മണ്ണിൽ താഴ്ന്നുനിൽക്കുന്ന ജീവിത രഹസ്യങ്ങൾ By കിരൺ ജെ. പനയമുട്ടം
“എന്തിന് കഥ” എന്നൊരു ചോദ്യം ഒരിക്കൽ മിലൻ കുന്ദേര യോട് ഒരാൾ ചോദിക്കുന്നുണ്ട്. അതിനുത്തരമെന്നോണം കുന്ദേര പറഞ്ഞത്: “വംശനാശങ്ങളെ തുടർന്നുണ്ടാവുന്ന ഓർമ നാശങ്ങ ളെയെങ്കിലും ചെറുക്കാൻ” എന്നാണ്.
നീ വംശമായി നശിച്ചാലും നിൻ്റെ ഓർമകൾ ഈ ലോകത്ത് നിൽക്കണം എന്ന അതിസൂക്ഷ്മ രാഷ്ട്രീയ ജീവിതത്തെ കുന്ദേര ഇങ്ങനെ അടയാളപ്പെടുത്തുമ്പോൾ ഒരുപക്ഷെ അതിനേക്കാൾ അഗാധമായി നിൻ്റെ സ്വത്വത്തെ അടയാളപ്പെടുത്തുവാനുള്ള ഒരു ഏകാന്ത ശ്രമമാണ് എസ്.കെ. ഹരിനാഥ് എന്ന എഴുത്തുകാര ന്റെ കഥകൾ എന്ന് ഓർക്കുവാനാണ് ഞാനെന്ന വായനക്കാരൻ ഇഷ്ടപ്പെടുന്നത്.
എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിലയിരുത്തൽ എന്നുള്ള തിനുള്ള ആദ്യ ഉത്തരം ഈ കഥാസമാഹാരത്തിൽ ഉൾപ്പെട്ടിരിക്കു ന്ന ‘മണ്ണ്’ എന്ന കഥയാണ്. ഓരോ മനുഷ്യൻ്റെയും ജീവിതത്തെ സംബന്ധിച്ച് വ്യക്തിപരമായി അയാൾ സൃഷ്ടിക്കുന്ന മേന്മകൾക്കപ്പുറത്ത് സാമൂഹികമായ ഒരു ജീവിതമുണ്ട് എന്ന് കരുതുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ നിങ്ങൾ എത്തരത്തിൽ വ്യക്തിപരമായി ഈ ലോകത്തോട് സംവദിച്ചാലും നിങ്ങൾക്ക് ചുറ്റുമുള്ള അപരരായ, അബലരായ മനുഷ്യരെ എത്രകണ്ട് നിങ്ങൾ ശ്രദ്ധിക്കാ തിരിക്കാൻ ശ്രമിച്ചാലും ഒരുപക്ഷേ അതിന് സാധിക്കാത്ത തരത്തി ലുളള നിസാരത നിങ്ങളിലേക്ക് നിർബന്ധിതമായി ആഴ്ത്തുന്നു ആ കഥ.
നിങ്ങൾ വർത്തമാനകാലത്തിൻ്റെ സാങ്കേതികത്തികവിന്റെ പൂർണ്ണതയിൽ ജീവിക്കുമ്പോൾപോലും ഒരുപക്ഷേ, ആ കഥ യിൽതന്നെ കഥാകാരൻ പറയുന്നതുപോലെ “ഒടുവിലുള്ള യാത്ര മണ്ണിലേക്കാണ്” എന്ന തരത്തിൽ നമ്മുടെ അടിസ്ഥാനസ്വത്വത്തിലേക്ക് എത്താതെ കടന്നുപോകാൻ നമ്മൾക്കാവില്ല എന്ന വലിയ തിരിച്ചറിവിലേക്ക് നമ്മെ തള്ളിവിടാൻ എഴുത്തിന്റെ പൂർണ്ണതകൊണ്ട് കഥാകാരന് സാധിക്കുന്നുണ്ട്.
ആവർത്തിച്ചാവർത്തിച്ച് ജൈവരാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് വർത്തമാനകാ ലം ചർച്ച ചെയ്യുമ്പോൾ കേവലമായ വാക്കുകൾകൊണ്ട് നമ്മെ തൊട്ടുതലോടി നമ്മുടെ ബോധ്യങ്ങളെ ചോദ്യം ചെയ്യുന്നു. ആ “മണ്ണിരക്കുന്ന മനുഷ്യർ’ എന്നത് ഒരുപക്ഷേ കഥാകാരന്റെ ദാർ ശനികമായ ബോധ്യങ്ങളാണ് എന്നത് കാണാതിരിക്കാനും നമുക്കാവില്ല. മലയാള ചെറുകഥാ സാഹിത്യത്തിൽ മനോഹരമായ ഒരുകൂട്ടം പാരിസ്ഥിതിക കഥകൾ പറഞ്ഞുവച്ചിട്ടുള്ളപ്പോഴും ഒരു പക്ഷേ ആ തലപൊക്കത്തോടെയോ അതിനേക്കാൾ ജൈവിക മായോ ‘മണ്ണ്’ എന്ന കഥ നമ്മെ സ്പർശിക്കും.
“ദേവാലയത്തിലെ മാർബിൾ പടിയിൽ രണ്ട് പുരുഷൻമാർ ക്കിടയിൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. അവരുടെ മുഖത്തിന്റെ ഒരു വശം വിളറിയതും, മറ്റേത് ചുവന്നുതുടുത്തതു മായിരുന്നു” എന്ന് ഖലീൽ ജിബ്രാൻ എഴുതുന്നുണ്ട്. ഒരുപക്ഷേ ജീവിതം എന്ന അസ്തമിക്കാത്ത സമസ്യയുടെ രണ്ട് ഭാവങ്ങൾ ഇവ യായിരിക്കാം. ഈ സമസ്യകൾ പൂരിപ്പിക്കുക എന്നത് അസാമാന്യ വൈഭവമുള്ള മനുഷ്യകുലത്തിൻ്റെ കർത്തവ്യമാണ് എന്നിരിക്കെ ജീവിതമാകുന്ന ആകസ്മികതയിൽ ഇവയൊക്കെ നമ്മോട് മുഖം തിരിക്കെ, ആ മുഖം തിരിയലുകൾ അടയാളപ്പെടുത്തുന്നത് സാഹിത്യത്തിന്റെ വലിയ കടമയെന്ന നിലയിലായതിനാൽ തന്നെ ‘മൂന്നുരൂപ’ എന്ന കഥ നമ്മൾക്കവഗണിക്കാൻ സാധിക്കാത്ത നിലയിൽ നമ്മുടെ ബോധ്യങ്ങളെ തകിടം മറിക്കുന്നു.
നമ്മുടെ നിത്യജീവിതത്തിന്റെ തുടർച്ചയായ കാഴ്ചകളിലൊന്നായി നിരന്തരം ആവർത്തിക്കുന്ന പ്രതിസന്ധികളായി നമുക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്ന യാഥാർത്ഥ്യങ്ങളോട് ഒരുപക്ഷേ മറ്റുള്ളവർ സ്വീകരിക്കുന്ന ദയയിൽ അഭയം തേടി അത് നമ്മുടെ കടമയല്ല എന്ന തരത്തിൽ ഒഴിവായി മാറുന്ന ഒരുതരം രക്ഷപ്പെടലിൽ, തന്നെത്തന്നെ ന്യായീകരിക്കുന്ന താഴ്ന്ന മനുഷ്യരായി സ്വയം അധഃപതിക്കുന്ന ഒരുവന്റെ നിഴൽച്ചിത്രമായി നമ്മൾ മാറുന്നു എന്ന അതിഗഹനമായ വീക്ഷണം നാമോരോരുത്തരുടെയും തലച്ചോറിലേക്ക് നാമറിയാതെ കുത്തിക്കടത്തുന്നു ആ കഥയിലൂടെ കഥാകാരൻ.
പ്രൊഫ. എം.കെ. സാനു മലയാളത്തിലെ മനോഹരമായ ഒരു പുസ്തകത്തി നെഴുതിയ ഒരു കുറിപ്പ് “സുഭാഷ് ചന്ദ്രൻ കുറേക്കൂടി അഗാധമായി കേരളീയ സമൂഹത്തെ കാണുന്നു.” എന്നാണ്. എന്നാൽ സുഭാഷ് ചന്ദ്രൻ എന്ന നോവലിസ്റ്റിൻ്റെ സ്ഥാനത്ത് ഒരു കഥാകാരനെ പ്രതിഷ്ഠിച്ചാൽ ഹരിനാഥ് കുറേക്കൂടി അഗാധമായി കേരളീയ സമൂഹത്തെ കാണുന്നുവെന്ന് പറയാമെന്ന് ഞാൻ കരുതുന്നു. അതിലേക്ക് എന്നെ നയിക്കുന്നതോ ഒരുപക്ഷേ ‘അന്നദാനം’ എന്ന കഥയാകാം.
ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും പരാജിത നായ ഒരു മനുഷ്യനെപ്പോലും പരിഗണിക്കാത്ത, അരികുവൽക്ക രിക്കപ്പെട്ട ഒരു മനുഷ്യനെയും ഒരു നോട്ടം കൊണ്ടുപോലും അടയാളപ്പെടുത്താത്ത മനുഷ്യരാണ് ഈ സമൂഹത്തിൽ നമ്മുടെ കൂടെ ജീവിക്കുന്നത് എന്നത് സൂക്ഷ്മമായി നിരീക്ഷിക്കാൻ ‘ത’ എന്ന കഥാപാത്രത്തിലൂടെ ഹരിനാഥ് എന്ന എഴുത്തുകാരന് സാധിക്കൂന്നുണ്ട് എങ്കിൽ, അത് വർത്തമാനകാല കഥാലോകത്തിൻന്റെ കരുത്ത് തന്നെയാണ് എന്നും കേരളീയ സമൂഹത്തെ കുറേക്കൂടി ആഴത്തിൽ കാണാനുള്ള, ആ ആഴമില്ലായ്മയെ പൊളിച്ചെഴുതാനുള്ള കഥാകാരന്റെ ആർജ്ജവമുള്ള ശ്രമമാണ് എന്നും പറയുവാനാ ണ് ഞാൻ ആഗ്രഹിക്കുന്നത്.
“നൈസർഗ്ഗികമായി ഉടലെടുക്കുന്ന ഒരു വിപ്ലവം വ്യക്തമായ ഉന്നങ്ങൾ മുന്നിൽ വെച്ചല്ല തുടങ്ങുക എന്ന് ആനന്ദ് ഒരിക്കൽ എഴുതുന്നുണ്ട്. ഒരുപക്ഷെ ഹരിനാഥിന്റെ കഥകളും അത്തരത്തിൽ വ്യക്തമായ ഉന്നങ്ങൾ വെച്ചല്ല തുടങ്ങുന്നത് എന്ന് ഞാൻ കരുതുന്നു. എന്നാൽ ആനന്ദ് പറയുംപോലെ നൈസർഗ്ഗികമായ ഒരു വിപ്ലവം അതിൽ ദർശിക്കാൻ നമുക്ക് സാധിക്കും.
വിപ്ലവം എന്നത് സായുധമായ സമരവിര്യത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത് അഗാധമായ മാനസിക പരിവർത്ത നത്തെക്കൂടിയാണെന്നിരിക്കെ, ‘ചരമഫോട്ടോ’ പോലൊരു കഥ ‘അച്ഛൻ’ എന്ന പരമമായ ബോധ്യത്തെ കാലങ്ങൾക്കിപ്പുറം മകൻ എന്ന ബാന്ധവത്വം എങ്ങനെയാണ് അടയാളപ്പെടുത്തിയത് എന്നുളള കാഴ്ച ഒരുപക്ഷെ സായുധമായ പോരാട്ടങ്ങളേക്കാൾ ക്ലേശകരമായ മാനസിക പിരിമുറുക്കമായി നമ്മളെ കൊത്തിവലിക്കുന്നു. എന്റെയും നിങ്ങളുടെയും സെൽഫോൺ ഗാലറികളിൽ നിറയുന്ന അനവധി ശ്ലീല/ അശ്ലീല ചിത്രങ്ങൾക്കപ്പുറം നമ്മോട് ഒട്ടിനിൽക്കുന്നവ എത്രമാത്രമാണ് അതിലുള്ളത് എന്നുള്ള സൂക്ഷ്മ നിരീക്ഷണം ഒരുപക്ഷെ അഗാധമായ നിരാശയിലേക്ക് നമ്മളെ തള്ളിവിടാവുന്നവയാണ് എന്നും ഞാൻ കരുതുന്നു.
ഒരു ചെറുകഥ സൃഷ്ടി ക്കുക എന്നത് ഒരുപക്ഷെ അത്യഗാധമായ ചില ബോധ്യങ്ങളുടെ പൂർത്തീകരണമാണ്. നോവൽ നൽകുന്ന എഴുത്ത് സ്വാതന്ത്ര്യമി ല്ലാതെ ഭാവനയുടെ പരിധികൾക്കപ്പുറത്ത് കൂടുകൂട്ടുന്ന അനിതര സാധാരണമായ ‘ചെറുകൂട്’ പോലെ. അത്ഭുതങ്ങൾ ഒളിപ്പിച്ച ആ ചെറുകൂടിനെ വായനക്കാരന് മുമ്പിൽ നിവർത്തുമ്പോൾ അവൻ അത്ഭുതപരതന്ത്രനായി നിൽക്കുന്നുണ്ടെങ്കിൽ നിങ്ങൾ കഥകൾ കൊണ്ട് അടയാളപ്പെട്ടു എന്ന് നമുക്ക് കരുതാം. ഇത്തരത്തിൽ അത്ഭുതങ്ങൾ സൂക്ഷിക്കാൻ ഈ കഥാസമാഹാരത്തിലെ കഥ കൾകൊണ്ട് ‘ഹരിനാഥ്’ എന്ന കഥാകാരന് സാധിച്ചിരിക്കുന്നു.
ജീവിതത്തെയും കാലത്തെയും വാക്കുകൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഗൃഹാതുരമായ പൂർവ്വകാലത്തെ കൈയെത്തിപ്പിടിക്കുന്ന, “ഐസ്’ എന്ന കഥ. ഒരുപക്ഷെ ഗൃഹാതുരത്വത്തിനപ്പുറം നിന്റെ വർത്തമാന ജീവിതത്തിലെ ചില കള്ളങ്ങൾ (നിരന്തരമായ ആരും കാണില്ലായെന്ന ബോധ്യത്തിൽ എന്നാൽ എല്ലാവരും കാണുന്നവ) എങ്ങനെയാണ് നമ്മെ മറികടന്ന് മുന്നോട്ട് പോകുന്നത്. ആ കഥയിലെ കഥാപാത്രം ‘അയാൾ’ എന്ന പേരിലുള്ളതാണ്.
ഒരുപക്ഷെ വിക്ടർ ഹ്യൂഗോയുടെ ‘വധശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ അവസാന ദിനങ്ങൾ’ എന്ന ലോകസാഹിത്യത്തിലെ മാസ്റ്റർ പീസ് എന്ന് ദസ്തയേവ്സ്കി വിശേഷിപ്പിച്ച പുസ്കത്തെപ്പോലെ പേരില്ലാത്ത ‘അയാൾ’- ആ അയാൾ ഒരുപക്ഷെ ഞാനും നിങ്ങളുമാണ്. ആ അയാളുടെ ആത്മസംഘർഷങ്ങളാണ് കുരുങ്ങിക്കുരുങ്ങി കനംവച്ച് തൂങ്ങുന്നത്. ഇത്തരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത ജീവിതബോധ്യങ്ങളെ, കാലക്രമത്തെയൊക്കെ സാഹിത്യത്തിന്റെ അമിത കസർത്തുകളില്ലാതെ ഭാഷയുടെ അത്യഗാധമായ കരകര പ്പുകളില്ലാതെ സത്യസന്ധമായി നമുക്ക് മുന്നിൽ തുറന്നിടുന്നു,
ഈ കഥാസമാഹാരം. ഇതിൽ ഒരു കഥയുടെ പേര് ‘പ്രകാശരഹസ്യം’ എന്നാണ്. ഗൂഢമായ ആ പ്രകാശത്തിൻ്റെ രഹസ്യം തേടൽ ഭ്രാന്തമായി ആ കഥയിൽ കാണാമെങ്കിലും ഈ കഥാസമാഹാരം നമ്മോട് പറയുന്നത്, നിരവധിയായ പ്രകാശത്തിൻ്റെ രഹസ്യങ്ങളെക്കുറിച്ചാണ്. എണ്ണിയാലൊടുങ്ങാത്ത ആത്മാന്വേഷണങ്ങളി ലൂടെ നെയ്ത് നെയ്തെടുക്കേണ്ട വിശാലലോകത്തെ ഇതാ ഇവിടെ നിങ്ങൾക്കായി തുറക്കുന്നു.
“തുറന്നു കയറുക. സൂക്ഷിച്ച് യാത്ര ചെയ്യുക നിങ്ങളുടെ സഞ്ചാരവഴികൾ അത്ര സുഗമമല്ല.”
