മനസ് Poem By സുജിത് വേദ
ഉള്ളിൽ
തീരമില്ലാത്ത ഒരൊഴുക്കാണ്.
പുറത്ത്,
ആളുകൾ ഉപ്പും മീനും തിരയുന്ന
ഒരു കളിസ്ഥലം.
ഗൂഗിൾ മാപ്പിന് കാണിച്ചുതരാനാവാത്ത
ചില കയങ്ങളുണ്ട്
അവിടെയാണ് ഞാൻ
പഴയ യുദ്ധങ്ങളുടെ അവശിഷ്ടങ്ങളും
ഉടഞ്ഞുപോയ ചില കപ്പലുകളും
താഴ്ത്തിവെച്ചിരിക്കുന്നത്.
എന്റെ ഓർമകളുടെ ഹാർഡ് ഡിസ്കിൽ
തിരകൾ വന്ന് ഉപ്പുവെള്ളം ഒഴിക്കുന്നു.
ചില നൊമ്പരങ്ങൾ മാത്രം
റീസൈക്കിൾ ബിന്നിലും ഇടമില്ലാതെ
അടിത്തട്ടിൽ പവിഴപ്പുറ്റുകളായി
ഉറച്ചുപോയിരിക്കുന്നു.
പ്രകാശമില്ലാത്ത അഗാധതയിൽ,
ചിറകുള്ളത് മത്സ്യങ്ങൾക്കല്ല,
നിശബ്ദതയ്ക്കാണ്.
മൊബൈൽ സ്ക്രീനിലെ നീലവെളിച്ചം
എന്റെ ഏകാന്തതയുടെ ആഴമളക്കാറില്ല.
അകമേ,
ഒരു നീലത്തിമിംഗലത്തെപ്പോലെ
എന്റെ നിശബ്ദതയെ ഞാൻ തന്നെ
ഭക്ഷിച്ചുകൊണ്ടിരിക്കുന്നു.
അവിടെ ,എന്റെ ഓർമകൾ
കണ്ണില്ലാത്ത ജീവികളെപ്പോലെ
ഇരുട്ടിൽ തപ്പിത്തടയുന്നു.
ഓരോ തിരയും
തിരിച്ചുപോകുന്നത്
ഒരുപിടി മണലായല്ല,
മനസിന്റെ ഒരു കഷ്ണത്തെത്തന്നെ
കടിച്ചുപറിച്ചുകൊണ്ടാണ്.
എന്നിട്ടും ബാക്കിയാവുന്നത്
ആഴം മാത്രം.
എല്ലാവരും തിരയുന്നത്
സുരക്ഷിതമായ തീരമാണ്.
പക്ഷേ, തിരകൾക്കറിയാം
തീരം എന്നത് ഒരു-
താൽക്കാലിക
വിരാമം മാത്രമാണെന്ന്.
മനസ്, അതൊരിക്കലും
നിലയ്ക്കാത്ത ഒരു
ടൈം ലാപ്സ് വീഡിയോപോലെ
ആഴങ്ങളിൽനിന്നും ആഴങ്ങളിലേക്ക്
പടർന്നുകൊണ്ടേയിരിക്കുന്നു.
കരയിൽ നിൽക്കുന്നവർക്ക്
ഞാൻ വെറുമൊരു ചക്രവാളം.
തൊടാൻ ശ്രമിക്കുന്തോറും
അകന്നുപോകുന്നൊരു മിഥ്യ.
പക്ഷേ,
ഉള്ളിലിറങ്ങിയവർക്കറിയാം,
ഞാനൊരു കടലല്ല,
അതിലുമെത്രയോ വലിയൊരു ശൂന്യതയാണെന്ന്.

Good