കുഴിയാന(കൾ) Poem by രാഹുൽ മണപ്പാട്ട്
ഇടിഞ്ഞ് പൊളിഞ്ഞ
ശരീരത്തിലൂടെ
സൈക്കിളോട്ടിയാണ്
കുഴിയാനകൾ അർദ്ധരാത്രിയിൽ
ചിന്നം വിളിക്കാറ്…
ഭൂമിയുടെ
അറ്റത്തെ ചുള്ളിയിൽ
കൂട് കൂട്ടിയ കുഴിയാനകളെ
പിടിക്കാൻ ഈർക്കിളിയുടെ അറ്റംപിടിച്ച്
ഞാൻ വേട്ടയ്ക്കിറങ്ങും.
നെറ്റിപട്ടം
ഇല്ലാത്ത
ഒറ്റവരി പാതയിലെത്തുമ്പോൾ
കാറ്റിറുക്കിയ
നിന്റെ ഉൾകാട്ടിലേക്ക്
കുഴിയാനകളെ എഴുന്നള്ളിക്കും.
കൊമ്പുകൾ കാട്ടി
ചെവികൾ പറത്തി
തലയെടുപ്പിന്റെ
പെൺവിളിയിലേക്ക്
കുഴിയാനപുറത്തേറി
ഞാനങ്ങനെ മദം പൊട്ടും.
അങ്ങനെയാണ്
നിന്റെ
ഗട്ടറിൻ്റെ കാൽപനികതയിലേക്ക്,
കവിതയുടെ ലോഡും
കൊണ്ട് പോവുന്ന
ഞാൻ
മറിഞ്ഞ് വീഴുന്നത്…
