റൂഹേ… അത് നാമാകുന്നു പുസ്തകാസ്വാദനം by ബിനീഷ് പുതുപ്പണം

റൂഹേ… അത് നാമാകുന്നു പുസ്തകാസ്വാദനം by ബിനീഷ് പുതുപ്പണം PEN by Aura.

റൂഹേ… അത് നാമാകുന്നു പുസ്തകാസ്വാദനം by ബിനീഷ് പുതുപ്പണം

ഖ്വാജാമീർ ദർദ് എന്ന ഉറുദു കവിയുണ്ട്, വേദനയെ (ദർദ്) പേരായി സ്വീകരിച്ച ഒരാൾ. പ്രണയത്തിൻ്റെ/ വിരഹത്തിന്റെ/ആത്മസംഘർഷത്തിന്റെ/തത്ത്വചിന്തയുടെ ആശ്ലേഷത്താൽ എഴുതപ്പെട്ട ആ കവിതകൾ ഇന്നും വായനക്കാരെ പൊള്ളിക്കുന്നു.

‘മറ്റുള്ളവരുടെ വേദനയും സ്നേഹവുമറിയാനാണ്
ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.
അങ്ങനെയല്ലെങ്കിൽ ആരാധനക്കായി
മാലാഖമാർ തന്നെ മതിയായിരുന്നു.’ എന്ന് ദർദ് എഴുതിയിട്ടുണ്ട്. മനുഷ്യൻ്റെ ജീവിത ഉദ്ദേശമെന്നത് സ്വന്തം വേദനയോടൊപ്പം അപര ജീവിതത്തിൻ്റെ വേദന കൂടി തിരിച്ചറിയുന്നതാണെന്ന് അദ്ദേഹം കരുതി. പ്രണയം എപ്പോഴും ദുഃഖത്തിന്റെ ഇടമാണ്. ആത്യന്തികമായി വിരഹത്താൽ ഉരുകുന്ന നേരങ്ങളിലാണ് പ്രണയം ദൃഢമാകുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട കാളിദാസന്റെ ‘മേഘസന്ദേശം’ ഇന്നും വായിച്ച് നമ്മൾ അത്ഭുതം കൂറുന്നു. ഒറ്റപ്പെട്ടുപോയ പ്രണയിതാവിൻ്റെ വിരഹത്താൽ ചൂഴ്ന്ന മനോവിഭ്രമങ്ങളാണത്. പൊടിയും ജലവും പുകയും നിറഞ്ഞ മേഘം അചേതനമാണെന്നറിഞ്ഞിട്ടും തന്റെ വിരഹാവസ്ഥയെ മറ്റൊരാളോട് അറിയിക്കാൻ ഇല്ലാത്തതിനാൽ യക്ഷൻ മേഘത്തിൽ അഭയം പ്രാപിക്കുന്നു; രാമഗിരി ആശ്രമം മുതൽ അളകാപുരി വരെയുള്ള വഴികൾ പറഞ്ഞുകൊടുക്കുന്നു. ആ വഴികളുടെ വർണ്ണന ഇന്നും നമ്മെ അതിശയിപ്പിക്കുന്നു. പറഞ്ഞുവരുന്നത് വിരഹത്തിന്റെ മുറിവുകൾ പ്രണയത്തിന്റെ അടയാളങ്ങളാണ്. അതിനെ ആവിഷ്കരിക്കാൻ ഭാഗ്യം ലഭിച്ചവരാണ് എഴുത്തുകാർ.

തങ്ങളുടെ പ്രണയത്തെ/വിരഹത്തെ വരുംകാലത്തിന്റെ കൂടി സ്മരണയിൽ അവർ ചേർക്കുന്നു. മരണത്തോടുകൂടി അസ്തമിച്ചു പോകുമായിരുന്ന പ്രണയാനുഭവത്തെ മരണാതീതമാക്കി തീർക്കുന്നു. അത് കാലത്തിന്റെ നീണ്ട ചങ്ങലക്കൊപ്പം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടർന്നു പന്തലിക്കുന്നു.

സമീർ മേച്ചേരിയുടെ “ജിന്നത്തിക്കുള്ള കത്തുകൾ” എന്ന സമാഹാരം വായിച്ചപ്പോൾ ഓർമ വന്ന കാര്യമാണ് മുകളിൽ പറഞ്ഞത്. കത്തുകളാണെങ്കിലും കഥയാണോ കവിതയാണോ ആത്മാനുഭവം ആണോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം. ഒരു കാര്യത്തെ അവതരിപ്പിക്കുമ്പോൾ അത് കേൾക്കാൻ ഒരാൾ വേണം. വക്താവ് ഏകനാ (യാ)ണെങ്കിൽ ചേതനമോ അ ചേതനമോ ആയ എന്തിനെയും ശ്രോതാവായി സ്വീകരിച്ചേക്കാം, യക്ഷൻ മേഘത്തെ സ്വീകരിച്ചതുപോലെ. സമീർ മേച്ചേരി അവതരിപ്പിക്കുന്ന രീതിയും ഏറെ കൗതുകമുള്ളതാണ്. തനിക്ക് പറയാനുള്ള കാര്യങ്ങളെ കത്തുരൂപത്തിൽ റൂഹിനോട് പറയുന്നു.

ആരാണ് റൂഹ്..?

ആത്മാവ്/ജീവൻ/പ്രാണൻ എന്നൊക്കെ സാമാന്യമായി അർത്ഥം പറയാം. ഒരാൾ തന്റെ പ്രാണനോട് ലോകജീവിതത്തിലെ മധുരവും ഒപ്പം തിക്തവുമായ അനുഭവങ്ങളെ പങ്കുവെക്കുന്നു. ‘ആത്മഗതം’ എന്ന പദം പ്രാചീന സാഹിത്യം മുതൽ ഉപയോഗിക്കുന്ന ഒന്നാണ്. സ്വയം പറയുക അഥവാ മറ്റുള്ളവർ കേൾക്കാതെ മനസിൽ ഉച്ചരിക്കുക എന്നതുതന്നെ. എന്നാൽ ഈ പുസ്തകം ഒരാളുടെ ആത്മഗതമല്ല അപരന് കേൾക്കാൻ വേണ്ടിയുള്ള ആത്മാവിൻ്റെ ഭാഷണമാണ് അഥവാ ആത്മാനുവർത്തനത്തിൽനിന്നും രൂപപ്പെട്ട ഭാഷയാണ് അതിൻ്റെ സത്ത.

“ജിന്നത്തിക്കുള്ള കത്തുകൾ” എന്ന പേരുതന്നെ ചിന്തിക്കാനുള്ള ഇടം നൽകുന്നു. ജിന്ന് എന്ന പദം സാധാരണയായി ഉപയോഗിക്കാറുണ്ട്. മനുഷ്യരിൽനിന്നും മലക്കുകളിൽനിന്നും വേറിട്ട ജീവിതം നയിക്കുന്ന അത്ഭുത ശക്തിയുള്ള ജിന്നുകളെ കഥകളിലും മറ്റുമായി വായിച്ചിട്ടുമുണ്ട്.

പക്ഷെ, ആരാണീ ജിന്നത്തി..?

ഈ വാക്ക് സമീറിന്റെ സംഭാവനയാണെന്ന് കരുതുന്നു. ഇതുവരെ ഭാഷയിൽ പോലും പ്രയോഗിക്കപ്പെട്ടിട്ടില്ലാത്ത ജിന്നത്തിക്ക് വേണ്ടി എഴുതുന്ന കത്തുകൾ എന്ന നിലയിലും ഇതിലെ കുറിപ്പുകൾ ഏറെ പ്രസക്തമാണ്.

നഷ്ടപ്പെട്ടുപോയ പ്രണയത്തിൻ്റെ വീണ്ടെടുപ്പാണോ അതോ വിരഹത്തിന്റെ നിറകൺ സ്മരണയാണോ ഈ കത്തുകളുടെ ഉറവിടം എന്നറിയില്ല. പക്ഷെ, ദാർശനികതയുടെ ആഴം ഇതിലെ ഓരോ വരികളിലുമുണ്ട്. അത് അങ്ങേയറ്റം സത്യസന്ധമായി ആവിഷ്ക്കരിക്കാൻ സമീറിന് കഴിഞ്ഞിട്ടുമുണ്ട്. ‘ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷത അതിൻ്റെ തീക്ഷ്ണമായ ആത്മാർത്ഥതയാണ്.’ എന്ന് അവതാരികയിൽ ദീപ ടീച്ചർ എഴുതിയിട്ടുണ്ട്. പ്രണയത്തിന് എഴുത്തുകാരൻ നൽകുന്ന നിർവചനം നോക്കൂ;

“കാമുകൻ ദൈവമായതോ ദൈവം കാമുകനായതോ ആണല്ലോ പ്രണയം.”

ഒരാളെ ദൈവികതയിലേക്കുയർത്തുന്ന ദിവ്യ വെളിച്ചമാണ് പ്രണയമെന്ന് റൂഹിനോട് വക്താവ് വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തോടുള്ള നിരന്തരമായ ആത്മ പ്രാർത്ഥനയായാണ് ഈ കത്തുകളിൽ പലതും അനുഭവപ്പെട്ടിട്ടുള്ളത്. പ്രണയം പറയുമ്പോഴും വിരഹം അവതരിപ്പിക്കുമ്പോഴും ആ പ്രാർത്ഥനാ വാക്യമുണരുന്നു. അതീന്ദ്രിയമായ അനുരാഗത്തിന്റെ ആശ്ലേഷം ഇതിലെ ഭാഷക്കുണ്ട്. മനോഹരമായ കവിതപോലെ നമ്മുടെ അധരങ്ങളിൽ മാത്രമല്ല ഹൃദയത്തിന്റെ ഉള്ളോളം അത് അലയടിക്കും. ഭാഷ ഒരു അനുഭവമായി മാറുന്നത് എങ്ങനെയെന്ന് ഇതിലെ കത്തുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

സ്ഥൂലാനുഭവം എന്നതിനപ്പുറം സൂക്ഷ്മമായ ആനന്ദവും ആലോചനയുമാണ് വ്യക്തിപരമായി ‘ജിന്നത്തിക്കുള്ള കത്തുകൾ” എനിക്ക് നൽകിയത്. സുഘടിതമായ ഒരു ആഖ്യാന കലയായി ഭാഷ പരിണമിക്കുന്നത് അനുഭവിച്ചറിയാനായി എന്നതിലും സന്തോഷം. ഒപ്പം സൂഫിസത്തിന്റെയും വേദാന്ത ദർശനത്തിന്റെയും മൊഴിയാഴങ്ങൾ ചിലയിടങ്ങളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഉള്ളിൻ്റെ ഉള്ളിൽ ജിന്നത്തി ആര്? റൂഹ് ആര്? എന്നീ ചോദ്യങ്ങളുണരുമ്പോൾ അനൽ ഹഖ്… അനൽ ഹഖ് (അത് നീയാകുന്നു… അത് നീ ആകുന്നു) എന്ന ബോധ്യം നൽകുന്നു എന്നതുതന്നെ വായനയുടെ സാഫല്യം. ജിന്ന ത്തിയും റൂഹും വായനക്കാരൻ തന്നെയായി പരിണമിക്കുന്ന ആത്മാനു രാഗത്തിന്റെ ഗീതമായി (ആത്മാവിൻ്റെ ഗാനം)
“ജിന്നത്തിക്കുള്ള കത്തുകൾ” വെളിപ്പെടുന്നു. ആ വെളിപ്പെടൽ തന്നെ ഈ കൃതിയുടെ ഉൾസത്തയും.


Leave a Comment

Your email address will not be published. Required fields are marked *