വരമ്പുകൾ Short story by പ്രണവ്

വരമ്പുകൾ Short story by പ്രണവ് PEN by AurA.

വരമ്പുകൾ Short story by പ്രണവ്

കുഞ്ഞട്ടാ… കുഞ്ഞേട്ടാ… പുതപ്പ് മാറ്റിയപ്പോൾതന്നെ ഇരുട്ടിൽ തലയും കൈകളും മാത്രം കണ്ട കുഞ്ഞനെ ആ രൂപം ധൃതിയിൽ പാതി എഴുന്നേൽപ്പിച്ചു.

കുഞ്ഞട്ടാ… ആ കള്ളപന്നി ഇന്നും നമ്മുടെ കപ്പ നശിപ്പിച്ചു. കിതച്ചുകൊണ്ട് വാസുണ്ണി പറഞ്ഞൊപ്പിച്ചു. കുറച്ചുദിവസങ്ങളായി തങ്ങളുടെ വിള മുഴുവൻ കൊണ്ടുപോവുന്ന ആ പന്നിയെ കൊല്ലാനുള്ള ദേഷ്യം കുഞ്ഞൻ വാസുണ്ണിയുടെ കണ്ണിൽ കണ്ടു. ദേഷ്യവും സങ്കടവുംകൊണ്ട് വീർപ്പുമുട്ടിയ കുഞ്ഞൻ ധൃതിയിൽ എണീറ്റ് കൈയിൽ കിട്ടിയ തോർത്തുമായി വാസുണ്ണിയുടെ കൂടെ ഓടി.

രാത്രിയുടെ ഇരുട്ടിനെ വകഞ്ഞുമാറ്റി കറുത്തതും കരുത്തരുമായ ആ രണ്ടു ശരീരങ്ങൾ മൂന്നുവശവും നെൽവയലിനാൽ ചുറ്റപ്പെട്ട കപ്പത്തോട്ടം ലക്ഷ്യംവച്ചു പാഞ്ഞു.
“അതാ വടക്കേ മൂലേല്…. കൊറേണ്ണം പോയിൻ്റെ കുഞ്ഞേട്ടാ…”
ഓട്ടത്തിലും കൈചൂണ്ടി വാസുണ്ണി പറഞ്ഞു. വരമ്പുകൾ തിരിഞ്ഞുതിരിഞ്ഞു മൂലയിലെത്തിയവർ ആ കാഴ്ചകണ്ട് ചങ്കുപൊട്ടി. ആ മൂലയിലെ ഒട്ടുമിക്ക കപ്പയും തിന്നുകയും തുരന്നുനശിപ്പിക്കുകയും ചെയ്‌തതുകണ്ട് വാസുണ്ണി നിലവിളിച്ചു. വരമ്പിൽനിന്ന് കണ്ടത്തിലേക്ക് എടുത്തുചാടിയ വാസുണ്ണി നശിപ്പിച്ച ഒരു കപ്പതൈ പറിച്ചെടുത്ത് ബോധിപ്പിക്കാനെന്നോണം കുഞ്ഞനെ കാണിച്ച് വിളിച്ചുപറഞ്ഞു.
“കുഞ്ഞേട്ടാ…. ഇതുകണ്ടാ… ഇങ്ങള് പൊന്നുപോലെ നോക്കിയ കപ്പല്ലെത്, നമ്മളെ രണ്ടാള്ളം അധ്വാനം ആ കള്ളപന്നി നശിപ്പിച്ചത് കണ്ടില്ലേ”
കാഴ്‌ചകണ്ട് തകർന്നുപോയ കുഞ്ഞന് വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല.
“കൊറേകാലയി ഞാൻ ഇങ്ങളെ കൂടെ കൂടീട്ട് ഇതൊന്നും സഹിക്കാൻ ഇക്ക് പറ്റ്‌ണില്ല കുഞ്ഞേട്ടാ… അയിനെ ഞമ്മക്ക് കൊല്ലണം, അത് അധികം ദൂരമൊന്നും പോയികാണൂലാ.”

“നിനക്ക് എന്തിൻ്റെ കേടാ വാസുണ്ണിയേ… നമ്മടേല് എന്തുണ്ടായിട്ടാണ് മര്യാദക്ക് വെളിച്ചള്ള ഒരു ടോർച്ച് പോലുല്ല”
കുഞ്ഞൻ വാസുണ്ണിയുടെ മുഖത്തേക് നോക്കാതെതന്നെ പറഞ്ഞു.

“ഇങ്ങക്ക് പറ്റും ഞാ കണ്ടിട്ടുണ്ട് പറ്റൂലാന്ന് കര്‌തിയ പലതും ഇങ്ങള് ഈ പാടത്ത് കാണിച്ചിട്ടുണ്ട്. നമ്മടെ അന്നം കൊണ്ടോയെ ആയിനെ നമ്മള് കൊല്ലും, കുഞ്ഞേട്ടൻ പറഞ്ഞാതി ഞാ കൂടെണ്ട്.”
വാസുണ്ണിയുടെ വാക്കിലെ നിശ്ചധാർഢ്യവും കണ്ണിലെ തീഷ്‌ണതയും കുഞ്ഞന് ധൈര്യം പകർന്നു.

“നീയാ കപ്പ പകുതി പൊട്ടിച്ചുതാ.”
കുഞ്ഞൻ്റെ വാക്കുക്കേട്ടയുടനെ വാസുണ്ണി പറിച്ച തൈയ്യിൽനിന്നും ഒരു കപ്പ പാതിപൊട്ടിച്ചു കുഞ്ഞനുകൊടുത്തു. കുഞ്ഞൻ അതുവാങ്ങി അതിന്റെ പൊട്ടിയഭാഗത്തിൻ്റെ വെള്ള വയലിലേക്ക് കാണിച്ചു. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അതിൽനിന്നും പ്രകാശം പരന്ന് വരമ്പുകളെ കാണിച്ചു. കുഞ്ഞൻ്റെ പ്രകടനത്തിൽ യാതൊരു അത്ഭുതവും കാണാത്ത വാസുണ്ണി കുഞ്ഞൻ കാണിച്ച ഈറൻ മറാത്ത വരമ്പുകളിലൂടെ വഴുക്കിയും കിതച്ചും കുഞ്ഞനുശേഷം ഓടി.
“കുഞ്ഞേട്ടാ… അവിടെ…”
പതിഞ്ഞ സ്വരത്തിൽ കണ്ടത്തിന് നടുവിലേക്ക് ചൂണ്ടി വാസുണ്ണി പറഞ്ഞു. കണ്ടത്തിന് നടുവിൽ അനക്കം കേട്ട കുഞ്ഞൻ വാസുണ്ണിയോട് കണ്ടത്തിലെ ചേറ് എടുക്കാൻ പതിയെ പറഞ്ഞു. വാസുണ്ണി തന്ന ചേറ് കുഴച്ച് പന്തുരൂപത്തിലാക്കിയ കുഞ്ഞൻ അതിനുനേരെ എറിഞ്ഞു. വായുവിൽ അവ കറുത്ത് കരിങ്കലാകുന്നത് വാസുണ്ണി കണ്ടു. ശബ്ദംകേട്ട പന്നി പരിഭ്രാന്തിയിൽ ഓടി, കുഞ്ഞനും വാസുണ്ണിയും പിന്നാലെ എറിഞ്ഞുകൊണ്ട് പന്നിയെ ഓടിച്ചു.ഓരോ കല്ലും കണ്ടത്തിലെ ചളിയുടെ ആഴത്തിൽ പതിക്കുന്ന ശബ്ദ‌ം അവരിരുവരും കേട്ടു.കണ്ടതിനടുത്തുള്ള ഒരു തൊടിയിലേക്ക് കരിങ്കല്ല് കൊണ്ടുണ്ടാക്കിയ തകർന്ന ഒരു പഴയ മതിലിൻ്റെ വിടവിലൂടെ ഓടിക്കയറിയ പന്നിയെകണ്ട് വാസുണ്ണി വിളിച്ചുപറഞ്ഞു
“അതാ… കുഞ്ഞേട്ടാ… അത് ഗംഗാധരൻ മൊതലാളീടെ തൊടീക്കാ പോയത്”
“തൊടിയല്ലേടാ.. അത് കാവാണ്”
കുഞ്ഞൻ തിരുത്തി. “കാവോ ഇതോ..?” വാസുണ്ണി നെറ്റിചുളിച്ചു ചോദിച്ചു.
“ഇപ്പൊ ഇത് കാടുപിടിച്ചു കെടക്കുന്നെനോള്ളൂ, പണ്ട് ഇതൊരു കാവാർന്നു, ഇൻ്റെ കാരണോർമാരെ കാലത്ത് ഇവിടുന്നു പൂജിച്ച വിത്തായിരുന്നു നമ്മടെ പടത്തൊക്കെ വിതച്ചിരുന്നത്”
കുഞ്ഞൻ പറഞ്ഞുനിർത്തി.
“ഇങ്ങള് പഴംപുരാണോം പറഞ്ഞുനിക്കാതെ അതിനെ പിടിക്ക്, നമ്മുക്കങ്ങോട്ട് കേറിനോക്കാം”
എന്നുംപറഞ്ഞ് വരമ്പിൽനിന്നും തകർന്ന മതിലിലേക്ക് ചാടി കയറിയ വാസുണ്ണി കൈ കൊടുത്ത് കുഞ്ഞനെയും കയറ്റി അകത്തേക്ക് നടന്നു. പഴയ കല്ലുകൊണ്ടുണ്ടാക്കിയ ഒരു ഇടചുമരിൻ്റെ ഇടുക്കിൽ കുടുങ്ങിയ പന്നിയെകണ്ട് വാസുണ്ണി ആഹ്ളാദംകൊണ്ട് ഒച്ചവച്ചു.
“അവൻ കുടുങ്ങി കുഞ്ഞേട്ടാ…അവൻ കുടുങ്ങി… അവനോരടി അനങ്ങാൻ പറ്റൂല ഇവനെ നമുക്ക് ഇവിടെ വച്ചുതന്നെ തീർക്കാം.”
ഒരു തൈ കമ്പ് പൊട്ടിച്ച് കുഞ്ഞന്റെ കൈയ്യിൽകൊടുത്തിട്ട് വാസുണ്ണി തുടർന്നു “കുഞ്ഞേട്ടാ… ദാ.. ഈ കമ്പ് ഒരു കുന്താക്കീട്ട് അവൻ്റെ പള്ളക്കിട്ട്തന്നെ കൊടുക്ക്”. ഇതുകേട്ട് കമ്പ് വാങ്ങി ചിരിച്ചുകൊണ്ട് കുഞ്ഞൻ പറഞ്ഞു “എടാ മണ്ടാ… കുന്തൊന്നും ഉണ്ടാക്കാൻ പറ്റൂല, പ്രതേകിച്ചു ഇവിടെ”

“ആരടാ ൻ്റെ തോടീല്…” ഘന ഗംഭീര്യത്തോടുകൂടിയ ശബ്‌ദം അവിടെയാകെ മുഴങ്ങി, ഞെട്ടിത്തരിച്ചുനിന്ന ഇരുവരുടെയും ഇടയിലേക്ക് ഒരു നീണ്ട വെളിച്ചം ഇളകി മറിഞ്ഞുവന്നുകൊണ്ടിരുന്നു.
“കുഞ്ഞേട്ടാ… ഗംഗാധരൻ മോതലാളി… ഓടിക്കോ…”
വാസുണ്ണി കാടുപിടിച്ച ഇലകളെ വകഞ്ഞുമാറ്റി ഓടി. രൂക്ഷമായ നോട്ടത്തോടെ തൻ്റെ കപ്പ കട്ടുതിന്നുന്ന പന്നിയെ നോക്കി കുഞ്ഞൻ തന്റെ കയ്യിലുണ്ടായിരുന്ന കമ്പ് സർവ്വ ബലവും സംഭരിച്ച് നിലത്ത് കുത്തി നിർത്തി വാസുണ്ണിയുടെ കൂടെ പാഞ്ഞു.

ഗംഗാധരൻ മുതലാളി തൊടിയിലേക്ക് ഓടിവന്ന് തൻ്റെ ടോർച്ച് തൊടിയിലൂടെ പായിച്ചു. തൊടിയിലൂടെയെല്ലാം സഞ്ചരിച്ച ആ വെളിച്ചം ഒരു ഭാഗത്തെത്തിയപ്പോൾ നിന്ന് അത് മുകളിലേക്ക് ഉയർന്നു, ആ കാഴ്ച്ചയിൽ ഗംഗാധരൻ മുതലാളി അന്തംവിട്ടു നിന്നു.

ആകാശത്തേക്ക് ഉയർന്നുനിക്കുന്ന ആ വലിയ മൂർച്ചയേറിയ കുന്തം കണ്ട് ഗംഗാധരൻ മുതലാളി അറിയാതെ വിളിച്ചു

“ൻ്റെ ദേവീ…”


2 thoughts on “വരമ്പുകൾ Short story by പ്രണവ്”

Leave a Comment

Your email address will not be published. Required fields are marked *