പുറത്ത് കടൽ കത്തിത്തീരുന്നു Poem by അമി
ജീവിതത്തിന്റെ സങ്കീർണ്ണതകളോട് പൊരുത്തപ്പെട്ട് പോകാൻ പറ്റുന്നില്ല.
ഏകാന്തതയുടെ ഒരു മുനമ്പിലിരുന്നാണ് ഞാൻ ലോകത്തെ നോക്കിക്കാണുന്നത്.
പുറത്ത് കടൽ കത്തിത്തീരുന്നു.
ഒരു വേശ്യ മഞ്ഞ ഫോയിൽ സാരിയുമെടുത്ത് വ്യഭിചാരിക്കാൻ തയ്യാറാണെന്ന രീതിയിൽ തന്നെ കടന്നു പോകുന്നവരോടൊക്കെ ചിരിക്കുന്നു.
നട്ടപ്പാതിര രണ്ട് മണിയായിട്ടും ആരുമെന്താണ് അവരെ തിരിഞ്ഞ് നോക്കാത്തത്.
മണി പന്ത്രണ്ട് ക്ലോക്കിലടിച്ചപ്പൊ തൊട്ടുള്ള നിർത്തമാണ്.
ഒന്ന് രണ്ട് മണിക്കൂർ ഒരേ നിർത്തം നിൽക്കുന്നതിലെനിക്ക് ഒരാശ്ചര്യവും തോന്നിയില്ല.
പക്ഷേ എങ്ങനെയാണിത്രയും നേരം ഒരേ പോലെ ചിരിച്ചിരിക്കാനാവുക.
ചട്ടിയിൽ ഉണക്കമീൻ കിടന്ന് വറവുന്ന മണം മനം പിരട്ടി. തൊട്ടടുത്ത ഫ്ലാറ്റുകളിലെ ഏതെങ്കിലും ഒന്നിലെ അടുക്കളയിൽ നിന്നാവും.
രാത്രിക്ക് രാത്രി തന്നെ കഞ്ഞി കുടിക്കാൻ ആർക്കാണിത്ര കഞ്ഞികമ്പം.
വെറുതെ കടിച്ച് തിന്നാനെന്തായാലും ഉണക്കമീൻ ഈ പാതിരാക്ക് വറുക്കാൻ വഴിയില്ല.
ഉണക്കമീനെന്റെ രസച്ചരട് പൊട്ടിച്ചു.
വേശ്യ പോയി. രണ്ടു മിനുട്ടിനുള്ളിൽ അവർ ആർക്കൊപ്പം പോയിക്കാണും. അവരെവിടെ റൂമെടുത്തു കാണും. ഒരു അര മണിക്കൂർ കൂടുതൽ അവരവിടെ നിന്നിരുന്നെങ്കിൽ ഞാൻ അടുത്ത് ചെല്ലുമായിരുന്നു. എന്നിട്ട്. അതറിയില്ല. ഞാൻ ചിലപ്പോൾ പോകുമായിരുന്നില്ല. അല്ലെങ്കിൽ അതെപ്പോഴേ ആകാമായിരുന്നു.
എനിക്കീ ഏകാന്തതക്ക് ഭംഗം വരുത്തണ്ട. ആ വേശ്യയുടെ മഞ്ഞ ഫോയിൽ സാരി കിട്ടിയിരുന്നെങ്കിൽ.
ഞാൻ പറഞ്ഞില്ലേ എനിക്ക് ജീവിതത്തിന്റെ സങ്കീർണ്ണതകളോട് പൊരുത്തപ്പെട്ട് പോകാൻ പറ്റുന്നില്ല.
