എപ്പോഴാണ് നമ്മൾ തോറ്റു തുടങ്ങിയത്? Poem By ഗൗതം ജിനീഷ്

എപ്പോഴാണ് നമ്മൾ തോറ്റു തുടങ്ങിയത്? Poem By ഗൗതം ജിനീഷ് PEN by Aura.

എപ്പോഴാണ് നമ്മൾ തോറ്റു തുടങ്ങിയത്? Poem By ഗൗതം ജിനീഷ്

അയാൾക്ക് അത് ഒഴിവാക്കണമായിരുന്നു,
അത്രമാത്രം.
തന്റെ കൈയിൽ പെട്ടുപോയൊരു കീറിയ നോട്ട്
ആരുടെയെങ്കിലും തലയിൽ വെച്ചാൽ
തീരുന്ന പ്രശ്നമേ അയാൾക്കുള്ളൂ…

അല്ലെങ്കിൽ,
ബില്ല് കൂട്ടിക്കഴിഞ്ഞപ്പോൾ
അത് എനിക്കുതന്നെ തരേണ്ട കാര്യമെന്താണ്?
വശങ്ങൾ ഒട്ടിയ ആ പൈസ
കൈയിൽ കിട്ടിയപ്പോൾ ഞാൻ ചിന്തിച്ചു,
‘ഇതൊന്ന് മാറ്റിത്തരുമോ’ എന്ന്
എന്തുകൊണ്ടാണ് എനിക്ക് ചോദിക്കാൻ തോന്നാതിരുന്നത്?
ചോദിച്ചാൽ അയാൾക്ക് ദേഷ്യംവരുമോ?
ചുറ്റും നിൽക്കുന്നവർ എന്നെത്തന്നെ നോക്കുമോ?
എന്റെ ഉള്ളിലെ ഈ മടി,
അല്ലെങ്കിൽ ആവശ്യമില്ലാത്ത ഈ ഭയം
എന്നെ എപ്പോഴാണ് ഇങ്ങനെയാക്കി മാറ്റിയത്?

അയാൾ മുഖത്തേക്ക് നോക്കിയപ്പോൾ
ഒരു മണ്ടനെപ്പോലെ ഞാൻ വെറുതെ ചിരിച്ചു.
‘ഇല്ല’ എന്ന് പറയാൻ അറിയാത്തവർ
എപ്പോഴും
തോറ്റു കൊടുക്കുന്നത് ഇങ്ങനെയായിരിക്കാം.
ഞാൻ ആ പൈസ പതിയെ
പേഴ്സിന്റെ ഉള്ളിലേക്ക് മാറ്റിവച്ചു.
അപ്പോഴേക്കും അയാൾ
അടുത്ത ആളോട് സംസാരിക്കാൻ തുടങ്ങിയിരുന്നു.
തന്റെ കൈയിലെ ബാധ്യത
മറ്റൊരാൾക്ക് കൈമാറിയ
ഒരു വലിയ ജയമായിരുന്നു
അയാളുടെ മുഖത്ത്.

ഞാൻ ആ പീടികയിറങ്ങി നടക്കുമ്പോൾ
എന്റെ ഉള്ളിൽ ചില ചോദ്യങ്ങൾ ബാക്കിയുണ്ടായിരുന്നു,
ആ പൈസ മാറ്റിച്ചോദിക്കാൻ എനിക്കാരുടേതാണ് അനുവാദം വേണ്ടത്?
ആർക്കും കൊടുക്കാൻ പറ്റാത്ത ആ നോട്ടുമായി
ഞാൻ ഇനി എത്ര നാൾ നടക്കേണ്ടി വരും?
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി
സ്വയം ഒരു കളിപ്പാട്ടമായി മാറിക്കൊടുക്കുന്ന
ഒരു നിസ്സഹായൻ മാത്രമാണ് ഞാൻ എന്ന്
ആ കീറിയ നോട്ട് എന്നെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.


Leave a Comment

Your email address will not be published. Required fields are marked *