തനിയാവർത്തനം Poem by ശ്യാം ശ്രീകുമാര്‍
ഭാവിയിലൊരു ദിവസം
മരിച്ചയെന്റെ ആത്മാവ്,
ഇന്നുറക്കത്തിൽ എന്തോ
പുലമ്പിക്കൊണ്ട് ചെവിയ്ക്കൽ
വന്ന് നിർത്താതെ ഏങ്ങലടിച്ചു.
മരിച്ചിട്ടും തീർന്നില്ലേ നിന്റെ
ദുരിതങ്ങളെന്ന് ചോദിക്കേ,
നിരാശകളും വ്യഥകളും ചേർത്ത്
മെടഞ്ഞ മേൽക്കൂര നോക്കി
ഞാൻ ഞെട്ടി കണ്ണുതുറന്നു.
സ്വപ്നത്തിന്റെ വരിഞ്ഞുമുറുക്കലും
നിജത്തിന്റെ അവ്യക്തതയും കലർന്ന
സ്വൈര്യക്കേട് നിറഞ്ഞ അലകൾ
ഞാനെന്ന തീരത്തടിഞ്ഞു.
ഇനിയുമുറങ്ങി ആത്മാവിന്റെ രോദനത്തിലേക്കോ, അതോ
ഉണർവിലെ യാഥാർത്ഥ്യത്തിന്റെ
അടങ്ങാചോദ്യങ്ങളിലേക്കോ,
എവിടേക്ക് നടക്കണം ഞാൻ?
