പെണ്ണ് Poem By വിഷ്ണു പി കെ

പെണ്ണിനെക്കുറിച്ചെഴുതാൻ
തുടങ്ങിയപ്പോൾ
ഞാനാദ്യം
നീലകൊണ്ടെഴുതാൻതുനിഞ്ഞു,
അല്ല, നീല
അത്രനല്ല നിറമല്ല,
നീല നിറമുള്ള പെണ്ണിന്
പ്രസക്തി
ഇരുട്ടിലും മറവിലും
മാത്രമാണ്.
പകൽ
അവൾ കല്ലെറിയപ്പെടും,
ഞാൻ ബോധവാനായി,
പിന്നീട് കറുപ്പുകൊണ്ടെഴുതിത്തുടങ്ങി,
കറുപ്പിലവൾ
തീയും മഴയും കാറ്റുമായി,
കൊടും തിരകളെയവൾ
തീരത്താഞ്ഞടിച്ചു,
പെണ്ണിനെപ്പറ്റിയെഴുതിയെത്തുന്ന
ഇടവേളകളിൽ
ഏഴുചുവന്ന വരകൾകൊണ്ട്
ഞാനവളെ
അടയാളപ്പെടുത്തി…
ഓരോ ഇടവേളകളിലും
പെണ്ണിനെ
എഴുതിപൂർത്തിയാക്കിയെന്ന് ഞാൻ കരുതി.
എന്നാൽ വീണ്ടും
പരാജയപ്പെട്ടുവെന്നെന്നെ
സ്വയം ബോധ്യപ്പെടുത്തിക്കൊണ്ട്
നീലയും കറുപ്പും ചുവപ്പും
കലർന്ന അക്ഷരങ്ങളയവൾ
പിന്നെയും പുതിയ
ഘണ്ണിക രൂപപ്പെടുത്തും.
അങ്ങനെ ഇനിയും എഴുതി
പൂർത്തിയാക്കാൻ
കഴിയാത്ത കടുംനിറങ്ങളുടെ
കലർപ്പായവൾ
പുതിയ വരികൾ സൃഷ്ടിക്കുന്നു…


Leave a Comment

Your email address will not be published. Required fields are marked *