അന്നു രാത്രിയിൽ
നീ കത്തുന്ന കച്ചിത്തുറു.
അത്യാനന്ദനീഡിൽ പരതി
ഞാനതിൽ വീണുവെന്തു.
നമുക്കപ്പോൾ മൂർച്ഛയുണ്ടായി…
ചേമ്പിലയിൽ തുള്ളി വീഴുന്ന തവളയാൽ
മഴത്തുള്ളികളെന്നപോലെ
ചുറ്റുമുള്ളതെല്ലാം
കുടഞ്ഞുതെറുപ്പിച്ചു-
വീണ്ടും പെറുക്കിപ്പുണർന്നു.
കണ്ടുകിട്ടിയില്ല,
മുറി വിഴുങ്ങിയ ശങ്കീരികൾ…
പിറ്റേന്ന്
അതിചിന്ത പേറി
പിറക്കുവാൻ പോകുമോമനക്കുഞ്ഞിന്
സംഗീത രാഗത്തിലൊന്നിന്റെ പേരിട്ട്
കടലാസു പൂക്കളിൽ
വീശുന്ന കാറ്റിന്റെ രാഗക്കിടക്കയിൽ
നാം വിശ്രമിക്കുന്നു.
കാ(തി) ലമണി
പൊഴിഞ്ഞു
നിലാപ്പൊയ്ക;
താരങ്ങൾ മുങ്ങിപ്പൊലിഞ്ഞു!
തോർന്നൊഴിഞ്ഞു
വർഷങ്ങൾ…
പിറന്നില്ല
പ്രേമരാഗം
പിന്നീടൊരിക്കലും…
