മരുത് മരങ്ങളും മരുപ്പുഴുക്കളും Story by സ്മൃതി മുരളി

മരുത് മരങ്ങളും മരുപ്പുഴുക്കളും Story by സ്മൃതി മുരളി PEN by Aura.

മരുത് മരങ്ങളും മരുപ്പുഴുക്കളും Story by സ്മൃതി മുരളി

1) ഒടുവി  

    “മരത്തെ നോവിക്കാതെ മരുതിന്റെ ചില്ലമേൽ
    മറഞ്ഞിരിക്കയാണ് മരപ്പുഴുക്കൾ.
    മരിച്ചുമണ്ണടിഞ്ഞവർ പുനർജനിച്ചതത്ര!
    മറുജന്മം പൂണ്ടു മനുഷ്യനാവാതെ, വീണ്ടും
    മകരന്ദം നുകരാതെ, മധുമാസമില്ലാതെ മരപ്പുഴുക്കൾ…”

    മരുതും മരപ്പുഴുക്കളും മനുഷ്യരും പിന്നെ ഭൂഗോളത്തിലെ അല്ലറചില്ലറ ജീവികളും പാർക്കുന്ന ഭൂപടത്തിലെ പൊട്ടുപോലൊരു പ്രദേശം; തബൂക്. ആദ്യകാലത്ത് തിരുവിതാംകൂറിലെ വിവിധ കോണുകളിൽനിന്നും മാർഗം കൂടിയ പുതുക്രിസ്ത്യാനികൾ കല്ലും മുള്ളും ചെത്തി കാട് വെട്ടി അവിടെ താമസം തുടങ്ങി. അവർ കുടിയേറ്റ ഭൂമിക്ക് കിഴക്ക് ഒരു പള്ളി പണിതു. പള്ളിയിൽ ആദ്യമെത്തിയ പാതിരി പഴയ നിയമത്തിലെ മോശയുടെ പലായനത്തെയും ഇടയ ജീവിതത്തെയും അനുസ്മരിച്ചുകൊണ്ട് ആദ്യത്തെ കുർബാന ചൊല്ലി ആ ദേശത്തിനു ചാർത്തിക്കൊടുത്ത പേരാണ് തബൂക്. പള്ളിക്ക് പിന്നീട് പള്ളിക്കൂടം വന്നു. വടക്ക് ആറുനാഴിക മാറി ആശുപത്രിയും അങ്ങാടിയും വന്നു. അങ്ങാടിയിൽ നിന്നന്തിക്ക് ആണുങ്ങൾ തെക്ക് ഭാഗം ഷാപ്പിലേക്ക് പോയി. പടിഞ്ഞാറ് കായൽ കരയിൽ കാറ്റുകൊണ്ടു. ഇതിലൊന്നും പെടാതെ ജനിച്ചയന്നു മുതൽ അപ്പൻ നീർക്കോലിയുടെ ചവിട്ടും അമ്മ മറിയയുടെ വിയർപ്പുമേറ്റ് വളർന്നവനാണ് ഗിദെയോൻ.

    “മരപ്പുഴുക്കൾ… മരപ്പുഴുക്കൾ…”

    ഗിദെയോൻ ചാരുകസേരയിൽനിന്നും ചാടി എഴുന്നേറ്റു. തബൂക്കിന്റെ ഒത്ത നടുക്ക് മരുത തോടിന്റെ കരയിലെ ഒരേക്കർ പറമ്പതിരിനെ ലക്ഷ്യമാക്കി മുന്നോട്ടുകുതിച്ചു. വല്യപ്പന്റെ അന്തവും കുന്തവുമില്ലാത്ത ചാട്ടനോട്ടം കണ്ട നാലാം വയസ്സിലും നടപ്പുറക്കാത്ത കൊച്ചുമകൾ മഡോണ ചാരുകസേരക്ക് സമീപം വച്ചിരുന്ന റേഡിയോയും കയ്യിലെടുത്ത് തന്റെ പരമാവധി വേഗത്തിൽ പുറകെയോടി വീണ് എണീറ്റോടി. അതിരിൽ മരുത് മരം തന്റെ ഇലച്ചാർത്തുകൾക്കിടയിൽ കാലത്തെയുറക്കി കിടത്തി, ശിഖര മുടികൾ പടർത്തി, മാറിൽ മരപ്പുഴുക്കൾക്കു നീര് നൽകി വിടർന്നു നിൽക്കുന്നു. 
    കുതിച്ചു കിതച്ചുവന്ന ഗിദെയോൻ നിന്നു. മുഖമുയർത്തി മരപ്പുഴുക്കളെ തിരഞ്ഞു. മരുതിന്റെ നീണ്ടുപടർന്ന വേരുകൾക്കുള്ളിൽ അയാളുടെ കാൽപാദങ്ങൾ ഒരു കൊച്ചു കുഞ്ഞിന്റേതുപോലെ ചെറുതായി കാണപ്പെട്ടു. നെറ്റിയിൽ വിയർപ്പുതുകളുതിർന്ന് കൃതാവു വഴി താഴേക്കിറ്റു. മരം അയാളെ മാടി വിളിച്ചു. അതിന്റെ ഹൃദയത്തിലൊളിച്ചിരുന്ന്  മറിയ വിളിച്ചു. പിന്നെ മേരിക്കുട്ടി വിളിച്ചു. അവർ മാറി മാറി വിളിച്ചു. ഗിദെയോനു തന്റെ കണ്ണുകളിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി. അയാളുടെ മേനി വിറച്ചു. അത്  മരുതിന്റെ മാറിലേക്ക് ചാഞ്ഞു, അവിടെനിന്നും പതിയെ മണ്ണിലേക്ക്. കനപ്പെട്ട റേഡിയോ വഴിയിലുപേക്ഷിച്ച് ഓടിയെത്തിയ മഡോണ വീണുകിടന്ന വല്യപ്പനെ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കവേ അയാളുടെ കണ്ണുകൾ ഒരുമാത്ര തുറന്നടഞ്ഞു. അ..മ്മ….ച്ചീ… ഗിദെയോന്റെ ചുണ്ടുകൾ  അക്ഷരങ്ങളെ മുറിച്ചു. വീശിയ കാറ്റിൽ മരുത് ഒരുപിടി ഇലകൾ പൊഴിച്ചു. മണ്ണുതൊട്ട ഇലകൾക്കിടയിൽ നിന്നും ഒരു മരപ്പുഴു മരുതിന്റെ മാറ് ലക്ഷ്യംവച്ച് മേൽപ്പോട്ടിഴഞ്ഞുപോയി.

    “മറുജന്മം പൂണ്ടു മനുഷ്യനാവാതെ, വീണ്ടും
    മകരന്ദം നുകരാതെ, മധുമാസമില്ലാതെ മരപ്പുഴുക്കൾ…” വഴിയരികിൽ റേഡിയോ പിന്നെയും ശബ്‌ദിച്ചു.

    2) പിറവി

    തോട്ടുവക്കിലെ മരുതിന്റെ തൊലി ചെത്തിയെടുക്കാൻ മറിയ ഗിദെയോനെയും കൊണ്ടുപോയിരുന്നു. മരത്തൊലി ചെത്താൻ വലിയ താല്പര്യമൊന്നുമില്ലെങ്കിലും ഉണക്കിയെടുത്ത തൊലി അങ്ങാടികടയിൽ വിറ്റുകിട്ടിയതിന്റെ ഒരംശം തന്റെ നാവിന്റെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുവാനുള്ളതാണെന്ന ബോധ്യം അവനെ മറിയക്ക് കൂട്ടുപോകാൻ നിർബന്ധിതനാക്കി. പ്രത്യേക കനത്തിലും വലുപ്പത്തിലും തൊലി ചെത്തിയെടുക്കൽ പ്രക്രിയയിൽ മറിയ വ്യാപൃതയാകുമ്പോൾ തന്നെ വ്യാപിച്ച കൊതുകു വലയത്തിൽനിന്ന് രക്ഷതേടി ഗിദെയോൻ തോട്ടുവെള്ളത്തിൽ കഴുത്തറ്റം മുങ്ങി കിടക്കും. പിന്നെയും വിരുതേറിയ കൊതുകുമ്മകൾ അവന്റെ മൂക്കിൻ തുഞ്ചത്ത്, കൺതടങ്ങളിൽ, നെറ്റിയിൽ, ചോരവറ്റിയ കവിളത്ത്, പിൻകഴുത്തിൽ… ബലാൽക്കാരമായി പതിയവേ ഗിദെയോന്റെ തല തോടിന്റെ ഉള്ളറകളിലേക്ക് അപ്രത്യക്ഷമാകും. 
    ഉൾതോടിന്റെ മണൽ വിരിയിൽ ഗിദെയോൻ ഒരു വിരാഗിയെപോലെ ചമ്രംപടിഞ്ഞിരിക്കും.  തന്റെ ഓരോ രോമകൂപത്തിലും മീൻ ചുണ്ടുകളെ ധ്യാനിക്കും. മീൻചുംബനങ്ങളാൽ പരവശനാകുമ്പോൾ അവൻ തന്റെ തവളകണ്ണുകൾ തുറക്കും. അവ രണ്ടുപൊടി മൽത്സ്യങ്ങളായി കുളിർ ജലത്തിന്റെ തെളിമയിൽ നീന്തിത്തുടിക്കും. കൂനാം കല്ലുകളെ തേടും. കല്ലിടുക്കുകളിലെ നമഞ്ചികളെ, ഞണ്ടുകളെ, വാഴക്കവരയനെ, പരളിനെ, പൂഴാനെയൊക്കെയും തേടിയലയും.

      ”ചെറ്ക്കാ… ഞാമ്പോണ്… നീ വര്ണാ?”

      ആ യാത്രക്ക് വിരാമമിട്ട് മറിയ ഗിദെയോനെ വിളിക്കും. മറിയയുടെ വിയർപ്പിന്റെ ഉപ്പുതൂകിയ ജലകങ്ങങ്ങളെ വകഞ്ഞുമാറ്റി അവൻ പ്രത്യക്ഷനാവും.
      അങ്ങനെയിരിക്കെ ധ്യാനനിർവൃതിയിൽ തന്റെ കണ്ണുകൾ തുറന്ന ഗിദെയോന്റെ ഉള്ളൊന്നു കാളി. തോട്ടരികിലെ ചേറുവെള്ളത്തിൽ നിന്നൊരുപറ്റം വാൽമാക്രികൾ അവനരികിലേക്കുരുണ്ട് പിരണ്ടുനീങ്ങുന്നു.

      “മാക്രി കുഞ്ഞുങ്ങൾ…”

      അവനറപ്പ് തോന്നി. അപ്പനവനെ മാക്രിക്കുഞ്ഞെന്ന് വിളിക്കാറുണ്ട്. അപ്പന്റെ ടോബിപട്ടിയേക്കാൾ അകലെയാണ് മാക്രിയായ അവന് അപ്പനരികിലെ സ്‌ഥാനം. അതുകൊണ്ടവന് അവറ്റകളോട് വെറുപ്പും തോന്നി. അപ്പനവനോട് വരത്തപ്പട്ടികളുടെ കൂടെ കിടന്ന അവന്റെ തള്ളയെ അരിഞ്ഞ് ചാറുവയ്ക്കണമെന്ന് പറയാറുണ്ട്. എങ്കി പിന്നെ അവനെപ്പോലുള്ള വാൽമാക്രി ജനിക്കത്തില്ലായിരുന്നുവത്ര. അതുകൊണ്ടാവണം അപ്പൻ മുന്തിയ നാടൻ കന്നിയെ തന്നെ മേടിച്ചത്. അവൻ അമ്മച്ചീടെ കൂടെ പായിലുറങ്ങാറില്ല. അമ്മച്ചീടെ ചോറുരുളക്ക് കാത്ത് നിക്കാറില്ല. അമ്മച്ചിയുടെ അടുത്ത് വാശി പിടിക്കാറില്ല. എന്തിന്, അപ്പനെപോലെ അമ്മച്ചി അവിടുണ്ടോന്ന് പോലും തിരക്കാറില്ല. അവനൊക്കെയും അപ്പനാണ്. പക്ഷെ, ഗിദെയോനങ്ങനല്ല. പറയുന്ന പണികളൊക്കെയും ചെയ്യാൻ ഇച്ചിരി മടിയുണ്ടെന്നതൊഴിച്ചാൽ അമ്മച്ചി ഇല്ലാതെ അവനനൊന്നിനും പറ്റത്തില്ല.

      “അമ്മച്ചീ ആ പിച്ചാത്തി താ …” 

      വെളിപാട് കണക്കെ ഗിദെയോൻ വെള്ളത്തിൽ നിന്നും വിളിച്ചുപറഞ്ഞു.

      “എന്നാത്തിനാ നിനക്ക് പിച്ചാത്തി?”

      തിരിഞ്ഞുനോക്കാതെ മറിയ അവനോട് തിരക്കി.

      “ഞാമ്പറയ, അമ്മച്ചി പിച്ചാത്തി താ.”

      “കാരിയം പറയാതെ പിച്ചാത്തി തരാനോക്കേലാ.”

      ഗിദെയോന്റെ കുരുട്ടുബുദ്ധിയെ നന്നേ വിശ്വാസമില്ലാതിരുന്ന മറിയ വീണ്ടും മുഖം കൊടുക്കാതെ ജോലി തുടർന്നു.

      “മാക്രി കുഞ്ഞുങ്ങൾ…”

      അവൻ പിറുപിറുത്തു.

      “എന്നതാ…?”

      “മാക്രികുഞ്ഞുങ്ങളെന്ന്.”

      ഗിദെയോനു ദേഷ്യം വന്നു.

      “അതിനെയാരും തിന്നത്തില്ല ചെറുക്കാ…”

      “അതിനു തിന്നാനാന്ന് ആര് പറഞ്ഞ്?”

      “പിന്നെ…?”

      “അരിഞ്ഞുകളയണം എല്ലാത്തിനേം.”

      “നിനക്കെന്നാടാ ഭ്രാന്തു പിടിച്ചോ?

      “അതവിടെങ്ങാണ്ട് കെടന്നോട്ടെ. നിനക്കെമ്പിടി സ്‌ഥലം ബാക്കിയുണ്ടല്ലോ നീന്താൻ”

      “ഒക്കുകേല. അങ്ങനങ്ങ് കെടക്കാൻ ഒക്കുകേലാ. എനിക്കാ തള്ളയെം അരിയണം.”

      സംസാരത്തിനിടക്ക് കരക്കുകയറിവന്ന ഗിദെയോൻ മറിയയുടെ പിച്ചാത്തിയിൽ പിടുത്തമിട്ടു.

      “എടാ, തവളയെ കൊന്നവൻ മൂക്കി കുരുവന്ന് ശ്വാസം മുട്ടി ചാവും.”

      ഒരു വിധത്തിൽ പിടി വിടുവിപ്പിയ്ക്കുന്നതിനിടയ്ക്ക് മറിയ അവനെ പേടിപ്പിക്കാൻ വിഫലശ്രമം നടത്തി.
      “പിന്നേ… ചാവും ചാവും!”
      അവന്റെ അപ്പൻ മാക്രികളെ കൊല്ലാറുണ്ട്. കാലുകൾ അരിഞ്ഞെടുത്ത് പൊരിച്ച് തിന്ന് മിച്ചമുള്ള മാക്രിയുടലുകൾ പൊട്ടക്കുളത്തിലേക്ക് വലിച്ചെറിയും. എന്നിട്ട് അപ്പൻ ചത്തില്ലല്ലോ. അപ്പന്റെ ഉച്ചിഷ്ട്ടം കഴിക്കുന്ന ടോബി പോലും ചത്തില്ല. പിന്നെയാ അവൻ.
      കത്തിയിൽ തൂങ്ങിയ ഗിദെയോന്റെ ഭാരം കൈവിരലുകൾ ഛേദിച്ച് തുടങ്ങിയപ്പോൾ മറിയയുടെ പിടിവിട്ടു. കിട്ടിയ പിച്ചാത്തിയുമായി ഗിദെയോൻ മുന്നോട്ടോടി.
      “ഗിദെയോനെ, നില്… ഞാനും വരാം… തവളയുള്ളിടം നീർക്കോലി കാണും.”
      മറിയ ചോരപുരണ്ട വിരലിൽ തുപ്പൽ പുരട്ടികൊണ്ട് ഗിദെയോന് പിറകെ ഓടി.
      “നരുന്ത് ചെറുക്കൻ… അതെങ്ങനാ ആ നീർക്കോലി തന്തേടെതല്ലേ വിത്ത്.” തുപ്പലിൽ നിൽക്കാത്ത ചോരയെ തടുക്കാൻ കമ്മ്യൂണിസ്റ്റ് പച്ചയെ തേടികൊണ്ടവൾ പിറുപിറുത്തു.
      “അമ്മച്ചീ… മീങ്കുഞ്ഞുങ്ങൾ…” വെള്ളത്തെ വകഞ്ഞുമാറ്റി ആദ്യമെത്തിയ ഗിദെയോൻ അനങ്ങാതെ നിൽപ്പാണ്.
      “നീ എന്നാത്തിനെ കണ്ടെന്നാ പറഞ്ഞെ?”
      “മാക്രി കുഞ്ഞുങ്ങൾ… മീങ്കുഞ്ഞുങ്ങൾ.”
      “എടാ മരമാക്രി അത് വരാൽ കുഞ്ഞുങ്ങളാ… അതുങ്ങളെ തള്ളയിവിടെങ്ങാൻ കാണും.”
      സാധാരണയായി അവനെ ചൊടിപ്പിയ്ക്കുന്ന മരമാക്രി എന്ന അമ്മച്ചിയുടെ വിളി ഇത്തവണ അവന്റെ ചെവികൾ കേട്ടില്ല. അത് ഒരുതരം ചൂട് തേടുകയായിരുന്നു; മീഞ്ചാറിൽ കൊള്ളി മുക്കി തിന്നുമ്പോൾ നാക്കറ്റത്ത് നിന്ന് ചെവിയറ്റത്തേക്ക് പേരറിയാത്ത ഏതോ ഗ്രന്ഥിവഴി പടരുന്ന വറ്റൽമുളക് വറുത്തരച്ച വരാൽക്കറിയുടെ എരിവുള്ള ചൂട്! ഗിദെയോന്റെ അറപ്പലിഞ്ഞുപോയി, വെറുപ്പ് വറ്റിപ്പോയി, ദേഹം ദേഷ്യത്തെ അവനിൽ നിന്നുതിർന്ന തോട്ടുതുള്ളികൾക്കൊപ്പം വെള്ളത്തിലേക്കുന്തിയിട്ടു. അവന്റെ സർവ്വ നാഡീഞരമ്പുകളിലും ഇപ്പോൾ മീഞ്ചാറു തിളച്ചു മറിയുകയാണ്. വേപ്പ് മണമുള്ള, ചോര നിറമുള്ള, എണ്ണ കൊഴുപ്പുള്ള മീഞ്ചാർ.
      “അമ്മയാ തോർത്തിങ്ങ് താ നമക്കതിനെ ഊറ്റിയെടുക്കാം.”
      ‘’ചെയ്യാതെടാ മോനേ… തള്ള ചത്താ മക്കള് വാഴത്തില്ല. അമ്മച്ചീടെ പൊന്നല്ലയോ….”
      ഇത്തവണ ആ മാക്രി കുഞ്ഞിന്റെ ചെവികൾ നന്നായി തന്നെ കേട്ടു. അത് പ്രതിധ്വനി മുഴക്കി: “തള്ള ചത്താ മക്കള് വാഴത്തില്ല.”
      “ഇനിയൊരു മാക്രിയും ബാക്കി ഒണ്ടാവരുത്.. മാക്രി പെറ്റാ പെരുകി പെറും. അതീപ്പെഴച്ച് ഒണ്ടാവുന്ന ചെല വാൽമാക്രികൾ ഗർഭം കലക്കിയാലും വാലുപൊക്കും” പൊരിച്ച തവളക്കാലുകൾ കടിച്ചു തിന്നുമ്പോൾ അപ്പൻ ടോബിയോട് പറയും:

      “അല്ലേടാ വാൽമാക്രീ…”

      വാതിൽ മറഞ്ഞ് നിൽക്കുന്ന ഗിദെയോനോട് അയാൾ തിണ്ണയിൽ നിന്ന് വിളിച്ചു ചോദിക്കും. ഒരു മൂളക്കമെങ്കിലും ഉത്തരം കിട്ടിയില്ലെങ്കിൽ അയാൾ പിന്നെയും കയർക്കും: “പെഴച്ച മാക്രിക്കുണ്ടായ വരത്തൻ നായേടെ മോനെ.” ഒരു വേട്ട നായുടെ വഴക്കത്തോടെ അയാളെഴുന്നേറ്റ് തന്റെ ചുവന്ന കണ്ണുകളിൽ ജ്വലിക്കുന്ന ക്രോധവുമായി അവനുനേരെ പാഞ്ഞടുക്കുമ്പോൾ മറിയ തടുക്കും. അയാൾ അവൾക്കുനേരെ കൊന്ത്രൻ പല്ലുകൾ ഞെരിക്കും, അടിനാഭി നോക്കി ആഞ്ഞുചവിട്ടും. ശേഷം ചൂട്ടുകത്തിച്ച്, ചുരുട്ട് പുകച്ച് ഷാപ്പ് വഴിയേ നീണ്ട് മാഞ്ഞുപോകുന്ന അയാളെ നോക്കി ആളുകൾ പറയും:

      “നീർക്കോലി കു(ക)ടിച്ചാൽ അത്താഴം മുടങ്ങും.”

      3) തളിർവി

        തലക്കുമുകളിൽ അനന്തവിഹായസ്സിന്റെ അതിർവരമ്പുകൾ ഭേദിച്ച സൂര്യമരീചികളെ തടഞ്ഞ് മരുതിന്റെ മരപരിച. താഴെ ഭൂമീ ഗർഭാശയത്തിന്റെ ഉൽബദ്രാവകത്തിൽ മുങ്ങിക്കിടക്കുന്ന ഗിദെയോന്റെ ഉടൽ. നടുവിൽ ഉയിരലിഞ്ഞ്, ഉടലുറഞ്ഞിറ്റുന്ന മറിയയുടെ വിയർപ്പുകണങ്ങൾ.
        “ഗിദെയോനെ…..”
        “എന്നാ അമ്മച്ചി?”
        “ഒന്ന് സഹായിക്കെടാ….’’
        ഗിദെയോനു കേട്ടതായി യാതൊരു ഭാവവുമില്ലാത്തതുകൊണ്ട് മറിയ പിന്നേയും പറഞ്ഞു:
        “എന്നെക്കൊണ്ട് ഒറ്റക്ക് മേലാത്തകൊണ്ടല്ലേടാ… ഒന്ന് വാടാ….”
        “എനിക്കെങ്ങും പറ്റുകേല അമ്മച്ചീ. ഞാ സോപ്പ് തേച്ച്…” കൈ വെള്ളയിൽ പതപ്പിച്ച വാസനസോപ്പിന്റെ കുമിളകളെ വായുവിലേക്ക് ഊതിവിട്ട് അവൻ വെള്ളത്തിലേക്കുമുങ്ങി.
        മേലനങ്ങിയുള്ള പണികളിൽ ഗിദെയോനു വലിയ താൽപര്യം പോരാ. വിദ്യാഭാസത്തിനു കാലമായപ്പോൾ മരുതകമ്പു വെട്ടി തല്ലി തള്ളി മറിയ അവനെ സ്കൂളിൽ കൊണ്ട് വിട്ടെങ്കിലും അവിടെയുമവൻ തലച്ചോറനങ്ങുന്ന പണിയിൽനിന്നും അതി വിദഗ്ദ്ധമായി മുങ്ങി. മരക്കൂണുകൾ പറിച്ച് ഉപ്പും മുളകും പുരട്ടി വാഴയില വെട്ടി കെട്ടി ചുട്ടു തിന്നു. പാടത്ത് ഞണ്ടു പിടിച്ചു. മരത്തിലളളി കയറി തേനെടുത്തു. പൊട്ടകുളത്തിൽ ചൂണ്ടലിട്ടു. അങ്ങനെ എങ്ങനെയൊക്കെയോ വയറ്റിനുവേണ്ട വക അവൻ കണ്ടുപിച്ചു. ഗിദെയോൻ  ആകാശത്തിലെ പറവകളെ നോക്കി; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ വിളവു കൂട്ടിവെക്കുന്നതുമില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ പിതാവു അവയെ പുലർത്തുന്നു; അതുകൊണ്ട് അവയെക്കാൾ ഏറ്റവും വിശേഷതയുള്ള അവനെ സ്വന്തം മാതാവ് പോറ്റി പുലർത്തുമെന്ന് ബാല്യം കടന്ന് കൗമാരത്തിലും ഗിദെയോൻ ഉറച്ച് വിശ്വസിച്ചു.
        “ഗി…ദെ…യോ…നെ….”. പിന്നെയും മറിയയുടെ ശബ്ദം വെള്ളത്തിനടിയിലേക്ക് മുറിഞ്ഞ് മുറിഞ്ഞു പരന്നത് അവനവഗണിച്ചു. അവനപ്പോഴൊരു ദിവാസ്വപ്നത്തിലായിരുന്നു; നീർമരുത് പൂത്തകാലം, വാസന പേറി കാറ്റ് തെക്കോട്ടുപോയി. തെക്കൻകാറ്റൂതിയ ഉഷ്ണതരംഗം തബൂക്കിലാകെ പരന്നപ്പോൾ മേരിക്കുട്ടിക്ക് തല നനയ്ക്കാൻ വെമ്പലായി. അവൾ ഉടുത്തഴിച്ച കുപ്പായങ്ങൾ പെറുക്കി ബക്കറ്റിലിട്ടു. കൂട്ടത്തിൽ കൈതോല ചെത്താനൊരു അരിവാ കത്തിയും. എന്നിട്ടു തോട്ടിലേക്ക് നീട്ടിനടന്നു. തോട്ടുവക്കത്ത് മരുതിന്റെ തൊലി ചെത്തിയെടുക്കുന്ന മറിയയോട് അവൾ കിന്നാരം പറഞ്ഞു. അവളുടെ കാശുമാലയും കുണുക്കു കമ്മലുകളുമൂരി കല്ലിൻ പൊക്കത്ത് ഭദ്രമായി തൂവാലയിൽ കെട്ടിവച്ചു. ശേഷം മേരിക്കുട്ടി വെള്ളത്തിലേക്ക് ഒറ്റ ചാട്ടം. മീൻ മുത്തങ്ങളെ മോഹിച്ച് കണ്ണ് തുറന്നപ്പോൾ മൽസ്യകന്യകയെ കണ്ട ഗിദെയോൻ അമ്പരപ്പ് മാറാതെ വെള്ളത്തിനടിയിൽനിന്നും അമ്മച്ചിയെ കൂകി വിളിച്ചു. പിന്നീട് ഗിദെയോന്റെ ധ്യാനങ്ങളിൽ മീൻചുണ്ടുകൾ മുത്തിയില്ല, വരാല് കറി തിളച്ചില്ല. പകരമെപ്പൊഴും മേരികുട്ടി മാത്രം.
        ധ്യാനത്തിന്റെ മൂർധന്യാവസ്‌ഥയിൽ കൈതമുള്ളുകൊണ്ട മേരികുട്ടിയുടെ പെരുവിരൽ തുമ്പത്ത് തന്റെ വിരലൊന്നു തൊടാൻ വെമ്പിയ അവൻ വീണ്ടും കേട്ടു:

        “ഗി…… ദെ…..”

        “എന്നതാ അമ്മച്ചി… ഇത് വല്യ ശല്യവാന്നെ…” സ്വപ്‍നഭംഗം വരുത്തിയ മറിയയെ പ്രാകി വെള്ളത്തിൽ നിന്നൊരു നീർക്കോലിയെ പോലെ ഗിദെയോൻ തലപൊക്കി. നോക്കിയപ്പോൾ മറിയ നീർമരുതിനു കീഴെ വീണുകിടപ്പാണ്. അവനോടി അരികിലെത്തി. പലതവണ മുട്ടിയും തട്ടിയും വിളിച്ചു. മറിയ എണീറ്റില്ല. ഗിദെയോൻ അമ്മച്ചിയുടെ മാറത്ത് ചെവിയോർത്തു നോക്കി. ഹൃദയമിടിപ്പ് നിലച്ചുപോയിരുന്നു. അവരുടെ  മാറിലെ ചൂട് അണഞ്ഞുപോയിരുന്നു. 
        ”നീർക്കോലി വെള്ളം കുടിച്ച് ചത്തെപ്പിന്നെ തള്ളക്കും മകനും ആ വീട്ടിലിച്ചിരി സമാധാനമുണ്ടായിരുന്നു… അപ്പഴാ ഇങ്ങനെ… ഇനീപ്പോ ഈ ചെറുക്കനാരാ ഒളേള?” അടക്കിനു കൂടിനിന്ന നാട്ടുകാരിൽ ചിലർ അടക്കം പറഞ്ഞു.
        മറിയക്കുട്ടി തലയിൽ പുഷ്പകിരീടം ചൂടി, മേലാസകലം വെളുത്ത രട്ടുടുത്ത്, കുന്തിരിക്കത്തിന്റെ മണം പരത്തി, കൈകളിൽ കുരിശേറിയ കർത്താവിന്റെ രൂപവുമായി ഉറങ്ങുകയാണ്. അവളുടെ മുഖം തലക്കൽ കത്തിയ മെഴുകുതിരിയേക്കാൾ പ്രകാശപൂരിതവും ആ ഉറക്കം എന്നത്തേതിനേക്കാൾ സമാധാന പൂർണവുമായിരുന്നു. ഗിദെയോൻ നിറകണ്ണുകളോടെ അമ്മച്ചിയെ നോക്കി. മാക്രിതള്ളയെ പോലെ അവർ വെള്ളത്തിലും കരയിലും ജീവിച്ചു. വെള്ളത്തിൽനിന്ന് കക്ക വാരി, തൊണ്ടുതല്ലി, കരയിൽനിന്ന് കയറുപിരിച്ച്, മരത്തൊലി ചെത്തി… ഒടുക്കം നീർക്കോലി കയറി ഇറങ്ങിയ ദേഹത്ത്, കൃത്യമായി പറഞ്ഞാൽ അയാൾ ചവിട്ടി മെതിച്ച നെഞ്ചാംകൂടിനു താഴെ ഹൃദയത്തിന് ബ്ലോക്ക് വന്ന് മറിയ പോയി.
        അടക്കിന് ഗിദെയോൻ വാരിയിട്ട മണ്ണ് പാറി കൃത്യം മറിയയുടെ വയറ്റത്ത് ചെന്ന് വീണു. പൊക്കിൾക്കൊടി നുണഞ്ഞ് ഉൽബദ്രാവകത്തിന്റെ സുഷുപ്തിയിൽ അവനുരുത്തിരിഞ്ഞു വന്ന ഗർഭത്തെ പേറിയ അതേ വയറ്, അതവനെ കൂടുതൽ ദുഖിതനാക്കി. നീർക്കോലിയുടെ ചവിട്ടേറ്റു കലങ്ങിയ അടിവയറുമായി മറിയ നിലത്തുവീണ് പുളയുമ്പോൾ ഗിദെയോൻ അവരുടെ വയറിൽ കൈകൾ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിക്കും. വേദന മാറാൻ അമർത്തി ചുംബിക്കും. അവന്റെ തല മാറോട് ചേർത്തുവച്ച് അമ്മയും മകനും വിതുമ്പി കരയും. കരഞ്ഞുറങ്ങി പിന്നീടെപ്പോഴോ മൂക്കറ്റം മോന്തിയ നീർക്കോലി തിരിച്ചുവന്ന് അവന്റെ കാലിൽ പിടിച്ച് കീഴോട്ട് വലിച്ചിട്ട് മറിയയുടെ മാറിലേക്ക് പടരുമ്പോഴാണ് അവരിരുവരും ഞെട്ടി എഴുന്നേൽക്കുക.
        ആദ്യമായി ഗിദെയോൻ വയറ്റിലുണ്ടെന്ന് മനസിലാക്കിയ ദിവസവും നീർക്കോലി മറിയയുടെ അടിനാഭിക്ക് ആഞ്ഞുചവിട്ടി. അവളുടെ യോനി വഴി ആർത്തവത്തിന്റേതല്ലാത്ത രക്തം കട്ടകുത്തി ഒഴുകി. രക്തക്കറ പുരണ്ട കാലുകഴുകി നീർക്കോലി അന്നും ആടിയാടി വരമ്പത്ത് മാക്രിപിടിക്കാൻ പിടിക്കാൻ പോയി. പോകുന്ന പോക്കിൽ നാക്കുകുഴഞ്ഞ് അയാൾ വിളിച്ചുപറഞ്ഞു:
        “എന്നെ കുടിപ്പിച്ചു കിടത്തീട്ട് വരത്തപട്ടിക്ക് കിടന്നുകൊടുത്ത മാക്രി മറിയെ… നിന്നെ ഞാൻ വെറുതെ വിടുകേല…”
        അടക്കിനുശേഷം സെമിത്തേരി കവാടത്തിലെ മണിമരുതിനു ചുവട്ടിൽ കൂനിയിരുന്നു കരഞ്ഞ ഗിദെയോന്റെ ചുമലിൽ ഒരു കൈ വന്നുതട്ടി.

        “ഗിദെയോനേ… കരായതെടാ… അമ്മച്ചി കർത്താവു സമക്ഷമിരുന്ന് കണ്ട് വെഷമിക്കയേലേ…”

        മുഖമുയർത്തിയ അവന്റെ  മുന്നിൽ മേരിക്കുട്ടി നിൽക്കുന്നു. അവളുടെ വയറിനഭിമുഖം വന്ന അവന്റെ മൂക്കും മുഖവും അപ്പോഴും നിർത്താതെ പെയ്യുകയായിരുന്നു. മേരി അവനെ ചേർത്തുപിടിച്ചു. ഗിദെയോൻ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ മേരിയുടെ വയറ്റത്തൊട്ടി കിടന്നേങ്ങലടിച്ചു. കാറ്റ് പതിയെ വീശി. മരുത് പൂക്കൾ പൊഴിച്ചു.

        4) നിറവി

          തബൂക്കിന്റെ പടിഞ്ഞാറൻ മാനത്ത് മേഘം പൊങ്ങി, ഇരുണ്ട മേഘങ്ങളെ വകഞ്ഞുമാറ്റി വെള്ളിടി വെട്ടി, മഴ ആർത്തുപെയ്തു. കാറ്റ് തന്നിഷ്ട്ടമുള്ളിടത്തേക്ക് ഊതി. ഗിദെയോൻ മൺകൂരക്കുകീഴെ തനിച്ചായിരുന്നു. അമ്മച്ചിയുണ്ടായിരുന്ന കാലത്ത് മഴ മൂത്ത നേരങ്ങളിൽ അവൻ മുൻപ് പെറുക്കിക്കൊണ്ടുവന്ന കശുവണ്ടി ചുട്ട് കട്ടങ്കാപ്പിപിക്ക് കൊറിക്കാറുണ്ടായിരുന്നു. അവർ തലേകൊല്ലം മൂടയ്ക്കിട്ട ചക്കക്കുരു ചാറുവക്കും. ചിലപ്പോ ചേമ്പിൻ തണ്ടു താളിക്കും, ഒടുക്കം വായ്ക്ക് രുചികെട്ട നേരത്ത് അവനമ്മച്ചിയോടടി വക്കുമ്പോൾ മറിയ അവളുടെ പഴയ തകരപെട്ടിയിൽ നീർക്കോലി കാണാതെ ഒളിപ്പിച്ച് വച്ചിരുന്ന ചില്ലറ തുട്ടുകൾ എണ്ണിപ്പെറുക്കി ഗിദെയോനു കൊടുത്തുവിടും. അന്ന് വൈകീട്ടവരുടെ അടുക്കളയിൽ ഉണക്കമത്തിയും പച്ചകായും വെന്ത മണം പരക്കും.
          ഗിദെയോൻ അമ്മച്ചിയുടെ തകരപെട്ടി തുറന്നു. ഏറ്റവും മീതെ വിശുദ്ധ ബൈബിളും കൊന്തയും, അതിനുതാഴെ നീർക്കോലി വലിച്ച് കീറി മരിപ്പിനു പോലും ഉടുക്കാൻ പറ്റാതെ പോയ അവരുടെ മന്ത്രകോടി. പിന്നെ ഒരു കുട്ടികൂറ പൗഡറും കരിമ്പടവും എല്ലാത്തിനും കീഴെ കുറച്ച് ചില്ലറ തുട്ടുകളും. ഗിദെയോന്റെ ഹൃദയം നൊന്തു. അവനമ്മച്ചിയുടെ മന്ത്രകോടി മുഖത്തോടടക്കിപ്പിടിച്ച് വിങ്ങി. അവന്റെ അമ്മച്ചിക്ക് നീർമരുത് പൂത്ത ഗന്ധമാണ്. മന്ത്രകോടിക്കും. ഗിദെയോൻ പെട്ടിയടച്ച് ഒറ്റമുറിയുടെ തിരശ്ശീല നീക്കി അടുക്കളയിലേക്ക് നടന്നു. അമ്മച്ചിയെ കൂട്ടാതെ ചട്ടികൾ സൊറ പറയുന്നില്ല. ചിരട്ടതവികൾ കൈകൊട്ടി ചിരിക്കുന്നില്ല. ചൂലുപോലുമൊരു മൂലക്ക് കടന്നുകയറ്റക്കാരായ ഈച്ചകളെ തല്ലിയോടിക്കാതെ ശോകമൂകം കുത്തിയിരിക്കുന്നു. അമ്മച്ചിയില്ലായ്മയിൽ അടുക്കള ഒച്ചയടച്ചു, അടുപ്പ് കത്താൻ മറന്നു. പഴകി ദ്രവിച്ച ആ കൂരയുടെ മുക്കിലും മൂലയിലും ഇരുട്ട് പടർന്നു.
          മഴയൊന്നു ശമിച്ചപ്പോൾ ഗിദെയോൻ തിണ്ണയിലേക്കിറങ്ങി. ഇറയത്ത് തൂക്കിയ റാന്തലും ഓലക്കുടയുമെടുത്തു. കൂരയുടെ വാതിൽ ചാരി കിഴക്കോട്ട് നടന്നു. പാതാള തവളകൾ മുക്രയിട്ടു, കടത്തിണ്ണയിലുറങ്ങുന്ന പട്ടികൾ തലപൊക്കിനോക്കി. ഗിദെയോനെ തോട് വിളിച്ചു, തോട്ടുകരയിലെ നീർമരുത് വിളിച്ചു, അവൻ നിന്നില്ല. പിന്നെയും മുൻപോട്ടു നടന്ന ഗിദെയോൻ ഒന്നര മൈൽ ദൂരം താണ്ടി തെക്കേലെ അവറാന്റെ വീട്ടുപടിക്കൽ ചെന്ന് നീട്ടിവിളിച്ചു:

          ” മേരിക്കുട്ടീ…”

          മൂന്നാമത്തെ വിളിയിൽ മേരിക്കുട്ടി തന്റെ പ്രാണപ്രിയനെ കണ്ടു. അവളവന്റെ കൈ പിടിച്ചു, അവനെ ഒറ്റയ്ക്ക് വിട്ടയച്ചതുമില്ല. മഴയവർക്കു മീതെ ഹന്നാൻ വെള്ളം തളിച്ചു. ചീവീടുകളുടെ ഘോഷയാത്ര അവർക്കമ്പടി പോയി. മിന്നാമിനുങ്ങുകൾ തങ്ങളുടെ ദീപശോഭയാൽ കൂര അലങ്കരിച്ചു. അമ്മച്ചി മരിച്ച് വളരെ കാലങ്ങൾക്കുശേഷം ഗിദെയൊന്ന് ശാന്തമായുറങ്ങി. മേരിക്കുട്ടിയുടെ മാറിലെ ചൂടുകൊണ്ട്, ചൂരറിഞ്ഞ്, വയറിലളളിപ്പിടിച്ച് ഉറങ്ങിയുണർന്നു. 
          പല ശീതകാലം കഴിഞ്ഞുപോയി, മഴയും മാറിപ്പോയി. ഭൂമിയിൽ പൂക്കൾ കാണാമെന്നായി. പക്ഷിഗാനകാലം വന്നു. ഗിദെയോനും മേരികുട്ടിയുമായ കുറുപ്രാക്കളുടെ ശബ്ദം ആ നാടാകെ കേട്ടു. മടിയനായ അവനെ അവൾ ശകാരിച്ചു. അവനവൾക്കൊപ്പം പറമ്പിൽ പണിയെടുക്കേണ്ടി വന്നു. അവൾ ചിട്ടി പിടിച്ചുകിട്ടിയ കാശിനു വാങ്ങിയ പശുവിന് പുല്ലരിയേണ്ടി വന്നു, അവളുണ്ടാക്കിയ പായകളും പാലും ചന്തയിൽ കൊണ്ടുപോയി വിൽക്കേണ്ടിയും വന്നു, പെരുന്നാളിനും ആണ്ടു നേർച്ചക്കും ഗിദെയോൻ അവൾക്കൊപ്പം പള്ളിയിലേക്കും അവിടുന്ന് അമ്മച്ചിയുടെ കല്ലറക്കലേക്കും പോയി. അവൻ അമ്മച്ചിയെ പോലെ കക്ക വാരി, തൊണ്ടുതല്ലി, കയറുപിരിച്ചു. അങ്ങനെ പതിയെ തിരുപിറവിക്കും ഓശാനക്കും പോത്തിറച്ചി വാങ്ങി കുരുമുളകിട്ടു വരട്ടി തിന്നാമെന്ന ഗതിയിലേക്ക് മേരികുട്ടി ഗിദെയോനെ വളർത്തി.
          ഓരോ കൊല്ലവും ഉയർപ്പു കഴിഞ്ഞ് കായൽ കരയിലെ കളിമണ്ണ് വാരി ചുട്ട് കുഴച്ച് തേച്ച് മേരിക്കുട്ടി വീട് വൃത്തിയാക്കി. ചാണകവും കരിയും ചേർത്ത് തറ മെഴുകി. ഗിദെയോൻ ഈറ്റ വെട്ടി കൂര മേഞ്ഞു. അങ്ങനെയാതൊരു പുരയായി പരിണമിച്ചു. അവരുടെ സ്നേഹം മരണംപോലെ ശക്തവും അനുരാഗം പാതാളംപോലെ കഠിനവുമായി.
          അതിന്റെ ജ്വാല അഗ്നിജ്വാലയും മിന്നലുമായപ്പോൾ ഇടക്കിടക്ക് അവർക്കിടയിൽ കൊള്ളിയാൻ മിന്നി. ചിലപ്പോൾ പൊള്ളലുണ്ടായി. എങ്കിലും ഒരു പെരുമഴയത്ത് പ്രായം ചെന്ന് തോട്ടുവക്കത്ത് കടപുഴകിവീണ നീർമരുത് ഈർന്ന് പുരക്കു വാതിലുണ്ടാക്കുമ്പോൾ അവനവളോട് പറഞ്ഞു:
          “മേരിക്കുട്ടീ… നമുക്കിതുകൊണ്ടൊരു വഞ്ചിയുണ്ടാക്കാം… എന്നിട്ട് ഏഴാം കടലിനക്കരേക്ക് തുഴഞ്ഞു തുഴഞ്ഞു പോകാം. അവിടെ അമ്മച്ചി മാലാഖമാർക്കൊപ്പം ഇരിപ്പുണ്ടാകും.”

          “അമ്മച്ചി നീർമരുത് പോലെയായിരുന്നു… അല്ല്യോടീ…?”

          “അപ്പ ഞാനോ?”

          “നീയെന്റെ മണിമരുത്.”

          “എങ്കി നീയോ?”

          ഞാ… മരപ്പുഴു.
          മേരിക്കുട്ടിയുടെ മടിയിൽ തലവച്ചുകിടന്ന് ഗിദെയോനിങ്ങനെ പറയുമ്പോൾ അവൾ കുലുങ്ങി ചിരിച്ചിരുന്നു. നാല് പ്രസവിച്ച് ചുളിവുകൾ വീണ അവളുടെ വയറും തൂങ്ങിയ മാറിടങ്ങളും മുഖത്ത് സ്പർശിക്കുമ്പോൾ ഗിദെയോൻ പിന്നെയും തുടരും:

          “മേരി… നമ്മക്കൊരു മരിയ ഒണ്ടായില്ല…”

          മേരിക്കുട്ടിയുടെ നാല് പ്രസവിച്ചപ്പോഴും പെൺകുഞ്ഞായിരിക്കാൻ ഗിദെയോൻ മുട്ടിപ്പായി പ്രാർഥിച്ചിരുന്നു. അവൾക്ക് ഈറ്റുനോവു തുടങ്ങുമ്പോൾ അവൻ കപ്പേളയിലേക്കോടും. ഒരു കൂടുമെഴുകുതിരിയുടെ വെട്ടത്തിൽ കരുണാമയനോടു യാചിക്കും:
          “കർത്താവേ ഇത്തവണയെങ്കിലും അമ്മച്ചിയായിരിക്കണേ… അങ്ങനാന്നെ പൊന്നു തമ്പുരാൻ സത്യം മലയാറ്റൂർ മലക്ക് കുരിശുമായി ഗിദെയോൻ വന്നോളാവേ…”
          പ്രാർഥന കഴിഞ്ഞ് പുരയെത്തുമ്പോൾ വയറ്റാട്ടിയൊരു ചോരക്കുഞ്ഞിനെ പരുത്തി തുണിയിൽ പൊതിഞ്ഞ് ഒറ്റമുറിയുടെ പുറത്തേക്ക് വിളിച്ച് പറയും:

          “ഉശിരനാ.”

          ഗിദെയോൻ നിരാശ്ശനായില്ല. കർത്താവിന്റെ സമ്മാനമായ ഓരോ ഉദര ഫലങ്ങളെയും അവൻ  ഇരുകയ്യും നീട്ടി സ്വീകരിച്ചു.

          5) മറവി

          ആകാശത്തിൻ കീഴുള്ള സകലകാര്യങ്ങൾക്കും ഒരു കാലവും എല്ലാ പ്രവൃത്തികൾക്കും ഒരു സമയവുമുണ്ട്. മേരി കുട്ടി അഞ്ചാമതും പ്രസവിച്ചു. അന്ന് കപ്പേളയിൽനിന്ന് തിരിച്ചുവന്ന ഗിദെയോനോട് വയറ്റാട്ടി പറഞ്ഞു:

          “തനി മറിയാമ്മച്ചി തന്നെ.”

          അവനുസന്തോഷം സഹിക്ക വയ്യായിരുന്നു. കൊച്ചിനേം തള്ളയെം കാണാൻ അക്ഷമനായി മുറിയിലേക്കോടി കയറിയ ഗിദെയോനെ വയറ്റാട്ടി ആട്ടിപ്പായിച്ചു. പെറ്റു കിടക്കുന്ന പെണ്ണിനടുത്ത് പതിനഞ്ചു നാളത്തേക്ക് കെട്ട്യോനെ അടുപ്പിച്ച് കൂടാ. ചുറ്റിപ്പറ്റി എത്രയാവതു ശ്രമിച്ചിട്ടും കാര്യമില്ലെന്നു മനസിലാക്കിയ ഗിദെയോൻ മലയാറ്റൂർ മലക്ക് നേർച്ച നിറവേറ്റാൻ കുരിശ്ശെടുത്തു. ശേഷം മലയിറങ്ങി പുരയെത്തിയ ഗിദെയോന് പൊടിക്കുഞ്ഞിനെ കൈയിൽൽ കൊടുത്തിട്ട് വയറ്റാട്ടി പറഞ്ഞു:
          “മേരിക്കുട്ടി പോയി… മറുപിള്ള കുറച്ചൂടെ പോരാനുണ്ടായിരുന്നു. ചോര നിക്കാതെ പനിച്ച്… പള്ളീലമ്മമാർ വന്ന് ആസ്പത്രിയിലേക്ക് മാറ്റിയേലും അവള് പോയി.”
          സെമിത്തേരിയിലെ മരുതിന്റെ ചുവട്ടിലന്നും എന്നും ഗിദെയോനിരുന്നു. അമ്മച്ചിയും മേരിയുമില്ലാത്ത നീണ്ട നാളുകളെ ഓർത്തുതേങ്ങി.
          “അമ്മച്ചിയേ… മേരിയെനിക്കെന്നായൊക്കെയാ ചെയ്‌തെന്ന് അറയാവോ? മേരിയേ…. ഞാനിപ്പോ എന്നതൊക്കെയാ ചെയ്യുന്നെന്ന് നിനക്കറിയാവോ?” എനിക്കൊന്നുമൊരെത്തും പിടിയുമില്ലെടി… എന്നാലും നിങ്ങള് രണ്ടു പേരുമെന്നോട് പറയാതങ്ങ് പോയില്ലേ….”
          മരിയ പിച്ചവച്ച് തുടങ്ങിയതിൽ പിന്നെ ഓരോ വർഷവും ഗിദെയോൻ അവളെ പറമ്പതിരിലെ നീർമരുതിനുചുവട്ടിൽ കൊണ്ടുപോകും. അവളുടെ വളർച്ചയുടെ ഘട്ടങ്ങൾ അമ്മച്ചിയുടെ പിച്ചാത്തി ഉപയോഗിച്ച് അതിൽ രേഖപ്പെടുത്തും. അങ്ങനെ മരിയയ്ക്കു നാലാം വയസ്സും നട്ട പ്രാന്തുംമായ ഒരു ദിവസം അവൾ ആ പിച്ചാത്തി പിടിച്ചുവാങ്ങി.
          “അപ്പൻ വിട്. ഞ്ഞാ വരയ്‌ക്കാ…” മരിയ മരത്തിന്റെ ഒത്ത നടുനോക്കി ഒറ്റ കുത്ത്.
          “കൊച്ചെ… കുത്താതെടി… മരത്തെ നോവിക്കാത്.”
          ഗിദെയോനതു അമ്മച്ചിയുടെ ഓർമയാണ്. മേരികുട്ടിയുടെ കരുതലാണ്. അവർ തൊലി ചെത്തിയിരുന്ന നീർമരുത് കടപുഴകിയതിൽ പിന്നെ തോട്ടുവക്കത്തുനിന്ന് മേരിക്കുട്ടി അടർത്തി എടുത്ത് പറമ്പതിരിൽ നട്ടു പിടിപ്പിച്ച മരുതിൻ കുഞ്ഞ്.
          ”അപ്പയപ്പൻ ചെയ്യനതോ?” മരിയ മുഖം ചുളുക്കി.
          ”അപ്പൻ മരുന്നിനു തൊലി ചെത്തണതാ പൊന്നെ…”
          “വേണ്ട വേണ്ട അപ്പൻ ചോപ്പ് പചപിക്കണ്ട.’’ മരിയ ചിണുങ്ങി പിണങ്ങി.
          അവൾക്ക് മേരിക്കുട്ടിയുടെ വീമ്പും നാവുമാണ്. മറിയാമ്മച്ചിയുടെ മെയ്യും മുഖവും. മരിയ വല്യമ്മച്ചിയെ പോലെ തൊണ്ടുതല്ലിയില്ല. അമ്മയെപ്പോലെ പാലുകറന്നില്ല പകരം ഗിദെയോനവളെ മരുതതോട് നിറയുന്ന കാലത്ത് കാലിൽ തേങ്ങകെട്ടി നീന്തൽ പഠിപ്പിച്ചു. അക്കാദമിയിൽ ചേർത്ത് കരാട്ടെ പഠിപ്പിച്ചു. പള്ളിയിലും പള്ളിക്കൂടത്തിലും പോകാൻ അവൾക്കു സ്വന്തമായി ഒരു സൈക്കിളും വാങ്ങി നൽകി. മരിയ പത്രാസുകാരിയായി നാട്ടിലാകെ വിലസുന്ന സന്തോഷം അയാളുടെ മനം കുളിർപ്പിച്ചു. എങ്കിലും ചില ഏറിയ നേരങ്ങളിൽ ഗിദെയോന്റെ ഉള്ളുലഞ്ഞു. അമ്മയില്ലാതെ വളർന്നുകൊണ്ട് അവൾക്കെന്തെങ്കിലും കുറവ് വന്നുകാണുമോ? ഊണിലും ഉറക്കത്തിലും നിലത്തും തലയിലുമല്ലാതെ കൊണ്ടുനടന്ന് വളർത്തിയ മകൾ ഒരു രാത്രി മേരിക്കുട്ടി തന്നോടൊപ്പമെന്നപോലെ ഏതെങ്കിലും ചെറുക്കനൊപ്പം പോയാൽ..?
          മരിയക്ക് പന്ത്രണ്ടു വയസ്സുകാലം. വൈകീട്ട് സ്കൂളിൽനിന്ന് വന്ന അവൾ പതിവ് പോലെ പറമ്പതിരുകടന്ന് ഓടിയെത്തിയില്ല. പകരം പുസ്തകസഞ്ചി ഉമ്മറപ്പടിയിൽ വച്ചശേഷം അമാന്തിച്ചു നിന്ന അവളോടായി ഗിദെയോൻ ചോദിച്ചു:

          “എന്താടീ കൊച്ചേ? ആരേലും വഴക്ക് പറഞ്ഞോ?”

          മരിയ മറുപടി പറഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
          ഗിദെയോന്റെ നെഞ്ചിൽ അറിയാത്തൊരു ഭയം കയറി.

          “എന്നാ പറ്റ്യേ?”

          പെട്ടെന്ന് മരിയ പൊട്ടിക്കരഞ്ഞു;
          “അപ്പാ…”
          അതിൽ കൂടുതലൊന്നും അവൾക്ക് പറയാനായില്ല.
          മരിയ ഉടുത്തിരുന്ന പാവാടയുടെ പിന്നിൽ ഉണങ്ങിത്തുടങ്ങിയ ചോരക്കറ കണ്ടപ്പോൾ ഗിദെയോൻ ഒരു നിമിഷം എന്തോ ഓർത്തതുപോലെ മുഖം തിരിച്ചു.
          മേരിക്കുട്ടി ഉണ്ടായിരുന്നെങ്കിൽ… ചിന്ത അയാളുടെ ഉള്ളിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.
          “കൊച്ചേ… പേടിക്കേണ്ട.” അത്ര മാത്രമേ ഗിദെയോനപ്പോൾ പറയാൻ കഴിഞ്ഞുള്ളൂ.
          ആ ദിവസത്തിനുശേഷം ഗിദെയോൻ കുറച്ചുകൂടി വേഗത്തിൽ മരുതിൽ വരകൾ ചെത്തിക്കൊണ്ടിരുന്നു. മരിയ വളർന്നു. മണിമരുത് പോലെ പൂത്തു. നീർമരുത് പോലെ സുഗന്ധം പടർത്തി. അതുകൊണ്ടുതന്നെ അവൾക്കുചുറ്റിനും പാറി പറന്ന തേനീച്ചകളെയും തരം കിട്ടിയാൽ അതിക്രമിച്ച് കയറാവുന്ന മരപ്പുഴുക്കളെയും ഗിദെയോൻ പറമ്പതിരു കാണിച്ചില്ല. അവളുടെ വളർച്ചയിൽ ആൺ മക്കൾ വളർന്നതും മിന്നു കെട്ടിയതും താൻ വല്യപ്പനായതും അയാളിൽ വേണ്ടുംവിധം ഗൗരവം ജനിപ്പിച്ചില്ല. ഒരിക്കലൊരു ഞായറാഴ്ച ഉച്ചയൂണിനു അടുക്കളയിൽ കൂടിയ മരുമക്കളിൽ മൂത്തവൾ തേങ്ങാപ്പാലു പിഴഞ്ഞു മീൻകറി വച്ചു. രണ്ടാമത്തവൾ താറാവിറച്ചി വരട്ടിയെടുത്തു. ഗിദെയോൻ ഓരോ കറിയും രുചിച്ചു നോക്കിയ ശേഷം പാത്രത്തിന്റെ ഒരറ്റത്ത് ഒതുങ്ങിക്കിടന്ന മരിയയുടെ പയറുതോരനിലേക്കും പുളിശ്ശേരിയിലേക്കും വിമ്മിഷ്ട്ടപ്പെട്ട് കൈ നീട്ടുന്നത് കണ്ട മൂന്നാമത്തവൾ ചിരിച്ചുകൊണ്ടു പറഞ്ഞു:

          “അപ്പന് ഞങ്ങളുണ്ടാക്കണതിനു രുചിപോര കേട്ടോ.”

          “എന്റെ മരിയകൊച്ചെ, ഇങ്ങനെയുണ്ടോ ഒരെരിവുമുപ്പും പെരളാത്ത കറി!” നാലാമത്തെവൾ കളിയാക്കി.
          “അതൊക്കെയുണ്ടെടീ…” ഗിദെയോൻ ചോറുരുള വായിലിട്ടുകൊണ്ട് പറഞ്ഞു. “നിങ്ങക്കത് നാക്കില് കിട്ടത്തില്ല.”
          “അപ്പൻ നോക്കിക്കോ എന്നെ കെട്ടിക്കുമ്പഴേക്ക് ഞാനിവരക്കാ വായ്ക്ക് രുചിയായിട്ട് പോത്തൊലത്തും.”‘ മരിയ പറഞ്ഞ കുശുമ്പ് വർത്തമാനം കേട്ട് അടുക്കള കിലുങ്ങി ചിരിച്ചു.
          ഗിദെയോൻ മാത്രം പിന്നീടധികം ചിരിച്ചില്ല. മരിയയുടെ ഓരോ വാക്കിലും നോക്കിലും അതീവ ശ്രദ്ധാലുവായിരുന്ന അയാളുടെ മനസ്സിൽ അവളുടെ വിവാഹമെന്ന കർത്തവ്യം തട്ടിയുടക്കി നിന്നു. പ്രീഡിഗ്രി കഴിഞ്ഞ് മരിയക്ക് നല്ലൊരാലോചന ഒത്തുവന്നപ്പോൾ അയാൾ അവളുടെ വിവാഹം നടത്തി. കല്യാണത്തിന്റെ മൂന്നാം പക്കം മരിയകൊച്ചിനും ചെറുക്കനും മുന്തിയ കാളക്കൂറ്റന്മാരെ അറുത്ത് വീഞ്ഞ് വിളമ്പി ഗിദെയോൻ വിരുന്നൊരുക്കി. അവളെ മാമൂല് പ്രകാരം ചില്ലു കണ്ണാടിവച്ച അലമാരയും ഓട്ടുപാത്രങ്ങളും നൽകി പുത്തൻ വീട്ടിലേക്ക് യാത്രയാക്കി. കടമകൾ നിർവഹിച്ച ചാരുധാർഥ്യത്തോടെ അയാൾ വരാന്തയിലെ ചാരുകസേരയിൽ ഭാരമില്ലാതെ കിടന്നു. അയാളുടെ ചുളിവ് വീണ കൈകളിൽ പടർന്നുപോയ ഞരമ്പുകൾ വേരുകൾ പോലെ കാണപ്പെട്ടു. ചെവിയിലെ വെളുത്ത പൂടകൾ കാറ്റേറ്റു പാറാതെ വിശ്രമംകൊണ്ടു. അപ്പാപ്പന്റെ നിറം മങ്ങിയ കണ്ണുകൾ മെല്ലെയടഞ്ഞു തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ശീലങ്ങളറിയാവുന്ന കൊച്ചുമകൾ മഡോണ റേഡിയോ പതുക്കെ തിരിച്ചു. ട്യൂണിംഗ് നോബ് സിഗ്നലിലുടക്കി അത് ശബ്‌ദിച്ചു:

          “വാർത്തകൾ അവസാനിയ്ക്കുന്നു. നമസ്കാരം. ആകാശവാണിയിൽ അല്പസമയത്തിനകം കുട്ടികളുടെ റേഡിയോ നാടകം: മരുതമരങ്ങളും മരപ്പുഴുക്കളും.”


          Leave a Comment

          Your email address will not be published. Required fields are marked *