്ന ആൾക്കൂട്ടത്തിന് നടുവിൽ ജോജി ഉണ്ടായിരുന്നു. ലത്തീഫ് ഉണ്ടായിരുന്നു, ബിനോജ് ഉണ്ടായിരുന്നു, മണികണ്ഠൻ ഉണ്ടായിരുന്നു, സുർജിത്ത് ഉണ്ടായിരുന്നു, ആന്റപ്പനും ഉണ്ടായിരുന്നു. അവർ തന്നെയാണ് ആളും ആൾക്കൂട്ടവും. അവർ തന്നെയാണ് തെളിവും സാക്ഷിയും!
ജാനകി പത്രം മടക്കി. കരച്ചിലിന്റെ ഒരു നിഴൽനാളം അവളുടെ തൊണ്ടക്കുഴിയോളം വന്ന് നിന്നു. അപ്പോൾ ആച്ചീ എന്നൊരു വിളി അവളുടെ കാതിൽ മുഴങ്ങി. ആച്ചിയുടെ കുഴിമാടത്തിനരികിലേക്ക് മണം പിടിച്ച് മണം പിടിച്ച് കയറി വരുന്ന ചിന്നന്റെ ആത്മാവിനെ ജാനകി സങ്കൽപ്പിച്ചു നോക്കി. അവൾക്ക് ചിരി വന്നു.


Leave a Comment

Your email address will not be published. Required fields are marked *