ഭ്രൂണാവസ്ഥയിൽ തന്നെ
അമ്മയുടെ ഉദരത്തിൽ
നിൻ്റെ സാന്നിധ്യം
ഞാൻ അറിഞ്ഞിരുന്നു.
നന്മകളെ ഉള്ളിലേക്ക്
ആവാഹിക്കുന്ന കൂടോത്രം,
പിറവിക്ക് മുമ്പേ
എൻ്റെ കരവിരുതായിരുന്നു.
അനാദിയായ നിദ്രയിൽ
കോശങ്ങൾ പെറ്റുപെരുകവേ,
ദ്രവരൂപത്തിനുള്ളിലെ
നിൻ്റെ തുടിപ്പിൽ
ഓർമയുറയ്ക്കും മുമ്പേ
കേവലമൊരു ഹൃദയമിടിപ്പിൻ്റെ
താളത്തിൽ നിന്നെ
ഞാൻ തിരിച്ചറിഞ്ഞു.
ഗർഭപാത്രത്തിൻ്റെ ഇരുളിൽ,
എന്നെക്കാൾ നിസ്സഹായനായ
നിന്നെ ഞാൻ
എന്നിലേക്ക് വലിച്ചെടുത്തു.
അങ്ങനെയാണ്,
നിൻ്റെ അജ്ഞേയമായ മരണം
എൻ്റെ ജന്മരഹസ്യമായത്.
വർഷങ്ങൾ കടന്നുപോയി.
ജന്മദിനങ്ങൾ എൻ്റെ വളർച്ചയെ
അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.
പക്ഷെ, എവിടെയോ എന്തോ
നഷ്ടമായെന്ന തോന്നൽ
അവശേഷിച്ചു.
വിജനമായ തീരങ്ങളിലും മലയിടുക്കുകളിലും
അറുതിയില്ലാത്ത തരിശുനിലങ്ങളിലും
ഒരു ചെന്നായയെപ്പോലെ
ഞാൻ നിനക്കായി ഓലിയിട്ടു.
നിറവേറാത്ത ആ നിലവിളികളിൽ,
അപരനെ തേടിയുള്ള അലച്ചിലിൽ,
എവിടെയോ വച്ച് എനിക്ക്
എന്നെത്തന്നെ നഷ്ടമായി.
ഒടുവിൽ കാലം
ഒളിപ്പിച്ചുവച്ച
എൻ്റെ ആ പാതി-
ഒരു പട്ടിക്കുഞ്ഞിൻ്റെ രൂപത്തിൽ
എന്നെ തേടിയെത്തി.
ബാല്യത്തിലെ ഏകാന്തതയിൽ
ഞാൻ നെയ്തെടുത്തൊരു
മിഥ്യയാണ് നീയെന്നാണ്
അമ്മ കരുതിയത്.
പക്ഷെ, മനുഷ്യഭാഷകൾക്കപ്പുറം
നീ എൻ്റെയുള്ളിൽ വളർന്നു-
മായാത്തൊരു മുറിവായി,
തീരാത്തൊരു ദാഹമായി.
അങ്ങനെ നിന്നെ ഞാൻ
ക്യാൻവാസിൽ പകർത്തി:
ശ്വാനമുഖം;
മടങ്ങിയ ചെവികൾ,
കൂർത്ത മൂക്ക്,
കടഞ്ഞെടുത്ത വെണ്ണയുടെ നിറം,
പതുപതുത്ത രോമം.
എൻ്റെ സ്വപ്നസഹോദരൻ!
മൈ ഡ്രീം ബ്രദർ!
